ഉള്ഹിയ്യത്ത്: വിധിയും വിതരണവും


നിയ്യത്ത്

ആരാധനകള്‍ സാധുവാകാന്‍ നിയ്യത്ത് (ഹൃദയത്തില്‍ ഉദ്ദേശ്യമുണ്ടാകല്‍) നിര്‍ബന്ധമാണ്. നാവുകൊണ്ട് മൊഴിയല്‍ സുന്നത്തും. ഉള്ഹിയ്യത്തിനും ഇത് ബാധകമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് ഞാന്‍ അറുക്കുന്നു/സുന്നത്തായ മൃഗബലി ഞാന്‍ നടത്തുന്നു തുടങ്ങിയതാണ് നിയ്യത്തിന്റെ രൂപം.

അറവും വിതരണവും മറ്റൊരാളെ ഏല്‍പിക്കുന്നതുപോലെ നിയ്യത്തും ഏല്‍പിക്കാം. ഭ്രാന്തന്‍, അവിശ്വാസി, ബോധക്ഷയമുള്ളവന്‍, വിവേകമില്ലാത്ത കുട്ടി എന്നിവരെ നിയ്യത്ത് ഏല്‍പിക്കാന്‍ പാടില്ല. അറവ് ഒരാളെ ഏല്‍പിച്ചതുകൊണ്ട് അവന്‍ നിയ്യത്ത് ഏറ്റെടുത്തവനാകുന്നില്ല. ഏല്‍പിച്ചവന്‍ നിയ്യത്ത് ചെയ്തു; അറവ് ഏറ്റെടുത്തവന്‍ ഉള്ഹിയ്യത്താണെന്നറിയാതെ അറുത്താലും സാധുവാകും. 

ജീവിച്ചിരിക്കുന്ന ഒരാള്‍ക്കുവേണ്ടി അവന്റെ അനുമതി പ്രകാരവും മരിച്ചുപോയ ഒരാള്‍ക്കുവേണ്ടി അവന്റെ വസ്വിയ്യത്തു പ്രകാരവും മറ്റൊരാള്‍ക്ക് ഉള്ഹിയ്യത്ത് അറുക്കാം.


പരിഗണിക്കപ്പെടുന്ന മൃഗങ്ങള്‍

നെയ്യാട്, കോലാട്, ഒട്ടകം, മാടുകള്‍ (മൂരി, പശു, എരുമ, പോത്ത്) എന്നിവയാണ് ഉള്ഹിയ്യത്തിന് അംഗീകരിക്കപ്പെട്ട മൃഗങ്ങള്‍. നെയ്യാട് ഒരു വയസ്സ് പൂര്‍ത്തിയായിരിക്കുകയോ, ആറു മാസം തികഞ്ഞ് മുമ്പല്ലുകളില്‍ നിന്ന് ഒന്നെങ്കിലും കൊഴിഞ്ഞിരിക്കുകയോ വേണം. ഒട്ടകത്തിന് അഞ്ചു വയസ്സും കോലാടിനും മാടുകള്‍ക്കും രണ്ടു വയസ്സും പൂര്‍ത്തിയായിരിക്കണം. (നമ്മുടെ നാട്ടിലുള്ളവ കോലാടുകളാണ്) ഇവകളില്‍ ആണും പെണ്ണും നപുംസകവും ഉണ്ടായിരിക്കും. അതെല്ലാം ഉള്ഹിയ്യത്തിന് പര്യാപ്തമാണ്. ആണ്, നപുംസകം, പെണ്ണ് എന്നീ ക്രമത്തിലാണ് ശ്രേഷ്ഠത കല്‍പിക്കപ്പെടുന്നത്. പക്ഷെ, ഇണചേരല്‍ അധികമായ ആണിനേക്കാള്‍ പ്രസവിക്കാത്ത പെണ്ണിനാണ് ശ്രേഷ്ഠത.

നിബന്ധനകള്‍

ഒട്ടകം, മാട്, നെയ്യാട്, കോലാട് എന്നീ ക്രമത്തിലാണ് മൃഗങ്ങള്‍ക്ക് ശ്രേഷ്ഠത കല്‍പിക്കപ്പെടുന്നത്. ഏഴ് ആടുകളെ അറുക്കുന്നത് ഒട്ടകത്തെയോ മാടിനെയോ അറുക്കുന്നതിനേക്കാള്‍ ഉത്തമമാണ്. ഏഴില്‍ കുറവാണെങ്കില്‍ ഒട്ടകത്തിനും മാടിനുമാണ് ശ്രേഷ്ഠത. ഒരു മൃഗത്തില്‍ ആടിന്റെ തോതനുസരിച്ച് പങ്കുചേരുന്നതിനേക്കാള്‍ ആടിനെ അറുക്കലാണ് പുണ്യം. എണ്ണത്തിനേക്കാള്‍ വണ്ണത്തിനാണു പ്രാധാന്യം. 

തടിച്ചു കൊഴുത്ത ഒരു മൃഗത്തിന്റെ വിലക്ക് അതിന്റെ ഗുണങ്ങളില്ലാത്ത രണ്ടെണ്ണം കിട്ടുമെങ്കില്‍ ഒന്നാണ് ഉത്തമം. വെള്ള, മഞ്ഞ, മങ്ങിയ വെള്ള, നീല, ചുവപ്പ്, വെള്ളയോട് കറുപ്പോ ചുവപ്പോ കലര്‍ന്നത്, കറുപ്പ്, വെള്ളയിലേക്ക് കൂടുതല്‍ അടുത്തത് എന്നീ ക്രമത്തിലാണ് അടിസ്ഥാനമാക്കിയുള്ള ശ്രേഷ്ഠത. പക്ഷെ, ശ്രേഷ്ഠമായ നിറമുള്ളത് തടി കുറഞ്ഞതാണെങ്കില്‍ നിറത്തില്‍ ശ്രേഷ്ഠത കുറഞ്ഞ തടിച്ച മൃഗത്തിന് മുന്‍ഗണന നല്‍കണം.

പ്രായത്തിലും വളര്‍ച്ചയിലും മാംസത്തിന്റെ ഗുണമേന്മയിലും മൃഗങ്ങള്‍ അന്യൂനമായിരിക്കണം. ഭക്ഷ്യയോഗ്യമായ ഘടകങ്ങള്‍ക്ക് കുറവു വരുത്തുന്ന ന്യൂനതകള്‍ ഉണ്ടാവരുത്. മാംസത്തിന്റെ ഗുണനിലവാരം കുറക്കുന്നതോ ക്ഷയിപ്പിക്കുന്നതോ ആയ രോഗം, ചിരങ്ങ്, ചൊറി, മുറിവ്, ചൊള്ള, സ്പഷ്ടമായ മുടന്ത്, കാഴ്ചയില്ലായ്മ, കണ്ണ് നഷ്ടപ്പെടല്‍, അമിതമായി മെലിഞ്ഞ് മജ്ജയും പുഷ്ടിയും കുറയുക, ചെവി, നാക്ക്, വാല്, അകിട് എന്നിവ പൂര്‍ണമായോ ഭാഗികമായോ മുറിഞ്ഞുപോകുക, ഒരവയവം ഇല്ലാതിരിക്കുകയോ നഷ്ടമാകുകയോ, പൊട്ടുകയോ തളരുകയോ അതില്‍നിന്ന് ഒരു ഭാഗം നഷ്ടപ്പെടുകയോ ചെയ്യുക, ഗര്‍ഭം ധരിക്കുക, തീറ്റയെ പ്രതികൂലമായി ബാധിക്കുന്നവിധം പൂര്‍ണമായോ ഭാഗികമായോ പല്ല് പൊട്ടുകയോ കൊഴിയുകയോ ചെയ്യുക എന്നീ ന്യൂനതകളുള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റുകയില്ല.

ചെവി പറ്റെ തളര്‍ന്നതും ചെവിയില്ലാത്തതും പറ്റില്ല. പല്ല് വരാതിരിക്കുക, തീറ്റയെ പ്രതികൂലമായി ബാധിക്കാത്തവിധം പല്ല് പൊട്ടുകയോ നഷ്ടപ്പെടുകയോ ചെയ്യുക, വാലും അകിടും സൃഷ്ടിപ്പില്‍ തന്നെ ഇല്ലാതിരിക്കുക, വലിയ ഒരവയവത്തില്‍ നിന്ന് അല്‍പം മാത്രം നഷ്ടമാകുക, മാംസത്തെ ബാധിക്കാത്ത വിധം കൊമ്പു പൊട്ടുക (രക്തം ഒലിച്ചാലും ശരി), കൊമ്പില്ലാതിരിക്കുക, ലിംഗം ഇല്ലാതിരിക്കുകയോ മുറിക്കപ്പെടുകയോ ചെയ്യുക, കണ്ണില്‍ നിന്ന് വെള്ളം ഒലിക്കുക, രാത്രി മാത്രം കണ്ണ് കാണാതിരിക്കുക, കഷ്ണം നഷ്ടപ്പെടാത്തവിധം ചെവിയില്‍ തുളയോ പിളര്‍പ്പോ ഉണ്ടാകുക, നേരിയ തോതില്‍ ചെവി കുഴയുക, വരിയുടക്കുക, കൂടുതല്‍ പ്രസവിക്കുക, ഇണചേരല്‍ അധികമാകുക, പ്രസവം കഴിഞ്ഞ് കാലം ദീര്‍ഘിക്കാതിരിക്കുക തുടങ്ങിയ ന്യൂനതകള്‍ ഉള്ഹിയ്യത്തിന് തടസ്സമല്ല.


ദുല്‍ഹിജ്ജ പത്തിന്റെ സൂര്യോദയം മുതല്‍ പതിമൂന്നിന്റെ സൂര്യാസ്തമയം വരെയുള്ള സമയത്ത് അല്ലാഹുവിലേക്കടുക്കാന്‍ വേണ്ടി ബലിയറുക്കപ്പെടുന്ന മൃഗ (ആട്, മാട്, ഒട്ടകം) ത്തിനാണു ഉള്ഹിയത്ത് എന്നു പറയുക. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയ്യത്ത്.

നബി(സ) പറഞ്ഞു: രക്തമൊലിപ്പിക്കുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റൊരു കര്‍മവും ബലിപെരുന്നാളില്‍ മനുഷ്യനില്ല. തീര്‍ച്ചയായും, ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളില്‍ ആഗതമാകും. അതിന്റെ രക്തം ഭൂമിയില്‍ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കല്‍ ഉന്നതമായ ഒരിടത്തതു സംഭവിച്ചിരിക്കും. അതിനാല്‍ ഉള്ഹിയ്യത്തറുത്ത് നിങ്ങള്‍ ശുദ്ധരായി കൊള്ളട്ടെ. (തുര്‍മുദി, അബൂദാവൂദ്) 

ബലിമൃഗങ്ങളെ നിങ്ങള്‍ ബഹുമാനിക്കണം. കാരണം അവ സ്വിറാത്ത് പാലത്തിന്‍മേല്‍ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ്.


