നജസുകളും ശുദ്ധീകരണവും


 മലിനങ്ങളെ മനുഷ്യന്‍ വെറുക്കുന്നു; മലിനീകരണത്തെയും. മലിനീകരണം ആരോഗ്യത്തിന് ഹാനികരണമാണെന്നതില്‍ തര്‍ക്കമില്ല. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ആരോഗ്യത്തിനു മാത്രമല്ല, ആരാധനകള്‍ക്കും ഹാനികരമാണ്. ശരീരം, വസ്ത്രം, നിസ്‌കരിക്കുന്ന സ്ഥലം ഇവയെല്ലാം നജസില്‍നിന്നും ശുദ്ധിയായിരിക്കല്‍ നിസ്‌കാരത്തിന്റെ രണ്ടാമത്തെ ശര്‍ത്താണല്ലോ. അതിനാല്‍ നമ്മുടെ ശരീര വസ്ത്രാദികള്‍ സദാ മലിനമുക്തമായിരിക്കണം. മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. ഇവയുടെ പട്ടിക വളരെ സുദീര്‍ഘമാണ്.

മലവും മൂത്രവും 

മനുഷ്യരുടെയും ഇതര ജീവികളുടെയും മലവും മൂത്രവും മലിനമാണ്. മത്‌സ്യം, വെട്ടുകിളി (ജറാദ്) ഇവകളുടെയും മലമൂത്രങ്ങള്‍ നജസു തന്നെ. ഉള്ളിലുള്ള മലിന വസ്തുക്കള്‍ നീക്കം ചെയ്ത ശേഷമേ മത്‌സ്യം ഭക്ഷിക്കുവാന്‍ പാടുള്ളൂ. എന്നാല്‍ ഉള്‍ഭാഗം ശുദ്ധിയാക്കുവാന്‍ പ്രയാസമുള്ള ചെറിയ മത്‌സ്യം ഒട്ടാകെ ഭക്ഷിക്കാവുന്നതാണ്.

പാലൊഴുകെ മറ്റൊന്നും ഭക്ഷിക്കാത്ത മുലകുടി പ്രായത്തിലുള്ള ആണ്‍കുട്ടികളുടെ മൂത്രം മലിനങ്ങളില്‍ ഏറ്റവും ലഘുവായതാണ്. മലിനത ബാധിച്ച സ്ഥലത്ത് മൂത്രത്തേക്കാള്‍ അധികം വെള്ളം കുടഞ്ഞാല്‍ മതി. വെള്ളം ഒലിക്കണമെന്ന് നിര്‍ബന്ധമില്ല. ആസകലം വെള്ളം എത്തണമെന്നു മാത്രം.

എന്നാല്‍ പെണ്‍കുട്ടിയുടെ മൂത്രമോ പാലൊഴികെ മറ്റെന്തെങ്കിലും ഭക്ഷിക്കുന്ന ആണ്‍കുട്ടികളുടെ മൂത്രമോ വസ്ത്രത്തിലോ മറ്റോ ആയാല്‍ വെള്ളം കുടഞ്ഞതു കൊണ്ട് ശുദ്ധിയാവില്ല. മൂത്രമായ സ്ഥലം വലിയവരുടേതു പോലെ കഴുകണം. പാല്‍ കൊണ്ട് ഇവിടെ ഉദ്ദേശ്യം സ്വമാതാവിന്റെ പാല്‍ മാത്രമല്ല, അന്യരുടെ പാലായിരുന്നാലും വല്ല മൃഗങ്ങളുടെ പാലായിരുന്നാലും വിരോധമില്ല.

മദ്‌യ് (സുരതജലം) 

കാമവികാരങ്ങള്‍ ഇളകിവരുമ്പോള്‍ മുന്‍ദ്വാരത്തിലൂടെ പുറത്തു വരുന്ന കൊഴുപ്പുള്ള കനം കുറഞ്ഞ വെളുത്തൊരു ദ്രാവകമാണ് മദ്‌യ്. മഞ്ഞ നിറത്തിലും ഇത് പുറപ്പെടാറുണ്ട്. ശൈത്യകാലത്ത് നിറത്തില്‍ കട്ടിയുള്ളതായും ഉഷ്ണകാലത്ത് മഞ്ഞനിറത്തില്‍ ഘനം കുറഞ്ഞതായും പുറപ്പെടുമെന്ന് ഇബ്‌നുസ്വലാഹ് പ്രസ്താവിച്ചുണ്ട്. ചിലപ്പോള്‍ ഇതു പുറപ്പെട്ടത് അറിഞ്ഞില്ലെന്ന് വരാം. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഈ സ്വഭാവം അധികമായി കണ്ടുവരുന്നത്.

