വിവാഹ ബന്ധം നിഷിദ്ധമായവർ❓ തറവാടു ബന്ധം മൂലം വിവാഹബന്ധം നിഷിദ്ധമായവർ ആരെല്ലാം?


ഉ: ഏഴു വിഭാഗം.


1) ഉമ്മ. പിതാവിന്റെ മാതാവ്, മാതാവിന്റെ മാതാവ് എന്നിവർ എത്ര മേൽപോട്ടുള്ളവരാണെങ്കിലും ഉമ്മയായതിനാൽ വിവാഹബന്ധം നിഷിദ്ധമായവരാണ്.


സ്ത്രീക്ക് അവളുടെ മകനും മകന്റെയോ മകളുടെയോ മക്കളും എത്ര കീഴ്പ്പോട്ടുള്ളവരാണെങ്കിലും നിഷിദ്ധമാണെന്നു ഇതിൽ നിന്നു വ്യക്തമായി.


2) മകൾ. അടുത്തതോ അകന്നതോ ആയ മകന്റെയോ മകളുടെയോ പെൺമക്കളെല്ലാം മകൾ തന്നെയാണ്. അപ്പോൾ പിതാവ്, പിതാമഹൻ, മതാമഹൻ (അടുത്തതും, അകന്നതും) എന്നിവരെല്ലാം സ്ത്രീയുടെ മേൽ നിഷിദ്ധമാണ്.


3) സഹോദരി. മാതാപിതാക്കളൊത്ത സഹോദരി, പിതാവൊത്ത സഹോദരി, മാതാവൊത്ത സഹോദരി. ഇവർ അവനു വിവാഹം കഴിക്കൽ നിഷിദ്ധമാകുമ്പോൾ മാതാപിതാക്കളൊത്ത സഹോദരൻ, മാതാവോ പിതാവോ ഒത്ത സഹോദരൻ എന്നിവർ അവൾക്കു വിവാഹം നിഷിദ്ധമായിവരുന്നു.


4) സഹോദരന്മാരുടെ പെൺമക്കൾ. സഹോദരന്മാരുടെ അടുത്തതോ അകന്നതോ ആയ ആൺമക്കളുടെയോ പെൺമക്കളുടെയോ പെൺമക്കളെല്ലാം സഹോദര പുത്രി തന്നെയാണ്. അപ്പോൾ അവളുടെ പിതൃവ്യൻ (എളാപ്പ, മൂത്താപ്പ) പിതാവിന്റെയോ മാതാവിന്റെയോ പിതൃവ്യൻ എന്നിവർ അവളുടെ മേൽ വിവാഹബന്ധം നിഷിദ്ധമാണ്.


5) സഹോദരിമാരുടെ പെൺമക്കൾ. സഹോദരിമാരുടെ അടുത്തതോ അകന്നതോ ആയ ആൺമക്കളുടെയോ പെൺമക്കളുടെയോ പെൺമക്കൾ . അതായത് സ്ത്രീയുടെ അമ്മാവനും മാതാപിതാക്കളുടെ അമ്മാവന്മാരും അവൾക്ക് വിവാഹബന്ധം നിഷിദ്ധമായവരാണ്.


6) അടുത്തതോ അകന്നതോ ആയ അമ്മായികൾ (പിതൃസഹോദരികൾ). പിതാവിന്റെ മാതാപിതാക്കൾ ഒത്തതോ രണ്ടാലൊന്നു ഒത്തതോ ആയ സഹോദരി അടുത്ത അമ്മായിയും പിതാമഹന്മാരുടെ മൂന്നു രൂപത്തിലുള്ള സഹോദരിമാർ, അകന്ന അമ്മായികളുമാണ്. പ്രസ്തുത രണ്ടു വിഭാഗവും വിവാഹം നിഷിദ്ധമായവരിൽ പെടുന്നു. അപ്പോൾ സ്ത്രീയുടെ മേൽ അവളുടെ മൂന്നാലൊരു സഹോദരന്റെ പുത്രനും പ്രസ്തുത സഹോദരന്റെ അടുത്തതോ അകന്നതോ ആയ മകന്റെയോ മകളുടെയോ പുത്രനും വിവാഹം നിഷിദ്ധമായവരിൽ പെട്ടവരാണ്.


