സമ്പൂർണ കുളി

ശുക്ലസ്രാവം കൊണ്ട് വലിയ അശുദ്ധിയുണ്ടായി കുളിക്കുന്നവർ കുളിയാരംഭിക്കുംമുമ്പ് മൂത്രമൊഴിക്കൽ സുന്നത്താണ്. ശുക്ലത്തിന്റെ ശിഷ്ടഭാഗം ഉണ്ടെങ്കിൽ പൂർണമായും പുറത്തുവരാൻ വേണ്ടിയാണിത്.


ഖിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ട് വലിയ അശുദ്ധിയെ ഞാൻ ഉയർത്തുന്നുവെന്ന കുളിയുടെ നിയ്യത്തോടെ ബിസ്മി ചൊല്ലി ശരീരത്തിലെ ശുക്ലം, മൂക്കട്ട പോലെയുള്ള ശുദ്ധിയുള്ളതും മദജലം *(مَذْيْ)* പോലെയുള്ള നജസായതുമായ എല്ലാ മാലിന്യങ്ങളും നീക്കിക്കൊണ്ടാണ് കുളി ആരംഭിക്കേണ്ടത്. നിയ്യത്തും ബിസ്മി ചൊല്ലലും മാലിന്യങ്ങൾ കഴുകി നീക്കലും ഒരുമിച്ചായിരിക്കണം. കുളിയെന്ന പേരിൽ ആദ്യം കഴുകപ്പെടുന്ന ശരീര ഭാഗത്തോടു ചേർന്നു നിയ്യത്തുണ്ടാവണം. ഏതു മാലിന്യമാണോ ആദ്യം കഴുകുന്നത് അതോടൊപ്പം നിയ്യത്തു വേണം (തുഹ്ഫ: 1/275).


മുകളിൽ വിവരിച്ച രീതിയിൽ കുളി ആരംഭിച്ച ശേഷം കുളിയുടെ സുന്നത്തായി വായ കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും വേണം. പിന്നീട് പൂർണ വുളൂ ചെയ്യുക. വലിയ അശുദ്ധി മാത്രം ഉള്ള ആൾ ഈ വുളൂഇനു കുളിയുടെ സുന്നത്തായ വുളൂ എന്നാണു കരുതേണ്ടത്. ചെറിയ അശുദ്ധി കൂടിയുള്ളയാൾ സാധാരണ വുളൂഇലെ നിയ്യത്തു കൊണ്ടുവരണം. കുളി അവസാനിക്കുന്നതുവരെ വുളൂ നിലനിർത്തൽ സുന്നത്താണ്.


പിന്നീട് ചുളിവും വളവുമുള്ള കാത്, കക്ഷം, പൊക്കിൾ ചുഴി പോലെയുള്ള സ്ഥലങ്ങൾ സൂക്ഷിച്ചു കഴുകണം. അനന്തരം തന്റെ പത്തു വിരലുകളും നനച്ച് തലമുടിയും താടിരോമങ്ങളും തിക്കകറ്റൽ നടത്തി തലയിൽ വെള്ളം ഒഴിക്കണം. ശേഷം ശരീരത്തിന്റെ വലതു ഭാഗത്തും (മുന്നിലും പിന്നിലും) ശേഷം ഇടതു ഭാഗത്തും അതുപോലെ വെള്ളം ഒഴിക്കണം. ശരീരത്തിൽ നിന്നു തന്റെ കൈകളെത്തുന്നിടം തേച്ചുരച്ചു കഴുകണം. കർമങ്ങൾ വിടവില്ലാതെ തുടരെയായി നിർവഹിക്കണം. വുളൂഇന്റെ ശേഷമുള്ള ദിക്ർ, ദുആകൾ തന്നെ കുളി കഴിഞ്ഞു നിർവഹിക്കൽ സുന്നത്തുണ്ട്.


ബിസ്മി ചൊല്ലൽ, ശരീരം കഴുകൽ, ഉരച്ചു കഴുകൽ, കുളിയുടെ ശേഷമുള്ള ദിക്ർ, ദുആകൾ എന്നിവ മൂന്നു പ്രാവശ്യം നിർവഹിക്കൽ സുന്നത്താണ്. ആവശ്യമില്ലാതെ സംസാരം ഉപേക്ഷിക്കലും കാരണം കൂടാതെ മറ്റൊരാളുടെ സഹായം തേടലിനെ ഉപേക്ഷിക്കലും കാരണം കൂടാതെ കുടയൽ, തോർത്തൽ എന്നിവ ഉപേക്ഷിക്കലും കുളിയുടെ സുന്നത്തുകളാണ്.


ആർത്തവം, പ്രസവരക്തം എന്നിവ മുറിഞ്ഞശേഷം സ്ത്രീ കുളിച്ചാൽ അവളുടെ ഗുഹ്യസ്ഥാനത്ത് സുഗന്ധം ഉപയോഗിക്കൽ-അവൾ വഫാത്തിന്റെ ഇദ്ദയിലോ ഇഹ്റാമിലോ നോമ്പുകാരിയോ അല്ലെങ്കിൽ-സുന്നത്താണ്.


കുളിയുടെ തുടക്കത്തിൽ ചൊല്ലേണ്ട സുന്നത്തുകളായ വുളൂ, വായ കൊപ്ലിക്കൽ, മൂക്കിൽ വെള്ളം കയറ്റിച്ചീറ്റൽ എന്നിവ ആദ്യത്തിൽ വിട്ടുപോയാൽ ഇടക്ക് കൊണ്ടുവരൽ സുന്നത്തുണ്ട്.

( ഈയുള്ളവൻ്റെ ശുദ്ധീകരം ഒരു പoനം എന്ന ഗ്രന്ഥത്തിൽ നിന്ന്)


🖊️ ദുആ വസ്വിയ്യത്തോടെ

എം.എ.ജലീൽ സഖാഫി പുല്ലാര

Post a Comment

0 Comments