ഫലസ്തീൻ ചരിത്രത്തിലേക്കൊരു എത്തി നോട്ടം


ഫലസ്തീൻ പ്രശ്നം കേവലം മത വിഷയമല്ല, മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രശ്നമാണ്,

ചരിത്രത്തിന്റെ സഞ്ചാര വേഗങ്ങളില്‍ ചില കറുത്ത കുത്തുകള്‍ ബാക്കിയായിക്കിടക്കും. എത്ര മായ്‌ച്ചാലും മായാത്ത പാനീസ്‌ വിളക്കിന്റെ കരി പോലെ കൂടുതല്‍ കറയായി പറ്റിപ്പിടിക്കും ആ കറുത്ത പുള്ളികള്‍.


ഫലസ്‌തീന്‍ അങ്ങനെയൊരു ദുഖ ചരിത്രമാണ്‌ ബാക്കിയാക്കുന്നത്‌. ജനസമൂതികളെത്രയോ പറഞ്ഞും തേങ്ങിയും പരിഹരിക്കാനുറച്ചും ഫലസ്‌തീന്റെ പിറകെക്കൂടിയിട്ടും ആ കറുത്ത ഏടുകള്‍ തീരുന്നില്ല.


നഷ്‌ടബോധത്തിന്റെ കാളലായും തിരിച്ചുപിടിക്കേണ്ട സൂക്ഷിപ്പായും എന്നും മുസ്‌ലിംലോകത്തെ ഫലസ്‌തീന്‍ തുടിപ്പിക്കുന്നു.

ഭൂമിയുടെ കേന്ദ്രമാണ്‌ ഫലസ്‌തീന്‍.


ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ എന്നീ ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥാനമാണത്‌. പ്രവാചകന്മാരുടെ പാദസ്‌പര്‍ശം കൊണ്ടനുഗൃഹീതമായ നാട്‌. മതങ്ങളുടെ പ്രഭവ കേന്ദ്രമാണിത്‌. നാഗരികതകളും സംസ്‌കാരങ്ങളും ഈ ഭൂമിയെ തഴുകിയാണ്‌ കടന്നുപോയത്‌. കന്‍ആന്‍കാരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. പിന്നീട്‌ പല ജനപഥങ്ങള്‍ ഒരുപാട്‌ ശേഷിപ്പുകള്‍ ആവേശിപ്പിച്ച്‌ ഇതിലൂടെ കടന്നുപോയി. ജൂതന്മാര്‍ (ഹെബ്രുകള്‍) ഇവിടെ കുടിയേറുന്നത്‌ സഹസ്രാബ്ദങ്ങള്‍ക്ക്‌ മുമ്പാണ്‌. ക്രിസ്‌തു വര്‍ഷാരംഭത്തോടെ അവരുടെ ആധിപത്യം തകര്‍ന്നു. സംസ്‌കാരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടെ പലര്‍ക്കും ഭൂമിയും ചരിത്രവും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. അറബ്‌ സംസ്‌കാരമാണിവിടെ പിന്നീട്‌ വേരുറച്ചത്‌. അവരിലൂടെ ഇസ്‌ലാം മതവും വ്യാപിച്ചു. ഇസ്‌ലാം മതവിശ്വാസികളോടൊപ്പം ക്രിസ്‌ത്യാനികളും ജൂതരും ഈ പ്രദേശത്ത്‌ താമസമാക്കി.

യൂറോപ്യര്‍, പ്രത്യേകിച്ചും ക്രിസ്‌ത്യാനികള്‍ ഈ പുണ്യഭൂമി പിടിച്ചടക്കാന്‍ നിരന്തരം ശ്രമിച്ചു. കുരിശു യുദ്ധത്തില്‍ അവര്‍ മുസ്‌ലിംകളെ പരാജയപ്പെടുത്തി. കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ്‌ വീണ്ടും റോമിന്റെ ആധിപത്യം തകര്‍ത്തത്‌. ചോര മണക്കുന്ന കഥകളാണ്‌ ഫലസ്‌തീന്‌ പറയാനുള്ളത്‌. സ്വലാഹുദ്ദീന്‍ അയ്യൂബിക്ക്‌ ശേഷം, അല്‍പകാലമൊഴിച്ച്‌, മുസ്‌ലിംകളാണ്‌ മസ്‌ജിദുല്‍ അഖ്‌സ്വായടങ്ങുന്ന ഫലസ്‌തീന്‍ മണ്ണിന്റെ അവകാശികള്‍.

