ലൈംഗികത; ഇസ്‌ലാമിക വീക്ഷണത്തില്‍

പ്രായപൂര്‍ത്തിയോടടുക്കുമ്പോള്‍ ജീവികളില്‍ മൊട്ടിട്ടുവരുന്ന ഒരു വികാരമാണ് ലൈംഗിക മോഹം.  പ്രായപൂര്‍ത്തിയോടെത്തന്നെ അതൊരു പ്രകൃതിഗുണമായി മാറും. മനുഷ്യനെ വഴി തെറ്റിക്കാന്‍ ഏറെ സാധ്യതയുള്ള ഒന്നാണിത്. കാമത്തെ വിവേകംകൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ അപകടത്തില്‍ പെടും. ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ മനസ്സിലാക്കി ജീവിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികത പുണ്യമാണ്. നിയമ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന പക്ഷം പരലോകത്തു പ്രതിഫലം ലഭിക്കുന്നു. ഒരിക്കല്‍ പ്രവാചകന്‍ സ്വഹാബത്തിനോടു പറഞ്ഞു: ഇണയുമായി നിങ്ങള്‍ നടത്തുന്ന സംഭോഗം സ്വദഖയാണ്. അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു: അത് സ്വദഖയാകുന്നത് എങ്ങനെ? അപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു: നിങ്ങള്‍ അത് ചെയ്യുന്നത് നിഷിദ്ധമായ രീതിയിലാണെങ്കില്‍ ശിക്ഷയില്ലേ. ഉണ്ടെന്നവര്‍ മറുപടി പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: എങ്കില്‍ അനുവദനീയമായ രീതിയില്‍ അത് ചെയ്യുന്നവനു പ്രതിഫലവുമുണ്ട് (മുസ്‌ലിം, തുഹ്ഫ (7/187).


ഇണയുമായുള്ള ലൈംഗിക ബന്ധം ആത്മീയ സുരക്ഷയുടെയും സംതൃപ്തിയുടെയും ഭാഗമായി കാണണം. ലൈംഗിക ദാഹ പൂര്‍ത്തീകരണം ഒരു അനുഷ്ഠാനമാകുന്നതോടൊപ്പം തന്റെ ആരാധനാ മുറകള്‍ പാലിക്കുന്നതിനു സ്വസ്ഥവും സന്നദ്ധവുമായ മനസ്സും ശരീരവും സൃഷ്ടിക്കാന്‍ അനിവാര്യമാണതെന്നു  ഇമാമുകള്‍ വ്യക്തമാക്കുന്നു. ഇമാം റാസി (റ) പറയുന്നു: മനുഷ്യ മനസ്സ് കാമത്വരയും രതിമൂര്‍ച്ഛാ വിചാരവുമായി കഴിഞ്ഞുകൂടുമ്പോള്‍ ഇബാദത്തിനു വേണ്ടത്ര സന്നദ്ധത കാണിച്ചുകൊള്ളണമെന്നില്ല. ലൈംഗിക പൂര്‍ത്തി ഉറപ്പു വരുത്തിയാല്‍ ഈ അവസ്ഥ മാറും. ഇബാദത്തിനു മനസ്സ് ഒഴിഞ്ഞു കിട്ടാന്‍ അത് കാരണമാകും (റാസി: 5/117).


ഇമാം മുഹമ്മദ് സമര്‍ഖന്ദി പറയുന്നു: ലൈംഗിക വികാരം ഒഴികെ മനുഷ്യന്റെ ഏതു വികാരവും അവനെ പരുഷമാക്കും. എന്നാല്‍, കാമവികാരത്തിന്റെ പൂര്‍ത്തീകരണം മനസ്സിനെ നിര്‍മലമാക്കും. ഇതുകൊണ്ടാണ് പ്രവാചകന്മാര്‍ വരെ ഇതു ചര്യയായി സ്വീകരിച്ചത് (ബുസ്താനുല്‍ ആരിഫീന്‍: 119).