7) വിദൂരമായതോ അല്ലാത്തതോ ആയ എളയുമ്മ, മൂത്തുമ്മ (മാതൃസഹോദരികൾ). ഉമ്മയുടെ സഹോദരികൾ അടുത്ത മാതൃസഹോദരികളും പിതാവിന്റെയോ മാതാവിന്റെയോ മാതൃസഹോദരികൾ, അകന്ന മാതൃസഹോദരികളുമാണ്. മാതാവിന്റെ മൂന്നു രൂപത്തിലുള്ള (മാതാപിതാക്കളൊത്തത്, പിതാവൊത്തത്, മാതാവൊത്തത്) സഹോദരികളും പിതാമഹികളുടെ (എത്ര മേൽപോട്ട് പോയാലും) മൂന്നു രൂപത്തിലുള്ള സഹോദരികളും ഇതിൽ പെടുന്നു.


സ്ത്രീയുടെ മൂന്നു വിധേനയുള്ള സഹോദരിയുടെ പുത്രനും പ്രസ്തുത സഹോദരിയുടെ മകന്റെയോ മകളുടെയോ അടുത്തതും അകന്നതുമായ പുത്രന്മാരും അവളുടെ മേൽ വിവാഹം നിഷിദ്ധമായവരാണെന്നു ഇതിൽ നിന്നു വ്യക്തമായി (ഫത്ഹുൽ മുഈൻ, പേജ്: 349).


❓ഉമ്മയുടെ സഹോദരന്റെ മകളെ വിവാഹം കഴിക്കാമോ?


ഉ: അതേ, അവൾ വിവാഹബന്ധം നിഷിദ്ധമായവളല്ല. അതുപോലെത്തന്നെ ഉമ്മയുടെ സഹോദരിയുടെ മകളും വിവാഹബന്ധം നിഷിദ്ധമായവരല്ല (തുഹ്ഫ: 7/298).


❓ഉപ്പയുടെ സഹോദരി (അമ്മായി)യുടെ മകളെ വിവാഹം കഴിക്കാമോ?


ഉ: അതേ, അതനുവദനീയമാണ്. അതുപോലെത്തന്നെ ഉപ്പയുടെ സഹോദരങ്ങളുടെ മകളെയും വിവാഹം കഴിക്കാം (തുഹ്ഫ: 7/298).


❓ഒരു സ്ത്രീയെ ഒരാൾ വ്യഭിചരിച്ചു. അതുമൂലം ജനിച്ച പെൺകുട്ടിയെ വ്യഭിചരിച്ചവനു വിവാഹം നിഷിദ്ധമാണോ?


ഉ: നിഷിദ്ധമല്ല. അവൾ അവന്റെ മകളായി പരിഗണിക്കപ്പെടില്ല (ഫത്ഹുൽ മുഈൻ, പേജ്: 349).


❓ മുലകുടി ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ ആരെല്ലാം?


ഉ: തറവാടു ബന്ധം മൂലം വിവാഹം നിഷിദ്ധമായ ഏഴു വിഭാഗം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും (ഫത്ഹുൽ മുഈൻ, പേജ്: 341).


❓പ്രസ്തുത ഏഴു വിഭാഗത്തിനെ വിശദീകരിക്കാമോ?


ഉ: അതേ, ഹ്രസ്വമായി വിവരിക്കാം.

1) മുലകുടി ബന്ധത്തിലെ മാതാവ്. നിനക്ക് (പുരുഷന്) മുല തന്നവൾ, അവൾക്ക് മുല നൽകിയവർ, രക്തബന്ധത്തിലൂടെയുള്ള നിന്റെ മാതാവിനോ പിതാവിനോ മുല കൊടുത്തവൾ, നിനക്ക് മുലയൂട്ടിയവളുടെ മാതാക്കൾ, നീ കുടിച്ച പാലിനു ഉത്തരവാദിയായവന്റെ (നിനക്കു മുല തന്നവളുടെ ഭർത്താവ്) മാതാക്കൾ, അവനു മുല കൊടുത്തവൾ തുടങ്ങിയവരെല്ലാം മാതാക്കളാണ്. നിനക്കു മുല തന്നവളല്ലാത്ത എല്ലാ വിഭാഗത്തിലും മാധ്യമത്തോടെയും അല്ലാതെയും സാധ്യതയുള്ളതുകൊണ്ട് പതിനൊന്നു രൂപത്തിലുള്ള ഉമ്മമാരെ മുലകുടി ബന്ധത്തിലൂടെ മനസ്സിലാക്കാം.


