ഫസ്ഖ് അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ❓ഫസ്ഖ് എന്നാലെന്താണ്? ഇതിന്റെ വിധിയെന്ത്?


ഉ: വിവാഹം ദുർബലപ്പെടുത്തലാണ് ഫസ്ഖ്. ബുദ്ധിയും പ്രായപൂർത്തിയുമുള്ള ഭാര്യയ്ക്കു ഇതു അനുവദനീയമാണ്.

❓ എപ്പോഴാണിതു അനുവദനീയമാവുക?

ഉ: ഏറ്റവും കുറഞ്ഞ വിഹിതപ്രകാരം നിർബന്ധമാകുന്ന ചെലവും (പ്രതിദിനം ഒരു മുദ്ദ് ഭക്ഷ്യവസ്തു) വസ്ത്രവും നൽകാൻ സാമ്പത്തിക ശേഷിയും അനുയോജ്യവുമായ ജോലിയുമില്ലാത്ത ഭർത്താവാകുമ്പോൾ.

❓ഭാര്യയുടെ രക്ഷിതാവിനു ഫസ്ഖ് ചെയ്തുകൂടെ?

ഉ: രക്ഷിതാവിനു ഇത് ചെയ്യാൻ അധികാരമില്ല. സ്ത്രീയുടെ വിഷമം പരിഹരിക്കാനാണ് ഫസ്ഖ് നിയമമാക്കപ്പെട്ടത്. അവൾക്കാണിത് അധികാരം.

❓ ഏറ്റവും കുറഞ്ഞ വസ്ത്രം എന്നതിന്റെ വിവക്ഷ?

ഉ: ഖമീസ്, മുഖമക്കന, ശൈത്യകാലത്തണിയുന്ന ജുബ്ബ തുടങ്ങിയ അത്യാവശ്യ വസ്ത്രങ്ങളാണ് ഏറ്റവും ചുരുങ്ങിയ വസ്ത്രം എന്നതിന്റെ ഉദ്ദേശ്യം.

❓ താമസിക്കാൻ വീട് നൽകാൻ കഴിയാത്ത ഭർത്താവുമായുള്ള വിവാഹബന്ധം ഭാര്യക്കു ഫസ്ഖ് ചെയ്തുകൂടെ?


ഉ: അതേ, ചെയ്യാം (തുഹ്ഫ: 8/336, ഫത്ഹുൽ മുഈൻ, പേജ്: 424).

❓മഹ്ർ കൊടുക്കാൻ കഴിയാത്തവനുമായുള്ള വിവാഹബന്ധം ഫസ്ഖ് ചെയ്തുകൂടെ?

ഉ: നിർബന്ധമായതും അവധിയെത്തിയതും അൽപംപോലും കൈപറ്റാത്തതുമായ മഹ്ർ കൊടുക്കാൻ കഴിയാത്തവനുമായുള്ള വിവാഹബന്ധം ഫസ്ഖ് ചെയ്യൽ അനുവദനീയമാണ്. പ്രസ്തുത മഹ്ർ കൊടുക്കാൻ അവൻ അപ്രാപ്തനായത് അവളുടെ അംഗീകാരത്തോടെ ലൈംഗികബന്ധം നടക്കുന്നതിന്റെ മുമ്പായിരുന്നങ്കിലേ ഫസ്ഖ് അനുവദനീയമാകൂ. ഈ ഘട്ടത്തിൽ ഫസ്ഖ് ചെയ്യുന്നപക്ഷം പ്രശ്നം ഖാളിയെ ബോധ്യപ്പെടുത്തിയ ഉടനെയാകണം ഫസ്ഖ്. അറിവില്ലായ്മ പോലുള്ള പ്രതിബന്ധം കൂടാതെ പിന്തിച്ചാൽ ഫസ്ഖ് ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതാണ് (ഫത്ഹുൽ മുഈൻ, പേജ്: 425).

❓ ഭർത്താവ് ദരിദ്രനല്ല, പക്ഷേ ഭാര്യക്കു ചെലവു നൽകുന്നില്ല. ഈ ഘട്ടത്തിൽ ഫസ്ഖ് അനുവദനീയമാണോ?

