Copy code snippet ഹിജ്റ: രണ്ടാം വര്‍ഷമാണ് ഫിത്ര് സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. നിബന്ധനകള്‍ക്ക് വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്ക് വേണ്ടി നല്കപ്പെടുന്ന വസ്തു എന്നാണ് ഫിത്വ്ര് സകാത്തിന്റെ ശര്‍ഈ അര്‍ത്ഥം. ഇസ്ലാമിലെ ഖണ്ഡിത പ്രമാണമായ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടത്താണ് ഈ സകാത്തെന്നു ഇമാം ഇബ്നു മുന്ദിര് (റ) ഉദ്ധരിച്ചിട്ടുണ്ട്. (തുഹ്ഫ : 3/305)
മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ശരീരവുമായി ബന്ധപ്പെട്ട സകാത്തായതിനാല്‍ ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്ഥയും ഇതുകൊണ്ടുദ്ദേശമില്ല. ചില നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ ശരീരത്തിനും ഇത് ബാധകമാണ്. ഇത് ബാധ്യതപ്പെട്ടവര്‍ തന്നെ ഇതിന്റെ അവകാശികളും ആവാം.
ഇമാം ശാഫിഈ (റ) യുടെ ഗുരുവര്യര്‍ ഇമാം വകീഅ് (റ) പ്രസ്താവിച്ചു: നിസ്കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക് സഹ്വിന്റെ സുജൂദ് പരിഹാരമാകുന്നത് പോലെ റമദാന് നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമാണ് ഫിത്വ്ര് സകാത്ത്. നോമ്പുകാരനു ശുദ്ധീകരണമാണ് ഫിത്വ്ര് സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്കുന്നു. (തുഹ്ഫ : 3/305,ഫത്ഹുല്‍ മുഈന്‍ പേജ്:171).
നോമ്പില്‍ വരുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാക്കിയത് എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം. പ്രത്യുത,ഫിത്വ്ര് സകാത്തു നല്‍കുന്നതിലൂടെ ഈകാര്യം നടക്കുമെന്നുമാത്രം. നോമ്പില്ലാത്ത കുട്ടികള്‍ക്ക് വരെഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാണല്ലോ.
ഉദ്ദേശ്യമെന്ത്?
ഒരുമാസത്തെ ആത്മവിശുദ്ധിയുടെ പരിസമാപ്തിയില്‍ അല്ലാഹു മുസ്ലിംകള്‍ക്കു നല്കിയ ചെറിയപെരുന്നാള്‍ ദിനത്തിലുംഅതിനോട് ബന്ധപ്പെട്ട് ഒന്നു രണ്ടു ദിവസവും ജനങ്ങള്‍ തൊഴിലിനും അദ്ധ്വാനത്തിനും അവധി നല്‍കുകയെന്നത് സ്വാഭാവികമാണ്. ആഘോഷത്തിന്റെ പേരിലുണ്ടാകുന്ന അവധിദിനങ്ങളില്‍ നാട്ടില്‍ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തില്‍ ഒരു തൊഴിലാളിയും ബുദ്ധിമുട്ടെരുതെന്ന ലക്ഷ്യമാണ് ഈസകാത്തിന്റെ പിന്നിലുള്ളത്. ഇതു സാക്ഷാല്‍കരിക്കാനാണ് ഫിത്വ്ര് സകാത്ത് ഇസ്ലാം നിര്‍ബന്ധമാക്കിയത് (തുഹ്ഫ : 3/319)
ഈ ഉദ്ദേശ്യം ഗ്രഹിക്കാതെ ഈ സകാത്തിനെ ഇസ്ലാമിന്റെ ഒരു ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായി എടുത്ത് കാണിക്കുന്നത് അബദ്ധമാണ്. മതവൈരികള്‍ പരിഹസിക്കാന്‍ ഇത് വഴിവെക്കും.
ബാധ്യത ആർക്ക്..
ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യത നിറവേറ്റുക എന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. നിര്‍ബന്ധമാക്കുന്നവേളയില്‍ താന്‍ ചെലവ് കൊടുക്കാന്‍ ശര്‍ഇയായി ബാധ്യതപ്പെട്ട അംഗങ്ങള്‍ എത്രയുണ്ടോ അവരുടെ സകാത്തും നല്‍കണം. റമദാന് മാസത്തിന്റെ പരിസമാപ്തിയുടെ നിമിഷവും പെരുന്നാള്‍ രാവ് ആരംഭിക്കുന്ന നിമിഷവും ചേര്‍ന്നതാണ് ഇത് നിര്‍ബന്ധമാക്കുന്ന വേള. ഈസമയത്ത് തന്റെ മേല്‍ ചെലവ് ബാധ്യതപ്പെട്ടവരായി മുസ്ലിംകള് ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത് നല്‍കണം.
അപ്പോള്‍ റമദാന് അവസാന നാളിലെ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പും തൊട്ടുപിറകെയും ഒന്നിച്ച് ജീവിക്കുന്നവര്‍ക്കേ ബാധ്യത വരുകയുള്ളൂ.. പെരുന്നാള്‍ രാവ് പ്രവേശിച്ച. ശേഷം ജനിച്ചകുഞ്ഞിന് വേണ്ടിസകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ പെരുന്നാള്‍ രാവില്‍ മരണപ്പെട്ടവരുടെ സകാത്തു ബാധ്യതപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാവുന്നു. തന്റെ ശരീരം, ഭാര്യ, ചെറിയമക്കള്‍, പിതാവ്, മാതാവ്, വലിയമക്കള്‍, എന്നീ ക്രമത്തിലാണ് ചെലവ് ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്. എല്ലാവരുടേതും നല്കാന് കഴിവില്ലാത്തവര്‍, ഉള്ളതു കൊണ്ട് ഈ ക്രമത്തില്‍ മുന്‍ഗണന നല്കി കൊടുക്കണം. ജോലിക്ക് കഴിവോ ധനമോയുള്ള വലിയ മക്കള്‍ ഒരു കുടുംബനാഥന്റെ കീഴില്‍ വരില്ല. പിതാവിന്റെമേല്‍ അവരുടെ ചെലവും നിര്‍ബന്ധമില്ല. പിതാവ് അവരുടേത് നല്കിയാല് തന്നെ അവരുടെ സമ്മതമില്ലെങ്കില്‍ മതിയാവുകയില്ല. ഒന്നിലധികം ഭാര്യമാരുള്ളയാള്‍ എല്ലാവരുടേയും നല്‍കണം. അതിന് വകയില്ലെങ്കില്‍ വകയുള്ളത്ര ഭാര്യമാരുടേത് നല്‍കണം. ഇതില്‍ ആദ്യഭാര്യ, രണ്ടാംഭാര്യ എന്നക്രമം പാലിക്കേണ്ടതില്ല. തന്റെ ഇഷ്ടപ്രകാരം ആരുടേതും കൊടുക്കാം. ഭാര്യയുടെ സഹായത്തിന് വേണ്ടി വീട്ടില്‍ നിര്‍ത്തിയ ഭര്‍തൃമതിയല്ലാത്ത വേലക്കാരിയുടേതും നല്‍കണം. ചെലവില്ലാതെ കൃത്യമായ വേതനം നിശ്ചയിച്ചു നിറുത്തിയതെങ്കില്‍ അവളുടെ സകാത്ത് നല്‍കേണ്ടതില്ല. ചെലവ് കൂടി കഴിച്ചാണ് വേതനം പറഞ്ഞതെങ്കില്‍ അവളുടേത് കൊടുക്കണം.
അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്, പെരുന്നാള്‍ രാത്രിയിലേയും പകലിലേയും തന്റെയും ആശ്രിതരുടേയും ( തന്നെആശ്രയിച്ച് കഴിയുന്നകോഴി, ആട്, പശു പോലുള്ള വളര്‍ത്തു ജീവികളും ഇതിലുള്‍പ്പെടും ) ചെലവുകള്‍ കഴിച്ച് മിച്ചമുള്ളതില്‍ നിന്നാണ് സകാത്ത് നല്‍കേണ്ടത്. മിച്ചമെന്നാല്‍ ഭക്ഷ്യധാന്യംമാത്രമല്ല. സ്വത്തുക്കളെല്ലാം ഉള്‍പ്പെടും. പക്ഷേ , തനിക്ക് ജീവിതത്തിന് ആവശ്യമായ തൊഴിലുപകരണങ്ങള്‍, സ്ത്രീയുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍, എന്നിവയൊന്നും വിറ്റു മിച്ചമുണ്ടാക്കി സകാത്തുനല്‍കല്‍ ബാധ്യതയില്ല. പറമ്പ്, തോട്ടം പോലെയുള്ളവ മിച്ചമുള്ളതില്‍ പെടും. ആവശ്യത്തില്‍ കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉള്‍പ്പെടും. മറ്റു പലരില്‍ നിന്നും സകാത്തു ലഭിച്ചിട്ടു മിച്ചം വന്നതാണെങ്കിലും സകാത്തുകൊടുക്കണം. പക്ഷേ, പെരുന്നാള്‍ രാത്രി ആരംഭിക്കും മുമ്പ് ഇങ്ങനെ ലഭിച്ചു മിച്ചം വന്നതാകണം. ആകയാല്‍ മിക്ക കുടുംബങ്ങളും ഫിത്വ്ര് സകാത്ത് നല്കാന് ബാധ്യതപ്പെട്ടവര്‍ തന്നെ. എന്നാല്‍ മിച്ചമുള്ള സ്വത്തുവകകളുടെ അത്രതന്നെയോ അതിലധികമോ കടബാധ്യതയുണ്ടെങ്കില് (ആകടത്തിന്റെ അവധിയായില്ലെങ്കിലും) പ്രസ്തുതമിച്ചം പരിഗണിക്കുകയില്ല. കടവും കഴിച്ച് മിച്ചം വേണം. എങ്കിലേ സകാത്ത് കൊടുക്കേണ്ടതുള്ളൂ. (ഫത്ഹുൽ മുഈൻ)
എന്തു കൊടുക്കണം
നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്‍കേണ്ടത്. പല ധാന്യങ്ങള്‍ ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്‍ ഏതും കൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നല്കിയാലും വാങ്ങുന്നവര്‍ ഇഷ്ടപ്പെട്ടാലെ സാധുവാകുകയുളളൂ. നമ്മുടെ നാട്ടില്‍ പുഴുകുത്തില്ലാത്ത അരികള്‍ ഏതുമാകാം. പച്ചരിയും പറ്റും. ധാന്യത്തിന് പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം. (തുഹ്ഫ 3/324)
ശാഫിഈ മദ്ഹബില്‍ ധാന്യത്തിനു പകരം വില കൊടുത്താല്‍ മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ് (നിഹായ 3/123, മുഗ്നി 1/407).
