✍🏼ഇത് ട്രോളുകളുടെ കാലമാണ്.ആവശ്യത്തിനും അനാവശ്യത്തിനും അപരനെ ട്രോളുന്നത് പലർക്കും ഒരു ഹരമാണ്...
സാമൂഹ്യ മാധ്യമങ്ങൾ വികാസം പ്രാപിച്ച ഈ സമകാലിക പശ്ചാതലത്തിൽ ട്രോളുകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്.
മുസ്ലിം - അമുസ്ലിം, സ്ത്രീ - പുരുഷ ഭേദമന്യെ പരിഹാസത്തെ ഇസ്ലാം കർശനമായി നിരോധിച്ചിട്ടുണ്ട്.
രാഷ്ട്രീയം, മതം, വ്യക്തിത്വം, സ്വഭാവം, പ്രവർത്തി, വാക്ക് എന്ന് തുടങ്ങി എന്തിന്റെ പേരിൽ ട്രോളിയാലും
അത് നിഷിദ്ധമായ കാര്യമാണ്.
ഖുർആൻ പറയുന്നത് കാണുക.
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍."
(അദ്ധ്യായം 49 ഹുജുറാത് 11)
വ്യക്തികൾക്കിടയിലും സമൂഹങ്ങൾക്കിടയിലും ഭിന്നതയും ശത്രുതയും ഉണ്ടാകുവാൻ കാരണമാക്കുന്ന നിസ്സാര വിഷയങ്ങൾ വരെ അല്ലാഹു ﷻ ഇവിടെ വിരോധിക്കുന്നു. ജനവിഭാഗം എന്ന് പറഞ്ഞതിൽ മഹത്തായ തത്വം ദർശിക്കാം. അതായത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പരിഹസിച്ചാൽ ഉണ്ടാവുന്നതിനേക്കാൾ വലിയ അപകടമാണ് ഒരു രാഷ്ട്രം അല്ലെങ്കിൽ ഒരു ജാതി മറ്റൊരു രാഷ്ട്രത്തേയോ ജാതിയേയോ പരിഹസിച്ചാൽ ഉണ്ടാവുക. നിങ്ങൾ അന്യോന്യം എന്ന പ്രയോഗം മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്ന തത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു.
അതുപോലെ ഒരാൾ തൃപ്തിപ്പെടാത്തതും മറ്റുള്ളവർ നൽകിയതുമായ പേരുകൾ വിളിക്കുവാനും പാടില്ല. ആ പേർ വിളിച്ചാലെ തിരിച്ചറിയൂ എന്ന നിർബന്ധിതാവസ്ഥയുണ്ടെങ്കിൽ അവ ഉപയോഗിക്കുന്നതിനു വിരോധമില്ല. അഭിമുഖമായി ഒരു സന്ദർഭത്തിലും അവർ വെറുക്കുന്ന പേരാണെങ്കിൽ വിളിക്കാൻ പാടില്ല.
നാവ് ഇരുതല മൂര്‍ച്ചയുള്ള ആയുധത്തെ പോലെയാണ്, അല്ല അതിലും കടുപ്പമുള്ളതാണ്. നന്മയില് ഉപയോഗിച്ച് വിജയം നേടാനും തിന്മയില് വിനിയോഗിച്ച് പരാജയം വരിക്കാനും നാവ് കൊണ്ട് സാധിക്കുന്നു.
നാവിന്റെ വിപത്തുകള്‍ വളരെയധികമാണ്. വാ തോരാതെ അന്യരെ പറ്റി ഏഷണിയും പരദൂഷണവും പറയുന്നവര്‍ വ്യക്തിജീവിതത്തില്‍ ശുദ്ധരല്ലെന്നാണ് മന:ശാസ്ത്രജ്ഞരുടെ നിഗമനം.
വായില്‍ വരുന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കുക എന്നത് വിശ്വാസികളുടെ സ്വഭാവമല്ല. വാക്കുകള്‍ എത്ര ചെറുതാണെങ്കിലും അവ രേഖപ്പെടുത്തപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും അവയുടെ പേരില്‍ താന്‍ അല്ലാഹുﷻവിന്റെ സന്നിധിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും സ്വര്‍ഗ്ഗ-നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ അവക്ക് നിര്‍ണ്ണായകമായ പങ്കുണ്ടെന്നും തിരിച്ചരിഞ്ഞവനാണല്ലോ വിശ്വാസി. അക്കാരണത്താല്‍ സൂക്ഷിച്ചു മാത്രമേ അവന് സംസാരിക്കയുള്ളൂ. ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത് ഇങ്ങനെ: "സത്യവിശ്വാസികളെ! നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുക. നല്ല വാക്ക് സംസാരിക്കുക. എങ്കില്‍ അവന് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിതീര്‍ക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും."
