ഉള്ഹിയ്യത്ത് - സംശയവും മറുപടിയും

‎‎‎‎‎‎‎‎‎‎‎‎‎
01❓ഉള്ഹിയ്യത്ത് എന്നാൽ എന്ത്..?

🅰️ ബലി പെരുന്നാൾ ദിനം സൂര്യോദയ ശേഷം നിർബന്ധഘടകങ്ങൾ മാത്രമുള്ള രണ്ടു റക്അത്ത് നിസ്കാരവും രണ്ട് ഖുത്ബയും നിർവ്വഹിക്കാൻ ആവശ്യമായ സമയം കഴിഞ്ഞതു മുതൽ ദുൽഹിജ്ജ: പതിമൂന്നിന്റെ സൂര്യാസ്തമയത്തിനിടയിൽ പ്രത്യേക നിർബന്ധനകളോടെ അല്ലാഹു ﷻ ന്റെ പ്രീതിക്ക് വേണ്ടി അറുക്കപ്പെടുന്ന മൃഗത്തിന്നാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രസ്തുത മൃഗത്തെ അറവ് നടത്തുന്നതിനെക്കുറിച്ചും ഉള്ഹിയ്യത്ത് എന്ന് ധാരാളമായി പ്രയോഗിക്കാറുണ്ട്...

 ഖുർആൻ, സുന്നത്ത്, ഇജ്മാഅ് എന്നിവ ഇതിന്റെ പ്രമാണങ്ങളാണ്. "നിന്റെ നാഥന് വേണ്ടി നീ നിസ്കരിക്കുകയും അറവ് നടത്തുകയും ചെയ്യുക"  എന്ന് സൂറത്തുൽ കൗസറിലെ രണ്ടാം സൂക്തവും നബി ﷺ തങ്ങൾ കൊമ്പുകളുള്ള വെളുത്ത രണ്ട് ആടിനെ തന്റെ തൃക്കൈ കൊണ്ട് ബിസ്മിയും തക്ബീറും ചൊല്ലി ബലികർമ്മം നടത്തിയെന്ന മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസും  ഉള്ഹിയ്യത്തിന്റെ പ്രമാണങ്ങളാണ്...

 ഉള്ഹിയ്യത്ത് അറുത്ത് അതിന്റെ മാംസം ദാനം ചെയ്യലാണ് സുന്നത്തായ ധർമ്മങ്ങളിൽ ഏറ്റവും ഉത്തമം...

 മുസ്ലിം സമുദായത്തിലെ പ്രായപൂർത്തിയും ബുദ്ധിയും വിവേകവും അറവ് നടത്താൻ സാമ്പത്തിക ശേഷിയുമുള്ള ഏതൊരാൾക്കും ഉള്ഹിയ്യത്ത് അറുക്കാൻ ശക്തമായ സുന്നത്താണ്.

02❓സാമ്പത്തിക ശേഷി കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്..?

🅰️ ബലി പെരുന്നാൾ ദിനത്തിലെ തന്റെയും താൻ ചെലവ് നൽകാൻ നിർബന്ധമായവരുടെയും ആവശ്യങ്ങൾ കഴിച്ച് ഉള്ഹിയ്യത്ത് നിർവ്വഹിക്കാനാവശ്യമായ സമ്പത്ത് മിച്ചം വന്നവൻ എന്നാണ് കഴിവുള്ളവൻ എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്.

03❓കടമുള്ളവർക്ക് ഉള്ഹിയ്യത്ത് സുന്നത്തുണ്ടോ..?

🅰️ അവധി എത്തിയതോ, അല്ലാത്തതോ ആയ കടം വീട്ടാനുള്ള സമ്പത്ത് കഴിച്ച് ഉള്ഹിയ്യത്ത് അറുക്കാനാവശ്യമായ സമ്പത്ത് മിച്ചം വരുന്നുണ്ടെങ്കിൽ അറവ് നടത്തൽ സുന്നത്താണ്. മിച്ചം വരുന്നില്ലെങ്കിൽ നിലവിലുള്ള സമ്പത്ത് കടം വീട്ടാൻ ഉപയോഗിക്കണം. ഉള്ഹിയ്യത്ത് ഒരിനം സ്വദഖ:യായത് കൊണ്ട് കടം വീട്ടാനാവശ്യമായ സമ്പത്ത് മറ്റ് സ്വദഖ:കൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തത് പോലെ ഉള്ഹിയ്യത്തിനും ഉപയോഗിക്കാൻ പാടില്ല.