2) മുലകുടി ബന്ധത്തിലെ മകൾ. നീ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മകളുടെ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള മകൻ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും കൂടി ഈ ഇനത്തിൽ പത്തു രൂപത്തിലുള്ള മക്കൾ ഉൾപ്പെടുന്നു


3) മുലകുടി ബന്ധത്തിലെ സഹോദരി. നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ മുല കുടിച്ചവൾ, പ്രസ്തുത ബന്ധത്തിലുള്ള പിതാവു മുഖേനയുണ്ടായ പാൽ കുടിച്ചവൾ, മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ രക്തബന്ധത്തിലുള്ള മകൾ, മുലകുടി ബന്ധത്തിലുള്ള പിതാവിന്റെ രക്തബന്ധത്തിലുള്ള മകൾ എന്നിവർ ചേർന്ന് ആറു രൂപത്തിലുള്ള സഹോദരികൾ ഉണ്ടാകുന്നു.


4,5) മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മകൾ. മുലകുടി ബന്ധത്തിലുള്ള പിതാവിന്റെയും മാതാവിന്റെയും രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെയും മകളുടെയും പ്രസ്തുത രണ്ടു ബന്ധങ്ങളിലൂടെയുള്ള മകൾ (എത കീഴ്പോട്ട് പോയാലും) നിന്റെ മേൽ വിവാഹം നിഷിദ്ധമാണ്.


സഹോദരന്റെ എട്ടുവിധം പെൺമക്കളും സഹോദരിയുടെ എട്ടുവിധം പെൺമക്കളും ചേർന്നു ഇതിൽ ആകെ പതിനാറു പേർ ഉൾപ്പെടുന്നു. അപ്രകാരം പിതാവും മാതാവും ഒത്തതോ മാതാവോ പിതാവോ മാത്രം ഒത്തതോ ആയ സഹോദരിയുടെ മുല കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ (എത്ര കീഴ്പോട്ട് പോയാലും) മൂന്നു രൂപത്തിലുള്ള സഹോദരൻ മുഖേനയുണ്ടായ പാൽ കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ എന്നിവരും നിഷിദ്ധമാണ്. ഇതിൽ പതിനെട്ടുവിധം മക്കൾ നിഷിദ്ധമായിവരുന്നു.


നിന്റെ ഉമ്മയുടെ മുലകുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധങ്ങളിലുമുള്ള മകളും നിന്റെ പിതാവ് കാരണത്താലുണ്ടായ പാൽ കുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധത്തിലുമുള്ള മകളും നിനക്ക് വിവാഹം നിഷിദ്ധമാണ്. ഇതിൽ സഹോദരന്റെ മക്കൾ നാലും സഹോദരിയുടെ മക്കൾ നാലും ചേർന്നു എട്ടുപേർ ഉൾപ്പെടുന്നു.


ചുരുക്കത്തിൽ മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മക്കൾ നാൽപ്പത്തിരണ്ടായി. സഹോദരന്റെ മക്കൾ ഇരുപത്തി ഒന്ന്. സഹോദരിയുടെ മക്കൾ ഇരുപത്തി ഒന്ന്. 21+21=42.


6) മുലകുടി ബന്ധത്തിലുള്ള അമ്മായി (പിതൃസഹോദരി). നീ കുടിച്ച പാലിനു കാരണക്കാരനായ രണ്ടിലൊരു ബന്ധത്തിലുള്ള സഹോദരി, അവന്റെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, മുല നൽകിയവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നിവർ ചേർന്നു ഇതിൽ പത്തു അമ്മായികൾ ഉൾപ്പെടുന്നു.


7) മുലകുടി ബന്ധത്തിലുള്ള എളയുമ്മ, മൂത്തുമ്മ (മാതൃ സഹോദരി). നിനക്കു മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള സഹോദരി, നിനക്ക് മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, നീ കുടിച്ച പാലിനു കാരണമായവന്റെ രണ്ടിലൊരു ബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നീ പത്തു രൂപത്തിലുള്ള എളയുമ്മ-മൂത്തുമ്മമാർ നിഷിദ്ധമാണ്.