മദ്‌യ് പുറപ്പെട്ടതു കൊണ്ട് കുളി നിര്‍ബന്ധമില്ല. അലിയ്യ്(റ) ഇപ്രകാരം പറഞ്ഞു: ഞാന്‍ മദ്‌യ് കൂടുതലുള്ള ആളായിരുന്നു. തല്‍സംബന്ധമായി നബിയോട് ചോദിച്ചറിയാന്‍ എനിക്ക് ലജ്ജ തോന്നി. കാരണം, പ്രവാചകപുത്രി ഫാത്വിമ(റ) എന്റെ ഭാര്യയാണെന്നതു തന്നെ. ഞാന്‍ അക്കാര്യം മിഖ്ദാദ്(റ) വനോട് പറഞ്ഞു. അദ്ദേഹം നബി (സ)യോട് ആ വിഷയത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ''അദ്ദേഹത്തിന്റെ ലിംഗം കഴുകുകയും വുളൂഅ് എടുക്കുകയും ചെയ്യട്ടെ'' (ബുഖാരി, മുസ്‌ലിം).

പുറപ്പെട്ട വസ്തു മനിയ്യോ മദ്‌യോ എന്ന് സംശയിച്ചാല്‍ അവന് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാം. അതായത് ഇന്ദ്രിയമാണെന്ന്‌വെച്ച് കുളിക്കുക. മദ്‌യ് ആണെന്നുവെച്ച് ദേഹത്തില്‍നിന്നും വസ്ത്രത്തില്‍ നിന്നും അത് ആയ സ്ഥലം കഴുകി വൃത്തിയാക്കി വുളൂഅ് ചെയ്യുക. രണ്ടിലൊന്ന് ചെയ്യാം. ഇവയെല്ലാം ചെയ്യലാണ് അത്യുത്തമം.

വദ്‌യ് 

മൂത്രിച്ച ഉടനെ പുറപ്പെടുന്ന വെള്ള നിറത്തില്‍ അല്‍പം കലര്‍പ്പോടു കൂടിയ ഒരുതരം ദ്രാവകമാണ് വദ്‌യ്. കനമുള്ള വസ്തു ചുമക്കുന്ന സമയത്തും ഇതു പുറപ്പെട്ടെന്നുവരാം. ഇത് നജസാണ്. കുളി നിര്‍ബന്ധമില്ല.

രക്തം 

രക്തം നജസാണ്. ഏതു ജീവികളുടെയും രക്തം മലിനം തന്നെ. ഭക്ഷിക്കപ്പെടുന്ന മാംസത്തിലോ എല്ലിലോ സ്ഥിതി ചെയ്യുന്ന രക്തമാണെങ്കിലും മലിനം തന്നെയാണ്. പക്ഷെ, എല്ലിന്‍മേല്‍ അവശേഷിക്കുന്ന വിട്ടുവീഴ്ചയുണ്ട്. സ്വശരീരത്തില്‍ രക്തം കുത്തിയെടുത്ത സ്ഥലത്തു നിന്നും ഇഞ്ചക്ഷന്‍ ചെയ്ത സ്ഥലത്തു നിന്നും രക്തം പുറപ്പെടുന്നപക്ഷം അത് മാപ്പ് ചെയ്യപ്പെടും.

കരള്‍, പ്ലീഹ, ഉറച്ചു കട്ടിയായ കസ്തൂരി, ഗര്‍ഭാശയത്തു നിന്നും പുറപ്പെടുന്ന രക്തപിണ്ഡം, മാംസപിണ്ഡം, രക്തവര്‍ണത്തിലുള്ള പാല്‍, കെട്ടു നാശമാവാത്ത മുട്ടയിലെ രക്തം എന്നിവയെ രക്തത്തിന്റെ വിധിയില്‍നിന്ന് കര്‍മ്മശാസ്ത്രപടുക്കള്‍ ഒഴിവാക്കിയിരിക്കുന്നു. ഇവയൊന്നും നജസല്ല. കരളിലും പ്ലീഹയിലും ബഹുഭൂരിഭാഗവും രക്തമാണെങ്കിലും ഗ്ലുക്കോജന്‍, അയേണ്‍, പ്രോട്ടീന്‍ തുടങ്ങിയ വിവിധ വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

ചലം 

ചലം നജസാണ്. രക്തം ദുഷിച്ചതാണ് ചലം. രക്തക്കലര്‍പ്പുള്ള ദുഷിച്ച നീരിന് ചീഞ്ചലമെന്ന് പേര്. അതും മലിനം തന്നെയാണ്. വ്രണം, വസൂരി, പോളന്‍ എന്നിവയില്‍നിന്ന് ഒഴുകുന്ന നീരും അപ്രകാരം തന്നെ. പക്ഷെ, യാതൊരു പകര്‍ച്ചയുമില്ലാതെ തനി വെള്ളമാണ് അവയില്‍നിന്ന് ഒഴുകുന്നതെങ്കില്‍ മലിനമല്ല.