04❓കുട്ടിക്ക് വേണ്ടി രക്ഷിതാവ് അറവ് നടത്തിയാൽ രക്ഷിതാവിനും ഉള്ഹിയ്യത്തിന്റെ പ്രതിഫലം  ലഭിക്കുമോ..?

🅰️ ഇല്ല. ഉള്ഹിയ്യത്തിന്റെ പ്രതിഫലം കുട്ടിക്കും അത് ദാനം ചെയ്തതിന്റെ പ്രതിഫലം രക്ഷിതാവിനും ലഭിക്കുന്നതാണ്.

05❓ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കിയവന് അത് നിർവ്വഹിക്കുന്നതിന് മുമ്പ് മരണപ്പെട്ടാൽ എന്ത് ചെയ്യണം..?

🅰️ മൃഗത്തെ നിർണ്ണയിക്കാതെയാണ് നേർച്ചയാക്കിയതെങ്കിൽ മറ്റുള്ളവർ അത് നടപ്പിലാക്കണമെങ്കിൽ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരിക്കണം. മൃഗത്തെ നിർണ്ണയിച്ച് നേർച്ചയാക്കിയതാണെങ്കിൽ വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കിലും മറ്റുള്ളവർ അതിനെ അറുക്കണം. മൃഗത്തെ നേരത്തെ നിർണ്ണയിച്ചാൽ അറവിന്റെ സമയത്ത് നിയ്യത്ത് ആവശ്യമില്ല എന്നതാണിതിന് കാരണം.

06❓മരണപ്പെട്ടവർക്ക് വേണ്ടി ഉള്ഹിയ്യത്ത് അറുക്കൽ അനുവദനീയമാണോ..?

🅰️ അവർ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ അറുക്കൽ അനുവദനീയമാണ്. ഇല്ലെങ്കിൽ അറുക്കാൻ പാടില്ല.

07❓ഏറ്റവും ഉത്തമ സമയം ഏതാണ്..?

🅰️ സൂര്യൻ ഉദിച്ച് നമ്മുടെ കാഴ്ചയിൽ 7 മുഴം ഉയർന്നതിന് ശേഷം (സൂര്യനുദിച്ചു 18 മിനിട്ടും 46 സെക്കന്റും കഴിഞ്ഞ ശേഷം) ചുരുങ്ങിയ രൂപത്തിൽ രണ്ട് റക്അത്തും ചുരുങ്ങിയ രണ്ട് ഖുത്ബയും നിർവ്വഹിക്കാനാവശ്യമായ സമയം കഴിഞ്ഞതിന് ശേഷം അറവ് നടത്തലാണ് ഏറ്റവും ഉത്തമം.

08❓നിസ്കാരം നിർവ്വഹിക്കുന്നതിന് മുമ്പ് അറവ് നടത്താമോ..?

🅰️ ബലി പെരുന്നാൾ ദിവസം സൂര്യനുദിച്ച് ചുരുങ്ങിയ രൂപത്തിലുള്ള രണ്ട് റക്അത്ത് നിസ്കാരവും ചുരുങ്ങിയ രണ്ട് ഖുത്ബയും നിർവ്വഹിക്കാനാവശ്യമായ സമയം കഴിഞ്ഞാൽ... നിസ്കരിച്ചാലും ഇല്ലെങ്കിലും അറവിന്റെ സമയം പ്രവേശിക്കുന്നതാണ്.

09❓സമയത്തിന് മുമ്പോ, ശേഷമോ അറവ് നടത്തിയാൽ അത് ഉള്ഹിയ്യത്തായി പരിഗണിക്കുമോ..?

🅰️ ഇല്ല. അത് ഉള്ഹിയ്യത്തായി പരിഗണിക്കുകയില്ല

10❓നേർച്ചയാക്കപ്പെട്ട മൃഗത്തെ സമയത്ത് അറുക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടതുണ്ടോ..?

🅰️ ഇല്ല. സമയത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ഖളാആയി അറുക്കലും സാധാരണ നിർബന്ധ ഉള്ഹിയ്യത്ത് പോലെ അതിന്റെ മാംസം മുഴുവനും പാവപ്പെട്ടവർക്ക് സ്വദഖ: ചെയ്യലും നിർബന്ധമാണ്...

‎‎‎‎‎‎‎‎‎‎‎‎ 11❓നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മൃഗത്തെ സമയത്തിന് മുമ്പ് അറുത്താൽ ഉള്ഹിയ്യത്തായി പരിഗണിക്കുമോ..?