ഉ: അനുവദനീയമല്ല. ദരിദ്രനല്ലാത്ത (ധനികനും ഇടത്തരക്കാരനും) ഭർത്താവ് ചെലവ്, വസ്ത്രം, മഹ്ർ മുതലായവ കൊടുക്കാൻ വിസമ്മതിച്ചാൽ അവൻ നാട്ടിലുള്ളവനാണെങ്കിലും അല്ലെങ്കിലും അവനെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെങ്കിൽ പോലും ഫസ്ഖ് ചെയ്യാൻ പാടില്ലെന്നാണ് മദ്ഹബിലെ പ്രബലാഭിപ്രായം. എന്നാൽ ഭർത്താവിനെ സംബന്ധിച്ചു യാതൊരു വിവരവും ഉണ്ടാകാതിരിക്കുകയും നാട്ടിൽ അവനു ധനമില്ലാതെ വരികയും ചെയ്താൽ അവനുമായുള്ള വിവാഹ ബന്ധം ഭാര്യക്ക് ഫസ്ഖ് ചെയ്യാമെന്ന് ശൈഖു സരിയ്യൽ അൻസാരി(റ) ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് (തുഹ്ഫ: 8/337).

❓ ഭർത്താവിന്റെ സമ്പത്തു ദൂരസ്ഥലത്താണെങ്കിലോ?

ഉ: ഭർത്താവിന്റെ സമ്പത്ത് നിസ്കാരത്തിൽ ഖസ്ർ അനുവദനീയമാകുന്നത്ര ദൂരത്താണെങ്കിൽ (സുമാർ 132 കി.മീ.) അവൾക്കു ഫസ്ഖ് ചെയ്യാവുന്നതാണ്. മൂന്നു ദിവസത്തിനുള്ളിൽ ധനം ഇവിടെ എത്തിച്ചുതരാമെന്ന് ഭർത്താവ് പറയാത്തപക്ഷം ക്ഷമിച്ചിരിക്കൽ ഭാര്യക്കു നിർബന്ധമില്ല (തുഹ്ഫ, ശർവാനി: 8/338).

❓ ഭാര്യക്കു രോഗം ബാധിച്ചാൽ മരുന്നു വാങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ ഫസ്ഖ് ചെയ്തുകൂടെ?

ഉ: പറ്റില്ല. ഭാര്യക്കു മരുന്നു വാങ്ങിക്കൊടുക്കൽ ഭർത്താവിനു നിർബന്ധമില്ല.

❓ ഫസ്ഖിനുള്ള കാരണം ഖാളിയുടെ മുമ്പിൽ സ്ഥിരപ്പെടണോ?

ഉ: അതേ, ഭർത്താവിന്റെ അംഗീകാരം കൊണ്ടോ അവനിപ്പോൾ കഴിവില്ലാത്തവനാണെന്നു പറയുന്ന സാക്ഷിമൊഴി കൊണ്ടോ അവൻ ദരിദ്രനാണെന്നു ഖാളിയുടെയോ അഥവാ അർഹമായ മധ്യസ്ഥ (മുഹക്കം)ന്റെയോ അടുക്കൽ സ്ഥിരപ്പെടുന്നതിനു മുമ്പ് ചെലവ്, വസ്ത്രം, മഹ്ർ മുതലായവക്ക് കഴിവില്ലെന്ന പേരിൽ വിവാഹ ബന്ധം ഫസ്ഖ് ചെയ്യാൻ പറ്റില്ല. അവളുടെ മഹല്ലിൽ ഖാളി ഉള്ളതിനോടൊപ്പം മധ്യസ്ഥനെ (മുഹക്കം) സമീപിക്കാൻ പാടില്ല. ഖാളിയും മുഹക്കമും ഇല്ലെങ്കിൽ നിർബന്ധിത സാഹചര്യത്തിൽ അവൾക്കു സ്വന്തമായി ഫസ്ഖ് ചെയ്യാം. അതു ബാഹ്യമായും ആന്തരികമായും നടപ്പിൽ വരുന്നതാണ് (ഫത്ഹുൽ മുഈൻ, പേജ്: 428).

❓ ഫസ്ഖിന്റെ നിബന്ധനകളെല്ലാം പൂർത്തിയായാൽ പിന്നെ ഉടനെ ഫസ്ഖ് ചെയ്തുകൂടെ?

ഉ: പാടില്ല. ഫസ്ഖിന്റെ നിബന്ധനകളെല്ലാം പൂർത്തിയായാൽ ഖാളി, അല്ലെങ്കിൽ അർഹനായ മധ്യസ്ഥൻ മൂന്നു ദിവസം കൂടി നിർബന്ധമായും താമസിച്ചുകൊടുക്കണം. അതിനു ശേഷം നാലാം ദിവസം ഖാളി അല്ലെങ്കിൽ മധ്യസ്ഥൻ അവളുടെ നികാഹ് ഫസ്ഖ് ചെയ്യാം. ഖാളിയുടെ അനുമതിയോടുകൂടി അവൾക്കും ഫസ്ഖ് ചെയ്യാം. “ഞാൻ നികാഹ് ഫസ്ഖ് ചെയ്തു എന്നു പറഞ്ഞാൽ മതി” (ഫത്ഹുൽ മുഈൻ, പേജ്: 429).