ഉള്ഹിയ്യത്ത് ഉമ്മത്തിന്റെ ഹഖില്‍ ശക്തിയായ സുന്നത്താണ്. എന്നാല്‍, നബി(സ)ക്കു നിര്‍ബന്ധവുമായിരുന്നു. തുര്‍മുദിയുടെയും ദാറഖുത്വ്‌നിയുടെയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാര്‍ അക്കാര്യം വ്യക്തമാക്കുന്നു.


ബലിപെരുന്നാള്‍ ദിനങ്ങളില്‍ തനിക്കും ആശ്രിതര്‍ക്കും ആവശ്യം വേണ്ടുന്ന ചെലവുകള്‍ കഴിച്ച് സ്വത്തില്‍ ബാക്കിയുള്ള, വിവേവകും തക്‌ലീഫുമുള്ള ഏതൊരു മുസ്‌ലിമിനും ബലിദാനം സുന്നത്താണ്. പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് സന്താനത്തിനുവേണ്ടി സ്വന്തം ധനത്തില്‍നിന്നെടുത്ത് ഉള്ഹിയ്യത്തറുക്കാവുന്നതാണ്. അറുത്തവന് ദാനത്തിന്റെയും കുട്ടിക്ക് ഉള്ഹിയ്യത്തിന്റെയും പ്രതിഫലം ലഭിക്കും. (ശര്‍വാനി 9/367)


ഒന്നിലധികം അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫയാണ്. കൂട്ടത്തില്‍ ഒരാള്‍ അറുത്താല്‍ എല്ലാവര്‍ക്കു വേണ്ടിയും അതു മതിയാകുന്നതാണ്. ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ്. കുടുംബത്തില്‍ ഒരാള്‍ മാത്രം അറുത്താല്‍ തേട്ടം ഒഴിവായിക്കിട്ടുമെങ്കിലും പ്രതിഫലം മറ്റുള്ളവര്‍ക്ക് ലഭിക്കുകയില്ല. ഒരാളുടെ കര്‍മത്തിന്റെ പുണ്യത്തില്‍ മറ്റുള്ളവരെ കൂടി പങ്കുചേര്‍ത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ്.

സുന്നത്തായ ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാലതു നിര്‍ബന്ധമായി മാറും. ഞാനിതു ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യത്താണ് എന്നിങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അതോടെ അതു നിര്‍ബന്ധമായിത്തീരും. എന്നാല്‍, വെറും വിവരമറിയിക്കല്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ഉള്ഹിയ്യത്താണ് എന്നു പറഞ്ഞതെങ്കില്‍ നിര്‍ബന്ധമാകില്ലെന്ന് സയ്യിദ് ഉമര്‍ ബസരി(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (കുര്‍ദി 2/204)

ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം പോലുള്ളവ നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി 4/284)


പുരുഷനു സ്വന്തമായി അറവ് നടത്തലാണ് അറവ് വശമുണ്ടെങ്കില്‍ പുണ്യകരം; സ്ത്രീക്കു മറ്റൊരാളെ ഏല്‍പ്പിക്കലും. സ്വയം അറുക്കുന്നില്ലെങ്കിലും അറവുസ്ഥലത്ത് ഹാജരാകല്‍ സുന്നത്താകുന്നു. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ ഉള്ഹിയ്യത്തറുക്കാവുന്നതാണ്. ഭരണാധികാരിയല്ലാത്തവനു തന്റെ വീടിനോടനുബന്ധിച്ച് കുടുംബങ്ങളെ സന്നിധിയില്‍ വെച്ചു അറവു നടത്തലാണു ഉചിതം. അയല്‍വാസികള്‍ ഭാഗം ചേര്‍ന്നറുക്കുകയാണെങ്കില്‍, വീടുകള്‍ പരസ്പം തൊട്ടടുത്താണെങ്കില്‍ എല്ലാ വീടുകളുടെയും പരിസരത്തായി അറുക്കണം. വീടുവിട്ടുള്ള വീട്ടുകാരില്‍ ഒരാളുടെ വീട്ടുപടിക്കല്‍ അറവു നടത്തുകയാണെങ്കില്‍ അയാള്‍ക്കു മാത്രമീ സുന്നത്തു ലഭിക്കും. എല്ലാവര്‍ക്കും സൗകര്യപ്പെടുന്നപൊതുസ്ഥലം കണ്ടെത്തുന്നതില്‍ കുഴപ്പമൊന്നുമില്ല.


ഒട്ടകം, മാട്, ആട് എന്നീ ഇനങ്ങള്‍ മാത്രമേ ഉള്ഹിയ്യത്തിനും പറ്റുകയുള്ളൂ. ഒട്ടകം 5 വയസ്സ്, മാട്, കോലാട് 2 വയസ്സ്, നെയ്യാട് 1 വയസ്സ് എന്നിങ്ങനെ പ്രായം തികയേണ്ടതാണ്. വയസ്സ് തികയും മുമ്പേ നെയ്യാടിന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെങ്കിലതും സാധുവാകുന്നതാണ്. (തുഹ്ഫ 9/348) 

ആണ്‍, പെണ്‍ ഇവ രണ്ടും പറ്റുമെങ്കിലും ആണ്‍ മൃഗമാണ് കൂടുതല്‍ ഉചിതം. എന്നാല്‍, കൂറ്റന്‍കയറലധികരിച്ചതാണെങ്കില്‍ പ്രസവിക്കാത്ത പെണ്‍മൃകമാണു ഉചിതം.


ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഉള്ഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വെച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്. അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താല്‍ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അര്‍ഹര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.


ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്. (ശര്‍വാനി 9/349) ഇതിനര്‍ത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138). 

മറിച്ച് ബാക്കിയുള്ളവര്‍ അവരുടെ ഓഹരികള്‍ മുഴുവനും സ്വന്തമായെടുത്ത് ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി സ്വദഖ ചെയ്താല്‍ മതിയാവില്ല എന്നാണ്. ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്റെ, പത്തു കിലോ വീതം ആറോഹരിയും (60 കിലോ) മറ്റുള്ളവര്‍ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തന്റെ കിലോയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി വിതരണം നടത്തിയത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയില്‍നിന്ന് 7 കിലോ ആദ്യം സാധുക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചെടുത്തു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളില്‍നിന് ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാല്‍ ഉള്ഹിയ്യത്തിന്റെ നിര്‍ബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്.  ഈ ഉദാഹരണം മനസ്സിലാക്കിയാല്‍ ഇനി ഇവ്വിഷയത്തില്‍ തെറ്റിദ്ധാരണക്കിടമില്ല.


ഒന്നിലധികമാളുകള്‍ കൂടിയറുക്കുമ്പോള്‍, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവര്‍ ഏല്‍പ്പിക്കുന്നതു പ്രകാരം പുറത്തുള്ളവനോ അറവു നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിന്റെ ആകെ വിലയുടെ ഏഴിലൊന്നില്‍ കുറയരുത്. 7000 രൂപയുടെ ഒരു മൃഗം ഏഴു പേര്‍ ഒന്നിച്ചറുക്കുമ്പോള്‍ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താന്‍ ഓഹരിചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേര്‍തിരിയാതെ ധാരാളം പേരില്‍നിന്നു നിശ്ചിത സംഖ്യം പിരിച്ചു കുറെ മൃഗങ്ങളെ വാങ്ങി ഒന്നിച്ച് അറുത്തുകൊണ്ടുള്ള ‘ബലികര്‍മം’ ചില നാടുകളില്‍ കണ്ടുവരുന്നു. അത് അസാധുവും അസ്വീകാര്യവുമാണ്.


21,000 രൂപക്ക് 21 പേര്‍ ചേര്‍ന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ഓരോ മൃഗത്തിനും ഏഴു പേര്‍ വീതം നിജപ്പെടുത്തി അതാതു മൃഗത്തിന്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപയാണു വരിക. മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കില്‍ ഓരോ മൃഗത്തിന്റെയും ഏഴു വിഹിതത്തില്‍നിന്നും സ്വദഖ ചെയ്യേണ്ടുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇന് എത്തുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ഷെയറുടമകള്‍ ശ്രദ്ധിക്കേണ്ടതാണ.് 

അതുറപ്പുള്ളപക്ഷം മൂന്നു മൃഗങ്ങളുടെയും മാംസം ഒരുമിച്ചുകൂട്ടി വിതരണം ചെയ്യുന്നതില്‍ അപാകത വരാനില്ല.  തനിക്കു ഭക്ഷിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നല്‍കുവാനും വേണ്ടി ഷെയറുകാരന്‍ സ്വന്തം മൃഗത്തില്‍നിന്ന് മാറ്റിവെച്ചതിനു ശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്. ചുരുക്കത്തില്‍, ഓരോരുത്തരും നിശ്ചിത മൃഗത്തിന്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്തുന്നപക്ഷം ഓരോ മൃഗത്തിന്റെയും 21-ല്‍ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ. അതിനു പുറമെ അവരവരുടെ വിഹിതങ്ങളില്‍ നിന്നുതന്നെ വിതരണവും നടക്കണം.

അതും ഒന്ന് ഒരാള്‍ക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താല്‍ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂറായിരിക്കുകയാണ്.  അപ്പോള്‍ ‘ഒരു ആട് ഒരാള്‍ക്ക്’ എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.

പറ്റിയത്, മുന്തിയത്

മാംസത്തിനു കുറവു വരുത്തുന്ന ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കണം ഉള്ഹിയ്യത്തു മൃഗം. ചെവി, ചന്തി, അകിട്, നാവ് പോലുള്ളവ മുറിച്ചുമാറ്റപ്പെട്ടത് മതിയാകില്ല. ഗര്‍ഭിണി പറ്റില്ലെന്നാണ് പ്രബലം. ചെവി കീറുക, തുളക്കുക എന്നിവ കുഴപ്പമില്ലെങ്കിലും തന്മൂലം വല്ലതും ചെവിയില്‍നിന്നടര്‍ന്നു പോകരുത്. ഭ്രാന്ത്, മുടന്ത്, കാഴ്ചയില്ലായ്മ, തീവ്രരോഗം, ചൊറി എന്നിവയുള്ളതും പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞുപോയതും ഉള്ഹിയ്യത്തറുക്കാന്‍ പറ്റാത്തതാണ്.

ഒരു പൂര്‍ണ്ണ ഒട്ടകം, പിന്നെ പൂര്‍ണ്ണമാട്, പിന്നെ നെയ്യാട്, പിന്നെ കോലാട്, പിന്നെ ഒരൊട്ടകത്തിന്റെ ഓഹരി ചേരുക, പിന്നെ മാടില്‍ ഓഹരി ചേരുക എന്ന വിധം ശ്രേഷ്ഠതയെ ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഏഴ് ആട് അറുക്കുന്നത് ഒരു ഒട്ടകത്തെക്കാള്‍ പുണ്യമേറിയതാണ്. ഓരോ ഇനത്തിലും കൂടുതല്‍ തടിയുള്ളതാണ് ഏറെ ശ്രേഷ്ടം. എന്നിരിക്കെ അതില്‍ രണ്ടു മെലിഞ്ഞവയെക്കാള്‍ നല്ലത് ഒരു തടിച്ചതാണ്. മെലിഞ്ഞവ ഉല്‍കൃഷ്ട നിറമുള്ളവയോ കൂറ്റന്‍മാരോ ആയിരുന്നാലും ശരി. മാംസം തുല്യവും നിറം വ്യത്യാസവുമായിരുന്നവയില്‍ ഉല്‍കൃഷ്ട നിറമുള്ളതാണുത്തമം. യഥാക്രമം വെളുപ്പ്, മഞ്ഞ, തെളിവില്ലാത്ത വെള്ള, ചുവപ്പ്, കറുപ്പും വെളുപ്പും കലര്‍ന്നത്, കറുപ്പ് എന്ന ക്രമത്തിലാണ് നിറഭേദം തീര്‍ച്ചപ്പെടുത്തുന്നത്. തടിയുള്ള വെളുത്ത മൂരിയും താരതമ്യേന മെലിഞ്ഞ കറുപ്പുള്ള പോത്തും തമ്മില്‍ ശ്രേഷ്ഠമായത് മൂരിയാണ്. മാര്‍ക്കറ്റില്‍ പക്ഷേ പോത്തിനായിരിക്കും വില കൂടുതല്‍. എന്നാല്‍, കറുത്ത പോത്ത് അധികം തടിച്ചതാണെങ്കില്‍ അതാണുത്തമം.

അനസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നമസ്കാരത്തിനുമുമ്പ് ഉള്ഹിയ്യത്ത് അറുത്താല്‍ അതവന്‍ തന്റെ ശരീരത്തിനു വേണ്ടി അറുത്തതാണ്. വല്ലവനും നമസ്കാരത്തിനുശേഷം അറുത്താല്‍ അവന്റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്ലിംകളുടെ ചര്യ അവന്‍ കരസ്ഥമാക്കുകയും ചെയ്തു. (ബുഖാരി. 7. 68. 454)

ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ബലിമൃഗത്തെ അറുത്തിരുന്നത് നമസ്കാരസ്ഥലത്തുവെച്ചായിരുന്നു. (ബുഖാരി. 7. 68. 459)

അനസ്(റ) പറയുന്നു: നബി(സ) രണ്ട് വെളുത്ത് തടിച്ചയാടുകളെ ഉള്ഹിയ്യത്തറുക്കുകയുണ്ടായി. ഞാനും അപ്രകാരം നിര്‍വ്വഹിക്കും. (ബുഖാരി. 7. 68. 460)

അനസ്(റ) നിവേദനം: ബിസ്മിയും തക്ബീറും ചൊല്ലി നബി(സ) തന്റെ കൈ കൊണ്ട് ഉളുഹിയ്യത്തറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 68. 465)

സലമ:(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി. 7. 68. 476)

അബൂഉബൈദ്(റ) നിവേദനം: ശേഷം അലി(റ)യിന്റെ കൂടെയും ഞാന്‍ പങ്കെടുത്തു. ഖുതുബ: ക്ക് മുമ്പായി അദ്ദേഹവും പ്രസംഗിച്ചു. ശേഷം ഇപ്രകാരം പ്രസംഗിച്ചു. നബി(സ) ഉളുഹിയ്യത്തിന്റെ മാംസം മൂന്ന് ദിവസത്തിലധികം തിന്നുന്നതിനെ നിങ്ങളോട് വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 7. 68. 478)


ഉള്ഹിയ്യത്ത് മാംസം അമുസ്ലിമിനു നൽകാമോ?

ഉള്ഹിയ്യതിന്‍റെ ഒരംശവും വേവിച്ചോ അല്ലാതെയോ കറിയായോ തനിച്ചോ അമുസ്ലിമിന് നല്‍കാന്‍ പാടില്ല" -തുഹ്ഫ(9-364).

⬅التحفة:

( وَلَهُ ) أَيْ الْمُضَحِّي عَنْ نَفْسِهِ مَا لَمْ يَرْتَدَّ إذْ لَا يَجُوزُ لِكَافِرٍ الْأَكْلُ مِنْهَا مُطْلَقًا وَيُؤْخَذُ مِنْهُ أَنَّ الْفَقِيرَ وَالْمُهْدَى إلَيْهِ لَا يُطْعِمُهُ مِنْهَا وَيُوَجَّهُ بِأَنَّ الْقَصْدَ مِنْهَا إرْفَاقُ الْمُسْلِمِينَ بِأَكْلِهَا فَلَمْ يَجُزْ لَهُمْ تَمْكِينُ غَيْرِهِمْ مِنْهُ ( الْأَكْلِ مِنْ أُضْحِيَّةِ تَطَوُّعٍ )


⬅التحفة أيضا:

وَلِلْفَقِيرِ التَّصَرُّفُ فِيهِ بِبَيْعٍ وَغَيْرِهِ أَيْ لِمُسْلِمٍ كَمَا عُلِمَ مِمَّا مَرَّ وَيَأْتِي وَلَوْ أَكَلَ الْكُلَّ أَوْ أَهْدَاهُ غَرِمَ قِيمَةَ مَا يَلْزَمُ التَّصَدُّقُ بِهِ وَلَا يُصْرَفُ شَيْءٌ مِنْهَا لِكَافِرٍ عَلَى النَّصِّ وَلَا لِقِنٍّ إلَّا لِمُبَعَّضٍ فِي نَوْبَتِهِ وَمُكَاتَبٍ أَيْ كِتَابَةً صَحِيحَةً فِيمَا يَظْهَرُ
حواشي ابن قاسم على التحفة:

( قَوْلُهُ : أَيْ لِمُسْلِمٍ ) أَيْ فَلَا يَجُوزُ نَحْوُ بَيْعِهِ لِكَافِرٍ .
( قَوْلُهُ : وَلَا يُصْرَفُ شَيْءٌ مِنْهَا لِكَافِرٍ عَلَى النَّصِّ ) قَالَ فِي شَرْحِ الْعُبَابِ كَمَا نَقَلَهُ جَمْعٌ مُتَأَخِّرُونَ وَرَدُّوا بِهِ قَوْلَ الْمَجْمُوعِ وَنَقَلَهُ الْقَمُولِيُّ عَنْ بَعْضِ الْأَصْحَابِ وَهُوَ وَجْهٌ مَالَ إلَيْهِ الْمُحِبُّ الطَّبَرِيُّ أَنَّهُ يَجُوزُ إطْعَامُ فُقَرَاءِ الذِّمِّيِّينَ مِنْ أُضْحِيَّةِ التَّطَوُّعِ دُونَ الْوَاجِبَةِ أَيْ كَمَا يَجُوزُ إعْطَاءُ صَدَقَةِ التَّطَوُّعِ لَهُ وَقَضِيَّةُ النَّصِّ أَنَّ الْمُضَحِّيَ لَوْ ارْتَدَّ لَمْ يَجُزْ لَهُ الْأَكْلُ مِنْهَا وَبِهِ جَزَمَ بَعْضُهُمْ وَأَنَّهُ يَمْتَنِعُ التَّصَدُّقُ مِنْهَا عَلَى غَيْرِ الْمُسْلِمِ , وَالْإِهْدَاءُ إلَيْهِ ا هـ . وَعِبَارَةُ الْمَجْمُوعِ بَعْدَ أَنْ حُكِيَ عَنْ ابْنِ الْمُنْذِرِ أَنَّهُمْ اخْتَلَفُوا فِي إطْعَامِ فُقَرَاءِ أَهْلِ الذِّمَّةِ فَرَخَّصَ فِيهِ الْحَسَنُ الْبَصْرِيُّ وَأَبُو حَنِيفَةَ وَأَبُو ثَوْرٍ وَقَالَ مَالِكٌ غَيْرُهُمْ أَحَبُّ إلَيْنَا وَكَرِهَ مَالِكٌ إعْطَاءَ النَّصْرَانِيِّ جِلْدَ الْأُضْحِيَّةَ أَوْ شَيْئًا مِنْ لَحْمِهَا وَكَرِهَهُ اللَّيْثُ قَالَ فَإِنْ طُبِخَ لَحْمُهَا فَلَا بَأْسَ بِأَكْلِ الذِّمِّيِّ مَعَ الْمُسْلِمِينَ مِنْهُ مَا نَصُّهُ هَذَا كَلَامُ ابْنِ الْمُنْذِر وَلَمْ أَرَ لِأَصْحَابِنَا كَلَامًا فِيهِ وَمُقْتَضَى الْمَذْهَبِ أَنَّهُ يَجُوزُ إطْعَامُهُمْ مِنْ ضَحِيَّةِ التَّطَوُّعِ دُونَ الْوَاجِبَةِ ا هـ .

وفي حواشي الشرواني على التحفة:
وَقَوْلُهُ : أَيْ لِمُسْلِمٍ أَيْ فَلَا يَجُوزُ نَحْوُ بَيْعِهِ لِكَافِرٍ ا هـ . سم أَقُولُ وَقُوَّةُ كَلَامِهِمْ تُفِيدُ أَنَّهُ لَا يَجُوزُ لِلْفَقِيرِ نَحْوُ بَيْعِ نَحْوِ جِلْدِهَا لِلْكَافِرِ أَيْضًا فَلْيُرَاجَعْ 


⬅نهاية المحتاج:

( وَلَهُ ) أَيْ الْمُضَحِّي عَنْ نَفْسِهِ إنْ لَمْ يَرْتَدَّ ( الْأَكْلُ مِنْ أُضْحِيَّةِ تَطَوُّعٍ ) ... وَخَرَجَ بِمَا مَرَّ مَا لَوْ ضَحَّى عَنْ غَيْرِهِ أَوْ ارْتَدَّ فَلَا يَجُوزُ لَهُ الْأَكْلُ مِنْهَا كَمَا لَا يَجُوزُ إطْعَامُ كَافِرٍ مِنْهَا مُطْلَقًا , وَيُؤْخَذُ مِنْ ذَلِكَ امْتِنَاعُ إعْطَاءِ الْفَقِيرِ وَالْمُهْدَى إلَيْهِ مِنْهَا شَيْئًا لِلْكَافِرِ , إذْ الْقَصْدُ مِنْهَا إرْفَاقُ الْمُسْلِمِينَ بِالْأَكْلِ لِأَنَّهَا ضِيَافَةُ اللَّهِ لَهُمْ فَلَمْ يَجُزْ لَهُمْ تَمْكِينُ غَيْرِهِمْ مِنْهُ لَكِنْ فِي الْمَجْمُوعِ أَنَّ مُقْتَضَى الْمَذْهَبِ الْجَوَازُ ...