ഫലസ്‌തീന്‍ പ്രദേശത്തെ പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല, ഭൂമിശാസ്‌ത്രപരമായ പ്രധാന്യമാണ്‌ യൂറോപ്യരെ ഫലസ്‌തീനിലേക്ക്‌ ആകര്‍ഷിച്ചത്‌. 19-ാം നൂറ്റാണ്ടില്‍ എണ്ണ കണ്ടെത്തിയതോടെ ഇത്‌ നിര്‍ണായകമായി. ഇവിടെ വേരുറപ്പിക്കാന്‍ കഴിഞ്ഞാല്‍ എണ്ണ സമൃദ്ധമായ അറബ്‌ ഭൂമിയെ നിയന്ത്രിക്കാമെന്നവര്‍ മനസ്സിലാക്കി.

അതിനവര്‍ കണ്ടെത്തിയത്‌, ലോക ജനതയുടെ സഹതാപത്തിന്‌ പാത്രമായ ജൂതരെയാണ്‌. ഇനിയുമൊരു കുരിശുയുദ്ധം, മതകീയമായ ചേരിതിരിവുകള്‍ക്കും അതിലൂടെ ഛിന്നഭിന്നമായ മുസ്‌ലിംകളുടെ പുനരേകീകരണത്തിനും വഴിവെച്ചേക്കുമോ എന്ന ഭയമായിരിക്കാം, ഒരു തുണ്ട്‌ ഭൂമിയില്ലാതെ അലയുന്ന ജൂതര്‍ക്ക്‌ വേണ്ടി മുതലക്കണ്ണീരൊഴിക്കാന്‍ ചര്‍ച്ചില്‍, ട്രൂമാന്‍ തുടങ്ങിയവരെ പ്രേരിപ്പിച്ചത്‌.

തിളക്കമുള്ളൊരു ചരിത്രമുണ്ട്‌ ഫലസ്‌തീന്‌. ലോകത്തിലെ ഏറ്റവും പുരാതന ദേവാലയങ്ങളില്‍ ഒന്നും മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയുമായ മസ്‌ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന ജറൂസലം, ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന നഗരമാണ്‌. അല്‍ബൈതുല്‍ മുഖദ്ദസ്‌, മുഖദ്ദസ്‌, ബൈതുല്‍ മഖ്‌ദിസ്‌, അല്‍ഖുദ്‌സ്‌, ഔര്‍ശലിം എന്നീ പേരുകളിലറിയപ്പെടുന്ന ഈ നഗരം മുസ്‌ലിംകളുടെയും ക്രിസ്‌ത്യാനികളുടെയും ജൂതന്മാരുടെയും പുണ്യനഗരമാണ്‌. പ്രവാചകനും രാജാവുമായ ദാവൂദ്‌(അ) സ്ഥാപിച്ച ഈ നഗരം ക്രിസ്‌തു വര്‍ഷം 638-ലാണ്‌ അറബികളുടെ കീഴിലാവുന്നത്‌. കുരിശുയുദ്ധക്കാലത്ത്‌ ക്രിസ്‌ത്യാനികള്‍ പിടിച്ചടക്കുകയും 1187-ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തിരിച്ചുപിടിക്കുകയും ചെയ്‌തു.