❓ ഫസ്ഖിന്റെ ശർത്വുകൾ എന്തെല്ലാം?

ഉ: വിവരിക്കാം . 1. ഭാര്യയിൽ നിന്നു പിണക്കമുണ്ടാകാതിരിക്കുക. 

2. ഏതു വീട്ടിലായിരുന്നപ്പോഴാണോ ഭർത്താവ് അപ്രത്യക്ഷനായത് അവളുടെ താമസം ആ വീട്ടിൽ തന്നെയാവുക.

3. ഈ രണ്ടു കാര്യങ്ങളുടെ പേരിലും അവനു നാട്ടിൽ ധനമില്ലാത്തതിന്റെ പേരിലും ചെലവിന്റെ വിഹിതം അവൻ ഉപേക്ഷിച്ചു പോയിട്ടില്ലെന്നതിന്റെ പേരിലും അവന്റെ വിവരമില്ലാത്തതിനാൽ ചെലവു ലഭിക്കാൻ ബുദ്ധിമുട്ടാണെന്നതിന്റെ പേരിലും അവൾ സത്യം ചെയ്യുക.

 4.അവൾ പ്രായപൂർത്തിയും ബുദ്ധിയുമുള്ളവളാവുക (ഫത്ഹുൽ മുഈൻ, പേജ്: 248).


❓ഇന്നു പലപ്പോഴും ഭാര്യ പിണങ്ങി പ്രശ്നമായിരിക്കെ അവൻ ചെലവു നൽകാൻ തയ്യാറാവാതെവരുന്നു. അപ്പോൾ ഫസ്ഖ് പറ്റില്ലന്നല്ലേ വരുന്നത്?


ഉ: അതേ, അവളുടെ ഭാഗത്തുനിന്നു പിണക്കമുണ്ടെങ്കിൽ ചെലവ് നൽകൽ നിർബന്ധമില്ലല്ലോ. അതു കൊണ്ട് തന്നെ ചെലവു ലഭിക്കുന്നില്ലെന്ന പേരിൽ ഫസ്ഖ് ചെയ്യാൻ അവൾക്കു ഒരു വകുപ്പുമില്ല.

❓ നാട്ടിലില്ലാത്ത ഭർത്താവിന്റെ നികാഹ് ഖാളി മുഖേന ഭാര്യ ഫസ്ഖ് ചെയ്തു. പിന്നീട് ഭർത്താവ് മടങ്ങിവന്നു എനിക്കു നാട്ടിൽ ധനമുണ്ടായിരുന്നുവെന്നു വാദിച്ചാലോ?

ഉ: ഭാര്യ ആ ധനത്തെക്കുറിച്ചു അറിയുകയും പ്രയാസമന്യേ അതിൽനിന്നു ചെലവിന്റെ വിഹിതം എടുക്കാൻ അവൾക്കു സാധിക്കുമായിരുന്നുവെന്നു സ്ഥിരപ്പെട്ടാലല്ലാതെ പ്രസ്തുത ഫസ്ഖ് ബാത്വിലാവില്ലെന്നു ഇമാം ഗസ്സാലി(റ) ഫത്‌വ നൽകിയിരിക്കുന്നു.

❓ലൈംഗിക ബന്ധത്തിനു ഭാര്യ തന്റെ ശരീരം കീഴ്പ്പെടുത്തിക്കൊടുക്കും മുമ്പ് ഭർത്താവിന്റെ തിരോധാനം ഉണ്ടായാൽ അവൾക്കു ഫസ്ഖ് ചെയ്യാമോ?

ഉ: ഫസ്ഖ് ചെയ്യാവുന്നതല്ല. ഇതാണു ശാഫിഈ മദ്ഹബ്. ഇവിടെ അവൾക്കു ചെലവു നൽകൽ ഭർത്താവിനു നിർബന്ധമായിട്ടില്ലല്ലോ. എന്നാൽ ഫസ്ഖ് ചെയ്യാമെന്നാണ് മാലികീ മദ്ഹബ്. വരനെക്കുറിച്ചന്വേഷിക്കാൻ സമയം നിശ്ചയിച്ചാൽ-ഒരു മാസമാണ് ആ സമയം-പ്രസ്തുത സമയത്തിനു ശേഷം ഫസ്ഖ് ചെയ്യാം. അനിവാര്യ ഘട്ടത്തിൽ മാലികീ മദ്ഹബ് ഈ മസ്അലയിൽ മാത്രവും അവലംബിക്കാം (ഫത്ഹുൽ മുഈൻ, പേജ്: 430,477).

❓ ഫസ്ഖിന്റെ പേരിലുള്ള ഇദ്ദ എപ്പോൾ ആരംഭിക്കും?