🅰️ ഇല്ല. സമയത്തിന് മുമ്പ് അറുക്കപ്പെട്ട പ്രസ്തുത മൃഗത്തിന്റെ മാംസം മുഴുവനും പാവങ്ങൾക്ക് സ്വാദഖ: ചെയ്യലും അത് പോലോത്ത മറ്റൊന്നിനെ സമയത്ത് അറുത്ത് അതിന്റെ മാംസം മുഴുവനും പാവങ്ങൾക്ക് വിതരണം ചെയ്യലും നിർബന്ധമാണ്.

12❓ഉള്ഹിയ്യത്തിന് നിർണ്ണയിക്കപ്പെട്ട നേർച്ച മൃഗം മരണപ്പെടുമെന്നുറപ്പായാൽ സമയത്തിന് മുമ്പ് അറക്കാമോ..?

🅰️ സമയത്തിന് മുമ്പ് മരണപ്പെടുമെന്ന് കണ്ടാൽ അതിനെ അറുത്ത് സാധാരണ നിർബന്ധ ഉള്ഹിയ്യത്ത് പോലെ മാംസം വിതരണം ചെയ്യണം. മരണകാരണം തന്നിൽ നിന്നുണ്ടായതല്ലെങ്കിൽ പകരം മറ്റൊന്നിനെ അറുക്കേണ്ടതില്ല.

13❓രാത്രി അറുക്കുന്നതിന്റെ വിധി എന്താണ്..?

🅰️ പ്രത്യേക ആവശ്യമോ നേട്ടമോ ഇല്ലാതെ രാത്രി അറുക്കുന്നത് കറാഹത്താണ്.

14❓ആവശ്യം, നേട്ടം എന്നിവക്ക് ഓരോ ഉദാഹരണം പറയാമോ..?

🅰️ ആവശ്യം :- ഉള്ഹിയ്യത്തിന് തടസ്സമാകുന്ന ജോലിയിൽ പകലിൽ ഏർപ്പെടുക, മൃഗം കവർച്ച ചെയ്യപ്പെടുമെന്ന് ഭയപ്പെടുക.

നേട്ടം :- ഫുഖറാഇന് വരാനുള്ള സൗകര്യം രാത്രിയിലാവുക, അതിഥികളോ ഭക്ഷണമാവശ്യമുള്ളവരോ രാത്രിയിൽ ഹാജരാവുക.

15❓ഉള്ഹിയ്യത്തിന് പറ്റിയ  മൃഗങ്ങൾ ഏവ..?

🅰️ ആട്, മാട്, ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്തിന്റെ മൃഗങ്ങൾ.

16❓ഉള്ഹിയ്യത്ത് അറുക്കാൻ ആടിന് എത്ര വയസ്സാകണം..?

🅰️ കോലാടിന് (നമ്മുടെ നാട്ടിൽ സാധാരണയുള്ളതിന്) രണ്ട് വയസ്സ് പൂർണ്ണമാവുകയും നെയ്യാടിന് ഒരു വയസ്സ് പൂർണ്ണമാവുകയോ, ആറ് മാസത്തിന് ശേഷം പല്ല് പറിയുകയോ വേണം.(ചെമ്മരിയാട് കൊലാടിൽ പെട്ടത് തന്നെയാണ്. അതിന് രണ്ട് വയസ്സ് പൂർത്തിയായിരിക്കണം). നെയ്യാടിന് ഒരു വയസ്സ് പൂർണ്ണമാകുന്നത് വർഷത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രായപൂർത്തിയുടെയും പല്ല് കൊഴിയുന്നത് സ്ഖലനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രായപൂർത്തിയുടെയും സ്ഥാനത്തായാണ് ഗണിക്കപ്പെടുന്നത്.

17❓മാടിനെ(പശു, പോത്ത്, കാള) ഉള്ഹിയ്യത്ത് അറുക്കാൻ എത്ര വയസ്സ് വേണം..?

🅰️ രണ്ടു വയസ്സ് പൂർണ്ണമാവണം

18❓ഒട്ടകങ്ങളെ ഉള്ഹിയ്യത്ത് അറുക്കാൻ എത്ര വയസ്സ് വേണം..?

🅰️ അഞ്ച് വയസ്സ് പൂർണ്ണമാവണം

19❓ഉള്ഹിയ്യത്തിന്റെ മൃഗങ്ങളുടെ വയസ്സ് കണക്കാക്കുന്നതിലെ അവലംബനം എന്താണ്..?

🅰️ ഇത്തരം മൃഗങ്ങളെക്കുറിച്ച് അറിവും പരിചയമുള്ളവരുടെ വാക്കും, വിൽപനക്കാരൻ വിശ്വസ്ഥനാവുകയും അവന്റെ കൈവശം പ്രസവിക്കപ്പെട്ടതാവുകയും ചെയ്താൽ അവന്റെ വാക്കുമാണ് അവലംബം.