രതിരീതികള്‍ തെറ്റും ശരിയും.

സാധ്യവും സുഖപ്രദവും ആരോഗ്യകരവുമായ ഏതു രീതിയിലും ലൈംഗിക ബന്ധമാവാം. ഇമാം ഇബ്‌നു ഹജര്‍ പറയുന്നു: ശാരീരിക ബന്ധത്തിലെര്‍പ്പെടുമ്പോള്‍ ഏതു രീതിയും അനുവദനീയമാണ്. കറാഹത്തുമില്ല. എന്നാല്‍, പിന്‍ദ്വാര ബന്ധം പാടില്ല (തുഹ്ഫ: 7/217).


ഇസ്‌ലാം കര്‍ശനമായി വിലക്കിയതാണ് പിന്‍ദ്വാരഭോഗം. അല്ലാഹുവിന്റെ പ്രവാചകന്‍ ലൂഥ് നബിയുടെ കാലത്തെ ജനതയുടെ നീച വൃത്തി എന്ന നിലക്ക് ഇതിന് ലിവാഥ് എന്നു പറയുന്നു. സ്ത്രീ പുരുഷ ഭേദമന്യേ ഏതൊരാളെ ലിവാഥ് നടത്തുന്നതും തെറ്റാണ്. സ്വന്തം ഭാര്യയെ ആണെങ്കിലും നിഷിദ്ധം തന്നെ. പുരുഷനെയോ അന്യസ്ത്രീയെയോ ഈ നീചവൃത്തി ചെയ്താല്‍ അത്  വ്യഭിചാരമാണ് (തുഹ്ഫ: 9/103).


പ്രവാചകന്‍ പറഞ്ഞു: അല്ലാഹു സത്യം പറയാന്‍ ലജ്ജയുള്ളവനല്ല. നിങ്ങള്‍ ഭാര്യമാരുടെ പിന്നില്‍  ഭോഗിക്കാതിരിക്കുക (ഇബ്‌നു മാജ). ഭാര്യയുമായി പിന്‍ദ്വാരത്തില്‍ രതി നടത്തിയവന്‍ മുഹമ്മദ് നബിക്കിറങ്ങിയ വിശുദ്ധ ഖുര്‍ആനിനെ നിന്ദിച്ചവനാകുന്നു (തുര്‍മുദി). എന്റെ സമുദായത്തിന്റെ മേല്‍ ഞാന്‍ ഏറ്റവും ഭയക്കുന്നത് ലൂഥ് നബിയുടെ ജനതയുടെ നീച ചെയ്തിയാകുന്നു (ഹാകിം).


ഇബ്‌നുല്‍ ഖയ്യിം തന്റെ സാദുല്‍ മആദില്‍ പറയുന്നു: ഭോഗകാര്യത്തില്‍ സ്ത്രീകള്‍ക്കുമുണ്ട് അവകാശങ്ങള്‍.  പിന്‍ദ്വാരത്തില്‍ ഭോഗിക്കുന്നത് പ്രസ്തുത അവകാശം ഹനിക്കലാകുന്നു. ദമ്പതികള്‍ക്കിടയില്‍ കടുത്ത നീരസത്തിനും വിയോജിപ്പിനും ഇത് ഹേതുവാകും. ബന്ധവിച്ഛേദത്തില്‍വരെ ചെന്നെത്തിക്കും. അല്‍പം ലക്ഷണശാസ്ത്രം അറിയാവുന്നവനു കണ്ടെത്താവുന്ന വിധത്തില്‍ മുഖത്തെ വെണ്‍മ മാഞ്ഞ്  പാടുകളുണ്ടാകും (സാദുല്‍ മആദ്: 4/262).