സുലൈമാന്‍ നബി പണികഴിപ്പിച്ച ഒരു പുരാതന ദേവാലയത്തിന്റെ സ്ഥാനത്ത്‌ ക്രി. 691-ല്‍ ഉമവിയ്യ ഖലീഫ അബ്ദുല്‍ മാലികുബ്‌നു മര്‍വാന്‍ സ്ഥാപിച്ച ഖുബ്ബതുസ്സഖ്‌റ പള്ളിയും അതിനടുത്ത്‌ തന്നെ അദ്ദേഹത്തിന്റെ മകനായ ഖലീഫ അല്‍വലീദ്‌ ക്രി. 705-ല്‍ പണിത മസ്‌ജിദുല്‍ അഖ്‌സ എന്ന പേരില്‍ തന്നെയുള്ള പള്ളിയും ഉള്‍പ്പെടുന്ന വിശാലമായ സ്ഥലമാണ്‌ ഇന്ന്‌ മസ്‌ജിദുല്‍ അഖ്‌സ. ജൂതന്മാരുടെ പുണ്യസ്ഥലമായ വിലാപ മതിലും ക്രിസ്‌ത്യാനികളുടെ ദേവാലയമായ ചര്‍ച്ച്‌ ഓഫ്‌ റിസറക്‌ഷനും ഇതിനടുത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. യേശുക്രിസ്‌തു ജനിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേമും ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്‌മാഈലിന്റെ(അ) ഖബര്‍ സ്ഥിതി ചെയ്യുന്ന ഹെബ്‌റോണ്‍ നഗരവും ഫലസ്‌തീനിലെ ചരിത്ര നഗരങ്ങളാണ്‌. അറബിയില്‍ അല്‍ഖലീല്‍ എന്നും ഹറമുല്‍ ഇബ്‌റാഹീമി എന്നും ഈ സ്ഥലം വിളിക്കപ്പെടുന്നു.

തുര്‍ക്കിയിലെ ഒട്ടോമാന്‍ സുല്‍ത്താന്മാരുടെ കീഴിലുള്ള അറബി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എ.ഡി 1500-1800 കാലഘട്ടങ്ങളില്‍ ഫലസ്‌തീന്‍ പ്രദേശം. ചരിത്ര രേഖകള്‍ ഇത്‌ വ്യക്തമാക്കുന്നു. ഇക്കാലഘട്ടത്തിനു ശേഷമാണ്‌ ഫലസ്‌തീന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്‌. ഒട്ടോമാന്‍ സുല്‍ത്താന്റെ ജനറലായിരുന്ന മുഹമ്മദലി എന്ന ഈജിപ്‌ഷ്യന്‍ ഭരണാധികാരിയാണ്‌ അതിനു തുടക്കം കുറിച്ചത്‌. 1840-നു മുമ്പുതന്നെ അദ്ദേഹത്തിന്റെ മകന്‍ ഇബ്‌റാഹിം പാഷ ആധുനിക ലോകചരിത്രത്തിലെ നാഴികക്കല്ലായി ഭരണസമിതികള്‍ ഉണ്ടാക്കിയിരുന്നു. അക്കാലത്ത്‌ നിലവിലുണ്ടായിരുന്ന എല്ലാ മത സമൂഹങ്ങളെയും ഏകോപിപ്പിച്ച്‌ നിയമാധിഷ്‌ഠിത നികുതി സംവിധാനവും അദ്ദേഹം നടപ്പില്‍ വരുത്തിയിരുന്നു. തുടര്‍ന്ന്‌ പാഷക്ക്‌ അധികാരം നഷ്‌ടപ്പെടുകയും ഒട്ടോമന്‍ ഭരണം നിലവില്‍ വരികയും ചെയ്‌തു.

