✍🏼നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 40മസ്അലകളിലായി നമുക്കിത് വായിക്കാം... ഇൻ ശാ അല്ലാഹ്...
📍01) വാങ്കും ഇഖാമത്തും കൊടുക്കൽ
ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ (റ) നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി ﷺ വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’
(തിര്‍മുദി 4/97)
📍02) വാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു
‘നബി ﷺ പറഞ്ഞു: ഒരാള്‍ക്ക് ഒരു
കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’
(ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390).
📍03) സ്ത്രീകൾക്കും ആവാം
‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’
(ശര്‍വാനി 9/376)
📍04) വാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ
വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുﷻവിന്റെ മഹത്വവും വലിപ്പവും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ആദ്യമായി കുട്ടിയുടെ ചെവിയില്‍ കേള്‍പ്പിക്കുക. ഇസ്‌ലാമില്‍ പ്രവേശിക്കുന്നവന്‍ ഉരുവിടേണ്ട ശഹാദത് കലിമകള്‍ കേള്‍പ്പിക്കുക. വാങ്കിന്റെ ഫലം കുട്ടിയുടെ ഹൃദയത്തില്‍ എത്തിക്കുക. കുട്ടി അറിയുന്നില്ലെങ്കിലും അതിന്റെ ഫലം ഹൃദയത്തില്‍ പ്രവേശിക്കും. ഈ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദുര്‍മന്ത്രത്തിന് തക്കംപാര്‍ത്തിരുന്ന പിശാച് ഓടി അകലും. അല്ലാഹുﷻവിലേക്കും അവന്റെ ദീനിലേക്കുമുള്ള ക്ഷണം മറ്റെന്തിനേക്കാളും മുമ്പ് കുട്ടിക്ക് ലഭിക്കുക തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു.
📍05) ഈ സൂക്തം ഓതൽ സുന്നത്ത്
ആലുഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട്.
(തുഹ്ഫ)
📍06) സൂറത്തുൽ ഇഖ്ലാസും സുന്നത്ത്
ജനിച്ച കുട്ടിയുടെ ചെവിയില്‍ നബി ﷺ ഇഖ്‌ലാസ് സൂറത്ത് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതും സുന്നത്താണ്.
📍07) മധുരം കൊടുക്കൽ സുന്നത്ത്
കുട്ടിക്ക് കാരക്ക കൊണ്ട് മധുരം കൊടുക്കലും സുന്നത്താണ്. കാരക്ക ചവച്ച് വായില്‍ തേച്ചുകൊടുക്കുകയും വായ അല്‍പം തുറക്കുകയും ചെയ്യണം. അപ്പോള്‍ അല്‍പമെങ്കിലും ഉള്ളിലേക്ക് ഇറങ്ങും (തുഹ്ഫ 9/376).
അബൂമൂസല്‍ അശ്അരി(റ)വില്‍ നിന്ന് നിവേദനം: എനിക്കൊരു കുട്ടി ജനിച്ചപ്പോള്‍ ഞാനവനുമായി നബിﷺയുടെ അടുത്തുചെന്നു നബി ﷺ കുട്ടിക്ക് ഇബ്‌റാഹിം എന്ന് നാമകരണം ചെയ്യുകയും കാരക്കകൊണ്ട് മധുരം നല്‍കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
(ബുഖാരി 9/587)
📍08) മധുരം നല്‍കുന്ന ആള്‍
മധുരം നല്‍കുന്ന ആള്‍ സജ്ജനങ്ങളില്‍ പെട്ടയാളാവല്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ തുപ്പുനീരിന്റെ ബറകത്ത് കുട്ടിയുടെ അകത്ത് പ്രവേശിക്കാന്‍ വേണ്ടിയാണിത്.
(തുഹ്ഫ)
📍09) മധുരം കൊടുക്കാൻ സ്ത്രീയും
പുരുഷനില്ലെങ്കില്‍ സദ്‌വൃത്തയായ സ്ത്രീക്കും ഇതൊക്കെ ആവാം.
(ശര്‍വാനി)
📍10) കാരക്കയില്ലെങ്കിൽ
കാരക്കയില്ലെങ്കില്‍ തീ സ്പര്‍ശിക്കാത്ത മധുരമുള്ള വസ്തുവാണ് വേണ്ടത്. നോമ്പുതുറക്കാനും ഈ ക്രമമാണ്. പക്ഷേ, കാരക്കയില്ലെങ്കില്‍ നോമ്പുകാരന്‍ വെള്ളമാണ് ഉത്തമം.
മഹാന്മാരുടെ അവശിഷ്ടങ്ങള്‍കൊണ്ട് ബറകത്തെടുക്കല്‍ അനിസ്‌ലാമികമാണെന്ന് ജല്‍പിക്കുന്ന ചിലരെ കാണാമെങ്കിലും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ തബര്‍റുകുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഒരു കുട്ടിയുടെ അകത്തുപ്രവേശിക്കുന്ന ആദ്യ ഭക്ഷണം തന്നെ സച്ചരിതരുടെ തുപ്പുനീര് കലര്‍ന്നതാവണമെന്ന് നബി ﷺ കല്‍പിക്കുന്നതും അതുകൊണ്ടാണ്.
📍11) അഖീഖഃ അറുക്കൽ
ഇമാം നവവി(റ) പറയുന്നു: കുട്ടിക്ക് ഏഴാം ദിവസം അഖീഖ അറുക്കലും പേരിടലും മുടി കളയലും മുടിയുടെ തൂക്കം സ്വര്‍ണമോ വെള്ളിയോ ധര്‍മ്മം ചെയ്യലും സുന്നത്താണ് (മിന്‍ഹാജ്, തുഹ്ഫ 9/376). സമുറ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖ കൊണ്ട് പണയം വെക്കപ്പെട്ടവനാണ്.
📍12) ഏഴിന്ന് സുന്നത്ത്
ഏഴിനാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം.
(തിര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).
📍13) രാത്രി പ്രസവിച്ചാൽ
പ്രസവിച്ച ദിവസം മുതല്‍ ഏഴാമത്തെ ദിവസമാണ് കണക്കാക്കുക. എന്നാല്‍ പ്രസവം നടന്നത് രാത്രിയാണെങ്കില്‍ തൊട്ടടുത്ത പകല്‍ മുതല്‍ക്കാണ് എണ്ണേണ്ടത്. രാത്രി എണ്ണപ്പെടുകയില്ല.
(തുഹ്ഫ)
📍14) ക്രമം സുന്നത്ത്
ഏഴാം ദിവസം ഈ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ക്രമമുണ്ട്. ആദ്യമായി പേരിടുകയാണ് വേണ്ടത്. ശേഷം അറവ് നടത്തുക. ശര്‍വാനിയില്‍ പറയുന്നു: ‘നാമകരണം അറവിന് മുമ്പാകല്‍ അത്യാവശ്യമാണ്’ (9/376). അറവിന് ശേഷമാണ് മുടി കളയേണ്ടത്. ഇമാം നവവി(റ) പറയുന്നു. അഖീഖ അറുത്തതിനു ശേഷം മുടി മുണ്ഡനം ചെയ്യലും സുന്നത്താണ്.
(മിന്‍ഹാജ്).
📍15) ഒരേ സമയം കത്തി വെക്കണ്ട
അറവും മുടികളയലും ഒരേ സമയത്താകണമെന്ന പൊതുജന ധാരണ പണ്ഡിത വീക്ഷണത്തിനെതിരാണ്.