20❓ഉള്ഹിയ്യത്തിന്റെ മൃഗങ്ങളിൽ ശ്രേഷ്ഠതയുടെ ക്രമം വിവരിക്കാമോ..?

🅰️ 1. ഏഴ് നെയ്യാടുകൾ  
2. ഏഴ് കോലാടുകൾ  
3. ഒട്ടകം  
4. മാട്  
5. നെയ്യാട്  
6. കോലാട്  
7. ഒട്ടകത്തിലെ വിഹിതം  
8. മാടിലെ വിഹിതം  

ഈ ക്രമത്തിലാണ് മൃഗങ്ങളുടെ ശ്രേഷ്ഠതാ ക്രമം.

21❓ഉള്ഹിയ്യത്തിന്റെ മൃഗങ്ങളിലെ കളറുകളുടെ മുൻഗണനാ ക്രമം വിവരിക്കാമോ..?

🅰️ 1. വെളുപ്പ് 
2. മഞ്ഞ 
3. മങ്ങിയ വെള്ള 
4. ചാര നിറം 
5. ചുവപ്പ് 
6. വെളുപ്പും ചുവപ്പും കലർന്നത്
7. വെളുപ്പും കറുപ്പും കലർന്നത് 
8. തനി കറുപ്പ്

എന്നീ ക്രമത്തിലാണ് കളറുകളുടെ മുൻഗണന. വെളുപ്പിലേക്ക് കൂടുതൽ സാദൃശ്യതയുള്ളതിനെ അതല്ലാത്തതിനേക്കാൾ മുന്തിക്കണം.

22❓ഉത്തമ നിറമുള്ള പെൺമൃഗവും അതില്ലാത്ത ആൺമൃഗവും തമ്മിൽ ഏതാണുത്തമം..?

🅰️ ഉത്തമനിറമില്ലെങ്കിലും ആണ് തന്നെയാണുത്തമം.

23❓തടിച്ച് കൊഴുത്ത പെൺമൃഗവും മെലിഞ്ഞ ആൺമൃഗവും തമ്മിൽ ഏതാണുത്തമം..?

🅰️ തടിച്ച് കൊഴുത്ത പെൺമൃഗമാണ് പ്രസ്തുത ആണിനേക്കാളുത്തമം. ഇവിടെ ആണിന് ഉത്തമ നിറമുണ്ടായാലും ഇത് തന്നെയാണ് നിയമം.

24❓മണി ഉടക്കപ്പെട്ടതും ഉടക്കപ്പെടാത്തതും തമ്മിൽ ഏതാണുത്തമം..?

🅰️ ഇണചേരാത്തതാണെങ്കിൽ ഉടക്കപ്പെടാത്തതും, ഇണചേർന്നതാണെങ്കിൽ ഉടക്കപ്പെട്ടതുമാണുത്തമം.

25❓ഉള്ഹിയ്യത്തിന് പറ്റിയ മൃഗങ്ങളിൽ ഏറ്റവും ഉത്തമം ഏതാണ്..?

🅰️ തടിച്ച് കൊഴുത്ത വെള്ള നിറമുള്ള ആൺ മൃഗമാണ് ഏറ്റവും ഉത്തമം. തടിച്ച് കൊഴുത്തതിനാണ് കൂടുതൽ പരിഗണന നൽകേണ്ടത്. പിന്നീട് ആൺ മൃഗത്തിനും അതിന് ശേഷം നിറങ്ങൾക്കും പരിഗണന നൽകുക. ഉള്ഹിയ്യത്തിന്റെ മൃഗത്തെ ആവശ്യമായ ഭക്ഷണം നൽകി തടിപ്പിച്ചെടുക്കൽ സുന്നത്താണ്. കാരണം അത് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണല്ലോ.

26❓കൊമ്പുള്ള മൃഗത്തിന് കൂടുതൽ ശ്രേഷ്ഠതയുണ്ടോ..?

🅰️ ഉണ്ട്.

27❓ഉള്ഹിയ്യത്തിന്റെ മൃഗം എങ്ങനെയുള്ളതായിരിക്കണം..?

🅰️ ഉള്ഹിയ്യത്തിന്റെ മൃഗം മാംസത്തിനോ, ഭക്ഷയോഗ്യമായ മറ്റ് ഭാഗത്തിനോ പിന്നീടെങ്കിലും കുറവ് വരുത്തുന്ന എല്ലാ ന്യൂനതകളിൽ നിന്നും മുക്തമായിരിക്കണം.

Post a Comment

0 Comments