യാത്രക്കാരും നിസ്കാരവും


    അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാരങ്ങളില്‍ അദാആയി നിര്‍വ്വഹിക്കപ്പെടുന്നതോ നിബന്ധനയൊത്ത യാത്രയില്‍ നഷ്ടപ്പെട്ടതോ ആയ നാലു റക്അത്തുള്ള നിസ്‌കാരം അനുവദനീയമായ ദീര്‍ഘയാത്രയില്‍ ഖസ്‌റാക്കി (രണ്ടു റക്അത്തായി ചുരുക്കി) നിസ്‌കരിക്കാവുന്നതാണ്.

       ഏതൊരു നാട്ടില്‍നിന്നാണോ യാത്രപോകുന്നത് ആ നാടിന്റെ അതിര്‍ത്ഥി വിടുന്നതോടെ ഇതു അനുവദനീയമാകും.

    ഹാശിമിയ്യായ 48-മൈലാണ് ദീര്‍ഘയാത്രയ്ക്കുള്ള ദൂരം. അബ്ബാസികളുടെ ഭരണകാലത്ത് കണക്കാക്കിയ മൈലാണിത്. ബനൂ ഉമയ്യക്കാരുടെ ഭരണകാലത്ത് നിര്‍ണ്ണയിച്ച മൈലനുസരിച്ച് 40. ഇന്നത്തെ കി.മി. അനുസരിച്ച് 132-വരും. ഒരാള്‍ പോകാനുദ്ദേശിക്കുന്ന നാട്ടിലേക്ക് യാത്ര പുറപ്പെടുന്ന നാട്ടില്‍നിന്നു 132-കി.മീ. ദൂരമുണ്ടെങ്കില്‍ പ്രസ്തുത യാത്രയില്‍ ഫര്‍ള് നിസ്‌കാരം ഖസ്‌റാക്കാം. പോയി മടങ്ങിവരാനുള്ള ദൂരം ഇത്രയുണ്ടായാല്‍ പോരാ.

     രണ്ടു മര്‍ഹല (132-കി.മീ.) ദൂരമുള്ളയാത്രയിലും പൂര്‍ത്തിയാക്കി നിസ്‌കരിക്കലാണ് ഉത്തമം എന്നു നമ്മുടെ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അബൂഹനീഫ(റ)യുടെ അഭിപ്രായം മാനിച്ചുകൊണ്ടാണിത്. 132-കി.മീ. ദൂരമുണ്ടെങ്കിലും ഖസ്‌റാക്കാന്‍ പറ്റില്ല, പൂര്‍ത്തിയാക്കിതന്നെ നിസ്‌കരിക്കണം എന്നതാണു ഹനഫീ മദ്ഹബ്. മൂന്നു മര്‍ഹല (198-കി.മീ.) ദൂരമുള്ള യാത്രയില്‍ ഖസ്‌റാക്കി നിസ്‌കരിക്കലാണു ഉത്തമം. ഇതും ഹനഫീ മദ്ഹബ് മാനിച്ചുകൊണ്ടാണ്. മൂന്നു മര്‍ഹലയുള്ള യാത്രയില്‍ ഖസ്‌റാക്കല്‍ നിര്‍ബന്ധമാണെന്നാണു ഹനഫീ വീക്ഷണം. ഇമാം കുര്‍ദി(റ) പറയുന്നു: ഹനഫിക്കാരുടെ അടുത്തുള്ള മൂന്നു മര്‍ഹല നമ്മുടെ മദ്ഹബിലെ രണ്ടു മര്‍ഹലയുടെ ദൂരമേയുള്ളൂ. അതുകൊണ്ടുതന്നെ 132-കി.മീ. ദൂരമുള്ള യാത്രയില്‍ ഖസ്‌റാക്കലാണു ഉത്തമം (കുര്‍ദി: 2/44, ബുഷ്‌റല്‍ കരീം: 1/168, ബിഗ്‌യ: 76, തര്‍ശീഹ്: 131).