📍16) ഏഴിന്റെ രഹസ്യം
മേല്‍കര്‍മ്മങ്ങള്‍ക്ക് ഏഴാം ദിവസം തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്? ചില പണ്ഡിതന്മാര്‍ ഇതിന് ന്യായം നിരത്തുന്നതിങ്ങനെയാണ്. കുട്ടി ജനിച്ച ഉടനെ അവന്റെ അവസ്ഥ (ജീവന്‍ നിലനില്‍ക്കുമോ ഇല്ലയോ) എന്ന് തീരുമാനിക്കാന്‍ കഴിയില്ല. കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ ഏകദേശം മനസ്സിലാക്കാന്‍ കഴിയും. ഒരാഴ്ച ദിവസങ്ങളുടെ ഒരു ചുറ്റ് പൂര്‍ത്തിയാകുന്നതുകൊണ്ടാണ് ഏഴുദിവസം കണക്കാക്കിയത്.
📍17) പേരിടലും ഏഴിന്
കുട്ടി പിറന്ന് ഏഴാം ദിവസം ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണ് നാമകരണം.
📍18) മരിച്ചാലും പേരിടണം
ഏഴിനുമുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്തുണ്ട്. എന്നല്ല ജീവനില്ലാതെ ജനിച്ച കുട്ടിക്കുപോലും പേരിടല്‍ സുന്നത്തുണ്ട്.
(തുഹ്ഫ)
📍19) അവകാശം പിതാവിന്
പേരിടല്‍ പിതാവിന്റെ അവകാശമാണ്.
📍20) പിതാവില്ലെങ്കില്‍
പിതാവില്ലെങ്കില്‍ വലിയുപ്പയാണ് പേരിടേണ്ടത്.
(ശര്‍വാനി)
📍21) നല്ല പേരിടല്‍
നല്ല പേരിടൽ സുന്നത്താണ്.
(തുഹ്ഫ)
📍22) പേര് തിരഞ്ഞെടുപ്പ്
ഇന്ന് പേരിടല്‍ ശ്രമകരമായ ഒന്നായി മാറിയിരിക്കുകയാണ്. പാശ്ചാത്യ പേരുകളും ക്രിക്കറ്റ് താരങ്ങളുടെയും മറ്റും പേരുകളും തേടുകയാണ് പലരും.
മാതാപിതാക്കളുടെ പേരുകളുടെ അക്ഷരങ്ങള്‍ ചേര്‍ത്ത് പുതിയ പേരുകള്‍ രൂപപ്പെടുത്തുന്നവരും വിരളമല്ല. പേരിന്റെ പുണ്യമോ അര്‍ത്ഥമോ ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല.
📍23) സ്വഭാവം പേര് പോലെ
സന്താനങ്ങളുടെ സദ്‌സ്വഭാവത്തിനും വിജയത്തിനും പേരുകള്‍ സ്വാധീനിക്കുമെന്നതാണ് തിരുനബി ദര്‍ശനം.
📍24) പുണ്യനാമങ്ങള്‍
അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നു: ”നബി ﷺ പറഞ്ഞു: നിങ്ങളുടെയും പിതാക്കളുടെയും പേരുകള്‍ ചേര്‍ത്താണ് നിങ്ങള്‍ അന്ത്യനാളില്‍ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക”
(അബൂദാവൂദ് 5/236).
📍25) ഏറ്റവും നല്ല പേര്
ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം: നിങ്ങളുടെ പേരുകളില്‍ നിന്നും അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടമുള്ളത് അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ്.
(മുസ്‌ലിം 2132)
📍26) അമ്പിയാക്കളുടെ പേര്
നബി ﷺ പറഞ്ഞു: നിങ്ങള്‍ അമ്പിയാക്കളുടെ പേരുകള്‍ ഇടുക. അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (അബൂദാവൂദ് 5/237).
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഖുര്‍തുബി ഉദ്ധരിക്കുന്നു: ”സത്യവിശ്വാസികളെ നരകത്തില്‍നിന്ന് അല്ലാഹു ﷻ രക്ഷപ്പെടുത്തും. ആദ്യം രക്ഷപ്പെടുത്തുക അമ്പിയാക്കളുടെ പേരുള്ളവരെയായിരിക്കും. പിന്നെ അല്ലാഹു ﷻ പറയും: നിങ്ങള്‍ മുസ്‌ലിമീനും മുഅ്മിനീനും ആണല്ലോ. എന്റെ വിശേഷണമാവട്ടെ മുഅ്മിന്‍, മുസ്‌ലിം എന്നുമാണ്. അതുകൊണ്ട് ഈ രണ്ടു പേരിന്റെ ബറകത്ത് കൊണ്ട് അവരെ ഞാന്‍ നരകത്തില്‍നിന്ന് മോചിപ്പിക്കും”
(മുഗ്‌നി 4/295
📍27) ഹറാമായ പേരുകള്‍
ഏതു പേരും സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചില പേരുകള്‍ ഹറാമും മറ്റുചിലത് കറാഹത്തുമായി പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു ﷻ അല്ലാത്ത വസ്തുക്കളിലേക്ക് അബ്ദ് (അടിമ) ചേര്‍ത്തുകൊണ്ടുള്ള പേരിടല്‍ ഹറാമാണ്. അബ്ദുല്‍ഉസ്സഃ, അബ്ദുല്‍ കഅ്ബ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഒരു നിവേദകസംഘം നബിﷺയെ സന്ദര്‍ശിച്ചു. അവരിലൊരാളെ അബ്ദുല്‍ ഹജര്‍ എന്നു വിളിക്കുന്നതായി നബി ﷺ കേട്ടു. അവിടുന്ന് (ﷺ) ചോദിച്ചു: നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍). നബി ﷺ പറഞ്ഞു: അല്ല, നീ അല്ലാഹുﷻവിന്റെ അടിമയാണ്...
(ഇബ്‌നു അബീശൈബ 8/665)
📍28) അബ്ദുൽ മുത്ത്വലിബ്
അപ്പോള്‍ ഒരു സംശയമുണ്ടാകും. നബിﷺയുടെ പിതാമഹന്റെ പേര് അബ്ദുല്‍ മുത്വലിബ് എന്നാണല്ലോ. ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ മകനാണെന്ന് അവിടുന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുമുണ്ട്. ഇത് നിഷിദ്ധമല്ലേ? നബി ﷺ അങ്ങനെ നാമകരണം ചെയ്തിട്ടില്ല. പരിചയപ്പെടുത്താന്‍ ആ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അത് ഹറാമല്ല.
📍29 നബിﷺയുടെ അടിമ
അബ്ദുന്നബി, അബ്ദുറസൂല്‍ എന്ന് പ്രയോഗിക്കല്‍ അനുവദനീയമാണോ അല്ലേ എന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം റംലി(റ) പറഞ്ഞു: അധിക പണ്ഡിതന്മാരും പറഞ്ഞതനുസരിച്ച് ഹറാമാണ്. എങ്കിലും കറാഹത്തോടെ അനുവദനീയമാണെന്നാണ് ന്യായം. നബിﷺയിലേക്ക് ചേര്‍ത്തുപറയല്‍ ഉദ്ദേശിക്കുമ്പോള്‍ പ്രത്യേകിച്ചും.
(നിഹായ-ശര്‍വാനി 9/373).