⬅حواشي الشبراملسي:

( قَوْلُهُ : كَمَا لَا يَجُوزُ إطْعَامُ كَافِرٍ ) دَخَلَ فِي الْإِطْعَامِ مَا لَوْ ضَيَّفَ الْفَقِيرُ أَوْ الْمُهْدَى إلَيْهِ الْغَنِيُّ كَافِرًا فَلَا يَجُوزُ , نَعَمْ لَوْ اضْطَرَّ الْكَافِرُ وَلَمْ يَجِدْ مَا يَدْفَعُ ضَرُورَتَهُ إلَّا لَحْمَ الْأُضْحِيَّةِ فَيَنْبَغِي أَنْ يَدْفَعَ لَهُ مِنْهُ مَا يَدْفَعُ ضَرُورَتَهُ وَيَضْمَنُهُ الْكَافِرُ بِبَدَلِهِ لِلْفُقَرَاءِ وَلَوْ كَانَ الدَّافِعُ لَهُ غَنِيًّا كَمَا لَوْ أَكَلَ الْمُضْطَرُّ طَعَامَ غَيْرِهِ فَإِنَّهُ يَضْمَنُهُ بِالْبَدَلِ , وَلَا تَكُونُ الضَّرُورَةُ مُبِيحَةً لَهُ إيَّاهُ مَجَّانًا ( قَوْلُهُ : مُطْلَقًا ) أَيْ فَقِيرًا أَوْ غَنِيًّا مَنْدُوبَةٌ أَوْ وَاجِبَةٌ ( قَوْلُهُ وَيُؤْخَذُ مِنْ ذَلِكَ ) أَيْ حُرْمَةُ الْإِطْعَامِ ( قَوْلُهُ : وَالْمُهْدَى إلَيْهِ مِنْهَا شَيْئًا لِلْكَافِرِ ) أَيْ وَلَوْ بِبَيْعٍ كَمَا يَأْتِي


➡അല്ലാഹു മുസ്ലിംകൾക്ക് പ്രത്യേകമായി നൽകുന്ന വിരുന്നാണ് ഉൾഹിയ്യത്ത്. അത് മറ്റുള്ളവർക്ക് കൊടുത്താൽ അതിന്റ്റെ മഹത്വത്തിനു കളങ്കം വരുത്തലാവും.

➡ശാഫി മദ്ഹബും ലോകത്തെ ഭൂരിഭാഗം പണ്ഡിതരും കാഫിരീങ്ങൾക്ക് ഉള്ഹിയ്യത്തിൽ നിന്ന് കൊടുക്കാൻ പറ്റില്ല എന്ന് ഫത്വ നൽകിയിട്ടുണ്ട്.

➡തന്റ്റെ അയൽവാസികളായോ ബന്ധക്കാരായോ കാഫിരീങ്ങൾ ഉള്ളവർ വേണമെങ്കിൽ  വേറെ ഇറച്ചി സംഘടിപ്പിച്ചോ അറുത്തോ അവർക്ക് കൊടുക്കാവുന്നതാണ്. അവർക്ക് ഉള്ഹിയത്തെന്നോ അല്ലാത്തതെന്നോ ഉള്ള വിത്യാസമില്ലല്ലോ..


ഉള്ഹിയ്യത്ത് എന്നാൽ എന്ത്..?

ബലി പെരുന്നാൾ ദിനം സൂര്യോദയ ശേഷം നിർബന്ധഘടകങ്ങൾ മാത്രമുള്ള രണ്ടു റക്അത്ത് നിസ്കാരവും രണ്ട് ഖുത്ബയും നിർവ്വഹിക്കാൻ ആവശ്യമായ സമയം കഴിഞ്ഞതു മുതൽ ദുൽഹിജ്ജ: പതിമൂന്നിന്റെ സൂര്യാസ്തമയത്തിനിടയിൽ പ്രത്യേക നിർബന്ധനകളോടെ അല്ലാഹു ﷻ ന്റെ പ്രീതിക്ക് വേണ്ടി അറുക്കപ്പെടുന്ന മൃഗത്തിന്നാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രസ്തുത മൃഗത്തെ അറവ് നടത്തുന്നതിനെക്കുറിച്ചും ഉള്ഹിയ്യത്ത് എന്ന് ധാരാളമായി പ്രയോഗിക്കാറുണ്ട്...

ഖുർആൻ, സുന്നത്ത്, ഇജ്മാഅ് എന്നിവ ഇതിന്റെ പ്രമാണങ്ങളാണ്. "നിന്റെ നാഥന് വേണ്ടി നീ നിസ്കരിക്കുകയും അറവ് നടത്തുകയും ചെയ്യുക"  എന്ന് സൂറത്തുൽ കൗസറിലെ രണ്ടാം സൂക്തവും നബി ﷺ തങ്ങൾ കൊമ്പുകളുള്ള വെളുത്ത രണ്ട് ആടിനെ തന്റെ തൃക്കൈ കൊണ്ട് ബിസ്മിയും തക്ബീറും ചൊല്ലി ബലികർമ്മം നടത്തിയെന്ന മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസും  ഉള്ഹിയ്യത്തിന്റെ പ്രമാണങ്ങളാണ്...

ഉള്ഹിയ്യത്ത് അറുത്ത് അതിന്റെ മാംസം ദാനം ചെയ്യലാണ് സുന്നത്തായ ധർമ്മങ്ങളിൽ ഏറ്റവും ഉത്തമം...

മുസ്ലിം സമുദായത്തിലെ പ്രായപൂർത്തിയും ബുദ്ധിയും വിവേകവും അറവ് നടത്താൻ സാമ്പത്തിക ശേഷിയുമുള്ള ഏതൊരാൾക്കും ഉള്ഹിയ്യത്ത് അറുക്കാൻ ശക്തമായ സുന്നത്താണ്.

നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മൃഗത്തെ സമയത്തിന് മുമ്പ് അറുത്താൽ ഉള്ഹിയ്യത്തായി പരിഗണിക്കുമോ ?

ഇല്ല. സമയത്തിന് മുമ്പ് അറുക്കപ്പെട്ട പ്രസ്തുത മൃഗത്തിന്റെ മാംസം മുഴുവനും പാവങ്ങൾക്ക് സ്വാദഖ: ചെയ്യലും അത് പോലോത്ത മറ്റൊന്നിനെ സമയത്ത് അറുത്ത് അതിന്റെ മാംസം മുഴുവനും പാവങ്ങൾക്ക് വിതരണം ചെയ്യലും നിർബന്ധമാണ്.

ഉള്ഹിയ്യത്തിന് നിർണ്ണയിക്കപ്പെട്ട നേർച്ച മൃഗം മരണപ്പെടുമെന്നുറപ്പായാൽ സമയത്തിന് മുമ്പ് അറക്കാമോ

സമയത്തിന് മുമ്പ് മരണപ്പെടുമെന്ന് കണ്ടാൽ അതിനെ അറുത്ത് സാധാരണ നിർബന്ധ ഉള്ഹിയ്യത്ത് പോലെ മാംസം വിതരണം ചെയ്യണം. മരണകാരണം തന്നിൽ നിന്നുണ്ടായതല്ലെങ്കിൽ പകരം മറ്റൊന്നിനെ അറുക്കേണ്ടതില്ല.

രാത്രി അറുക്കുന്നതിന്റെ വിധി എന്താണ് ?

പ്രത്യേക ആവശ്യമോ നേട്ടമോ ഇല്ലാതെ രാത്രി അറുക്കുന്നത് കറാഹത്താണ്.


ആവശ്യം, നേട്ടം എന്നിവക്ക് ഓരോ ഉദാഹരണം പറയാമോ..?

ആവശ്യം :- ഉള്ഹിയ്യത്തിന് തടസ്സമാകുന്ന ജോലിയിൽ പകലിൽ ഏർപ്പെടുക, മൃഗം കവർച്ച ചെയ്യപ്പെടുമെന്ന് ഭയപ്പെടുക.

നേട്ടം :- ഫുഖറാഇന് വരാനുള്ള സൗകര്യം രാത്രിയിലാവുക, അതിഥികളോ ഭക്ഷണമാവശ്യമുള്ളവരോ രാത്രിയിൽ ഹാജരാവുക


ഉള്ഹിയ്യത്തിന് പറ്റിയ  മൃഗങ്ങൾ ഏവ..?

ആട്, മാട്, ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്തിന്റെ മൃഗങ്ങൾ.


ഉള്ഹിയ്യത്ത് അറുക്കാൻ ആടിന് എത്ര വയസ്സാകണം

കോലാടിന് (നമ്മുടെ നാട്ടിൽ സാധാരണയുള്ളതിന്) രണ്ട് വയസ്സ് പൂർണ്ണമാവുകയും നെയ്യാടിന് ഒരു വയസ്സ് പൂർണ്ണമാവുകയോ, ആറ് മാസത്തിന് ശേഷം പല്ല് പറിയുകയോ വേണം.(ചെമ്മരിയാട് കൊലാടിൽ പെട്ടത് തന്നെയാണ്. അതിന് രണ്ട് വയസ്സ് പൂർത്തിയായിരിക്കണം). നെയ്യാടിന് ഒരു വയസ്സ് പൂർണ്ണമാകുന്നത് വർഷത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രായപൂർത്തിയുടെയും പല്ല് കൊഴിയുന്നത് സ്ഖലനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രായപൂർത്തിയുടെയും സ്ഥാനത്തായാണ് ഗണിക്കപ്പെടുന്നത്.

മാടിനെ(പശു, പോത്ത്, കാള) ഉള്ഹിയ്യത്ത് അറുക്കാൻ എത്ര വയസ്സ് വേണം

രണ്ടു വയസ്സ് പൂർണ്ണമാവണം

ഒട്ടകങ്ങളെ ഉള്ഹിയ്യത്ത് അറുക്കാൻ എത്ര വയസ്സ് വേണം

അഞ്ച് വയസ്സ് പൂർണ്ണമാവണം

ഉള്ഹിയ്യത്തിന്റെ മൃഗങ്ങളുടെ വയസ്സ് കണക്കാക്കുന്നതിലെ അവലംബനം എന്താണ്

ഇത്തരം മൃഗങ്ങളെക്കുറിച്ച് അറിവും പരിചയമുള്ളവരുടെ വാക്കും, വിൽപനക്കാരൻ വിശ്വസ്ഥനാവുകയും അവന്റെ കൈവശം പ്രസവിക്കപ്പെട്ടതാവുകയും ചെയ്താൽ അവന്റെ വാക്കുമാണ് അവലംബം.

ഉള്ഹിയ്യത്തിന്റെ മൃഗങ്ങളിൽ ശ്രേഷ്ഠതയുടെ ക്രമം വിവരിക്കാമോ

1. ഏഴ് നെയ്യാടുകൾ  
2. ഏഴ് കോലാടുകൾ  
3. ഒട്ടകം  
4. മാട്  
5. നെയ്യാട്  
6. കോലാട്  
7. ഒട്ടകത്തിലെ വിഹിതം  
8. മാടിലെ വിഹിതം  

ഈ ക്രമത്തിലാണ് മൃഗങ്ങളുടെ ശ്രേഷ്ഠതാ ക്രമം.


ഉള്ഹിയ്യത്തിന്റെ മൃഗങ്ങളിലെ കളറുകളുടെ മുൻഗണനാ ക്രമം വിവരിക്കാമോ

1. വെളുപ്പ് 
2. മഞ്ഞ 
3. മങ്ങിയ വെള്ള 
4. ചാര നിറം 
5. ചുവപ്പ് 
6. വെളുപ്പും ചുവപ്പും കലർന്നത്
7. വെളുപ്പും കറുപ്പും കലർന്നത് 
8. തനി കറുപ്പ്

എന്നീ ക്രമത്തിലാണ് കളറുകളുടെ മുൻഗണന. വെളുപ്പിലേക്ക് കൂടുതൽ സാദൃശ്യതയുള്ളതിനെ അതല്ലാത്തതിനേക്കാൾ മുന്തിക്കണം.

