ലൗ മാരേജ് (Love Marrage)- ഇസ്‌ലാമിക് വീക്ഷണം

 ‎‎    


      
❓ലൗ മാര്യേജ് നെ കുറിച്ച് ഇസ്ലാമികമായി ഒന്ന് വിവരിക്കാമോ..?

     ✍🏼 "സ്നേഹം എന്നത് പ്രവൃത്തിയല്ല, മറിച്ച് മനസ്സില് സ്വയം ഉണ്ടാവുന്നതാണ്. നിഷിദ്ധമായ യാതൊരു കാരണമോ സാഹചര്യമോ ഇല്ലാതെ, ഒരു പുരുഷന്റെ കണ്ണ് ഒരു സ്ത്രീയിൽ അറിയാതെ പതിയുകയും ആ പ്രഥമ ദൃഷ്ടിയിൽ തന്നെ സ്നേഹം തോന്നുകയും ചെയ്യുന്നതില് തെറ്റില്ല. നിഷിദ്ധമായ കാര്യങ്ങൾ വരാത്തിടത്തോളം സ്നേഹം ഒരു തെറ്റല്ല. എന്നാൽ നിഷിദ്ധമായ കാര്യങ്ങൾ കടന്നുവന്നാൽ അത് നിഷിദ്ധവുമാണ്.


 ഇമാം ബൈഹഖിയും (റ) ഇബ്നുമാജയും (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം, പരസ്പരം സ്നേഹിക്കുന്ന രണ്ട് പേർക്ക് നികാഹ് പോലെ (പ്രതിവിധിയായി) മറ്റൊന്നും ഞാൻ കാണുന്നില്ല. നിഷ്കളങ്കമായ ഇത്തരം സ്നേഹം ഉണ്ടായിപ്പോയാൽ നികാഹ് സാധ്യമാവുമോ എന്നാണ് ശ്രമിക്കേണ്ടത്. വിവിധ കാരണങ്ങളാൽ അത് സാധ്യമാവാതെ വന്നാല്, എത്രയും വേഗം ആ സ്നേഹചിന്ത മനസ്സിൽ നിന്ന് നീക്കാൻ ശ്രമിക്കേണ്ടതാവണം. അല്ലാത്ത പക്ഷം, ആരാധനാ കാര്യങ്ങളിലും മറ്റു ഭൗതിക ജീവിതത്തിലുമെല്ലാം അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതൊന്നും ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് മാത്രമല്ല, അതിലൂടെ ആ സ്നേഹം തെറ്റായി മാറുകയും ചെയ്യും.


 സ്നേഹവിവാഹങ്ങൾ പലതും അവസാനം പരാജയത്തിൽ കലാശിക്കുന്നു എന്നതും പ്രത്യേകം ഓർക്കേണ്ടതാണ്. രക്ഷിതാക്കളുടെയോ മറ്റു ഗുണകാംക്ഷികളുടെയോ ഉപദേശ നിർദ്ദേശങ്ങളൊന്നും വകവെക്കാതെ സ്നേഹിച്ചുപോയ പെണ്ണിന്റെയോ ആണിന്റെയോ കൂടെ പോകുന്നത് പലപ്പോഴും ആപത്തിലേക്കും അപകടത്തിലേക്കുമാണെന്ന് ആ പ്രായത്തിൽ പലരും മനസ്സിലാക്കുന്നില്ല, എല്ലാം തിരിച്ചറിയുമ്പോഴേക്ക് സമയം വൈകുകയും ചെയ്യുന്നു. 


 കന്യകയായ സ്ത്രീയെ അവളുടെ സമ്മതം പോലുമില്ലാതെ അനുയോജ്യരായവർക്ക് വിവാഹം കഴിച്ചുകൊടുക്കാൻ പിതാവിനും വല്യുപ്പാക്കും അധികാരമുണ്ടെന്ന് പരിശുദ്ധ ശരീഅത് പറയുന്നത് പോലും, അവര് വിവേകപൂർവ്വം എടുക്കുന്ന തീരുമാനങ്ങളായിരിക്കും ആ പ്രായത്തിലെ കുട്ടിയുടെ അപക്വമായ തീരുമാനങ്ങളേക്കാൾ ഗുണകരമെന്നതിനാലാണ്.


 അന്യസ്ത്രീ പുരുഷന്മാര് തമ്മിലുള്ള മെസേജ് - ചാറ്റിംഗ് പോലോത്തവ ഹറാം തന്നെയാണ്. ഗൗരവമായ ആശയക്കൈമാറ്റത്തിന് വേണ്ടി തുടങ്ങിയാൽ പോലും പതുക്കെപ്പതുക്കെ അത് നിഷിദ്ധമായ ചിന്തകളിലേക്കും വിചാരങ്ങളിലേക്കും സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. പച്ചയായ ജീവിതത്തിലെ ദുരിതപൂർണ്ണമായ എത്രയോ അനുഭവങ്ങൾ ഇന്ന് അതിന് സാക്ഷിയാണ്. ആയതിനാല് ആ കവാടം ആദ്യമേ അടക്കേണ്ടത് നിർബന്ധമാണ്.


_✍🏼മറുപടി നൽകിയത് : അബ്ദുൽ മജീദ് ഹുദവി_

Post a Comment

0 Comments