📍30) രാജാധിരാജൻ അല്ലാഹു ﷻ മാത്രം
മാലികുല്‍ മുലൂക്, സുല്‍ത്വാനുസ്സലാത്വീന്‍ (രാജാധിരാജന്‍) തുടങ്ങിയ അല്ലാഹുﷻവിനെക്കുറിച്ച് മാത്രം പറയാവുന്ന പേരുകള്‍ നല്‍കല്‍ ഹറാമാണ്. അബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം: ”അല്ലാഹുﷻവിന് ഏറ്റവും കോപമുള്ള പേര് മലികുല്‍ അംലാക് എന്നാണ്” (ബുഖാരി 10/588). സയ്യിദുന്നാസ്, സയ്യിദുല്‍ കുല്ല്, സയ്യിദു വുല്‍ദി ആദം തുടങ്ങിയ നബിﷺതങ്ങള്‍ക്ക് മാത്രം പറയാനാവുന്ന പേരുകളും നല്‍കല്‍ ഹറാം തന്നെയാണ്.
📍31) കറാഹത്തുള്ള പേരുകള്‍
ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നിഷേധിക്കുമ്പോള്‍ ദുശ്ശകുനം തോന്നിക്കുന്ന പേരുകള്‍ കറാഹത്താണ്. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക് എന്നിവ ഉദാഹരണം.
(തുഹ്ഫ 9/373)
📍32) ചീത്ത പേര് മാറ്റാം
ഇത്തരം പേരുകള്‍ മാറ്റല്‍ സുന്നത്താണ്.
(ശര്‍വാനി)
📍33) കറാഹത്താകാൻ കാരണം
സമുറതുബ്‌നു ജുന്‍ദുബ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ”നീ നിന്റെ സന്താനങ്ങള്‍ക്ക് യസാറ് (ഐശ്വര്യം), റബാഹ് (ലാഭം), നജാഹ് (രക്ഷ), അഫ്‌ലഹ് (വിജയി) തുടങ്ങിയ പേരുകള്‍ നല്‍കരുത്. കാരണം നീ ചോദിക്കും, അവന്‍ അവിടെയുണ്ടോ? അപ്പോള്‍ അവിടെയില്ലെങ്കില്‍ ‘ഇല്ല’ എന്നായിരിക്കും മറുപടി ലഭിക്കുക” (മുസ്‌ലിം 2137). ഈ മറുപടി മേല്‍ ഗുണങ്ങളുടെ നിഷേധമാണ് തോന്നിക്കുക. അതൊരു ദുശ്ശകുനമായി ഭവിക്കും.
നാഫിഅ്, അഫ്‌ലഹ്, റബാഹ്, യസാര്‍ എന്നീ പേര് നല്‍കുന്നത് നബി ﷺ വിരോധിച്ചിരുന്നു (മുസ്‌ലിം). മുഫ്‌ലിഹ്, മുബാറക്, ഖൈറ്, സുറൂര്‍, നിഅ്മത് തുടങ്ങിയ പേരുകളും ഈ ഗണത്തില്‍ പെട്ടതാണ്. മേല്‍പറഞ്ഞ ന്യായം ഈ പേരുകളിലുമുണ്ട്.
ബര്‍റത്ത് (നന്മയുള്ളവള്‍) എന്നു പേരിടുന്നത് നബി ﷺ വിരോധിച്ചു എന്നു ഹദീസിലുണ്ട്. താന്‍ നല്ലവനാണെന്ന പൊങ്ങച്ചം വരാന്‍ ഈ പേരുകള്‍ ഇടയാക്കും. ഇതും ഇത്തരം പേരുകള്‍ വിലക്കാനുള്ള കാരണമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: ”ബര്‍റത്ത് എന്നു പേരിടുന്നതിനെ നബി ﷺ വിരോധിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: "നിങ്ങള്‍ സ്വയം പൊങ്ങച്ചം പറയരുത്. നിങ്ങളില്‍ ഗുണവാന്‍ ആരാണെന്ന് അല്ലാഹുﷻവിന്നറിയാം”
(അബൂദാവൂദ്)
📍34) പിശാചുക്കളുടെ പേരുകൾ
ബലികഅമ്മംഖന്‍സബ്, വലഹാന്‍, അഅ്മര്‍, അജ്ദഅ് എന്നിവ പിശാചുക്കളുടെ പേരുകളാണ്.
(ഫത്ഹുൽ ബാരി)
📍35) അഹങ്കാരികളുടെ പേരുകൾ
പൈശാചിക പേരുകളും ഫിര്‍ഔന്‍, ഹാമാന്‍, വലീദ് തുടങ്ങിയ അഹങ്കാരികളുടെ പേരുകളും കറാഹത്തായ പേരുകളില്‍ പെട്ടതാണ്.
(ഫത്ഹുല്‍ബാരി 10/580)
📍36) ഹൃദയം വെറുക്കുന്ന പേര്
ഹൃദയങ്ങള്‍ വെറുക്കുന്ന അര്‍ത്ഥങ്ങളുള്ള പേരുകളും കറാഹത്താണ് (തുഹ്ഫ). ഹര്‍ബ് (യുദ്ധം), മുര്‍റത് (കൈപ്പ്), കല്‍ബ് (നായ), ഹയ്യത്ത് (പാമ്പ്) തുടങ്ങിയവ ഉദാഹരണം. മാലിക് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഒരവസരത്തില്‍ നബി ﷺ കൂടെയുള്ളവരോട് ചോദിച്ചു: ആരാണീ ആടിനെ കറക്കുക? ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഞാന്‍. നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: മുര്‍റത്ത്. നബി ﷺ പറഞ്ഞു: ഇരിക്കൂ! ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. നിന്റെ പേര്? എന്റെ പേര് ഹര്‍ബ്. പ്രവാചകര്‍ ﷺ ചോദ്യം ആവര്‍ത്തിച്ചു. മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി ﷺ പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു (ജീവിക്കും). നബി ﷺ പറഞ്ഞു: എന്നാല്‍ നീ ആടിനെ കറക്കുക”(മുഅത്വ 2/973). മോശമായ അര്‍ത്ഥമുള്ള പേരുള്ള ആള്‍ ഒരു പ്രവൃത്തിയുമായി ബന്ധപ്പെടുന്നത് പ്രവാചകര്‍ ﷺ വെറുക്കുന്നതായിട്ടാണ് ഈ സംഭവത്തില്‍ നാം കാണുന്നത്.
📍37) പേരിലും അപലക്ഷണം
വ്യക്തി, നാട്, ഗോത്രങ്ങള്‍ക്കെല്ലാം ഇത്തരം മോശമായ പേരുകള്‍ നബി ﷺ വെറുത്തിരുന്നു.
നബി ﷺ ഒരു യാത്രയില്‍ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കൂടെയുള്ളവരോട് ചോദിച്ചു: ഈ പര്‍വ്വതങ്ങളുടെ പേരെന്താണ്? ഒരാള്‍ പറഞ്ഞു: ഫാളിഹ്, മുഖ്‌സി (വഷളായത്, നിന്ദ്യമാക്കുന്നത്). ഈ മറുപടി കേട്ടപ്പോള്‍ നബിﷺതങ്ങള്‍ ആ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും നടന്നു (സീറ ഇബ്‌നുഹിശാം 2/304).
ഹുദൈബിയ്യ സന്ധിയുടെ ദിവസം നബിﷺയുമായി സംസാരിക്കാന്‍ സുഹൈലുബ്‌നു അംറ് (റ) എന്നയാള്‍ വന്നപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങളുടെ കാര്യം എളുപ്പമായെന്ന് (ബുഖാരി 2/542). സുഹൈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം എളുപ്പം എന്നാണല്ലോ.
