ഭാര്യയിൽ നിന്നും ഭർത്താവ് ആഗ്രഹിക്കാത്തത്

 
    വെറും ശാരീരിക, ലൈംഗിക വിഷയങ്ങളിൽ മാത്രമല്ല, ഭാര്യമാരുടെ അജ്ഞത കാരണത്താൽ ഭർത്താവ് ദുഃഖമനുഭവിക്കേണ്ടിവരുന്നത്. ഇതല്ലാത്ത വിവിധ വിഷയങ്ങളിലാണ് ഒരുപക്ഷെ അധികവും അവളിൽ നിന്നുള്ള പ്രയാസം അനുഭവിക്കേണ്ടി വരുന്നത്...

 അവന്റെ ധനം അവൻ ധനികനാണെങ്കിലും ദരിദ്രനാണെങ്കിലും വൻ ലാഭം നേടുന്ന ബിസിനസുകാരനോ ശമ്പളക്കാരനോ ആണെങ്കിലും കൂലിപ്പണിക്കാരനാണെങ്കിലും ധനം കുറഞ്ഞതാണെങ്കിലും  കൂടിയതാണെങ്കിലും അത് കൈകാര്യം ചെയ്യുന്നതിൽ ഭർത്താവിനെയും അല്ലാഹുﷻവിനെയും ഭയപ്പെടാത്തവൾ തോന്നിയപോലെ പ്രവർത്തിക്കും.

 വരവിനനുസരിച്ച് ചിലവഴിക്കാതെ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതെ അവളുദ്ദേശിക്കുന്നതിൽ ധനം ചിലവഴിച്ച് ധൂർത്തടിക്കും. തന്റെ ഭർത്താവ് കടം വാങ്ങുന്നതോ കടക്കണിയിൽ കുടുങ്ങി മനസ്സമാധാനമില്ലാത്തതിനാൽ ഉറക്കം വരാതെ കിടക്കുന്നതോ രാവും പകലും കഠിന ജോലി തനിക്ക് ചെയ്യാനാവുന്നതും ചെയ്യാനാവാത്തതും ചെയ്യുന്നതോ വീടും പറമ്പും പണയപ്പെട്ടതോ ഒന്നും അവൾക്ക് പ്രശ്നമില്ല. 

 വിഡ്ഢിയും  ജീവിതം പഠിക്കാത്തവളും ഭർത്താവിനോട് കൃതൃമ സ്നേഹം പുലർത്തുന്നവളുമായ ഈ ഭാര്യ തന്റെ ഭർത്താവിനെ അവളുദ്ദേശിക്കുംവിധം നന്നാക്കിയെടുക്കാൻ കാണുന്ന മാർഗം -   നിങ്ങളെന്തൊരു മനുഷ്യനാ, അപ്പുറത്തെ അഷ്‌റഫിനെ നോക്ക്. അയാളും നിങ്ങളെപ്പോലെ ആണല്ലേ. എന്തെങ്കിലും കുറവ് അവൻ വരുത്തുന്നുണ്ടോ. അവന്റെ ഭാര്യയും മക്കളും ധരിച്ച്  നടക്കുന്നത് നോക്കൂ... നിങ്ങൾക്ക് എന്താ പണിയെടുത്താൽ പണമല്ലേ കിട്ടുന്നത്. അത് ചെയ്ത് കൂടെ? ഇത് ചെയ്ത് കൂടെ? (അതായത് അവൾക്ക് അപ്പുറത്തെ വീട്ടുകാരനെ ഇഷ്ടമായിരിക്കുന്നു)

  ഇത്തരം വാക്കുകൾ താനിഷ്ടപ്പെടുന്ന ഭാര്യയിൽ നിന്ന് (ഇങ്ങിനെ മറ്റുള്ളവരെ ഉദാഹരണം പറയുന്ന ഭാര്യമാരെ ഒരു ഭർത്താവും ഇഷ്ടപ്പെടില്ല. പണമുള്ളവരെ ഉദാഹരണപ്പെടുത്തി തന്റെ ഭർത്താവിനെ നിന്ദിക്കാൻ ഒന്നിനും കൊള്ളാത്തവനാക്കാൻ ഒരു ഭാര്യയും തുനിയരുത്) കേട്ടപ്പോൾ അവന്  സഹിക്കാനാവില്ല. അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും സാരിയും അതുപോലെ മുന്തിയ ചുരിദാറുകളും മറ്റും കാണിച്ചാണ് തന്റെ ഭാര്യ അയൽപക്കത്തെക്കുറിച്ച് അഭിമാനം പറയുന്നത്. അവനും കടം വാങ്ങുന്നു. പലിശക്കും അല്ലാതെയും, ഭാര്യയും മക്കളും ജീവിതത്തിൽ ആകെ ഒന്നോ രണ്ടോ മൂന്നോ നാലോ തവണ ധരിക്കുന്ന പതിനായിരത്തിന്റെ സാരിക്ക് വേണ്ടി മാസങ്ങളോളം അവൻ വിയർപ്പൊഴുക്കുന്നു. കടം വാങ്ങിയവരിൽ നിന്ന് അസഭ്യങ്ങൾ കേൾക്കുന്നു. ചിലപ്പോൾ ചിലർ അവന്റെ കോളറിൽ പിടിക്കുന്നു...  
 