ഉത്തമ നിറമുള്ള പെൺമൃഗവും അതില്ലാത്ത ആൺമൃഗവും തമ്മിൽ ഏതാണുത്തമം..?

ഉത്തമനിറമില്ലെങ്കിലും ആണ് തന്നെയാണുത്തമം.

തടിച്ച് കൊഴുത്ത പെൺമൃഗവും മെലിഞ്ഞ ആൺമൃഗവും തമ്മിൽ ഏതാണുത്തമം..?

തടിച്ച് കൊഴുത്ത പെൺമൃഗമാണ് പ്രസ്തുത ആണിനേക്കാളുത്തമം. ഇവിടെ ആണിന് ഉത്തമ നിറമുണ്ടായാലും ഇത് തന്നെയാണ് നിയമം.

മണി ഉടക്കപ്പെട്ടതും ഉടക്കപ്പെടാത്തതും തമ്മിൽ ഏതാണുത്തമം..?

ഇണചേരാത്തതാണെങ്കിൽ ഉടക്കപ്പെടാത്തതും, ഇണചേർന്നതാണെങ്കിൽ ഉടക്കപ്പെട്ടതുമാണുത്തമം.

ഉള്ഹിയ്യത്തിന് പറ്റിയ മൃഗങ്ങളിൽ ഏറ്റവും ഉത്തമം ഏതാണ്..?

തടിച്ച് കൊഴുത്ത വെള്ള നിറമുള്ള ആൺ മൃഗമാണ് ഏറ്റവും ഉത്തമം. തടിച്ച് കൊഴുത്തതിനാണ് കൂടുതൽ പരിഗണന നൽകേണ്ടത്. പിന്നീട് ആൺ മൃഗത്തിനും അതിന് ശേഷം നിറങ്ങൾക്കും പരിഗണന നൽകുക. ഉള്ഹിയ്യത്തിന്റെ മൃഗത്തെ ആവശ്യമായ ഭക്ഷണം നൽകി തടിപ്പിച്ചെടുക്കൽ സുന്നത്താണ്. കാരണം അത് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണല്ലോ.

കൊമ്പുള്ള മൃഗത്തിന് കൂടുതൽ ശ്രേഷ്ഠതയുണ്ടോ..?

ഉണ്ട്.

ഉള്ഹിയ്യത്തിന്റെ മൃഗം എങ്ങനെയുള്ളതായിരിക്കണം..?

ഉള്ഹിയ്യത്തിന്റെ മൃഗം മാംസത്തിനോ, ഭക്ഷയോഗ്യമായ മറ്റ് ഭാഗത്തിനോ പിന്നീടെങ്കിലും കുറവ് വരുത്തുന്ന എല്ലാ ന്യൂനതകളിൽ നിന്നും മുക്തമായിരിക്കണം.

സാമ്പത്തിക ശേഷി കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്..?

ബലി പെരുന്നാൾ ദിനത്തിലെ തന്റെയും താൻ ചെലവ് നൽകാൻ നിർബന്ധമായവരുടെയും ആവശ്യങ്ങൾ കഴിച്ച് ഉള്ഹിയ്യത്ത് നിർവ്വഹിക്കാനാവശ്യമായ സമ്പത്ത് മിച്ചം വന്നവൻ എന്നാണ് കഴിവുള്ളവൻ എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്.

കടമുള്ളവർക്ക് ഉള്ഹിയ്യത്ത് സുന്നത്തുണ്ടോ..?

അവധി എത്തിയതോ, അല്ലാത്തതോ ആയ കടം വീട്ടാനുള്ള സമ്പത്ത് കഴിച്ച് ഉള്ഹിയ്യത്ത് അറുക്കാനാവശ്യമായ സമ്പത്ത് മിച്ചം വരുന്നുണ്ടെങ്കിൽ അറവ് നടത്തൽ സുന്നത്താണ്. മിച്ചം വരുന്നില്ലെങ്കിൽ നിലവിലുള്ള സമ്പത്ത് കടം വീട്ടാൻ ഉപയോഗിക്കണം. ഉള്ഹിയ്യത്ത് ഒരിനം സ്വദഖ:യായത് കൊണ്ട് കടം വീട്ടാനാവശ്യമായ സമ്പത്ത് മറ്റ് സ്വദഖ:കൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തത് പോലെ ഉള്ഹിയ്യത്തിനും ഉപയോഗിക്കാൻ പാടില്ല.

കുട്ടിക്ക് വേണ്ടി രക്ഷിതാവ് അറവ് നടത്തിയാൽ രക്ഷിതാവിനും ഉള്ഹിയ്യത്തിന്റെ പ്രതിഫലം  ലഭിക്കുമോ..?

ഇല്ല. ഉള്ഹിയ്യത്തിന്റെ പ്രതിഫലം കുട്ടിക്കും അത് ദാനം ചെയ്തതിന്റെ പ്രതിഫലം രക്ഷിതാവിനും ലഭിക്കുന്നതാണ്.

ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കിയവന് അത് നിർവ്വഹിക്കുന്നതിന് മുമ്പ് മരണപ്പെട്ടാൽ എന്ത് ചെയ്യണം..?

മൃഗത്തെ നിർണ്ണയിക്കാതെയാണ് നേർച്ചയാക്കിയതെങ്കിൽ മറ്റുള്ളവർ അത് നടപ്പിലാക്കണമെങ്കിൽ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരിക്കണം. മൃഗത്തെ നിർണ്ണയിച്ച് നേർച്ചയാക്കിയതാണെങ്കിൽ വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കിലും മറ്റുള്ളവർ അതിനെ അറുക്കണം. മൃഗത്തെ നേരത്തെ നിർണ്ണയിച്ചാൽ അറവിന്റെ സമയത്ത് നിയ്യത്ത് ആവശ്യമില്ല എന്നതാണിതിന് കാരണം.

മരണപ്പെട്ടവർക്ക് വേണ്ടി ഉള്ഹിയ്യത്ത് അറുക്കൽ അനുവദനീയമാണോ..?

അവർ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ അറുക്കൽ അനുവദനീയമാണ്. ഇല്ലെങ്കിൽ അറുക്കാൻ പാടില്ല.

ഏറ്റവും ഉത്തമ സമയം ഏതാണ്..?

സൂര്യൻ ഉദിച്ച് നമ്മുടെ കാഴ്ചയിൽ 7 മുഴം ഉയർന്നതിന് ശേഷം (സൂര്യനുദിച്ചു 18 മിനിട്ടും 46 സെക്കന്റും കഴിഞ്ഞ ശേഷം) ചുരുങ്ങിയ രൂപത്തിൽ രണ്ട് റക്അത്തും ചുരുങ്ങിയ രണ്ട് ഖുത്ബയും നിർവ്വഹിക്കാനാവശ്യമായ സമയം കഴിഞ്ഞതിന് ശേഷം അറവ് നടത്തലാണ് ഏറ്റവും ഉത്തമം.

നിസ്കാരം നിർവ്വഹിക്കുന്നതിന് മുമ്പ് അറവ് നടത്താമോ..?

ബലി പെരുന്നാൾ ദിവസം സൂര്യനുദിച്ച് ചുരുങ്ങിയ രൂപത്തിലുള്ള രണ്ട് റക്അത്ത് നിസ്കാരവും ചുരുങ്ങിയ രണ്ട് ഖുത്ബയും നിർവ്വഹിക്കാനാവശ്യമായ സമയം കഴിഞ്ഞാൽ... നിസ്കരിച്ചാലും ഇല്ലെങ്കിലും അറവിന്റെ സമയം പ്രവേശിക്കുന്നതാണ്.

സമയത്തിന് മുമ്പോ, ശേഷമോ അറവ് നടത്തിയാൽ അത് ഉള്ഹിയ്യത്തായി പരിഗണിക്കുമോ..?

ഇല്ല. അത് ഉള്ഹിയ്യത്തായി പരിഗണിക്കുകയില്ല

നേർച്ചയാക്കപ്പെട്ട മൃഗത്തെ സമയത്ത് അറുക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടതുണ്ടോ..?

ഇല്ല. സമയത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ഖളാആയി അറുക്കലും സാധാരണ നിർബന്ധ ഉള്ഹിയ്യത്ത് പോലെ അതിന്റെ മാംസം മുഴുവനും പാവപ്പെട്ടവർക്ക് സ്വദഖ: ചെയ്യലും നിർബന്ധമാണ്...

ഉള്ഹിയ്യത്തിന് നിയ്യത്ത് ആവശ്യമുണ്ടോ?

നിയ്യത്തുകള്‍ കൊണ്ടാണ് ഏതൊരുകാര്യവും പരിഗണിക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ ഉളുഹിയ്യത്തിനെ കരുതലും അനിവാര്യമാണ്. അറുക്കുമ്പോഴോ നിശ്ചിത മൃഗത്തെ ഉളുഹിയ്യത്തിന് നിര്‍ണ്ണയിക്കുമ്പോഴോ നിയ്യത്ത് ചെയ്യാവുന്നതാണ്. അറവ് ഏല്‍പ്പിച്ച യാളെ നിയ്യത്ത് ഏല്‍പ്പിക്കല്‍ കൊണ്ടും വിരോധമില്ല.

ഉള്ഹിയ്യത്തിന് പറ്റാത്ത മൃഗങ്ങൾ ഏവ?

മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ , വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല.

നേർച്ചയായ ഉള്ഹിയ്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അതിൻ റ്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവ തീർത്തും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ല്ലതും അവൻ ഉപയോഗിച്ചാൽ അതീന്റെ ബദൽ (പകരം )ദരിദ്രർക്ക് നൽകാ‍ൻ അയാൾ ബാധ്യസ്ഥനായിരിക്കും.

ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച്കരുതാമോ? 

ഉള്ഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ടോ, മാട് , ഒട്ടകം എന്നിവയിൽ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും, അഖ്വീഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. ഒട്ടകം, മാട് എന്നിവയിൽ ഒന്നിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.

ഉടമക്ക് ഭക്ഷിക്കാമോ?

സുന്നത്തായ ഉളുഹിയ്യത്തിൻ റ്റെ മാംസം എത്രവേണമെങ്കിലും ഭക്ഷിക്കല്‍ കൊണ്ട് യാതൊരു വിരോധവുമില്ല. പക്ഷേ അല്‍പമെങ്കിലും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യല്‍ അനിവാര്യമാണ്. എന്നാല്‍ കരള് പോലെയുള്ള അല്‍പം ഭാഗം മാത്രം എടുത്ത് വെച്ച് ബാക്കിയുള്ളതെല്ലാം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യലാണ് ഏറെ പുണ്യകരം. മൂന്നില്‍ ഒന്നിനേക്കാള്‍ ഭക്ഷിക്കാതിരിക്കലും തോല്‍ ദാനം ചെയ്യലും പ്രത്യേകം സുന്നത്താണ്.