സഈദുബ്‌നുല്‍ മുസയ്യബ് (റ) പിതാമഹനില്‍ നിന്ന് ഉദ്ധരിക്കുന്നു: ”അദ്ദേഹം ഒരിക്കല്‍ നബിﷺയെ സമീപിച്ചു. നബി ﷺ ചോദിച്ചു: നിങ്ങളുടെ പേരെന്താണ്? അദ്ദേഹം പറഞ്ഞു: ഹുസുന്‍ (പരുഷം). നബി ﷺ പറഞ്ഞു: നിങ്ങളുടെ പേര് സഹ്ല്‍ എന്നാവട്ടെ. അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് ഇട്ട പേര് ഞാന്‍ മാറ്റുകയില്ല. സഈദുബ്‌നുല്‍ മുസയ്യബ്(റ) പറയുന്നു: ഹുസുന്‍ എന്ന പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയില്‍ നിലനിന്നു കൊണ്ടേയിരുന്നു” (ബുഖാരി 10/574).
നല്ലത് ആഗ്രഹിക്കാന്‍ നബി ﷺ കല്‍പിച്ചിട്ടുണ്ട്. ഒരാളുടെ ആഗ്രഹം അയാള്‍ കൊതിക്കുന്ന കാര്യങ്ങള്‍ സാധിക്കാന്‍ കാരണമാകും. പേരിന്റെ അര്‍ത്ഥം നന്നാകുമ്പോള്‍ അതില്‍നിന്ന് ശുഭസൂചനകള്‍ ലഭിക്കുകയും അതവന്റെ സ്വഭാവവും സംസ്‌കാരവും നന്നാവാനും ശുഭകരമാക്കാനും കാരണമാവുകയും ചെയ്യും. ദുശ്ശകുനങ്ങളാണ് പേരില്‍ നിന്നും മനസ്സിലാകുന്നതെങ്കില്‍ തിരിച്ചുമായിരിക്കുമുണ്ടാവുക എന്നാണ് മേല്‍വചനങ്ങള്‍ പഠിപ്പിക്കുന്നത്. അബൂബക്ര്‍ സിദ്ദീഖ്(റ) പറഞ്ഞു: ‘നിന്റെ നാവിനെ നീ സൂക്ഷിക്കണം. പരീക്ഷണം നാവുമായി ബന്ധപ്പെട്ടതാണ്.’
നബിﷺക്ക് പിതാമഹന്‍ ഇട്ട പേര് മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍) എന്നാണല്ലോ. അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഭൂമിയിലുള്ളവര്‍ എന്റെ കുട്ടിയെ സ്തുതിക്കണമെന്ന് ഞാനാഗ്രഹിക്കുന്നുവെന്നാണ്. അത് എത്രമാത്രം പുലര്‍ന്നു. നബി ﷺ തന്റെ ഒരു കുട്ടിക്ക് ഇബ്‌റാഹിം എന്നാണ് പേരിട്ടത്. തന്റെ പിതാമഹന്റെ പേര് പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്.
(തുഹ്ഫ)
📍38) മുഹമ്മദ് എന്ന നാമം
ഇബ്‌നുഅബ്ബാസ്(റ)യില്‍ നിന്ന് നിവേദനം: അന്ത്യനാളില്‍ ഒരാള്‍ വിളിച്ചുപറയും; മുഹമ്മദ് എന്ന് പേരുള്ളവര്‍ എഴുന്നേറ്റ് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. പ്രവാചകന്‍ മുഹമ്മദ് നബിﷺയുടെ ബഹുമാനം കൊണ്ടാണിത് (മുഗ്‌നി 6/141). പേരുമാത്രം പോരാ. അത് സാധൂകരിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്ന് വ്യക്തമാണല്ലോ. നബി ﷺ പറഞ്ഞു: ഒരാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ടാവുകയും അവരിലൊരാള്‍ക്കും ‘മുഹമ്മദ്’ എന്ന് നാമകരണം ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്‍ അജ്ഞത പ്രവര്‍ത്തിച്ചു (ത്വബ് റാനി 11/71, മജ്മഉസ്സവാഇദ് 3/5).
ഇമാം മാലിക് (റ) പറഞ്ഞു: ‘മദീനക്കാര്‍ പറയുന്നതായി ഞാന്‍ കേട്ടു: ഒരു വീട്ടില്‍ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാല്‍ ആ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല.'
📍39) മുഹമ്മദെന്ന് പേരുള്ളവരെ ആദരിക്കണം
ജാബിര്‍(റ)വില്‍ നിന്ന് നിവേദനം: 'നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളില്‍ നിന്ന് തടയുകയോ ചെയ്യരുത്.'
(ദൈലമി മിര്‍ഖാത്ത് 4/599)
മറ്റൊരു തിരുവചനമിങ്ങനെ, നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അവനെ നിങ്ങള്‍ ആദരിക്കുകയും സദസ്സില്‍ അവന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുക. അവനോട് നിങ്ങള്‍ മുഖം വക്രീകരിച്ചു കാമിക്കരുത്.
(മിര്‍ഖാത്ത് 4/597)
📍40) തിരുനബിﷺക്ക് പേരുകൾ അനവധി
തിരുനബിﷺക്ക് നിരവധി നാമങ്ങളുളളതായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ആയിരവും രണ്ടായിരവും പേരുകള്‍ കണ്ടെത്തി ക്രോഡീകരിച്ച പണ്ഡിതരുണ്ട്. ഇമാം ദിഹ്‌യ(റ)വിന്റെ അല്‍ മുസ്തഫാ ഫീ അസ്മാ ഇല്‍ മുസ്തഫാ, ഇമാം സുയൂഥി(റ)വിന്റെ അര്‍രിയാഉല്‍ അനീഖ, ഇമാം നബഹാനിയുടെ മിനനുല്‍ അസ്മാ തുടങ്ങിയവ ഉദാഹരണം.
📍41) നല്ല പേരിട്ടാൽ
കുട്ടികള്‍ക്ക് പ്രവാചക പേരുകള്‍ നല്‍കുന്നതും അല്ലാഹുﷻവിന്റെ മഹത്തായ നാമങ്ങള്‍ ‘അബ്ദു’ എന്നു ചേര്‍ത്തിടുന്നതും ചെറുപ്രായത്തിലേ കുട്ടി അല്ലാഹുﷻവിനെയും റസൂലിനെയും (ﷺ) അറിയാനും മഹബ്ബത്ത് വളരാനും നിമിത്തമാകുമെന്നതില്‍ സന്ദേഹമില്ല. ചെകുത്താന്റെ നാമങ്ങള്‍ അവനോടുള്ള ബന്ധമാണുണര്‍ത്തുക. ഇത് രക്ഷിതാക്കള്‍ സഗൗരവം പരിഗണിക്കേണ്ട കാര്യമാണ്.
📍42) ഓമനപ്പേര് സുന്നത്ത്
ഓമനപ്പേര് നല്‍കല്‍ സുന്നത്താണ്. സന്താനങ്ങളുടെ പേരിന്റെ കൂടെ ‘അബ്’ ചേര്‍ത്ത് പുരുഷനും ‘ഉമ്മ്’ ചേര്‍ത്ത് സ്ത്രീക്കും നല്‍കുന്ന പേരിനാണ് കുന്‍യത്ത് (ഓമനപ്പേര്) എന്നു പറയുന്നത്. അബൂ അബ്ദില്ലാഹ്, ഉമ്മു അബ്ദില്ലാഹ് എന്നിവപോലെ. നബിﷺയുടെ ഓമനപ്പേര് അബുല്‍ഖാസിം എന്നാണല്ലോ.