രണ്ടു പുരുഷന്മാര്‍ പരസ്പരം കാമം തീര്‍ക്കുന്നതും സ്ത്രീകള്‍ പരസ്പരം സുഖിക്കുന്നതും ഇസ്‌ലാം  കര്‍ശനമായി വിലക്കിയിട്ടുണ്ട്. ആണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഭോഗം നിഷിദ്ധമാണ്. അത്തരക്കാരെ ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് ശിക്ഷിക്കാന്‍ അവകാശമുണ്ട്. പ്രവാചകന്‍ പറഞ്ഞു: കാമപൂര്‍ത്തിക്ക് ആണ്‍കുട്ടിയെ സമീപിക്കുന്നവന്‍ അല്ലാഹുവിന്റെ കോപത്തിലായി പ്രഭാത-പ്രദോഷങ്ങള്‍ പിന്നിടുന്നവരാകുന്നു (ഥബ്‌റാനി, ബൈഹഖി). പരസ്പരം ശരീരത്തില്‍ കയറുന്ന സ്ത്രീകളുടെ സാക്ഷ്യം സ്വീകരിക്കാന്‍ പാടില്ല (ഥബ്‌റാനി). ഇമാം ഖഥീബുശ്ശിര്‍ബീനി പറയുന്നു: സ്ത്രീകള്‍ പരസ്പരം ലൈംഗിക സുഖമാസ്വദിക്കല്‍ ഖാദിയുടെ ശിക്ഷക്കു കാരണമാകുന്ന കുറ്റമാണ് (ശര്‍വാനി: 9/104).


വികാര ശമനത്തിന് ചിലരുപയോഗിക്കുന്ന മാര്‍ഗമാണ് സ്വയംഭോഗം. ഇതു ഇസ്‌ലാം വിലക്കിയതാണ്. സൈനുദ്ദീന്‍ മഖ്ദൂം (റ) പറയുന്നു: മുഷ്ടിമൈഥുനം സ്വന്തം കൈകൊണ്ടാണെങ്കിലും അന്യരുടെ കൈകൊണ്ടാണെങ്കിലും നിഷിദ്ധമാണ്. ഇതിനു ഖാദി മാന്യമായ ശിക്ഷ നല്‍കണം. വ്യഭിചാരത്തിലേക്ക് നീങ്ങുമെന്ന ഭയംമൂലം സ്വയംഭോഗം നടത്തലും നിഷിദ്ധംതന്നെ (ഫതഹുല്‍ മുഈന്‍: 446).


ലൈംഗിക ബലഹീനതക്ക് സ്വയം ഭോഗം ഒരു പ്രധാന കാരണമായി വരുന്നു. ഉസ്മാനുദ്ദഹബി പറയുന്നു: സ്വയം ഭോഗം ലൈംഗിക ശക്തി തകര്‍ക്കും. ലിംഗോദ്ധാരണ ശേഷി നശിപ്പിക്കും (ഥിബ്ബുന്നബവി).  മുഷ്ടിമൈഥുനം സ്വന്തം ഇണയുടെ കൈകൊണ്ടാണെങ്കില്‍ നിഷിദ്ധമല്ലെങ്കിലും കറാഹത്താണ് (തുഹ്ഫ, ശര്‍വാനി: 9/104).


വികാരശമനം അവിഹിത വഴിയില്‍.

അവിഹിത വഴിയില്‍ വികാരം ശമിപ്പിക്കല്‍ ആക്ഷേപാര്‍ഹവും കടുത്ത തെറ്റുമാണ്. ആര്‍ത്തവ-പ്രസവ രക്ത കാലത്തും ലൈംഗിക ബന്ധം നിഷിദ്ധമാണ്. ഇത് മദ്ഹബുകളുടെ ഇമാമുകളുടെ ഖണ്ഡിതാഭിപ്രായമാണ്. ഈ അവസരത്തില്‍ മുട്ടുപൊക്കിളിനിടെ സുഖാസ്വാദനം നിഷിദ്ധമാണെന്നാണ് പ്രബല വീക്ഷണം (തുഹ്ഫ: 1/389, നിഹായ: 1/330).