ഇപ്പോൾ വിവരിച്ച ഏഴു വിഭാഗവും പുരുഷനെ അപേക്ഷിച്ചു മുലകുടി ബന്ധം മൂലം നിഷിദ്ധമായവരാണ്. ചുരുക്കത്തിൽ മുലകുടി ബന്ധത്തിൽ 89 വിഭാഗം വിവാഹബന്ധം നിഷിദ്ധമായവരാണ്. ഉമ്മ: 11+ മകൾ: 10+ സഹോദരി: 6+ സഹോദര സഹോദരിയുടെ പെൺമക്കൾ: 42+ അമ്മായി: 10+ എളയുമ്മ-മൂത്തുമ്മ: 10=89. ഈ 89 വിഭാഗവും തറവാടുബന്ധത്തിലുള്ള 7 വിഭാഗത്തെയും വിവാഹം കഴിക്കൽ നിഷിദ്ധമാണ്. ഇവരെ തൊട്ടാൽ വുളൂ മുറിയില്ല.

 തുഹ്ഫ, നിഹായ, മുഗ്നി തുങ്ങിയ ഗ്രന്ഥങ്ങളിലെ മുലകുടി ബന്ധം മുഖേനെ നിഷിദ്ധമായവർ എന്ന ഭാഗം കാണുക. വിഷയം ഗഹനമായതുകൊണ്ട് ശ്രദ്ധിച്ചു വായിക്കുക.

❓സ്വന്തം ഭാര്യയുടെ അനുജത്തിയെ ഒരാൾ വ്യഭിചരിച്ചാൽ ഭാര്യയുടെ വിവാഹബന്ധം മുറിയുമോ?*


ഉ: മുറിയുകയില്ല (തുഹ്ഫ: 7/304).


❓ഒരാൾ തന്റെ ഭാര്യാ മാതാവിനെ മനഃപൂർവം വ്യഭിചരിച്ചാൽ അവളുടെ മകളായ തന്റെ ഭാര്യയുമായുള്ള വിവാഹബന്ധം മുറിയുമോ?


ഉ: മുറിയുകയില്ല. കാരണം വ്യഭിചാരം മൂലം വിവാഹം നിഷിദ്ധമാകുന്ന ബന്ധം സ്ഥിരപ്പെടുകയില്ല (തുഹ്ഫ: 7/304).


❓ തന്റെ ഭാര്യയാണെന്ന ധാരണയിൽ ഒരു സ്ത്രീയെ ഒരാൾ സംഭോഗം ചെയ്തു. അതു തന്റെ ഭർത്താവല്ലെന്നു ആ സ്ത്രീ അറിയുന്നുമുണ്ട്. അങ്ങനെ സംയോഗത്തിൽ അവൾ ഗർഭം ധരിച്ചു പ്രസവിച്ചു. എന്നാൽ ആ പുരുഷൻ ഈ കുട്ടിയുടെ പിതാവാണെന്നു വിധിക്കപ്പെടുമോ?


ഉ: തന്റെ ഭാര്യയാണെന്നു ധരിച്ചു കൊണ്ട് ശുബ്ഹത്തിന്റെ സംഭോഗം ചെയ്ത പുരുഷൻ ആ കുട്ടിയുടെ പിതാവാണെന്നു വിധിക്കപ്പെടുന്നതാണ്. ആ സ്ത്രീയുടെ അറിവ് ഇവിടെ പ്രസക്തമല്ല (തുഹ്ഫ: 7/303).


❓ഭാര്യയുടെ പിതാവിന്റെ ഭാര്യയെ തൊട്ടാൽ വുളൂ മുറിയുമോ?


ഉ: ഭാര്യയുടെ മാതാവിനെ തൊട്ടാൽ വുളൂ മുറിയില്ല. അതേ സമയം ഭാര്യാമാതാവല്ലാത്ത പിതാവിന്റെ ഭാര്യയെ തൊട്ടാൽ വുളൂ മുറിയും. അവരുമായി കെട്ടുബന്ധം നിഷിദ്ധമല്ലല്ലോ.


❓ ഒരു സ്ത്രീയുടെ മുൻ ഭർത്താവിനു അവളിലൂടെയല്ലാതെ ഒരാൺകുട്ടി ജനിച്ചാൽ പ്രസ്തുത സ്ത്രീക്കു ആ കുട്ടിയുമായുള്ള ബന്ധം എങ്ങനെ?


ഉ: വിവാഹബന്ധം നിഷിദ്ധമാണ്. പരസ്പരം കാണാവുന്നതാണ്. അവളെ മുൻ ഭർത്താവ് സംയോഗം ചെയ്തിട്ടുണ്ടെങ്കിലും, ഇല്ലെങ്കിലും (തുഹ്ഫ: 7/302, 303).