ആറു ലക്ഷത്തോളം വരുന്ന അറബി സംസാരിക്കുന്ന ജനങ്ങളായിരുന്നു ഫലസ്‌തീനിലുണ്ടായിരുന്നത്‌. ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളും ചെറിയ ഒരു വിഭാഗം ക്രിസ്‌ത്യാനികളും അതിലും വളരെക്കുറച്ച്‌ ജൂത വിഭാഗക്കാരും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള യൂറോപ്യന്മാരും ഒട്ടോമന്‍ പടയാളികളുമടങ്ങുന്നതായിരുന്നു ഫലസ്‌തീന്‍ ജനത. 1800-നു ശേഷം യൂറോപ്പില്‍ നിന്ന്‌ ഫലസ്‌തീനിലേക്ക്‌ ജൂത കുടിയേറ്റത്തിന്റെ വമ്പന്‍ ഒഴുക്കു തന്നെയുണ്ടായി. അതിനു മുമ്പുതന്നെ ഇന്നത്തെ ടെല്‍അവീവിനു സമീപം ഫലസ്‌തീനിലെ ആദ്യ ജൂത കോളനി സ്ഥാപിക്കപ്പെട്ടു. കാര്‍ഷിക കോളനിയെന്ന പേരിട്ടാണ്‌ ജൂതന്മാര്‍ ഇതിനെ വിളിച്ചിരുന്നത്‌. ഇങ്ങനെ കുടിയേറിയവര്‍ക്കു വേണ്ടി മൊറീസ്‌ ഡി ഹെര്‍സിന്റെ (ജര്‍മന്‍ ജൂതന്‍) നേതൃത്വത്തില്‍ ജെ സി എ (Jewish Colonization Association) എന്ന ആദ്യ സംഘടന 1891-ല്‍ നിലവില്‍ വന്നു. ജൂതര്‍ക്കായി ഒരു വിശുദ്ധ രാജ്യം എന്നതായിരുന്നു അവരുടെ ലക്ഷ്യം. തുടര്‍ന്ന്‌ ജൂതര്‍ക്കായി ഫലസ്‌തീനില്‍ സ്ഥലം കണ്ടെത്താന്‍ Jewish National Fund എന്ന പേരില്‍ സ്വിറ്റ്‌സര്‍ലന്റിലെ ജൂത സംഘടന ശ്രമമാരംഭിച്ചു. തുടര്‍ന്ന്‌ 1904-നു ശേഷം കൂടുതല്‍ ജൂതന്മാര്‍ ഫലസ്‌തീനിലേക്ക്‌ കുടിയേറി. അപ്പോഴേക്കും ഫലസ്‌തീന്‍ ജനതയുടെ ഏഴു ശതമാനത്തോളം ജൂതന്മാരായിക്കഴിഞ്ഞിരുന്നു. തദ്ദേശീയരുമായി ഇടക്കിടെ സംഘര്‍ഷമുണ്ടാകുന്നത്‌ ഇക്കാലത്ത്‌ പതിവായി. 1917-ല്‍ ബ്രിട്ടീഷ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി `ജൂതന്മാര്‍ക്ക്‌ ഒരു രാഷ്‌ട്രം' എന്ന വാഗ്‌ദാനം നല്‌കി.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ജോര്‍ദ്ദാനും വെസ്റ്റ്‌ബാങ്കും ഇസ്‌റാഈലുമുള്‍പ്പടെയുള്ള ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ തെക്കുഭാഗം ഫ്രാന്‍സിനും ബ്രിട്ടനും അധീനതയിലാക്കി. ഫലസ്‌തീനെ ജൂതന്മാര്‍ക്കു സമ്മാനിക്കാന്‍ ഫലസ്‌തീനികളെ കുടിയൊഴിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന്‌ സയണിസ്റ്റുകളുടെ ഉറ്റതോഴനായിരുന്ന ഇംഗ്ലണ്ടിന്റെ പിന്‍ബലത്തില്‍ സയണിസ്റ്റ്‌ കമ്മീഷന്‍ അംഗങ്ങള്‍ പാരീസ്‌ സമ്മേളനത്തില്‍ അട്ടഹസിച്ചു. അത്‌ തങ്ങള്‍ വാഗ്‌ദത്തം ചെയ്‌തിരിക്കുന്നുവെന്ന്‌ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എഴുതിയിരുന്നത്‌ ഈ അവസരത്തില്‍ ചേര്‍ത്തു വായിക്കാം. തുടര്‍ന്ന്‌ 1923-ല്‍ ഫലസ്‌തീന്‍ രണ്ടായി മുറിക്കപ്പെടുകയും ബ്രിട്ടീഷ്‌ അധിനിവേശത്തിലായ ഫലസ്‌തീന്റെ പടിഞ്ഞാറെ അറ്റം ജൂതന്മാര്‍ക്കു കിട്ടുകയും ചെയ്‌തു.