നീണ്ട യാത്രയുടെ ദൂരം യാതൊരു ബുദ്ധിമുട്ടും കൂടാതെ അല്‍പസമയം കൊണ്ടു വിട്ടുകടന്നാലും ഖസ്‌റാക്കാം (ഇഖ്‌നാഉ: 2/146). കാരണം, യാത്രക്കാരനു ഖസ്‌റാക്കി നിസ്‌കരിക്കാനുള്ള നിമിത്തം അവന്‍ യാത്രക്കാരനാവുകയെന്നതാണ്, പ്രത്യുത ബുദ്ധിമുട്ടുണ്ടാവുകയെന്നതല്ല. ബുദ്ധിമുട്ട് എന്നത് ഹിക്മത്താണ് (യുക്തി) ഇല്ലത്തല്ല (നിമിത്തം). ഹിക്മത്തില്ലെങ്കിലും വിധിയുണ്ടാകും. നിമിത്തത്തിന്റെമേല്‍ ബന്ധിക്കപ്പെട്ട നിയമമാണെങ്കില്‍ നിമിത്തം ഇല്ലാതാവലോടുകൂടി നിയമവും ഇല്ലാതാകുന്നു. ഹിക്മത്തിന്റെ സ്ഥിതി അതല്ല, അതില്ലെങ്കിലും നിയമം ഉണ്ടാകും. അതുണ്ടെങ്കിലും നിയമം ഇല്ലാെതയും വരാം (ബുജൈരിമി: 3/18, ജംഉല്‍ ജവാമിഉ: 2/238).

ഒരാള്‍ക്ക് തന്റെ ഉദ്ദേശ്യസ്ഥലത്തേക്ക് രണ്ടു വഴിയുണ്ട്. ഒരു വഴി 132-കി.മീ ദൂരം ഉള്ളതും മറ്റേത് അത്ര ദൂരം ഇല്ലാത്തതും. അങ്ങനെ ചുരുക്കി നിസ്‌കരിക്കുക എന്ന ആവശ്യത്തോടെ ദീര്‍ഘവഴിയില്‍ യാത്ര തുടര്‍ന്നാല്‍ ചുരുക്കി നിസ്‌കരിക്കാവുന്നതല്ല. മറ്റെന്തെങ്കിലും ആവശ്യത്തിനു വേണ്ടിയാണു ദീര്‍ഘദൂരമുള്ള വഴിയില്‍ പ്രവേശിച്ചതെങ്കില്‍ ചുരുക്കി നിസ്‌കരിക്കാം. ഖസ്‌റാക്കാനുള്ള ദൂരമില്ലാത്ത സ്ഥലത്തേക്ക് ഒരാള്‍ യാത്രചെയ്തു. അവിടെ എത്താറായപ്പോള്‍ മറ്റൊരു പ്രദേശത്തേക്ക് യാത്ര നീട്ടി. രണ്ടും കൂടി ഖസ്‌റിന്റെ ദൂരം ഉണ്ട്. എങ്കിലും അവനു ചുരുക്കി നിസ്‌കരിക്കാവുന്നതല്ല. യാത്ര നീട്ടാന്‍ തീരുമാനിച്ച മഹല്ലു മുതല്‍ ഉദ്ദേശിച്ചിടത്തേക്കു 132-കി.മീ. ദൂരം ഉണ്ടാവുകയും ഉപര്യുക്ത മഹല്ല് വിട്ടുകടക്കുകയും വേണം. എങ്കിലേ ചുരുക്കി നിസ്‌കരിക്കാവൂ (നിഹായ: 2/261).

