ദാമ്പത്യത്തിന് ഇസ്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പരസ്പരമുള്ള തിരിച്ചറിവാണ് ദാമ്പത്യത്തിന് അത്യാവശ്യമായി വേണ്ടത്. ഈ തിരിച്ചറിവാണ് എല്ലാ തരത്തിലുള്ള ബന്ധങ്ങളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.
ഇണകള്‍ തമ്മിലുള്ള തിരിച്ചറിവ് ദാമ്പത്യമെന്ന ചട്ടക്കൂടിന്റെ സുഗമമായ പോക്കിന് അത്യാവശ്യമാണെന്നതില്‍ തര്‍ക്കം കാണില്ല. ഒരു പക്ഷെ അത് മാത്രമാണ് ആവശ്യമുള്ളതെന്ന് തോന്നുന്നു. രണ്ടുപേര്‍ക്കും തങ്ങളുടെ പോസിറ്റീവുകളും നെഗറ്റീവുകളും തിരിച്ചറിയാനായാല്‍ കുടുംബം എന്ന മൂലധനത്തിന് അതിലും വലിയൊരു ലാഭം ഇനി വരാനില്ല തന്നെ. എന്നാല്‍ അതു പലപ്പോഴും നടക്കുന്നില്ലെന്നതാണ് ഏറ്റവും ദുഖകരമായ ഒരു വസ്തുത.
ഇണയും തുണയും പരസ്പരം അവരുടെ ബലഹീനതയെ കുറിച്ചും ബലത്തെ കുറിച്ചും കൃത്യമായി അറിയുന്നുവെങ്കില്‍ അതനുസരിച്ച് ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും രണ്ടുപേര്‍ക്കും സുഗമമായി പരിഹരിക്കാനാകും. അതല്ലെങ്കില്‍ ദാമ്പത്യത്തിന്റെ ചക്രം ഉരുളുക ഏറെ ബുദ്ധിമുട്ടായി മാറും.
ഉമ്മയും ഉപ്പയും പരസ്പരം തിരിച്ചറിയാത്ത കാരണം വഴി പിരിയേണ്ടി വന്ന കുടുംബങ്ങളെ പലപ്പോഴും കണ്ടിട്ടുണ്ട്. അതിന്റെ മൊത്തം ഭാരം പേറുന്നത് അവര്‍ക്ക് ജനിച്ച മക്കളാണ്. പൊതു ഇടങ്ങളില്‍ തങ്ങളുടെ സമപ്രായക്കാര്‍ക്കൊപ്പം ഇടപെടാനും പെരുമാറാനും അവര്‍ക്ക് കഴിയാതെ പോകുന്നു.
ഉള്ളു തുറന്നുള്ള സംസാരം കൊണ്ട് തന്നെ ഇണയെ മനസ്സിലാക്കാനും ഇണക്ക് നമ്മെ മനസ്സിലാക്കിക്കൊടുക്കാനും കഴിയും. എന്നാല്‍ ഈ സംസാരം പലപ്പോഴും നമ്മുടെ അടുക്കളകളിലും കിടപ്പുമുറികളില്‍ പോലും നടക്കുന്നില്ല. അത്യാവശ്യമായി വരുന്ന ചില ഉള്ളുതുറക്കലുകള്‍ വരെ ചില ഈഗോയുടെ പേരില്‍ മാറ്റിവെക്കുന്നവരാണ് നമ്മള്.
ഈ കുറിപ്പ് ഇനി സംസാരിക്കുന്നത് കുടുംബത്തിലെ പുരുഷനോടാണ്. നിങ്ങളുടെ സ്വന്തം ഭാര്യയോട് ഉള്ളു തുറന്നു സംസാരിക്കാറുണ്ടോ നിങ്ങള്‍. നിത്യജീവിത്തില്‍ നിങ്ങളെടുക്കുന്ന ഓരോ തീരുമാനവും അവളോട് അന്വേഷിച്ചാണോ ഉറപ്പിക്കാറ്? അതോ എല്ലാം തീരുമാനിച്ചുറച്ച ശേഷം മാത്രമാണോ അവള് എല്ലാം അറിയാറ്? ശരിയാണ്. ചില കാര്യങ്ങളുണ്ട്. സര്‍പ്രൈസിന് വേണ്ടി നാം അതുവരെ മറച്ചുപിടിക്കുന്നത്. അതെ കുറിച്ചല്ല ഇവിടെ പറയുന്നത്.