ഇക്കാലത്ത്‌ വിദൂര രാജ്യങ്ങളില്‍ നിന്നുവരെ ഫലസ്‌തീനിലേക്ക്‌ ജൂതന്മാര്‍ കുടിയേറുകയായിരുന്നു. 1922-ലെ കാനേഷുമാരി കണക്കുപ്രകാരം പന്ത്രണ്ടു ശതമാനത്തില്‍ താഴെയായിരുന്ന ജൂതന്മാര്‍ ഫലസ്‌തീന്‍ പ്രദേശത്തിന്റെ അഞ്ചു ശതമാനത്തോളം കയ്യടക്കി. 1928 ആയപ്പോഴേക്കും ജനസംഖ്യയുടെ 17 ശതമാനത്തോളമായി ഇതു വര്‍ധിച്ചു. പാശ്ചാത്യ ശക്തികളുടെ ഫലസ്‌തീന്‍ ഉന്മൂലന സിദ്ധാന്തം എത്രമാത്രം ലക്ഷ്യം നേടി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ്‌ ഈ അന്യായ കുടിയേറ്റം. കൂടാതെ ഹിറ്റ്‌ലറുടെ അധികാര ആരോഹണത്തെ തുടര്‍ന്ന്‌ ജൂതന്മാര്‍ വേട്ടയാടപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്നെ ബ്രിട്ടന്റെ പിന്തുണയോടെ ഫലസ്‌തീനില്‍ ജൂതന്മാര്‍ നരനായാട്ടു നടത്തുന്നുണ്ടായിരുന്നു. ഇതേ കാലയളവില്‍ യൂറോപ്പില്‍ നിന്ന്‌ ഫലസ്‌തീനിലേക്ക്‌ ജൂതന്മാരുടെ വലിയ പ്രവാഹം തന്നെയുണ്ടായി.

ഈ സാഹചര്യത്തിലാണ്‌ ഫലസ്‌തീന്‍ സ്വാതന്ത്ര്യ സംഘടനയായ `ഹിസ്‌ബുല്‍ ഇസ്‌തിഖ്‌ലാല്‍' രൂപം കൊണ്ടത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അനുകരിച്ച്‌ ഫലസ്‌തീന്‍ പോരാളികള്‍ നടത്തിവന്നിരുന്ന സമരങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങളായാണ്‌ ഇപ്പോള്‍ വിവക്ഷിക്കപ്പെടുന്നത്‌. 1932-ല്‍ നിലവില്‍ വന്ന ഈ സംഘടന ആദ്യകാലത്ത്‌ പൂര്‍ണമായും ഗാന്ധിയന്‍ സമരമുറകളാണ്‌ ബ്രിട്ടനെതിരെ സ്വീകരിച്ചതെന്ന്‌ എടുത്തു പറയേണ്ടതുണ്ട്‌. ക്രമേണ ആയുധമെടുക്കേണ്ട അവസ്ഥയിലെത്തിച്ചതിന്‌ കാരണക്കാര്‍ അധിനിവേശ ശക്തികളല്ലാതെ മറ്റാരുമല്ല. ബ്രിട്ടനെ നാടുകടത്തുന്നതിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഭാഗമായി ഫലസ്‌തീനികള്‍ സായുധ സമരങ്ങളിലേക്കു കടന്നതോടെ സയണിസ്റ്റ്‌ തീവ്രവാദ സംഘത്തിന്റെ ആക്രമണങ്ങള്‍ വന്യമായി മാറി. നൂറുകണക്കിന്‌ ഫലസ്‌തീനികള്‍ക്ക്‌ ജീവഹാനി സംഭവിച്ചപ്പോള്‍ ജൂത ഭീകരരെ നേരിടാന്‍ കുഴിബോംബുകള്‍ സ്ഥാപിക്കുകയും വിവിധ വിമോചന സംഘടനകള്‍ക്ക്‌ അവര്‍ രൂപം കൊടുക്കുകയും ചെയ്‌തു. അതോടെ ഫലസ്‌തീന്‍ വിമോചന സമര നേതാക്കളെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്‌തു. തുടര്‍ന്ന്‌ 1937-ലെ പീല്‍ കമ്മീഷന്‍ ഫലസ്‌തീന്‍ പ്രദേശത്തിന്റെ 33 ശതമാനം ജൂതരാഷ്‌ട്രമുണ്ടാക്കാനും പ്രദേശത്തുനിന്ന്‌ ഫലസ്‌തീനികളെ ഒഴിവാക്കാനും ബ്രിട്ടനോട്‌ നിര്‍ദ്ദേശം വച്ചു. 1942 ആയപ്പോഴേക്കും ഫലസ്‌തീനികളുടെ പ്രതിരോധ ശേഷിയെ ദുര്‍ബ്ബലപ്പെടുത്തി മുഴുവന്‍ ഫലസ്‌തീന്‍ പ്രദേശവും ജൂതരാഷ്‌ട്രമാക്കുന്നതിനു വേണ്ടി ഇസ്‌റാഈല്‍ യുദ്ധസന്നദ്ധമാകുകയായിരുന്നു.