മുഖക്കുരു, ചിരങ്ങ്, വ്രണം മുതലായവ ഞെക്കിപ്പിഴിഞ്ഞ് വസ്ത്രത്തിലും ചുമരിലും മറ്റും തേക്കുന്നവരുണ്ട്. വൃത്തികെട്ട സ്വഭാവമാണിത്. മലിനമായ സ്ഥലം റഹ്മത്തിന്റെ മലക്കുകള്‍ക്ക് വെറുപ്പാണ്.

ഛര്‍ദ്ദിച്ചത് 

ആമാശയത്തില്‍ എത്തിയ വസ്തു പുറത്തുവന്നാല്‍ അത് നജസാണ്.  ആമാശയത്തില്‍ എത്തുന്നതിന്റെ മുമ്പ് തികട്ടിപ്പോന്ന വസ്തുക്കള്‍ നജസല്ല. മുലകുടി പ്രായത്തിലുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഛര്‍ദ്ദിയുണ്ടായാല്‍ അത് മുലയൂട്ടുന്ന മാതാവിന്റെ മുലക്കണ്ണിന്‍മേല്‍ പുരളുന്നത് പൊറുക്കപ്പെടും. അവരുടെ വായയുടെ മേല്‍ ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്തതിനാല്‍ ശരീരത്തിലായതിന് പൊറുക്കപ്പെടുകയില്ല. (തുഹ്ഫ)

ഉറക്കത്തില്‍ വായയില്‍കൂടി വരുന്ന കേത്തല ആമാശയത്തില്‍ നിന്നുള്ളതാണെങ്കില്‍ അത് നജസാണ്. മുറിയാതെ തുടര്‍ച്ചയായി പുറത്തുവരലും ദുര്‍ഗന്ധവും മഞ്ഞ നിറവുമാണെങ്കില്‍ അത് ആമാശയത്തില്‍നിന്നാണെന്ന് മനസ്സിലാക്കാം. പക്ഷെ, സാധാരണയായി ധാരാളം അതൊഴുകുന്നതു കൊണ്ട് ബുദ്ധിമുട്ടിയവര്‍ക്ക് വിട്ടുവീഴ്ചയില്ല.

ഭക്ഷിക്കപ്പെടുന്ന ജീവികളുടെ പാല്‍ 

പട്ടി, പൂച്ച, നാട്ടുകഴുത തുടങ്ങി ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ നജസാണ്. എന്നാല്‍, മനുഷ്യന്റെ മാംസം ഭക്ഷിക്കപ്പെടാല്‍ പറ്റില്ലെങ്കിലും പാല്‍ നജസല്ല.

ശവം 

മനുഷ്യരും മത്‌സ്യവും വെട്ടുകിളിയുമല്ലാത്ത ഏതു ജീവികളുടെയും ശവം നജസാണ്. ഈച്ച, പാറ്റ പോലുള്ള നിസ്സാര ജീവികളുടെ ശവവും ഇതില്‍പെടും. എന്നാല്‍ ഒലിക്കുന്ന രക്തമില്ലാത്തതിനാല്‍ ഇത്തരം ചെറുജീവികളുടെ ശവം നജസല്ലെന്ന് ഇമാംഖഫാന്‍(റ) അടക്കമുള്ള ചില പണ്ഡിതന്‍മാരും ഈച്ചയുടെ ശല്യമുള്ള സ്ഥലത്ത് നിസ്‌കരിക്കുമ്പോള്‍ അവയുടെ ശവം ശരീരത്തിലുണ്ടായാല്‍ നിസ്‌കാരം സാധുവാകുമെന്ന് മറ്റുചില പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പാറ്റയുടെ കാര്യത്തിലും ഈ അഭിപ്രായ ഭിന്നത ബാധകമാണ്.

ശവത്തിന്റെ തൂവല്‍, രോമം, കൊമ്പ് തുടങ്ങിയ സാധനങ്ങള്‍ നജസാണ്. ഭക്ഷിക്കപ്പെടാത്ത ജീവികളുടെ ജീവിതകാലത്ത് പിരിഞ്ഞുപോയ രോമം, തൂവല്‍, കൊമ്പ് ഇവയെല്ലാം നജസുതന്നെ. പാമ്പ് ഉരിയുന്ന ഉറയും ചിലന്തിവലയും നജസാണെന്ന് ഇബ്‌നുസുഹല്‍(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. കാക്ക, വാവല്‍, കുരങ്ങ് പോലെയുള്ള  ഭക്ഷിക്കപ്പെടാത്ത ജീവികളെ അറുക്കപ്പെട്ടാലും ശവം നജസാണ്.

ശവത്തിന്റെ തോല്‍ ശുദ്ധീകരിക്കാനുള്ള മാര്‍ഗം അതിനെ ഊറക്കിടലാണ്. നായയുടെയും പന്നിയുടേയുമല്ലാത്ത എല്ലാ തോലുകള്‍ക്കും ഇത് ബാധകമാണ്. 

Post a Comment

0 Comments