📍43) നബിﷺയുടെ ഓമനപ്പേർ സ്വീകരിക്കരുത്
നബിﷺയുടെ പേരിടല്‍ പുണ്യമുള്ളതാണെങ്കിലും അവിടുത്തെ (ﷺ) ഓമനപ്പേര് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ഹറാമാണ് (തുഹ്ഫ 9/374). എന്റെ പേര് നിങ്ങള്‍ സ്വീകരിക്കുക. എന്റെ ഓമനപ്പേര് നല്‍കരുതെന്ന ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.
(10/571)
📍44) മുതിർന്ന മക്കളിലേക്ക് ചേർക്കണം
മുതിര്‍ന്ന സന്താനത്തിന്റെ പേര് ചേര്‍ത്ത ഓമനപ്പേര് നല്‍കലാണ് ഏറ്റവും ഉത്തമം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും വിരോധമില്ല. തീരെ മക്കളില്ലാത്തവര്‍ക്കും ഓമനപ്പേര് നല്‍കാം. ആഇശാ(റ)ക്ക് ഉമ്മു അബ്ദില്ലാ എന്ന് ഓമനപ്പേരുണ്ട്. തന്റെ സഹോദരി അസ്മാഅ്(റ)യുടെ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ പേരിനോട് ചേര്‍ത്താണ് ഇത് നല്‍കപ്പെട്ടത്.
📍45) ഓമനപ്പേര് നല്ലവർക്ക് മാത്രം
സത്യനിഷേധിക്കും തെമ്മാടിക്കും പുത്തനാശയക്കാരനും ഓമനപ്പേര് നല്‍കരുതെന്ന് ഇമാം നവവി(റ) റൗളയില്‍ പറഞ്ഞിട്ടുണ്ട്. കാരണം ഈ ഓമനപ്പേര് ബഹുമാന സൂചകമാണ്. ഇപ്പറഞ്ഞവര്‍ ബഹുമാനത്തിനര്‍ഹരല്ല. മറിച്ച് അവരോട് ഗൗരവത്തില്‍ വര്‍ത്തിക്കാനാണ് നമ്മോട് കല്‍പിക്കപ്പെട്ടത്.
(ശര്‍വാനി 9/374)
📍46) ബഹുമാനം
മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും പേരുകള്‍ എഴുത്തിലോ വാക്കിലോ സന്താനങ്ങളും ശിഷ്യന്മാരും ഉപയോഗിക്കാതിരിക്കല്‍ സുന്നത്താണ്.
📍47) ഓമനപ്പേര് സ്വയം പറയരുത്
ഒരു വ്യക്തി അവന്റെ ഓമനപ്പേര് എഴുത്തിലോ മറ്റോ ഉപയോഗിക്കാതിരിക്കലാണ് മര്യാദ. അവനാ പേരിലല്ലാതെ അറിയപ്പെടാതിരിക്കുകയോ അത് പ്രസിദ്ധമാവുകയോ ചെയ്താല്‍ വിരോധമില്ലതാനും.
(മുഗ്‌നി)
📍48) അഖീഖ അറുക്കല്‍ സുന്നത്ത്
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്‌നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണ്ണമായും പിരിഞ്ഞശേഷം അവനുവേണ്ടി അഖീഖ അറുക്കല്‍ ശക്തിയായ സുന്നത്താണ്.
📍49) കുട്ടി മരിച്ചാലും സുന്നത്ത്
പ്രസവശേഷം കുട്ടി മരണപ്പെട്ടാലും അറവ് സുന്നത്തുതന്നെ.
(തുഹ്ഫ 9/370).
📍50) അഖീഖയുടെ പ്രതിഫലം
അറവിന്റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്. സമുറ(റ)വില്‍ നിന്ന് നിവേദനം: ”നബി ﷺ പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണ്. ഏഴാം ദിവസമാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം”
(തിര്‍മുദി 4/101, അബൂദാവൂദ് 3/360, നസാഈ 7/166, ഇബ്‌നുമാജ 3165)
📍51) ഹദീസിൽ പറഞ്ഞ പണയം
കുട്ടി അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണെന്ന നബിﷺയുടെ പരാമര്‍ശത്തിന് ഇമാമുമാര്‍ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. അഖീഖ അറുക്കപ്പെടാതിരിക്കുകയും ശൈശവാവസ്ഥയില്‍ കുട്ടി മരണപ്പെടുകയും ചെയ്താല്‍ മാതാപിതാക്കളുടെ കാര്യത്തില്‍ പരലോകത്ത് ആ കുട്ടി ശിപാര്‍ശ ചെയ്യില്ലെന്നാണിതിന്റെ അര്‍ത്ഥമെന്ന് ഇമാം അഹ്മദ്(റ) പറഞ്ഞതായി ഇമാം ഖത്വാബി ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരര്‍ത്ഥം, അഖീഖ അറുത്ത് പണയത്തില്‍ നിന്ന് ഒഴിവാക്കാതെ ആ കുട്ടിയെ കൊണ്ടുള്ള ഉപകാരവും സൗഖ്യവും പൂര്‍ണമായി രക്ഷിതാക്കള്‍ക്ക് ലഭിക്കില്ലെന്നാണ്. അനുഗ്രഹങ്ങള്‍ അതു ലഭിച്ചവര്‍ക്ക് പൂര്‍ണമായി ഉപകരിക്കുക, അതിന് നന്ദി പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം അനുഗ്രഹങ്ങളുടെ നന്ദിപ്രകടനം നബിﷺയുടെ ചര്യ പിന്‍പറ്റല്‍ കൊണ്ടു കൂടിയാണ്. അതാവട്ടെ നന്ദിയും കുട്ടിയുടെ രക്ഷയും ആഗ്രഹിച്ച് ബലി നടത്തല്‍ കൊണ്ടുമാണ് എന്നു വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്. കുട്ടിയുടെ വളര്‍ച്ച വേണ്ടവിധത്തിലാവണമെങ്കില്‍ അഖീഖ അറുക്കണമെന്ന് വിശദീകരിച്ച ജ്ഞാനികളുമുണ്ട്.
📍52) അഖീഖ അറുക്കേണ്ടത് രക്ഷിതാവ്
ഇനി ആരാണ് അഖീഖ അറുക്കേണ്ടതെന്ന് നോക്കാം. കുട്ടിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ അവരുടെ സമ്പത്തില്‍ നിന്നാണ് അഖീഖ അറുക്കേണ്ടത്. കുട്ടിക്ക് മുതലുണ്ടെങ്കിലും അതില്‍ നിന്നെടുക്കാന്‍ പാടില്ല.
📍53) സുന്നത്താകാൻ നിബന്ധന
പ്രസവം മുതല്‍ അറുപത് ദിവസത്തിനകം (പ്രസവരക്തത്തിന്റെ അധികരിച്ച കാലം) കഴിവുണ്ടായാല്‍ മാത്രമേ രക്ഷിതാവിന്റെ മേല്‍ അറവ് ബാധ്യതയുള്ളൂ.
📍54) ഏഴാം ദിവസം ഒത്തില്ലെങ്കിൽ
പ്രസവിച്ച ഏഴാം ദിവസം അറവ് നടത്തലാണേറെ ശ്രേഷ്ഠം. ഇല്ലെങ്കില്‍ പതിനാല്, ഇരുപത്തിയൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതങ്ങളിലാണ് അറവ് നടത്തേണ്ടത്.
(കുര്‍ദി)
📍55) പ്രായപൂർത്തി അയാൽ പിന്നെ
കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ബാധ്യതപ്പെട്ട രക്ഷിതാക്കള്‍ അറവ് നടത്തിയില്ലെങ്കില്‍ ശേഷം സ്വന്തമായി അറവ് നടത്തല്‍ സുന്നത്തുണ്ട്.