ഉള്ഹിയ്യത്തിന്റെ മാംസം ഭക്ഷിക്കൽ

നിർബന്ധമായ ഉള്ഹിയ്യത്ത് പൂർണമായി ദാനം ചെയ്യണം. അതിൽ നിന്ന് ഉള്ഹിയ്യത്ത് അറുത്തവനും അവൻ ചിലവു കൊടുക്കൽ നിർബന്ധമായവരും തിന്നൽ ഹറാമാണ്. അതുപോലെ സമ്പന്നന്മാർക്ക് കൊടുക്കലും ഹറാം. എന്നാൽ സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ ബറകത്തിനു വേണ്ടി അതിൽ നിന്ന് അൽപം കഴിക്കലും അത് കരളിൽ നിന്നാകലും ആകെ മാംസത്തിന്റെ മൂന്നിലൊന്നിൽ കൂടാതിരിക്കലും സുന്നത്തുണ്ട്. സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസം അൽപം വിതരണം ചെയ്ത് ബാക്കിയുള്ളത് സൂക്ഷിച്ചു വെക്കൽ കറാഹത്തില്ലാതെ തന്നെ അനുവദനീയമാണ്. അത് മാംസത്തിന് വില കൂടിയ സാഹചര്യത്തിലാണെങ്കിലും (തുഹ്ഫ 361).

അൽപം ഭക്ഷിച്ച് ബാക്കി ദാനം ചെയ്താൽ ഒരു പൂർണമായ ഉള്ഹിയ്യത്തിന്റെ പ്രതിഫലം കിട്ടുന്നതാണ് (ബാജൂരി 567).

സുന്നത്തായ ഉള്ഹിയ്യത്തിന്റെ തൊലി, കൊമ്പ് പോലുള്ളവയെല്ലാം ദാനം ചെയ്യലാണ് ഉത്തമം. ദാനം ചെയ്യുന്നില്ലെങ്കിൽ അവനോ അവന്റെ കാലശേഷം അനന്തരാവകാശികളോ അതു വിൽക്കലും വാടകക്കു കൊടുക്കലും അറവുകാരന്റെ കൂലിയായിട്ടു കൊടുക്കലുമെല്ലാം ഹറാമാണ്. അവനു ഉപയോഗിക്കാമെന്നു മാത്രം (തുഹ്ഫ 365).

നിർബന്ധമായ ഉള്ഹിയ്യത്തിന്റെ കുട്ടി

ഗർഭമുള്ള ഉള്ഹിയ്യത്ത് മൃഗത്തെ അറുക്കുകയും തള്ളയെ അറുത്തത് കാരണമായി കുട്ടിയുടെ ജീവൻ പോവുകയും ചെയ്താൽ ആ കുട്ടിയെയും ഭക്ഷിക്കാവുന്നതാണ്. എന്നാൽ കുട്ടി ജീവനോടെ പുറത്തു വന്നാൽ നിർബന്ധമായ ഉള്ഹിയ്യത്താണെങ്കിൽ ആ കുട്ടിയെയും അറുക്കൽ നിർബന്ധമാണ്.  ഈ രണ്ട് ഘട്ടത്തിലും തള്ളയുടെ മാംസം പോലെ തന്നെ കുട്ടിയുടേതും ദാനം ചെയ്യൽ നിർബന്ധം. അറുത്തവനും അവന്റെ ആശ്രിതർക്കും അത് തിന്നൽ ഹറാമുമാണ്.

കാഫിറിന് കൊടുക്കരുത്. പണ്ഡിതന്മാർ ഇക്കാര്യം ഊന്നിപ്പറഞ്ഞു കാണാം: ഉള്ഹിയ്യത്ത് മാംസം കാഫിറിന് കൊടുക്കൽ ഹറാമാണ് (ബാജൂരി 566).

മറ്റൊരാൾക്ക് വേണ്ടി ഉള്ഹിയ്യത്ത് അറുക്കൽ

ജീവിച്ചിരിക്കുന്നയാൾക്ക് വേണ്ടി അവന്റെ അനുമതിയില്ലാതെയും മരിച്ചവർക്കു വേണ്ടി അവൻ വസ്വിയ്യത്ത് ചെയ്യാതെയും ഉള്ഹിയ്യത്ത് അറുത്താൽ ശരിയാവുകയില്ല. നബി(സ്വ) അലി (റ)വിനോട് തനിക്കു വേണ്ടി എല്ലാ കൊല്ലവും ഉള്ഹിയ്യത്തറുക്കാൻ വസ്വിയ്യത്ത് ചെയ്തിരുന്നു എന്ന ഹദീസിൽ നിന്ന് മരിച്ച വ്യക്തി വസ്വിയ്യത്ത് ചെയ്താൽ അത് പറ്റുമെന്ന് വ്യക്തമാകുന്നു.

മരിച്ച വ്യക്തിയുടെ അനുമതിയോടെ അവൻ നിശ്ചയിച്ച സമ്പത്തിൽ നിന്ന് ഉള്ഹിയ്യത്ത് അറുത്താൽ അറുക്കുന്നവൻ മരിച്ചവന്റെ അനന്തരാവകാശി ആണെങ്കിലും അല്ലെങ്കിലും മുഴുവൻ ദാനം ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 368).

ള്ള്ഹിയ്യത്തിന് തടസ്സമാകുന്ന ന്യൂനതകളെക്കുറിച്ച് ഒരു വിവരണം നൽകാമോ..?

1. മാംസ താൽപര്യക്കാരിൽ മിക്കവരും ഇഷ്ടപ്പെടാത്ത വിധം മെലിഞ്ഞത്.
2. ഭ്രാന്തുള്ളത്
3. അൽപമെങ്കിലും അകിട്, വാല്, ചെവി, ചന്തി, നാവ് എന്നിവ മുറിച്ച് നീക്കപ്പെട്ടത്
4. ജന്മനാ ചെവി ഇല്ലാത്തത്
5. വാലില്ലാത്തത്
6. ചെവി കുഴഞ്ഞത്
7. വ്യക്തമായ മുടന്തുള്ളത്
8. ഒരു കണ്ണിന്റെയെങ്കിലും കാഴ്ച നഷ്ടപ്പെട്ടത്
9. ശക്തമായ രോഗമുള്ളത്
10. കുറഞ്ഞ തോതിലെങ്കിലും ചൊറി ബാധിച്ചത്
11. മുഴുവൻ പല്ലും നഷ്ടപ്പെട്ടത്
12. ഒരവയവം നഷ്ടപ്പെട്ടത്

ഭ്രാന്തുള്ള മൃഗം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്താണ്..?

മേച്ചിൽ സ്ഥലത്ത് എന്തെങ്കിലുമൊക്കെ ഭക്ഷിച്ച് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്വഭാവമാണ് ഭ്രാന്ത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രസ്തുത മൃഗം ഇപ്പോൾ തടിച്ചതാണെങ്കിലും ഉള്ഹിയ്യത്തിന് മതിയാകില്ല.

മണി ഉടക്കപ്പെട്ടത് എന്നിവ ഉള്ഹിയ്യത്തിന് മതിയാകുമോ..?

മതിയാകും, മണി ഉടക്കപ്പെടുന്നത് കാരണം മാംസത്തിന്റെ അൽപ ഭാഗം നഷ്ടപ്പെടുന്നുവെന്നത് പരിഗണിക്കപ്പെടില്ല. വൃഷണം(മണി) ഭക്ഷിക്കുന്നത് ഹറാമാണെന്ന് അഭിപ്രായമുള്ളത് കൊണ്ട് അതിനെ പ്രധാന ഭക്ഷ്യവസ്തുവായി ഗണിക്കുന്നില്ല. എന്നതാണിതിന് കാരണം.

നാവ് ഇല്ലാത്തത് ഉള്ഹിയ്യത്തിന് മതിയാകുമോ..?

മതിയാകില്ല.

ജന്മനാ പല്ലില്ലാത്തത് ഉള്ഹിയ്യത്തിന് മതിയാകുമോ..?

മതിയാകും. പല്ലുണ്ടായിട്ട് നഷ്ടപ്പെട്ടതാണെങ്കിൽ അത് മൃഗത്തിന്റെ മാംസക്കുറവിൽ സ്വാധീനിക്കും. എന്നാൽ ജന്മനാ പല്ലില്ലാത്തതാണെങ്കിൽ അത് മാംസത്തെ ബാധിക്കുകയില്ല.

ഭാഗികമായി പല്ല് നഷ്ടപ്പെട്ടത് ഉള്ഹിയ്യത്തിന് മതിയാകുമോ..?

മതിയാകും. എന്നാൽ തീറ്റയിൽ കുറവ് വരുത്തുന്ന വിധം കൂടുതൽ പല്ല് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് മതിയാകുന്നതല്ല.

വ്യക്തമായ മുടന്ത് എന്നത് കൊണ്ടുദ്ദേശ്യമെന്താണ്..?

മേച്ചിൽ സ്ഥലങ്ങളിലേക്ക് മറ്റു മൃഗങ്ങളോടൊപ്പം എത്താൻ കഴിയാതിരിക്കുക എന്നതാണ് വ്യക്തമായ മുടന്ത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

കാഴ്ച കുറഞ്ഞത് ഉള്ഹിയ്യത്തിന് മതിയാകുമോ..?

തീറ്റയിൽ സ്വാധീനിക്കാത്ത വിധം കാഴ്ച കുറഞ്ഞത് മതിയാകുന്നതാണ്. രാത്രിയിൽ കണ്ണ് കാണാത്തതും മതിയാക്കുന്നതാണ്.

ചെവിക്ക് ദ്വാരമുള്ളത് ഉള്ഹിയ്യത്തിന് മതിയാകുമോ..?

അൽപം പോലും വേർപെടാതെ ചെവിക്ക് കീറലോ, ദ്വാരമോ ഉള്ളത് മതിയാകുന്നതാണ് എന്നാൽ ചെറിയ കഷ്ണമെങ്കിലും വേർപ്പെട്ട മൃഗം ഉള്ഹിയ്യത്തിന് മതിയാകുന്നതല്ല.

കൊമ്പ് ഇല്ലാത്ത മൃഗം ഉള്ഹിച്ചത്തിന് മതിയാകുമോ..?

മതിയാകും. തീരെ കൊമ്പില്ലാത്തതും, ഒരു കൊമ്പില്ലാത്തതും, കൊമ്പ് പൊട്ടിയതുമെല്ലാം ഉള്ഹിയ്യത്തിന് മതിയാകുന്നതാണ്. എന്നാൽ കൊമ്പ് പൊട്ടിയത് കാരണം മാംസത്തിന് കുറവ് വന്നിട്ടുണ്ടെങ്കിൽ മതിയാകുന്നതല്ല.

ഉള്ഹിയ്യത്ത് നിർബന്ധമാകുന്നത് എപ്പോൾ..?

ഉള്ഹിയ്യത്ത് അറുക്കൽ സുന്നത്താണെങ്കിലും നേർച്ചയാക്കിയാൽ അത് നിർബന്ധമാകുന്നതാണ്.

നേർച്ച എത്ര വിധത്തിലുണ്ട്..?

1. ഒരു മൃഗത്തെ നിർണ്ണയിച്ച് ഇതിനെ ഞാൻ ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കി എന്ന് പറയുന്ന രൂപം.

2. മൃഗത്തെ നിർണ്ണയിക്കാതെ " ഞാൻ ഒരു ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കി എന്ന് പറഞ്ഞ് പിന്നീട് ഒരു മൃഗത്തെ തന്റെ നേർച്ചക്ക് വേണ്ടി മാറ്റിവെക്കുന്ന രൂപം.