ഉ: ഫസ്ഖ് സംഭവിച്ചതു മുതൽ അവളുടെ ഇദ്ദ ആരംഭിക്കുന്നതാണ്. അവളെ മടക്കിയെടുക്കൽ അനുവദനീയമല്ല. ഖുൽഉ മുഖേന വിവാഹബന്ധം വേർപ്പെടുത്തിയവളെയും മടക്കിയെടുക്കാവുന്നതല്ല. സംയോഗം ചെയ്യപ്പെട്ട ഭാര്യയെ പ്രതിഫലം വാങ്ങാതെ മൂന്നിൽ താഴെയുള്ള ത്വലാഖ് ചൊല്ലി ഇദ്ദ തീരുന്നതിനു മുമ്പ് മാത്രമേ മടക്കിയെടുക്കുവാൻ പറ്റുകയുള്ളൂ (തുഹ്ഫ: 8/149).

❓ ഭർത്താവ് അപ്രത്യക്ഷനായ സമയം ഭാര്യ ഏതു വീട്ടിലായിരുന്നോ അവിടെത്തന്നെ താമസിക്കണമെന്ന് ഫസ്ഖിന്റെ നിബന്ധനയായി നേരത്തെ എണ്ണിയല്ലോ. അനിവാര്യ ഘട്ടത്തിൽ താമസം മാറിക്കൂടെ?

ഉ: അതേ, വിടു പൊളിഞ്ഞുവീഴുക, അഗ്നിക്കിരയാവുക, വീട്ടിൽ കവർച്ച നടത്തുക, അയൽക്കാരുടെ അക്രമം ഉണ്ടാവുക തുടങ്ങിയവയാൽ സ്വന്തം ശരീരത്തിനോ കുട്ടിക്കോ സമ്പത്തിനോ വല്ല അപകടവും സംഭവിക്കുമെന്നു ഭയമുണ്ടെങ്കിൽ വീടു മാറിത്താമസിക്കുന്നതിനു വിരോധമില്ല. അതു ഫസ്ഖിനു തടസ്സമാവില്ല (തുഹ്ഫ: 8/262).

❓ഭാര്യ വ്യഭിചരിച്ചാൽ നികാഹു ബാത്വിലാകുമോ? എങ്കിൽ ഇദ്ദ വേണോ?

ഉ: ഭാര്യ വ്യഭിചാരം എന്ന വൻ കുറ്റം ചെയ്തതുകൊണ്ട് നികാഹ് ബാത്വിലാവില്ല. അവൾ വ്യഭിചാരം മൂലം ഗർഭിണിയാണെങ്കിലും അല്ലെങ്കിലും നികാഹ് ബാത്വിലാവുന്നില്ല. അതുകൊണ്ടുതന്നെ ഇദ്ദയും വേണ്ട.

❓ ഭർത്താവിനു കുട്ടികളുണ്ടാവില്ലെന്നു വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച് തറപ്പിച്ചു പറഞ്ഞാൽ അയാളെ ഫസ്ഖ് ചെയ്യാൻ ഭാര്യയ്ക്കു അവകാശമുണ്ടോ?

ഉ: ഇല്ല. ഒരാൾ സന്താനമുണ്ടാകാത്ത ആളാവുകയെന്നത് ഫസ്ഖ് ചെയ്യാൻ ഭാര്യക്കു അധികാരം നൽകുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ കർമശാസ്ത്ര പണ്ഡിതർ എണ്ണിയിട്ടില്ല.

❓ഒരു മുദ്ദ് അളവ്-തുക്ക പ്രകാരം എത്രയാണ്?

ഉ: എണ്ണൂർ മില്ലിലിറ്റർ എന്നാണ് സാധാരണമായി പറയുന്നത്. നമ്മുടെ അളവുതൂക്കങ്ങളുടെ കണക്കുവെച്ച് കൃത്യപ്പെടുത്താൻ കഴിയില്ല. 650 ഗ്രാം എന്നും 750 ഗ്രാം എന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഇന്നു പ്രചാരത്തിലുള്ള മുദ്ദ് പാത്രത്തിൽ അളന്നു തൂക്കപ്പെട്ട വിവിധ അരികൾ 750 ഗ്രാം ഉള്ളതായി കാണുന്നുണ്ട്. ഒരു മുദ്ദിൽ കുറവു വരുന്നില്ലെന്നുറപ്പു വരുന്ന തോത് നൽകുക.

(ഈയുള്ളവൻ്റെ വിവാഹം ചോദ്യോത്തരങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്)

🖊️ ദുആ വസ്വിയ്യത്തോടെ

എം.എ.ജലീൽ സഖാഫി പുല്ലാര

➖➖➖➖➖➖➖➖➖➖➖


Post a Comment

0 Comments