ഇമാം ഗസ്സാലി (റ) പറയുന്നു: ആര്‍ത്തവ കാലത്തെ ശാരീരിക ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിനു കുഷ്ഠരോഗം വരാന്‍ സാധ്യതയുണ്ട് (ഇഹ്‌യ: 2/50). ഉസ്മാനുദ്ദഹബി പറയുന്നു: ആര്‍ത്തവ രക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട് (ഥിബ്ബുന്നബവി).

ഇസ്തിഹാളത്തു രക്തം പുറപ്പെടുന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. അത് രോഗ സംബന്ധമായി പുറത്തുവരുന്ന രക്തമാണ്. ആര്‍ത്തവ രക്തമോ പ്രസവ രക്തമോ  അല്ല (ഫതാവല്‍ കുബ്‌റ: 2/94). ഗര്‍ഭിണികളുമായും മുലയൂട്ടുന്ന അവസരത്തിലും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത്, ശിശുവിന് ബുദ്ധിമുട്ടുവരും എന്നു ഭയമുണ്ടെങ്കില്‍ കറാഹത്തും തകരാറു സംഭവിക്കുമെന്നുറപ്പുണ്ടെങ്കില്‍ നിഷിദ്ധവുമാണ് (തുഹ്ഫ: 7/217).


വികാരനിയന്ത്രണം.

സ്വയം ഭോഗം ഹറാം തന്നെയാണ്. നിഷിദ്ധമായ ചിന്തകളുണ്ടായി എന്നതല്ല സ്വയം ഭോഗം ഹറാം ആവാനുള്ള കാരണം, മറിച്ച്, അത് ശരീരത്തിനും ബുദ്ധിക്കും പ്രശ്നങ്ങളുണ്ടാക്കുന്നു എന്നതാണ് പ്രധാനം. സ്വയം ഭോഗം ശരീരത്തിനും ബുദ്ധിക്കും ഏറെ ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്ര ശക്തമായി ശരീഅത് നിഷിദ്ധമാക്കിയതില്‍നിന്ന് അത് മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ ശരീരത്തിനും ബുദ്ധിക്കും ഏറെ പ്രാധാന്യവും മഹത്വവും നല്‍കുന്നതാണ് ഇസ്‌ലാമിന്റെ നിയമങ്ങളും കാഴ്ചപ്പാടുകളും.


ലൈംഗികമായ ആഗ്രഹം തീരെ ശമിക്കാതിരിക്കുകയും അതു മൂലം അവന്റെം ജീവന്‍ തന്നെ അപകടത്തിനു കാരണമായാല്‍ സ്വയംഭോഗമാകാമെന്ന അംറ് ബ്നു ദീനാര്‍ (റ) വിന്റെ അഭിപ്രായമാണ് അഹ്മദ് ബ്നു ഹമ്പലിനുള്ളതെന്ന്  അബുല്ഹസന്‍ അല്ഇംണറാനി തന്റെന അല്ബലയാന് എന്ന ഗ്രന്ഥത്തില് പറയുന്നുണ്ട്.


മുകളില്‍ കൊടുത്ത ഒരു അഭിപ്രായത്തില്‍ നിന്നു തന്നെ ഇതു നിസ്സാരമല്ലെന്നും തീരെ ചെയ്തു കൂടാത്തതാണെന്നും മനസ്സിലാക്കാമല്ലോ. മാത്രമല്ല ഇതിനു അടിമപെട്ടവര്‍ കൌണ്സിലലിങ്ങ് പോലെയുള്ള ചികിത്സാ രീതികളിലൂടെയെങ്കിലും മുക്തമാകാന്‍ ശ്രമിക്കേണ്ടതുണ്ട്.


അതിലുപരി, സ്വയം ഭോഗം പതിവാക്കുന്നവര്‍ പിന്നീട് അതിന് അടിമപ്പെടുകയും വൈവാഹികജീവിതത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന അനുഭവങ്ങള്‍ എത്രയോ ഉണ്ട്.