📍56) മൃഗം
ഉളുഹിയ്യത്ത് പോലെത്തന്നെ ന്യൂനതകളില്ലാത്ത ആട്, മാട്, ഒട്ടകങ്ങളെയാണ് അഖീഖ അറുക്കേണ്ടതും. ഇവയല്ലാത്ത മറ്റു മൃഗങ്ങളൊന്നും അഖീഖക്ക് പറ്റില്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം.
📍57) മൃഗത്തിന്റെ വയസ്സ്
നെയ്യാടാണെങ്കില്‍ ഒരു വയസ്സായതും കോലാട്, മാട് എന്നിവ രണ്ടു വയസ്സ് പൂര്‍ത്തിയായതും, ഒട്ടകം അഞ്ചുവയസ്സ് തികഞ്ഞതുമാണ് അഖീഖക്ക് പറ്റുക. കാള, പശു, എരുമ, പോത്ത് എന്നിവയാണ് മാട് എന്നതുകൊണ്ടുള്ള വിവക്ഷ.
📍58) പെൺകുട്ടിക്ക് ഒരാട് ആണിന് രണ്ടാട്
ആടിനെ അഖീഖ അറുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഒരാടും ആണ്‍കുട്ടിക്ക് രണ്ടാടുമാണ് ഏറ്റവും ഉത്തമം. ആഇശ(റ)യില്‍ നിന്ന് നിവേദനം, ആണ്‍കുട്ടിക്കു തുല്യമായ രണ്ടാടിനെ അറുക്കാനും പെണ്‍കുട്ടിക്ക് ഒരാടിനെ അറുക്കാനും നബി ﷺ ഞങ്ങളോട് കല്‍പിച്ചു (തിര്‍മുദി). എന്നാല്‍ ആണ്‍കുട്ടിക്കുവേണ്ടി ഒരാടിനെ അറുത്താലും മതിയാകും. കാരണം, നബി ﷺ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവര്‍ക്ക് ഓരോ ആടിനെ അറുത്തു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
(തുഹ്ഫ 9/371)
📍59) മാടിലും ഒട്ടകത്തിലും ഷെയറ് പറ്റും
ഒട്ടകത്തിലും മാടിലും ഏഴുപേര്‍ പങ്കാളികളാകല്‍ അനുവദനീയമാണ്. ഒരാള്‍ തന്റെ ഏഴു മക്കളുടെ അഖീഖയായി ഒരു മാടിനെയോ ഒട്ടകത്തെയോ അറുക്കുന്നതിന് വിരോധമില്ല.
📍60) ഏഴു ഷെയറും അഖീഖയാവണ്ട
ഏഴുപേര്‍ പങ്കുചേരുമ്പോള്‍ എല്ലാവരും അഖീഖതന്നെ ഉദ്ദേശിച്ചുകൊള്ളണമെന്നുമില്ല. ചിലര്‍ അഖീഖയായും മറ്റു ചിലര്‍ ഉളുഹിയ്യത്തായും വേറെ ചിലര്‍ മാംസവും ഉദ്ദേശിച്ച് അറവു നടത്തുന്നതിന് വിരോധമില്ല.
(ശര്‍വാനി 9/371)
📍61) ബാക്കി ഷെയർ വിൽക്കാം
അതനുസരിച്ച് ഒരു കച്ചവടക്കാരന്‍ നിബന്ധന ഒത്ത മൃഗത്തെ, അതിന്റെ ഏഴിലൊന്ന് ഉള്ഹിയ്യത്തോ അഖീഖത്തോ ആണെന്ന് കരുതി അറവ് നടത്തുകയും ഏഴായി വീതംവെച്ച ശേഷം ആറുഭാഗം വില്‍ക്കുകയും ഒരു ഭാഗം നിയമപ്രകാരം വിതരണം നടത്തുകയും ചെയ്യുന്നതിന് വിരോധമില്ല.
📍62) ഉള്ഹിയ്യത്തിനോട് കൂടെ അഖീഖയും
ബലി പെരുന്നാളിനോടനുബന്ധിച്ച് ഉളുഹിയ്യത്തറുക്കുന്ന മാടുകളില്‍ ഇങ്ങനെ അഖീഖ കരുതി ഭാഗം ചേരുന്നവര്‍ പൂര്‍വ്വികരില്‍ ഉണ്ടായിരുന്നു. അത് സ്വീകാര്യമാണെന്ന് ചുരുക്കം.
📍63) നേർച്ചയാക്കിയാൽ നിർബന്ധം
അഖീഖ സുന്നത്താണെങ്കിലും നേര്‍ച്ചയാക്കല്‍ കൊണ്ടും ‘ഇതെന്റെ കുട്ടിയുടെ അഖീഖയാണെ’ന്നു പറയല്‍കൊണ്ടും നിര്‍ബന്ധമാകും. ഇങ്ങനെ നിര്‍ബന്ധമായതിന്റെ മാംസം പൂര്‍ണമായും ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണ്.
📍64) നേർച്ചയിൽ നിന്ന് ഭക്ഷിക്കരുത്
അറുത്തവനോ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതരോ അതില്‍നിന്ന് ഒന്നും ഭക്ഷിക്കാന്‍ പാടില്ല. സുന്നത്തായ അഖീഖയില്‍ നിന്നു അല്‍പമെങ്കിലും ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ബറകത്തിനുവേണ്ടി അല്‍പം അവനെടുത്ത് ബാക്കി മുഴുവനും സ്വദഖ ചെയ്യലാണ് ഉളുഹിയ്യത്ത് മാംസത്തിലെന്ന പോലെ ഇതിലും ഉത്തമം.
📍65) സ്വന്തം നാട്ടിൽ കൊടുക്കണം
അപ്രകാരം നിര്‍ബന്ധമായത് നാട്ടില്‍തന്നെ നല്‍കണം. സുന്നത്തായത് അല്‍പം നാട്ടില്‍ വിതരണം ചെയ്ത് ബാക്കി മറ്റു നാടുകളിലേക്ക് നീക്കുന്നതിന് വിരോധമില്ല.
📍66) വിൽക്കാൻ പാടില്ല
ഉളുഹിയ്യത്ത് പോലെതന്നെ അഖീഖയുടെയും മാംസമോ തോലോ എല്ലോ വില്‍ക്കാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.
📍67) തോല് വിൽപ്പന പാടില്ല
തോല് വിറ്റ് വില ധര്‍മ്മം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്. ഇതുപാടില്ല. അതില്‍ അറവുകാരന് ഉടമാവകാശമില്ലെന്നതുകൊണ്ട് തന്നെ വില്‍പന ശരിയാവുകയുമില്ല. അത് അങ്ങനെതന്നെ ദരിദ്രര്‍ക്ക് സ്വദഖ ചെയ്യുകയാണ് വേണ്ടത്. അവര്‍ വില്‍ക്കുന്നതിന് വിരോധമില്ല.
📍68) വേവിച്ച് നൽകൽ സുന്നത്ത്
മിക്ക നിയമങ്ങളിലും അഖീഖത്ത് ഉളുഹിയ്യത്ത് പോലെയാണെങ്കിലും അഖീഖത്തിന് മാത്രം ബാധകമാവുന്ന ചില നിയമങ്ങളുമുണ്ട്. അവയില്‍ ചിലതു വിവരിക്കാം: അഖീഖയുടെ മാംസം വേവിച്ച് നല്‍കല്‍ സുന്നത്താണ്. ഇമാം ബൈഹഖി(റ) ആഇശ(റ)യില്‍ നിന്ന് ഇത് ഉദ്ധരിച്ചിട്ടുണ്ട് (തുഹ്ഫ). അതുതന്നെ അല്‍പം മധുരം ചേര്‍ത്ത് വേവിക്കല്‍ സുന്നത്താണ്. കുട്ടിയുടെ സ്വഭാവം മാധുര്യമുള്ളതാകുന്നതിലേക്ക് ശുഭലക്ഷണമായിട്ടാണിത്.