ഗള്‍ഫിലുള്ളവര്‍
അവിടത്തെ മുഖ്യാഹാരം അവരുടെ സകാത്തായിട്ടും നാട്ടിലുള്ള അവരുടെ ആശ്രിതരുടെ സകാത്ത് നാട്ടിലെ മുഖ്യാഹാരവും നല്‍കണം. നാട്ടിലുള്ള ചെലവ് നല്കല് നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍ എന്നിവരുടെ സകാത്ത് നല്കാന് അവന് ഒരു വ്യക്തിയെ വക്കാലത്താക്കണം. ഭാര്യയെ തന്നെ വക്കാലത്താക്കാം. വക്കാലത്താക്കാതെ തന്റെ ഭാര്യ അവളുടേയും മക്കളുടേയും സകാത്ത് എന്ന നിലക്ക് അവന്റെ അരി വിതരണം ചെയ്താല്‍ മതിയാവില്ല. ഇക്കാര്യം ഗള്‍ഫിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഫോണിലൂടെയോ കത്ത് മുഖേനയോ വക്കാലത്താക്കാം. ഭര്‍ത്താവ് ഭാര്യയുടെ സകാത്തു നല്കുന്നില്ലെങ്കില് ഭാര്യക്ക് തന്റെ സകാത്ത് നല്കല് നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ചെലവും സകാത്തും ഭര്‍ത്താവിനു നിര്‍ബന്ധമില്ല. അവള്‍ക്കാണു നിര്‍ബന്ധം. നിക്കാഹ് കഴിഞ്ഞു പക്ഷേ , ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അവളുമായിബന്ധപ്പെടാന്‍ അവള് തടസ്സം നില്ക്കുന്നില്ലെങ്കില് അവളുടെ സകാത്ത് അവളുടെ നാട്ടില്‍ അവന് നല്‍കണം. താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ഭ്രാന്തന്, ബുദ്ധിമാന്ദ്യര്‍, അടിമ എന്നിവരുടെ സകാത്തും നല്‍കണം. ആരുടെ സകാത്താണോ നല്‍കുന്നത് അയാള്‍ സൂര്യാസ്തമയസമയം എവിടെയാണോ, ആനാട്ടിലെ അവകാശികള്‍ക്കാണ് നല്‍കേണ്ടത്. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്ര അന്നേരം എവിടെ എത്തിയോ അവിടത്തെ അവകാശികള്‍ക്ക് നല്‍കണം. ഇതാണ് ശാഫിഈ മദ്ഹബ്. എന്നാല്‍ ഒരുസ്ഥലത്ത് അവകാശപ്പെട്ട സകാത്ത് മറ്റൊരുസ്ഥലത്തേക്ക് നീക്കം ചെയ്യാമെന്നഭിപ്രായം സ്വീകരിക്കാമെന്ന് ഇമാമുകള്‍ പ്രസ്താവിച്ചതായി ഫതാവാ ഇബ്നിസിയാദിലും (പേജ് 234) മറ്റും ഉദ്ധരിച്ചിട്ടുണ്ട്.
എത്ര നൽകണം
ഒരാള്‍ക്ക് ഒരു സ്വാഅ് വീതമാണ് നല്‍കേണ്ടത്. ഒരു അളവു പാത്രമാണിത്. നബി (സ)യുടെ കാലത്തുള്ള സ്വാഅ് ആണ് പരിഗണിക്കുക. അതിനാല്‍ നബിയുടെ സ്വാഇനേക്കാള്‍ കുറവില്ലെന്നുറപ്പുവരുന്നതു നല്‍കണം. 3.200 ലിറ്ററാണ് ഒരു സ്വാഅ്. തൂക്കമനുസരിച്ച് കത്യംപറയാന്‍ കഴിയില്ല. അരിയുടെ ഭാരവ്യത്യാസമനുസരിച്ച് തൂക്കത്തില്‍ അന്തരം വരും. ചിലര്‍ ഒരുസ്വാഅ് രണ്ടര കി.ഗ്രാംവരുമെന്നും മറ്റുചിലര്‍ മൂന്നു കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെടുന്നു.
മൂന്നു കി.ഗ്രാം നൽകലാണ് സൂക്ഷ്മത .
പെരുന്നാള്‍ നിസ്കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ് നല്ലത്. പിന്തിക്കല്‍ കറാഹത്താണ്. പക്ഷേ , ബന്ധുക്കള്‍, അയല്‍ക്കാര്‍, പോലെയുള്ളവരെ പ്രതീക്ഷിച്ച് പിന്തിക്കല്‍ സുന്നത്തുണ്ട്. എന്നാല്‍ സൂര്യാസതമയം വിട്ട് പിന്തിക്കരുത്. അത് കാരണമില്ലെങ്കില്‍ നിഷിദ്ധമാണ്.
🖋️ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര.
0 Comments