❓ വൈവാഹിക ബന്ധം മുഖേന മൊത്തത്തിൽ എത്ര പേർ നിഷിദ്ധമാകും?


ഉ: അംഗീകൃത വിവാഹം കൊണ്ടു മാത്രം നിഷിദ്ധമാകുന്ന മൂന്നു വിഭാഗവും സംയോഗം കൊണ്ടു നിഷിദ്ധമാകുന്ന ഒരു വിഭാഗവും ചേർന്നു വിവാഹ ബന്ധത്തിൽ ആകെ നാലു വിഭാഗം നിഷിദ്ധമാകുന്നു. (ഈ നാലു പേരെ അൽപം മുമ്പു വിവരിച്ചതു ഓർക്കുക) ഈ നാലു വിഭാഗത്തിലും രക്തബന്ധം, മുലകുടി ബന്ധം എന്നിവ പരിഗണിക്കുമ്പോൾ എട്ടു ഇനമായി ഉയരുന്നു. അവയിൽ ഇടയിൽ ആരെങ്കിലും ഉണ്ടാകുക, ഇല്ലാതിരിക്കുക എന്നീ രണ്ടു അവസ്ഥ വരുന്നതുകൊണ്ട് വൈവാഹിക ബന്ധത്തിൽ നിഷിദ്ധമായവരുടെ എണ്ണം ആകെ പതിനാറ്.


ഭാര്യയുടെ രക്തബന്ധത്തിലോ മുലകുടി ബന്ധത്തിലോയുള്ള ഉമ്മമാർ (എത്ര മേൽപോട്ടായാലും) പ്രസ്തുത ബന്ധത്തിലുള്ള പിതാവിന്റെയോ പിതാമാതാ മഹന്റെയോ (എത മേൽപോട്ടുപോയാലും) ഭാര്യമാർ, രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെ ഭാര്യ (മരുമകൾ), പ്രസ്തുത ബന്ധത്തിലുള്ള സന്താനങ്ങളുടെ (ആൺമക്കളും പെൺമക്കളും എത്ര കീഴ്പോട്ടുപോയാലും) മരുമകൾ എന്നിവർ ശരിയായ രൂപത്തിലുള്ള വിവാഹം നടന്നാൽ തന്നെ നിഷിദ്ധമാകും.


നിന്റെ ഭാര്യയുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ, ഭാര്യയുടെ മകന്റെയോ മകളുടെയോ മകൾ (എത്ര കീഴ്പോട്ടുപോയാലും) എന്നിവർ നീ നിന്റെ ഭാര്യയെ സംയോഗം ചെയ്താൽ നിന്റെ മേൽ നിഷിദ്ധമാകും.


ആകയാൽ തറവാട് (രക്ത) മുലകുടി, വൈവാഹികം എന്നീ മൂന്നു ബന്ധങ്ങളിൽ ശാശ്വതമായി വിവാഹം നിഷിദ്ധമായവർ ആകെ 112 വിഭാഗം. ഇവരെ തൊട്ടാൽ വുളൂ മുറിയില്ല.


❓ഉമ്മയുടെ ഭർത്താവിന്റെ മകളെ വിവാഹം കഴിക്കാമോ?


ഉ: അതേ, അതുപോലെ ഉമ്മയുടെ ഭർത്താവിന്റെ ഉമ്മ, മകളുടെ ഭർത്താവിന്റെ മകൾ, മകളുടെ ഭർത്താവിന്റെ ഉമ്മ, പിതാവിന്റെ ഭാര്യയുടെ ഉമ്മ, മകന്റെ ഭാര്യയുടെ ഉമ്മ, മകൾ, ഭാര്യയുടെ മകന്റെ ഭാര്യ, ഉമ്മയുടെ ഭർത്താവിന്റെ ഭാര്യ എന്നിവർ നിഷിദ്ധമല്ല (ഇആനത്ത്: 3/292).


(ഈയുള്ളവൻ്റെ വിവാഹം ചോദ്യോത്തരങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്)


🖊️ എം.എ.ജലീൽ സഖാഫി പുല്ലാര


Post a Comment

1 Comments

  1. ഭാര്യയുടെ അമ്മിയിയെ തൊട്ടാൽ വുളൂഅ് മുറിയുമോ ?

    ReplyDelete