1949 ആകുമ്പോഴേക്കും ഫലസ്‌തീനു സ്വാതന്ത്ര്യം കൊടുക്കാമെന്നും അതുവരെ വര്‍ഷംതോറും 15000 ജൂതന്മാരെ ഫലസ്‌തീനിലേക്ക്‌ പ്രവേശിപ്പിക്കണമെന്നും പ്രസ്‌താവിച്ച്‌ ബ്രിട്ടന്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ ലോകത്തെ അറിയിച്ചു. പിന്നീട്‌ കുടിയേറ്റ കാലാവധി ബ്രിട്ടന്‍ തന്ത്രപൂര്‍വ്വം വര്‍ധിപ്പിച്ചു. ഇതിനിടയില്‍ പ്രശ്‌നത്തിലിടപെടാന്‍ ഐക്യരാഷ്‌ട്രസഭയെ ബ്രിട്ടന്‍ ക്ഷണിച്ചിരുന്നു. അങ്ങനെയാണ്‌ 1947 നവംബര്‍ 27-ന്‌ ഫലസ്‌തീനെ വിഭജിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്‌. ക്രിസ്‌തീയ രാജ്യങ്ങളുടെ സമ്മര്‍ദ ഫലമായി ജറൂസലമിനെ സ്വതന്ത്രമാക്കി നിര്‍ത്തി ഫലസ്‌തീന്റെ 56 ശതമാനം ഭൂമി ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ജൂതസമൂഹത്തിനു കൈമാറാനാണ്‌ തീരുമാനമായത്‌. തുടര്‍ന്ന്‌ കൈവശക്കാര്‍ക്ക്‌ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യം നല്‍കി നാടുവിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഭീകര കലാപങ്ങള്‍ക്കുള്ള തുടക്കമായി മാറി.