നമ്മുടെ ജീവിതമാണ് നാമവളോട് പങ്കുവെക്കേണ്ടത്. അത് മനസ്സും ശരീരവുമെല്ലാം ഉള്‍പ്പെടുന്ന പങ്കുവെക്കലാണ്. മാനസികമായ പങ്കുവെക്കലുകളുടെ അവസാനമായാണ് ശാരീരികമായ പങ്കുവെക്കലുകളുടെ സ്ഥാനം വരുന്നത് പോലും.
ഒരാണെന്ന നിലയില്‍ നിങ്ങള്‍ സമ്പാദിക്കുന്ന സ്വത്ത് സമൂഹത്തില്‍ മാത്രമെ നിങ്ങളെ മുതലാളിയാക്കുന്നുള്ളൂ. നിങ്ങളുടെ വീടുകളില്‍ നിങ്ങളെ മുതലാളിയാക്കുന്നത് നിങ്ങളുടെ ഭാര്യയാണ്. അത് മറന്നുപോകരുത്. അവളുടെ സ്നേഹവും പിന്തുണയുമാണ് ഒരര്‍ഥത്തില്‍ നിങ്ങളെ സമൂഹത്തില്‍ പോലും കാശുകാരനാക്കുന്നത്. അപ്പോള്‍ പിന്നെ അവള്‍ക്ക് ആവശ്യമുള്ള സ്നേഹം കൊടുക്കാന്‍ സമയം കണ്ടത്തേണ്ടതും അതിന് വേണ്ടി ചില ഈഗോകളെ മാറ്റിവെക്കേണ്ടതും പുരുഷന്റെ ബാധ്യതയായി വരുന്നു.
എല്ലാം തന്റെ പുരുഷന് വേണ്ടി സഹിക്കുന്നവളും ത്യജിക്കുന്നവളുമാണ് പെണ്ണ്. അവള്‍ക്ക് തിരിച്ചുവേണ്ടത് ഭര്‍ത്താവിന്റെ സ്നേഹമാണ്. സ്നേഹം മാത്രം. ഭര്‍ത്താവെന്ന നിലയില്‍ നിങ്ങള്‍ സമ്പന്നനാകുന്നത് പെണ്ണ് നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന സ്നേഹം കൊടുക്കാനാകുമ്പോള്‍ മാത്രമാണ്. നിങ്ങള്‍ സ്നേഹിച്ചാല്‍ മാത്രം പോരാ അതവള്‍ക്ക് തോന്നുക കൂടി വേണം. ചിലപ്പോഴൊക്കെ മനപ്പൂര്‍വം അവരോട് ആ സ്നേഹവും പരിഗണനയും പ്രകടിപ്പിക്കേണ്ട സന്ദര്‍ഭം വരും. പ്രസ്തുത സമയങ്ങളില്‍ അത് ചെയ്യുന്നതിന് മടി കാണിച്ചൂ കൂടാ.
പലരുമുണ്ട്. ഭാര്യമാരെ അവര്‍ നന്നായി സ്നേഹക്കുന്നുണ്ട്. പരിഗണിക്കുന്നുമുണ്ട്. പക്ഷെ ഭാര്യമാര്‍ക്ക് പരാതി തന്നെയായിരിക്കും. സ്നേഹം പ്രകടിപ്പിക്കാന്‍ ഭര്‍ത്താവ് പിശുക്കു കാണിക്കുന്നതാണ് അതിന് കാരണം. സ്നേഹിക്കുക എന്നത് ഒരു കാര്യമാണ്. ഉള്ള സ്നേഹം പ്രകടിപ്പിക്കുക എന്നത് മറ്റൊരു കാര്യവും. അതു രണ്ടും ഒത്തു വരുമ്പോഴെ മിക്കവാറും പെണ്ണുങ്ങള്‍ക്ക് സംതൃപ്തിയാവൂ.