ലൈംഗിക ബന്ധത്തിന് ആഗ്രഹം തോന്നുകയും അത് കൊണ്ട് തന്നെ വികാരശമനത്തിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്. സാധ്യമായാല്‍ എത്രയും വേഗം വിവാഹം കഴിക്കാനാണ്  ഇസ്‌ലാം ഉപദേശിക്കുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വിവാഹത്തിന് സാധിക്കുമെങ്കില്‍ അവന്‍ അത് ചെയ്തുകൊള്ളട്ടെ എന്ന പ്രവാചകവചനം അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വിവാഹത്തിനു സാധിക്കാതെ വരികയും ചെയ്താല്‍, നോമ്പനുഷ്ഠിച്ചുകൊണ്ട് വികാരം നിയന്ത്രിക്കണമെന്നാണ് പ്രവാചകര്‍ ഉപദേശിക്കുന്നത്. ഒരു കാരണവശാലും മരുന്നുപയോഗിച്ച് വികാരത്തെ നശിപ്പിക്കരുത്.


കര്‍പൂരം പോലെയുള്ള മരുന്നുപയോഗിച്ച് വികാരം ദുര്‍ബലമാക്കല്‍ കറാഹത്തും പാടെ നശിപ്പിക്കല്‍ നിഷിദ്ധവുമാണ് (ജമല്‍: 4/117, ശര്‍വാനി: 7/186). കര്‍പൂരം ഉപയോഗിച്ച് കാമം മരവിപ്പിച്ച ചിലര്‍ പിന്നീട് വിലപിടിപ്പുള്ള മരുന്നുകള്‍ സേവിച്ച് അത് വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല (തുഹ്ഫ: 7/186).


ഭക്ഷണത്തില്‍ മിതത്വം പാലിക്കുന്നതോടെ തന്നെ ഒരളവോളം വികാരങ്ങളെ നിയന്ത്രിക്കാനാവും. വികാരം ഇളക്കുന്ന ദൃശ്യങ്ങളും മറ്റും കാണാതിരിക്കുന്നതും അത്തരം സംഗീതങ്ങളോ മറ്റോ കേള്‍ക്കാതിരിക്കുന്നതും അതിന് ഉപകരിക്കും. നല്ല കൂട്ടുകെട്ടും ആരാധനാകര്‍മ്മങ്ങളിലായി സമയം ചെലവഴിക്കുന്നതും ചിന്തകളെ സ്വതന്ത്രമായി അഴിച്ചുവിടാതിരിക്കാന്‍ സഹായിക്കും. അതാണല്ലോ പലപ്പോഴും ഇത്തരം ദുഷ്ചിന്തകളിലേക്ക് നയിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അതില്‍ മുഴുകുന്നതും ഇത്തരം രഹസ്യദോഷങ്ങളില്‍നിന്ന് മോചനം നേടാന്‍ സഹായകമാണ്. ഉറക്കറയിലെ ദൃശ്യങ്ങളും വെളിച്ചവും വിരിപ്പിലെ ചിത്രങ്ങള്‍വരെ വികാരം ഇളക്കിവിടാന്‍ സഹായകമായേക്കാം. അവയും വേണ്ടവിധം സംവിധാനിക്കുന്നത് നല്ലതാണ്. ഹറാമില്‍നിന്ന് രക്ഷപ്പെടാനെന്ന നല്ല ഉദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ക്കൊക്കെ പ്രതിഫലം ലഭിക്കുമെന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ ഓരോ നിമിഷവും ധന്യമാകുന്നതായി അനുഭവപ്പെടും. അതാണ് ഒരു വിശ്വാസിയുടെ യഥാര്‍ത്ഥ നിമിഷങ്ങള്‍.

സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർകും

ഹിദായത്ത് നൽകി  

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ....

Post a Comment

0 Comments