1948 മെയ്‌ പതിനഞ്ചിന്‌ ഇസ്‌റാഈലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നപ്പോള്‍ അത്‌ ആദ്യം അംഗീകരിച്ചത്‌ അമേരിക്കയാണെന്നത്‌ പ്രത്യേകം ഓര്‍ക്കേണ്ടതാണ്‌. തുടര്‍ന്നാണ്‌ ഒന്നാം അറബ്‌ ഇസ്‌റാഈല്‍ യുദ്ധം ആരംഭിക്കുന്നത്‌. ഫലസ്‌തീന്റെ അനുമതിയില്ലാതെ ഫലസ്‌തീനില്‍ ജൂതരാഷ്‌ട്രം സ്ഥാപിക്കുന്നതിനെ അറബ്‌ സമൂഹം ഒന്നടങ്കം എതിര്‍ത്തു. തങ്ങള്‍ ന്യൂനപക്ഷമാണെന്നു വ്യക്തമായി ബോധ്യമുള്ള ഇസ്‌റാഈല്യര്‍ ആസൂത്രിതമായി ഫലസ്‌തീനില്‍ വംശഹത്യ നടത്തിത്തുടങ്ങി. ബഹുഭൂരിപക്ഷം വരുന്ന ഫലസ്‌തീനികള്‍ തങ്ങളുടെ വാസസ്ഥലം നഷ്‌ടമായി സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായി. ഇടതടവില്ലാത്ത ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ തടയിടാന്‍ ഇതര വിഭാഗങ്ങള്‍ സായുധസംഘങ്ങളുടെ പിറവിക്കു ജന്മം നല്‍കി. തുടര്‍ന്ന്‌ 1953-ല്‍ ഒരു പൊതു പാര്‍ട്ടി എന്നതിനെക്കുറിച്ച്‌ ആലോചിക്കുകയും തൊട്ടടുത്ത വര്‍ഷം തന്നെ `ഫത്തഹ്‌ പാര്‍ട്ടി' നിലവില്‍ വരികയും ചെയ്‌തു. പിന്നീട്‌ സായുധ പോരാട്ടം കൊണ്ടു മാത്രമേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളൂവെന്ന തിരിച്ചറിവില്‍ ഫലസ്‌തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി എല്‍ ഒ) ജന്മമെടുത്തു. ഫലസ്‌തീനികള്‍ ഭീകരന്മാരാണെന്നു വിളിച്ചു പറയുന്നവര്‍ അവരുടെ ഇന്നത്തെ അവസ്ഥ എങ്ങനെയുണ്ടായി എന്നതു കൂടെ ഒന്നു പഠിക്കുന്നതു നല്ലതാണ്‌.

42 ലക്ഷത്തിലധികം ഫലസ്‌തീനികള്‍ ഇപ്പോള്‍ അഭയാര്‍ഥികളാണ്‌. 17 ലക്ഷം പേര്‍ ജോര്‍ദാനില്‍ മാത്രമായുണ്ട്‌. ലബനാനിലും സിറിയയിലും നാല്‌ ലക്ഷം പേര്‍. ഗസ്സയിലും വെസ്റ്റ്‌ ബാങ്കിലും ടെന്റുകളില്‍ 16 ലക്ഷത്തിലധികം പേര്‍. ഫലസ്‌തീനില്‍ ജീവിച്ചിരിക്കുന്നവരില്‍ ലോകബാങ്കിന്റെ കണക്കനുസരിച്ച്‌ 20 ലക്ഷം പേര്‍ (63% പേര്‍) ദാരിദ്ര്യരേഖക്ക്‌ താഴെയാണ്‌. തൊഴിലില്ലായ്‌മ 60 ശതമാനത്തില്‍ കൂടുതല്‍, ഭക്ഷ്യക്ഷാമം രണ്ടാം ഇന്‍തിഫാദ(ഉണര്‍വ്വ്‌)ക്ക്‌ ശേഷം രൂക്ഷമായി. ജലം, വൈദ്യുതി, ആരോഗ്യരക്ഷ തുടങ്ങിയ സൗകര്യങ്ങള്‍ പരിമിതമാണ്‌. മനുഷ്യാവകാശ ലംഘനങ്ങളുടെ ഈ ദുര്‍മുഖം ലോക സമൂഹങ്ങളുടെ കുറ്റകരമായ നിഷ്‌ക്രിയത്വത്തിന്റെ സാക്ഷ്യവും കൂടിയാണ്‌..

             ✍️കണ്ണിയൻ അബൂബക്കാർ

Post a Comment

0 Comments