ഫര്‍ള് നിസ്‌കാരം ജമാഅത്തോടുകൂടി മടക്കി നിസ്‌കരിക്കാമല്ലോ. ഖസ്‌റാക്കി നിസ്‌കരിച്ചവയും മടക്കി നിസ്‌കരിക്കാം. അന്നേരം പൂര്‍ത്തിയാക്കിയോ ചുരുക്കിയോ നിസ്‌കരിക്കാം (ഹാശിയത്തുന്നിഹായ: 2/247). നേര്‍ച്ചയാക്കപ്പെട്ട നാലു റക്അത്തുള്ള നിസ്‌കാരം ചുരുക്കി നിസ്‌കരിക്കാവതല്ല (മുഗ്‌നി: 1/262).

നാട്ടില്‍ വെച്ച് നഷ്ടപ്പെട്ട നിസ്‌കാരം യാത്രയില്‍ ചുരുക്കി നിസ്‌കരിക്കല്‍ അനുവദനീയമല്ല. അതുപോലെ തന്നെ യാത്രയില്‍ നഷ്ടപ്പെട്ട നിസ്‌കാരം നാട്ടില്‍വെച്ചു ഖസ്‌റാക്കാനും പറ്റില്ല. ഒരാള്‍ ഫര്‍ളു നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ചശേഷം യാത്ര പുറപ്പെട്ടുവെങ്കില്‍ പ്രസ്തുത നിസ്‌കാരം യാത്രയില്‍ വെച്ചു അദാആയി നിര്‍വ്വഹിച്ചാലും ഖളാആയി നിര്‍വ്വഹിച്ചാലും ചുരുക്കി നിസ്‌കരിക്കാം. നീണ്ട യാത്ര ഉദ്ദേശിച്ചു പുറപ്പെട്ടവന്‍ ചുരുക്കി നിസ്‌കരിക്കുകയും പ്രസ്തുത ദൂരം എത്തും മുമ്പ് സ്വദേശത്തേക്ക് മടങ്ങുകയും ചെയ്താല്‍ ഉപര്യുക്ത നിസ്‌കാരം സാധുവാണ്, ഖളാ വീട്ടേണ്ടതില്ല (മുഗ്‌നി: 1/268).

നിസ്‌കാരത്തിന്റെ (ഉദാ: ളുഹ്ർ‍) അവസാന സമയത്ത് ഒരാള്‍ യാത്ര തുടങ്ങി. പൂര്‍ത്തിയാക്കി നിസ്‌കരിക്കാന്‍ സമയമില്ല. എങ്കില്‍ ഒരു റക്അത്തു നിസ്‌കരിക്കാനുള്ള സമയമുണ്ടെങ്കില്‍ ഖസ്‌റാക്കാം, ഇല്ലെങ്കില്‍ പറ്റില്ല (ഹാശിയത്തുന്നിഹായ: 2/248).

ഖസ്ർ അനുവദനീയമാവാന്‍ ഉദ്ദിഷ്ട സ്ഥലം ഏതാണെന്നു മനസ്സിലാക്കണം. എന്നാല്‍ പ്രത്യേക സ്ഥലമൊന്നും ഉന്നം വെച്ചിട്ടില്ലെങ്കിലും ഖസ്‌റിന്റെ ദൂരം മുറിച്ചുകടക്കുമെന്ന കരുത്തോടെ ശരിയായ ലക്ഷ്യം വെച്ചു യാത്ര ചെയ്താല്‍ ഖസ്‌റാക്കാം (റഷീദി: 2/259)


🖊️ ദുആ വസ്വിയ്യത്തോടെ

എം.എ.ജലീൽ സഖാഫി പുല്ലാര

Post a Comment

1 Comments

  1. The Casino - LAS VEGAS - JAMMY
    The Casino. LAS VEGAS: 7 BEST 청주 출장안마 MOMENTIAL GUESTS. 1. 1. 2. 3. 4. 태백 출장마사지 5. 6. 7. 8. 9. 10. 경산 출장마사지 11. 12. 대구광역 출장안마 13. 14. 15. 16. 17. 18. 19. 21. 22. 23. 24. 25. 26. 27. 28. 통영 출장샵 29. 30.

    ReplyDelete