(അൽ അസ്ഹാബ് 70 - 71)
നബിﷺയുടെ സംസാര രീതിയെ കുറിച്ച് പത്നി ആഇഷ (റ) പറയുന്നു. "അല്ലാഹുﷻവിന്റെ ദൂതന് (ﷺ) നിങ്ങളെപ്പോലെ തുരുതുരാ സംസാരിക്കുന്ന ആളായിരുന്നില്ല. അവിടുന്ന് (ﷺ) പറയുന്ന വാക്കുകള്‍ ഒരാള്‍ക്ക് വേണമെങ്കില്‍ എണ്ണാന്‍ പോലും കഴിയുമായിരുന്നു."
(ബുഖാരി,മുസ്ലിം)
സ്വന്തം ന്യൂനതകളെയും ദൗര്‍ബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി. തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന് അപരന്റെ ന്യൂനതകള്‍ അന്വേഷിച്ചു പരക്കം പായുകയോ പ്രചരിപ്പിക്കുകയോ ഇല്ല. പ്രവാചകന് ﷺ പറഞ്ഞു: തന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടന്നതിനാല്‍ ജനങ്ങളുടെ ന്യൂനതകള്‍ വിസ്മരിച്ച വ്യക്തിക്ക് ഭാവുകങ്ങള്‍.
(ബൈഹഖി)
കൂട്ടുകാരന്റെ കുറ്റങ്ങളും കുറവുകളും പറയണമെന്ന് ആഗ്രഹിക്കുമ്പോള്‍ നിന്റെ കുറ്റങ്ങളും കുറവുകളും നീ ചിന്തിക്കുക...
(ഇബ്നു അബീ ദുന്യ)
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞു പരിഹസിക്കുന്നവരുണ്ട്. സാഹോദര്യ ബോധത്തെ തകര്‍ത്ത് കളയുകയും മാനുഷിക ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്ന ദു:സ്വഭാവങ്ങളില്‍ ഒന്നാണ് പരിഹാസം. ആഇശ (റ) പറയുന്നു: "ഒരിക്കല്‍ ഞാന്‍ പ്രവാചകന്റെ (ﷺ) സന്നിധിയില്‍ വെച്ച് ഒരാളുടെ അംഗവിക്ഷേപങ്ങള്‍ അഭിനയിച്ചു കാണിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് (ﷺ) പറഞ്ഞു. ഒരു മനുഷ്യനെയും ഇപ്രകാരം അനുകരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. എനിക്ക് ഇന്നയിന്ന മേന്മകളെല്ലാം ലഭിക്കുകയാണെങ്കില്‍ പോലും"
(അബൂ ദാവൂദ് - തിര്‍മുദി)
തെറ്റ് ചെയ്തതിന്റെ പേരില്‍ ഒരാള്‍ തന്റെ സഹോദരനെ പരിഹസിച്ചാല്‍ ആ തെറ്റ് അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ അല്ലാഹു ﷻ അയാളെ മരിപ്പിക്കുകയില്ല...
(തിര്‍മുദി)
ആരെങ്കിലും ഇങ്ങോട്ട് ചീത്ത വിളിച്ചാല്‍ ക്ഷമിക്കലാണ് ശ്രേഷ്ടവും കരണീയവും. അപ്പോള്‍ മലക്കുകള്‍ ചീത്ത പറയുന്നവനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും: തിരിച്ചും ചീത്ത വിളിച്ചാലോ? സദസ്സ് ഭാഗ്യശൂന്യമായി മലക്കുകള്‍ പിരിഞ്ഞു പോകും...
എന്നാല്‍ നാവിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരാളുടെ ഇഹപര സൗഭാഗ്യങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്...
അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വാസമുള്ളവന് നല്ലതു പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ...
(ബുഖാരി/മുസ്ലിം)
_✍🏼അബൂത്വാഹിർ ഫൈസി, മാനന്തവാടി_
0 Comments