📍69) എല്ല് അഴിച്ചെടുക്കണം
ഓരോ എല്ലും സന്ധിയില്‍നിന്നു അഴിച്ചെടുക്കുകയാണ് വേണ്ടത്.
(ശര്‍വാനി)
📍70) വലത്തെ കുറക്
മൃഗത്തിന്റെ വലത്തെ കുറക് പ്രസവമെടുക്കുന്ന സ്ത്രീക്ക് കൊടുക്കല്‍ സുന്നത്താണ്.
(തുഹ്ഫ)
📍71) ധനികർക്ക് നൽകിയാൽ
സുന്നത്തായ ഉളുഹിയ്യത്തില്‍ നിന്ന് ധനികര്‍ക്ക് പാരിതോഷികമായി നല്‍കാമെങ്കിലും അവര്‍ക്ക് ഉടമസ്ഥാവകാശമില്ലെന്നാണ് നിയമം.
അമുസ്‌ലിമിന് ഒരുനിലക്കും നല്‍കാന്‍ പാടില്ലതാനും. എന്നാല്‍ ഇതിലും അഖീഖ വ്യത്യസതമാണ്. അഖീഖയുടെ മാംസം ലഭിക്കുന്ന ധനികര്‍ക്ക് ഉടമസ്ഥാവകാശമുണ്ട് (നിഹായ 9/147). അപ്പോള്‍ അവര്‍ക്കതില്‍ വില്‍പന പോലെയുള്ള ക്രയവിക്രയങ്ങള്‍ ചെയ്യാവുന്നതാണ്.
📍72) മുടികളയല്‍
പ്രസവിച്ച ഏഴാം ദിവസം കുട്ടിയുടെ മുടി പൂര്‍ണ്ണമായും കളയല്‍ സുന്നത്താണ്. ഏഴാം ദിവസം ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരുടെ മുടി കളയാന്‍ നബി ﷺ കല്‍പിച്ചുവെന്ന് അനസ്ബ്‌നു മാലിക്(റ)വില്‍ നിന്ന് തിര്‍മുദി ഉദ്ധരിച്ചിട്ടുണ്ട് (4/84). ആണ്‍കുട്ടിയുടേത് മാത്രമല്ല, പെണ്‍കുട്ടിയുടെയും മുടികളയല്‍ സുന്നത്തുതന്നെ.
📍73) മുടി ഇല്ലെങ്കിൽ
നവജാതശിശുവിന് തലയില്‍ മുടിയില്ലെങ്കില്‍ ക്ഷൗരക്കത്തി തലയിലൂടെ നടത്തല്‍ സുന്നത്തുണ്ട്.
(മുഗ്‌നി-ശര്‍വാനി 9/378)
📍74) മുടി വെട്ടിയാൽ പോര
മുടിയില്‍ നിന്ന് അല്‍പം കളയലും മുടിവെട്ടലും മതിയാവുകയില്ല.
(ശര്‍വാനി)
📍75) ക്രോപ്പ് കറാഹത്താണ്
തലമുടി ഭാഗികമായി കളയുന്നത് കറാഹത്താണ്. ഇമാം ഇബ്‌നുഹജറുല്‍ അസ്ഖലാനി (റ) പറയുന്നു: ”തലമുടി മുഴുവനായി കളയണം. മുടി ക്രോപ്പ് ചെയ്യുന്നത് നബി ﷺ വിരോധിച്ചതാണ് കാരണം” (ഫത്ഹുല്‍ബാരി 12/386). ഇബ്‌നു ഉമര്‍(റ)യില്‍ നിന്ന് നിവേദനം: ‘ക്രോപ്പ് ചെയ്യുന്നത് നബി ﷺ വിരോധിക്കുന്നതായി ഞാന്‍ കേട്ടു’ (ബുഖാരി).
📍76) ക്രോപ്പ് എന്നാൽ
ഇമാം നവവി(റ) പറയുന്നു: ക്രോപ്പ് എന്നാല്‍ കുട്ടിയുടെ തലമുടി ഭാഗികമായി കളയലാണ്. നാഫിഅ്(റ) ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്, അതാണ് പ്രബലം. ഇമാം അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫില്‍ ഉദ്ധരിക്കുന്നു: ‘ഒരു കുട്ടിയുടെ തലമുടി അല്‍പം കളഞ്ഞതായി നബി ﷺ കാണാനിടയായി. നബി ﷺ അതിനെതൊട്ട് അവരെ വിരോധിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ പൂര്‍ണ്ണമായും കളയുക, അല്ലെങ്കില്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക’.
സിനിമകളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുന്ന ഫാഷനുകള്‍ക്കൊപ്പിച്ച് മക്കളുടെ തലമുടിയും വസ്ത്രധാരണ രീതിയും രൂപപ്പെടുത്തുന്ന രക്ഷിതാക്കള്‍ ഇത് ഓര്‍ക്കണം. നബിചര്യയും കല്‍പനയും മറികടന്നുകൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്. ഇത് കുട്ടിയുടെ സ്വഭാവവും സംസ്‌കാരവും ദുഷിക്കാനാണ് ഇടവരുത്തുക.
📍77) സ്വദഖ ചെയ്യല്‍
കുട്ടിയുടെ മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണ്ണമോ വെള്ളിയോ ധര്‍മ്മം ചെയ്യല്‍ സുന്നത്താണ്. ഹുസൈന്‍(റ)വിന്റെ മുടി തൂക്കാനും തൂക്കത്തിനനുസരിച്ച് വെള്ളി ധര്‍മ്മം ചെയ്യാനും ഫാത്വിമ(റ)യോട് നബി ﷺ കല്‍പിച്ചതായി സ്വീകാര്യമായ ഹദീസില്‍ വന്നിട്ടുണ്ട്.
(തുഹ്ഫ 9/375)
📍78) സ്വർണ്ണം കിയാസാണ്
വെള്ളിയോട് തുലനപ്പെടുത്തി സ്വര്‍ണ്ണവും സ്വദഖ ചെയ്യാമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
📍79) മുടി കളഞ്ഞില്ലെങ്കിൽ
പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടിയുടെ മുണ്ഡനം ചെയ്യപ്പെട്ടില്ലെങ്കില്‍ ശേഷം അവന്‍ തന്നെ അക്കാര്യം ചെയ്യണം. പ്രസവസമയത്തുള്ള മുടി നിലവിലുണ്ടെങ്കിലാണിത്. ഇല്ലെങ്കില്‍ മുടികളഞ്ഞ സമയത്തുള്ള മുടിയുടെ തൂക്കത്തിനനുസരിച്ച് സ്വദഖ ചെയ്യല്‍ സുന്നത്താണ്. തൂക്കമറിയില്ലെങ്കില്‍ കുറവ് വരാത്തവിധം തൂക്കം കണക്കാക്കി ധര്‍മ്മം ചെയ്യേണ്ടതാണ്.