ഭാര്യ ചെയ്യുന്ന ഓരോ കാര്യങ്ങളിലും അവരെ അഭിനന്ദിക്കണം. അതവളെ കൂടുതല്‍ ഉന്മേശവതിയാക്കും. ജീവിതത്തില്‍ അതവളെ കുടുതല്‍ ആരോഗ്യവതിയുമാക്കും. സാധാരണ ഡൈനിംഗ് ടാബിളില്‍ നിന്ന് ഭക്ഷണം കഴിച്ചെണീക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ഐറ്റത്തെ കുറിച്ച് ‘അത് ഏറെ ഉശാറായിരിക്കുന്നു’വെന്ന് മാത്രം നിങ്ങള്‍ പറയേണ്ടതുള്ളൂ. അത് അവള്‍ക്ക് നല്കുന്ന ഊര്‍ജം അപാരമായിരിക്കും.
നിങ്ങളുടെ പരിഗണനയുടെയും ലാളനയുടെയും തണല്‍ മാത്രം അപേക്ഷിച്ച് നിങ്ങള്‍ക്ക് കൈ തന്നവളാണവള്‍. അതുമാത്രം പ്രതീക്ഷിച്ച് നിങ്ങളുടെ കൂടെപോന്നവള്‍. നോട്ടുകെട്ടുകളുടെ കൂമ്പാരം സ്വരൂപിച്ച് അതിന്റെ തണലിലേക്ക് അവളെ ആനയിക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ അത് മഹാവിഡ്ഡിത്തം മാത്രമാണ്.
അവളുടെ ചില ആവശ്യങ്ങള്‍ സാധിപ്പിച്ചു കൊടുക്കാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അല്പം വിഷമം കാണും. സാമ്പത്തികമായി നിങ്ങള്‍ തത്കാലം കഷ്ടത്തിലായത് കൊണ്ടാവാം. അല്ലെങ്കില്‍ നിങ്ങളുടെ മതബോധം നിങ്ങളെ അതിന് സമ്മതിക്കാത്ത കാരണം മൂലമാവാം. ഏതായാലും അതവളെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. അതല്ലാതെ അക്കാര്യം നടക്കില്ലെന്ന് പറഞ്ഞ് വാശി കാണിക്കുകയല്ല. ആണത്തം കാണിക്കേണ്ടത് സ്വന്തം ഭാര്യയുടെ മുന്നിലല്ല എന്നര്‍ഥം.
കാര്യകാരണസഹിതം പറഞ്ഞിട്ടും മനസ്സിലാക്കുന്നില്ലെങ്കില്‍ അതിന് എന്തെങ്കിലും സൂത്രം ഉപയോഗിച്ച് അവളോട് കാര്യം പറയണം. നിയമങ്ങള്‍ എണ്ണിപ്പറഞ്ഞ് മാത്രം സംസാരിക്കാന്‍ കോടതിയില്ല ഇത്. മറിച്ച് നിങ്ങളുടെ കുടുംബമാണ്.
ജോലിത്തിരക്കുകളുടെ പേരില്‍ ദാമ്പത്യം വേണ്ട പോലെ പുഷ്പിക്കാത്ത കുടുംബങ്ങളെയും കണ്ടിട്ടുണ്ട്. ഓഫീസിലെ സമ്മര്‍ദം വീട്ടിലും കുടുംബത്തിലും കാണിച്ചുകൂടാ. ഓഫീസ് വിട്ടിറങ്ങിയാല്‍ പിന്നെയുള്ള സമയമെങ്കിലും കുടുംബത്തിനും മറ്റു വേണ്ടപ്പെട്ടവര്‍ക്കും നല്കാനാവുന്നില്ലെങ്കില് പിന്നെ നമുക്ക് നോട്ടൂകളുടെ സമ്പാദ്യം മാത്രമെ കാണൂ. കാശ് കൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കാന്‍ കിട്ടുന്നതല്ല കുടുംബവും കുടുംബത്തിലെ ആര്‍ദ്രമായ സ്നേഹവായ്പുകളും.
✍🏼മന്‍ഹര്‍ യു.പി കിളിനക്കോട്
0 Comments