(ഒന്നാം രൂപത്തിൽ മൃഗത്തെ നിർണ്ണയിച്ച് നേർച്ചയാക്കുന്നു. രണ്ടാം രൂപത്തിൽ നേർച്ചയാക്കിയതിന് ശേഷം മൃഗത്തെ നിർണയിക്കുന്നു)

ഒരു മൃഗത്തെ നേർച്ചയാക്കിയതായി കരുതിയാൽ നേർച്ചയാകുമോ..?

ഇല്ല. മനസ്സിൽ കരുതിയത് കൊണ്ട് മാത്രം നേർച്ചയാകില്ല. നേർച്ചയുടെ വാചകം ഉച്ചരിക്കുകയോ, അതല്ലെങ്കിൽ നിയ്യത്തോട് കൂടെ എഴുതുകയോ ചെയ്താൽ മാത്രമേ നേർച്ചയായി പരിഗണിക്കപ്പെടുകയുള്ളൂ. എന്നാലും ഒരു സൽകർമ്മം ഉദ്ദേശിച്ച ശേഷം അത് ചെയ്യാതിരിക്കുന്നത് ആക്ഷേപാർഹമായതിനാൽ മനസ്സിൽ കരുതിയവൻ അറവ് നിർവഹിക്കൽ വളരെ ശക്തമായ സുന്നത്താണ്.

സംസാര ശേഷിയില്ലാത്തവന്റെ നേർച്ചയുടെ രൂപം എങ്ങനെയാണ്..?

എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ നേർച്ചയെക്കുറിക്കുന്ന അവന്റെ ആംഗ്യം കൊണ്ട് അറവ് നിർബന്ധമായിത്തീരുന്നതാണ്. ചിലർക്ക് മാത്രം മനസിലാകുന്ന രൂപത്തിൽ നേർച്ചയെക്കുറിക്കുന്ന ആംഗ്യത്തോടൊപ്പം നിയ്യത്ത് കൂടിയുണ്ടായാലും അറവ് നിർബന്ധമാകുന്നതാണ്.

ഒരാൾ ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കിയാൽ ആദ്യ വർഷം തന്നെ അറുക്കേണ്ടതുണ്ടോ..?

ഉണ്ട്. മൃഗത്തെ നിർണ്ണയിച്ച് കൊണ്ടുള്ള നേർച്ചയായാലും അല്ലെങ്കിലും അവന്റെ നേർച്ചക്ക് ശേഷം കടന്ന് വരുന്ന ആദ്യ ഉള്ഹിയ്യത്തിന്റെ സമയത്ത് തന്നെ അറവ് നടത്താൽ നിർബന്ധമാകുന്നതാണ്. അടുത്ത വർഷത്തേക്ക് പിന്തിക്കാൻ പാടില്ല..

ഒരു ആടിൽ രണ്ട് പേർക്ക് പങ്ക് ചേരാമോ..?

ഇല്ല. രണ്ടാളുകൾക്ക് ചേർന്ന് ഒരാടിനെ ഉള്ഹിയ്യത്ത് അറുത്താൽ അത് ഉള്ഹിയ്യത്തായി പരിഗണിക്കപ്പെടുന്നതല്ല.

ഉള്ഹിയ്യത്തും അഖീഖത്തും ഒരുമിച്ച് കരുതിയാൽ മതിയാകുമോ..?

ഒരു ആടിനെ അറുക്കുമ്പോഴോ, മാട്, ഒട്ടകം എന്നിവയുടെ ഏഴിൽ ഒന്നിൽ മാത്രം പങ്ക് ചേരുമ്പോഴോ ഉള്ഹിയ്യത്തും അഖീഖത്തും കരുതിയാൽ ഒന്നും ലഭിക്കുകയില്ല എന്നാണ് ഇബ്നു ഹജർ(റ) തുഹ്ഫയിൽ വ്യക്തമാക്കിയത്. പ്രസ്തുത രൂപത്തിൽ രണ്ടും കരുതിയാൽ രണ്ടിന്റെയും പ്രതിഫലം ലഭിക്കുമെന്നാണ് ഇമാം റംലി(റ) യുടെ അഭിപ്രായം. എന്നാൽ മാട്, ഒട്ടകം എന്നിവയുടെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും അടുത്ത ഏഴിൽ ഒരു ഭാഗം അഖീഖത്തുമായി കരുതിയാൽ രണ്ടിന്റെയും പ്രതിഫലം ലഭിക്കുമെന്നതിൽ പ്രസ്തുത ഇമാമുമാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല.

മാട്, ഒട്ടകം എന്നീ മൃഗങ്ങളിൽ എത്ര പേർക്ക് പങ്കു ചേരാം..?

മാടിലും ഒട്ടകത്തിലും പരമാവധി ഏഴ് പേർക്ക് വരെ പങ്ക് ചേരാവുന്നതാണ്.

ഏഴ് പേർ ചേർന്ന് ഒരു മൃഗത്തെ ഉള്ഹിയ്യത്ത് അറുത്താൽ എല്ലാവരും സ്വദഖ: ചെയ്യാൻ നിർബന്ധമാണോ..?

അതെ. ഏഴ് പേരും അവരവർക്ക് ലഭിച്ച ഓഹരിയിൽ നിന്ന് നിർബന്ധമായ അളവ് സ്വദഖ: ചെയ്യൽ നിർബന്ധമാണ്.

എട്ട് പേർ ചേർന്ന് ഒരു മാടിനെയോ, ഒട്ടകത്തെയോ ഉള്ഹിയ്യത്ത് അറുത്താൽ മതിയാകുമോ..?

ഇല്ല. ഏഴ് പേരെ ഉള്ളൂ എന്ന ഭാവനയിലാണെങ്കിൽ പോലും ആർക്കും ഉള്ഹിയ്യത്ത് ലഭിക്കുന്നതല്ല.

പ്രസ്തുത പ്രശ്നത്തിന് പരിഹാരമെന്ത്..?

ഓരോ മൃഗവും നിശ്ചിത ഏഴ് പേരിൽ കവിയാത്ത ഒരു ഗ്രൂപ്പിന്റെതായി വേർത്തിരിച്ച് ഓരോ ഗ്രൂപ്പുകാരും അവരവരുടെ മൃഗത്തിന്റെ പണം സ്വരൂപിച്ച് അറവ് നടത്തിയാൽ പ്രസ്തുത പ്രശ്നം പരിഹരിക്കാവുന്നതാണ്.

ഏഴ് പേർ പങ്ക് ചേർന്ന് ഒരു മൃഗത്തെ വാങ്ങി അതിൽ ഒരാൾ മാത്രം ഉള്ഹിയ്യത്തിന് വേണ്ടിയും ബാക്കിയുള്ളവർ മറ്റ് മാംസാവശ്യാർത്ഥവും അറവ് നടത്തിയാൽ എന്താണ് വിധി..?

പരിഗണിക്കപ്പെടാവുന്ന ഉള്ഹിയ്യത്തിന്റെ നിയ്യത്തോടുകൂടിയാണ് അറവ് നടന്നതെങ്കിൽ പ്രസ്തുത മൃഗത്തിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവന് ഉള്ഹിയ്യത്തായി പരിഗണിക്കപ്പെടുന്നതാണ്.

അറവ് നടത്തുന്നവൻ ആരായിരിക്കണം..?

മുസ്ലിമായിരിക്കണം.

കുട്ടിയുടെ അറവ് സഹിഹാകുമോ..?

അറുക്കാൻ കഴിയുന്ന ഏത് പ്രായത്തിലും കുട്ടിയുടെയും അറവ് സ്വഹീഹാകുന്നതാണ്. വകതരിവ് എത്തണമെന്ന നിബന്ധനയില്ല. പക്ഷെ നിയ്യത്ത് സ്വഹീഹാകണമെങ്കിൽ വകതരിവ് എത്തിയ കുട്ടിയായിരിക്കണം.

സ്ത്രീ ഉള്ഹിയ്യത്ത് അറുക്കുന്നതിന്റെ വിധിയെന്ത്..?

അറുക്കൽ അനുവദനീയമാണെങ്കിലും ഉള്ഹിയ്യത്തിനെക്കുറിച്ച് വിവരമുള്ള മറ്റൊരാളെ ഏൽപിക്കലാണ് അവൾക്ക് ഏറ്റവും ഉത്തമം.

അറവിൽ നിർബന്ധമുള്ള കാര്യങ്ങൾ എന്തെല്ലാം..?

അന്നനാളവും ശ്വാസനാളവും പൂർണ്ണമായി മുറിയുക.

നജസായ കത്തി കൊണ്ടുള്ള അറവ് സ്വഹീഹാവുമോ..?

സ്വഹീഹാവും

അറുക്കുന്നതിനിടയിൽ പെട്ടെന്ന് കത്തി ഉയരുകയും വീണ്ടും ഉടനെ അറവ് പൂർത്തിയാക്കുകയും ചെയ്താൽ പ്രസ്തുത മൃഗത്തെ ഭക്ഷിക്കാമോ..?

പെട്ടെന്നുള്ള താളപ്പിഴ നിമിത്തം കത്തി തെറ്റുകയോ, അറുക്കപ്പെടുന്ന മൃഗം പിടച്ചതിനാലോ, കത്തി വീണ് പോയതിനാലോ മറ്റോ കൈ ഉയർത്തുകയോ ചെയ്താലും ഉടനെ തന്നെ അറവ് പൂർണ്ണമാക്കിയാൽ അറവ് ശരിയാക്കുന്നതും മൃഗം ഭക്ഷ്യയോഗ്യമാവുന്നതുമാണ്.

ബിസ്മിയും തക്ബീറും ചൊല്ലാതെ അറുത്താൽ അറവ് സ്വഹീഹാവുമോ..?

സ്വഹീഹാവും. എന്നാൽ ബിസ്മിയും തക്ബീറും ചൊല്ലൽ സുന്നത്താണ്. ബിസ്മി ഒഴിവാക്കുന്നത് കറാഹത്തുമാണ്. ഹനഫീ മദ്ഹബിൽ ബിസ്മി ചൊല്ലൽ നിർബന്ധമാണ്.

ഉള്ഹിയ്യത്തിൽ നിയ്യത്ത് നിർബന്ധമാണോ..?

ഉള്ഹിയ്യത്ത് ഒരു ഇബാദത്തായത് കൊണ്ട് നിയ്യത്ത് നിർബന്ധമാണ്.

ഉള്ഹിയ്യത്തിന്റെ നിയ്യത്ത് ചെയ്യേണ്ട സമയം ഏതാണ്..?

സാധാരണ മറ്റ് ഇബാദത്തുകളിലെന്ന പോലെതന്നെ അറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യലാണ് അടിസ്ഥാന രൂപം.

അറവിന്റെ ശേഷം നിയ്യത്ത് ചെയ്താൽ മതിയാകുമോ..?

ഇല്ല. അറവിന്റെ ശേഷം നിയ്യത്ത് ചെയ്താൽ അത് ഉള്ഹിയ്യത്തായി പരിഗണിക്കപ്പെടുന്നതല്ല.

ഉള്ഹിയ്യത്തിന്റെ അറവ് നടത്താൻ മറ്റൊരാളെ ഏൽപ്പിക്കാമോ..?