📍80) ചേലാകര്‍മ്മം പുരുഷന് നിർബന്ധം
ചേലാകര്‍മ്മം ചെയ്യപ്പെട്ട നിലയില്‍ പ്രസവിക്കപ്പെടാത്ത പുരുഷന്മാര്‍ക്ക് അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഇബ്‌റാഹിം നബി(അ)ന്റെ ചര്യ പിന്തുടരുകയെന്ന് തങ്ങള്‍ക്കു നാം ദിവ്യസന്ദേശമറിയിച്ചു (നഹീല്‍ 123) എന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചേലാകര്‍മ്മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
📍81) ഇബ്റാഹീം നബി(അ)ന്റെ ചര്യ
ഇബ്‌റാഹിം നബി (അ) തന്റെ എണ്‍പതാം വയസ്സില്‍ ചേലാകര്‍മ്മം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി (6/388) ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റിഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രബലം.
(തുഹ്ഫ 9/198)
📍82) പ്രകൃതി സ്വഭാവം
പ്രകൃതി സ്വഭാവത്തില്‍ പെട്ട പത്ത് കാര്യങ്ങളില്‍ ഒന്ന് ചേലാകര്‍മ്മമാണെന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പറയുന്നു.
📍83) കർമ്മം ഇങ്ങനെ
പുരുഷന്റെ ലിംഗാഗ്ര ചര്‍മ്മവും സ്ത്രീയുടെ യോനിയുടെ മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്.
📍84) സ്ത്രീകൾക്ക് സുന്നത്ത്
ചേലാകര്‍മ്മം പുരുഷന് നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടത്.
(തുഹ്ഫ)
📍85) നിർബന്ധമാകുന്ന സമയം
പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുക.
📍86) സുന്നത്തായ സമയം
എന്നാല്‍ പ്രസവിച്ച് ഏഴാം ദിവസം തന്നെ നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. ഹസന്‍, ഹുസൈന്‍(റ)മായുടെ ചേലാകര്‍മ്മം ഏഴാം ദിവസം നിര്‍വഹിക്കാന്‍ നബി ﷺ കല്‍പിച്ചു എന്ന് ഹദീസിലുണ്ട്.
📍87) ദിവസം എണ്ണുന്നത് ഇങ്ങനെ
പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. ഇത് മുമ്പ് വിവരിച്ച പേരിടല്‍, അറവ്, മുടികളയല്‍ എന്നിവക്ക് വിരുദ്ധമായാണ്. അവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണെന്ന് മുമ്പ് വിവരിച്ചിട്ടുണ്ട്.
📍88) വിത്യാസത്തിന് കാരണം
കുട്ടിയുടെ ശേഷി കൂട്ടാനും വേദന കുറയാനുമാണ് ചേലാകര്‍മ്മത്തില്‍ അങ്ങിനെ പരിഗണിച്ചതെന്നും മറ്റു കാര്യങ്ങളില്‍ അത്തരം പ്രശ്‌നങ്ങളില്ലാത്തതു കൊണ്ട് നന്മയിലേക്ക് പരമാവധി ഉളരാന്‍ വേണ്ടിയാണ് പ്രസവദിവസം ഉള്‍പ്പെടുത്തിയതെന്നും ഇബ്‌നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട്.
(തുഹ്ഫ)
📍89) സദ്യ സുന്നത്ത്
പുരുഷന്മാരുടെ ചേലാകര്‍മ്മം പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും സുന്നത്തുണ്ട്.
📍90) സ്ത്രീകളുടേത് രഹസ്യം
സ്ത്രീകളുടേത് പുരുഷന്മാരെതൊട്ട് രഹസ്യമാക്കുകയാണ് വേണ്ടത്. സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല.
(ശര്‍വാനി)
📍91) നപുംസകം
നപുംസകത്തിന് ചേലാകര്‍മ്മം നിര്‍ബന്ധമില്ല. മാത്രമല്ല, ആണോ പെണ്ണോ എന്ന സംശയം നിലനില്‍ക്കുന്നതോടെ വേദനിപ്പിക്കുന്നതിനാല്‍ അനുവദനീയം തന്നെയല്ല.
📍92) രണ്ട് ലിംഗമുണ്ടെങ്കിൽ
ഒരാള്‍ക്ക് ഉപയോഗപ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മ്മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി.
(തുഹ്ഫ)
📍93) ചേലാകര്‍മ്മം ചെയ്തില്ലെങ്കില്‍
ചേലാകര്‍മ്മം നിര്‍ബന്ധമാണെന്ന് നാം മുമ്പ് വായിച്ചു. അത് ചെയ്യാതിരിക്കുന്നത് കുറ്റകരമാണ്. ലിംഗാഗ്ര ചര്‍മത്തിന്റെ ഉള്‍ഭാഗം ശരീരത്തിന്റെ ബാഹ്യഭാഗമായിട്ടാണ് ഗണിക്കുക. അതുകൊണ്ടുതന്നെ നിര്‍ബന്ധകുളിയില്‍ ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളം ചേര്‍ക്കല്‍ നിര്‍ബന്ധമാണ്. അല്ലാതെ കുളി പൂര്‍ണമാവുകയില്ല. നിസ്‌കാരാദി ആരാധനകള്‍ സ്വീകാര്യമാവുകയില്ല. മയ്യിത്തിനെ കുളിപ്പിക്കുമ്പോഴും ഇത് പ്രശ്‌നമാണ്.
📍94) ഏഴിന് മുമ്പ് കറാഹത്ത്
ഏഴിനുമുമ്പ് ചേലാകര്‍മ്മം കറാഹത്താണ്. ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മ്മം ചെയ്യേണ്ടത്.
(തുഹ്ഫ 9/200)
📍95) തയമ്മും
ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാത്ത പക്ഷം തയമ്മും അതിനായി ചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാകും. കുട്ടികളും വലിയവരും ഇതില്‍ വ്യത്യാസമില്ല.
(ഫത്ഹുല്‍ മുഈന്‍ 151)
📍96) ആശംസ
ഒരു വ്യക്തിക്ക് കുഞ്ഞ് ജനിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ അയാളെ ആശംസിക്കൽ സുന്നത്താണ്.
(അദ്കാർ)
📍97) പ്രാർത്ഥന ആശംസയാണ്
കുട്ടിക്ക് വേണ്ടിയോ രക്ഷിതാവിന് വേണ്ടിയോ ദുആ ചെയ്താൽ ആശംസയായി.
📍98) ആശംസക്ക് മറുപടി സുന്നത്ത്
ഇങ്ങനെ ആശംസിക്കുന്നവന് വേണ്ടി അല്ലാഹു ﷻ നിനക്ക് ഗുണം പ്രതിഫലം നൽകട്ടെ എന്ന് മറുപടി പ്രാർത്ഥന നടത്തലും സുന്നത്താണ്.
📍99) രക്ഷിതാവ് ഹാജറാവണം
രക്ഷിതാവ് മേൽപറഞ്ഞ കർമ്മങ്ങളിൽ ഹാജറാവേണ്ടതാണ്. കാരണം അതിൽ പലതും രക്ഷിതാവിന്റെ ചുമതലയാണ്.
📍100) പ്രതിനിധിയെ ആക്കിയാൽ
പ്രതിനിധിയെ ആക്കിയാലും സംഭവ സ്ഥലത്ത് രക്ഷിതാവ് ഹാജറാവൽ സുന്നത്താണ്.
📍101) നബിﷺയുടെ കൽപ്പന
ഉള്ഹിയ്യത്തിന് ഹാജറാവാൻ ഫാത്തിമ ബീവി(റ)യോട് നബിﷺതങ്ങൾ കൽപ്പിച്ചിരുന്നു.
അഖീഖത്തും ഉള്ഹിയ്യത്തും ഇത്തരം വിഷയങ്ങളിൽ ഒരുപോലെയാണ്.
0 Comments