ഏൽപിക്കാം. എന്നാൽ അറവിന് സാധിക്കുന്ന പുരുഷൻ സ്വന്തമായി തന്നെ അറുക്കലാണ് ഏറ്റവും ഉത്തമം. സ്ത്രീകളും, നപുംസക, അന്ധൻ, രോഗം കൊണ്ടോ മറ്റോ സ്വന്തമായി അറവിന് സാധിക്കാത്ത പുരുഷൻമാരും മറ്റൊരാളെ ഏൽപിക്കലാണുത്തമം.

ഉള്ഹിയ്യത്ത് അറുക്കാനുദ്ദേശിക്കുന്നവൻ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം..?

ദുൽഹിജ്ജ: ഒന്ന് മുതൽ ദുൽഹിജ്ജ: പതിമൂന്ന് ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ഉള്ഹിയ്യത്ത് നിർവ്വഹിക്കുന്നത് വരെ ശരീരത്തിലെ മുടി, നഖം, പല്ല്, രക്തം മുതലായവ നീക്കം ചെയ്യാതിരിക്കുക, അറുക്കാൻ കഴിയുന്ന പുരുഷൻ സ്വന്തമായി തന്നെ അറവ് നടത്തുക, സ്വന്തമായി അറുക്കാൻ കഴിയാത്തവൻ അറവിന് സാക്ഷിയാവുക, ദുൽഹിജ്ജ: പത്തിന് തന്നെ അറവ് നടത്തുക, അറവിന്റെ മര്യാദകൾ പാലിക്കുക എന്നിവ ഉള്ഹിയ്യത്തിന്റെ മര്യാദകളാണ്.

ഉള്ഹിയ്യത്ത് അറുക്കാനുദ്ദേശിക്കുന്നവൻ നഖം, മുടി മുതലായവ നീക്കം ചെയ്യുന്നതിന്റെ വിധി എന്താണ്..?

നീക്കം ചെയ്യേണ്ട പ്രത്യേകം ആവശ്യമില്ലാതെ ഇവകൾ നീക്കം ചെയ്യൽ കറാഹത്താണ്. ഇഹ്റാമിലുള്ളവനാണെങ്കിൽ നീക്കം ചെയ്യൽ ഹറാമാണ്.

ഏൽപ്പിക്കപ്പെടുന്നവൻ ആരായിരിക്കണം..?

ഉള്ഹിയ്യത്തിന്റെയും അറവിന്റെയും മതവിധികൾ അറിയുന്നവനെ ഏൽപിക്കലാണുത്തമം. മറ്റുള്ളവരെയും ആവാം.

മറ്റുള്ളവരെ ഏൽപ്പിക്കുകയാണെങ്കിൽ അറവിന് സാക്ഷിയാവൽ സുന്നത്തുണ്ടോ..?

ഉണ്ട്. അന്ധനുൾപ്പെടെ അറവ് നടത്താൻ മറ്റുള്ളവരെ ഏൽപിക്കുന്നവരെല്ലാം അറവിന് സാക്ഷിയാവൽ സുന്നത്തുണ്ട്....

മൃഗത്തെ കിടത്തേണ്ട രൂപം എങ്ങനെയാണ്..?

ഒട്ടകത്തെ ഇടതു കാൽ പിടിച്ചുകെട്ടി നിർത്തിയും, ആട്, മാട് എന്നിവയെ വലത് കാൽ ഒഴികെ കൈകാലുകൾ കെട്ടി ഇടത് ഭാഗത്തിന്റെ മേൽ ചെരിച്ച് കിടത്തുന്നത് വലത് കൈകൊണ്ട് അറവ് നടത്താനും ഇടത് കൈകാെണ്ട് കഴുത്തിന്റെ ഭാഗം പിടിക്കലും ആണ് കൂടുതൽ സൗകര്യമാണ്.

ഉള്ഹിയ്യത്തിന്റെ മാംസം മുഴുവനും വിതരണം ചെയ്യൽ നിർബന്ധമുണ്ടോ..?

നിർബന്ധമായത്, സുന്നത്തായത് എന്നിങ്ങനെ ഉള്ഹിയ്യത്ത് രണ്ട് വിധമുണ്ട്. നിർബന്ധമായ ഉള്ഹിയ്യത്തിൽ അതിന്റെ മാംസവും തോലും മുഴുവനായി ഫഖീർ, മിസ്കീൻ എന്നിവർക്ക് തന്നെ കൊടുക്കൽ നിർബന്ധമാണ്. ഉള്ഹിയ്യത്ത് നടത്തിയവനോ അവൻ ചെലവ് കൊടുക്കൽ നിർബന്ധമായവനോ നിർബന്ധ ഉള്ഹിയ്യത്തിൽ നിന്നും വല്ലതും ഉപയോഗിക്കൽ ഹറാമാണ്.

സുന്നത്തായ ഉള്ഹിയ്യത്തിന്റെ നിയമം: നിസ്സാരമല്ലാത്ത അൽപം (അലിയ്യുശ്ശബ് റാമല്ലിസീ(റ) വിന്റെ വീക്ഷണത്തിൽ 382.5 ഗ്രാം) വേവിക്കാത്ത മാംസം സക്കാത്തിനവകാശികളായ ഒരു ഫഖീറിനോ, മിസ്കീനിനോ നൽകൽ നിർബന്ധമാണ്. കൊമ്പ്, തോൽ, കുടൽ തുടങ്ങിയ മാംസമല്ലാത്ത ഭാഗം നൽകിയാലും, വേവിച്ച മാംസം നൽകിയാലും അത് നിർബന്ധ സ്വദഖ:യായി പരിഗണിക്കപ്പെടില്ല. സുന്നത്തായ ഉള്ഹിയ്യത്ത് പൂർണ്ണമായും അറുത്തവൻ തന്നെ ഭക്ഷിച്ചാൽ നിർബന്ധമായ അളവ് പാവപ്പെട്ടവർക്ക് നൽകുന്നത് വരെ അവൻ കടക്കാരനായിരിക്കും.

ഉള്ഹിയ്യത്തിന്റെ മാംസം മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യുന്നതിന്റെ വിധി എന്താണ്..?

നിർബന്ധമായ ഉള്ഹിയ്യത്തിന്റെ മുഴുവൻ ഘടകങ്ങളും ഉള്ഹിയ്യത്ത് അറുത്ത നാട്ടിൽ തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. അൽപം പോലും മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോയി വിതരണം ചെയ്യരുത്.

സുന്നത്തായ ഉള്ഹിയ്യത്തിന്റെ അൽപമെങ്കിലും ഉള്ഹിയ്യത്ത് അറുത്ത നാട്ടിൽ വിതരണം ചെയ്യണം. ബാക്കി എവിടെയും വിതരണം ചെയ്യാം. സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്നും അറുത്ത് നാട്ടിൽ ഒന്നും വിതരണം ചെയ്യാതെ മുഴുവനും മറ്റൊരു നാട്ടിലേക്ക് കൊണ്ട് പോയി വിതരണം ചെയ്യൽ ഹറാമാണ്.

സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസം വിതരണം ചെയ്യേണ്ട ഏറ്റവും ഉത്തമ രൂപം വിവരിക്കാമോ..?

ബറകത്തിന് വേണ്ടി കരളിൽ നിന്ന് അൽപ ഭാഗം മാത്രം എടുത്ത് ബാക്കി മുഴുവനും സ്വദഖ: ചെയ്യലാണ് എറ്റവും ഉത്തമം. അല്ലെങ്കിൽ മൂന്നിലൊന്നിൽ കവിയാത്ത ഭാഗം സ്വന്തമായി ഉപയോഗിച്ച് ബാക്കി ഭാഗം മുഴുവനും പാവപ്പെട്ടവർക്ക് സ്വദഖ: ചെയ്യുകയും ഉന്നതന്മാർക്ക് ഹദിയ നൽകുകയും ചെയ്യുക.

ഉള്ഹിയ്യത്തിന്റെ മാംസം ധനികൾക്ക് നൽകാമോ..?

നിർബന്ധമായ ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ ധനികർക്ക് നൽകാൻ പാടില്ല. എന്നാൽ സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് വേവിച്ചോ, അല്ലാതെയോ ധനികർക്ക് നൽകൽ അനുവദനീയമാണ്. പക്ഷെ, അവർക്ക് ലഭിച്ച ഒന്നും തന്നെ വിൽപന പോലുള്ള ഇടപാടുകൾ നടത്താവുന്ന വിധം അവർക്ക് ഉടമയാവില്ല.

ഉള്ഹിയ്യത്തിന്റെ തോൽ അറവുകാരന് കൂലിയായി നൽകാമോ..?

ഇല്ല. നിർബന്ധവും സുന്നത്തുമായ ഉള്ഹിയ്യത്തിന്റെ ഭാഗങ്ങളൊന്നും തന്നെ അറവുകാരന് കൂലിയായി നൽകാൻ പാടില്ല. എന്നാൽ അറവുകാരൻ ഫഖിർ, മിസ്കീനിന്റെ പരിധിയിൽ പെട്ടവനാണെങ്കിൽ വാജിബും സുന്നത്തുമായതിന്റെ തോൽ അവന്ന് സ്വദഖ:യായി നൽകാവുന്നതാണ്. ധനികനായ അറവുകാരനും സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോൽ സ്വദഖ:യായി നൽകാവുന്നതാണ്. പക്ഷെ, അവൻ അത് വിൽക്കൽ ഹറാമാണ്.

ഉള്ഹിയ്യത്തിന്റെ തോൽ എന്ത് ചെയ്യണം..?

നിർബന്ധമായ ഉള്ഹിയ്യത്തിന്റെ തോൽ സ്ഥാപനങ്ങൾക്ക് നൽകാൻ പാടില്ല. കാരണം സ്ഥാപനം സക്കാത്തിന്റെ അവകാശിയല്ലല്ലോ! എന്നാൽ സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോൽ ധനികർക്ക് നൽകാമെന്ന പോലെ സ്ഥാപനങ്ങൾക്കും നൽകാം. പക്ഷെ, അവർക്കത് വിൽക്കാൻ പാടില്ല. സ്വന്തമായി ഉപയോഗിക്കുകയോ, മറ്റുള്ളവർക്ക് ധർമ്മം ചെയ്യുകയോ ആവാം.

ഉള്ഹിയ്യത്തിന്റെ മാംസം അമുസ്ലിമിന് നൽകാമോ..?*

പാടില്ല. ഉള്ഹിയ്യത്ത് അറുത്തവനും അത് ലഭിച്ചവനും വേവിച്ചും അല്ലാതെയും അൽപ്പം പോലും അമുസ്ലിമിന് നൽകൽ ഹറാമാണ്. ഉള്ഹിയ്യത്ത് അറുത്തവനോ, അത് ലഭിച്ചവനോ ആരും തന്നെ ഉള്ഹിയ്യത്തിന്റെ ഒരു ഭാഗം പോലും അമുസ്ലിമിന് വിൽപന നടത്താനും പാടില്ല. ഇവിടെ നിർബന്ധമായത് സുന്നത്തായത് എന്ന വ്യത്യാസമില്ല.....

Post a Comment

0 Comments