 വിവാഹത്തിന് മുഖ്യ വസ്ത്രമായി എടുത്ത വിലയേറിയ സാരി. പ്രസവത്തിന് കൂട്ടിവരുമ്പോഴേക്ക് എടുത്ത ഡ്രസ്സ് പോലോത്തവ ഈ ഒരു ദിവസത്തെ ഒരു നേരത്തെ ധരിക്കലിന് മാത്രമാണ്. ഇത് വായിക്കുമ്പോൾ ഒരൊറ്റ സ്ത്രീയും അത്ഭുതപ്പെടില്ല എന്ന് വന്നേക്കാം. കാരണം, അങ്ങിനെയേ ചെയ്യാവൂ എന്ന് ഉറപ്പിച്ച് വിശ്വസിക്കുന്നവരാണവർ. പക്ഷെ, പുരുഷന്മാർ പലരും ഇക്കാര്യം അറിയുന്നുമില്ല. (ഞാനിത് അറിഞ്ഞത് അടുത്ത കാലത്താണ്) പതിനയ്യായിരത്തിന്റെയോ ആയിരത്തിന്റെയോ ഒരു ഡ്രസ്സ്‌ ഒരു നേരം മാത്രം ധരിക്കാനാണെന്ന്  പല പുരുഷന്മാരും അറിയുന്നില്ല. ഇത് കോടീശ്വരന്മാരുടെ കഥയുമല്ല. സാധാരണക്കാർപോലും ഇങ്ങിനെയാണത്രെ. അന്വേഷിച്ചപ്പോൾ കല്യാണ ഡ്രസ്സ് പിന്നീട് ഭാര്യ ധരിക്കില്ലത്രെ. അതാണ് പതിവ് പോലും... 

 പെണ്ണുങ്ങളുണ്ടാക്കിയ ഇത്തരം കുറെ ധൂർത്തിന്റെ നാടാണ് നമ്മുടേത്. ആരാണ് ഇവരോട് (ഇങ്ങിനെ ഒരു തവണ ധരിച്ച് തന്റെയും വസ്ത്രത്തിന്റെയും അഴക് കാട്ടി പിന്നീട് ധരിക്കാത്തവർ) ഇനി ഇതൊരിക്കലും ധരിക്കരുതെന്ന് പറഞ്ഞത്..? അവൾക്കത് വാങ്ങിക്കൊടുത്ത അവൾ അനുസരിക്കേണ്ട ഭർത്താവ് പറഞ്ഞോ  ഇനി ഇത് ധരിക്കരുതെന്ന്. ഇത് വായിക്കുന്ന ഭർത്താക്കന്മാരെ, നിങ്ങളാരെങ്കിലും ഇങ്ങനെ പറഞ്ഞോ  എന്ന് ചോദിക്കാം. ഇല്ലാ എന്നാകും മറുപടി. ഇത് വായിക്കുന്ന സഹോദരി, നീ ഇത്തരക്കാരിയെങ്കിൽ നിന്നോട് അല്ലാഹു ﷻ പൊറുക്കുമോ..?

 നാട്ടു നടപ്പുകൾ നിലനിർത്തുന്നതിലും വീണ്ടും അവ പരിപോഷിപ്പിക്കുന്നതിലും  പോരായ്മകൾ ചികഞ്ഞന്വേഷിക്കുന്നതിലും  ന്യൂനതകൾ എന്ന് അവൾ അനുമാനിക്കുന്നവ മറ്റുള്ളവർക്ക് വിളമ്പിക്കൊടുക്കുന്നതിലും അവൾ തന്നെയാണ് മുന്നിൽ... 

 പുരുഷൻ തന്റെ കുടുംബത്തിനുള്ള അരി തേടിയിറങ്ങുമ്പോൾ അവൾ അന്യരുടെ കുറ്റം ചികഞ്ഞന്വേഷിക്കാനും അവ വ്യാപിപ്പിക്കാനും ഇറങ്ങുകയാണ്. ഇത്തരം സ്വഭാവക്കാരിയായവൾ തനിക്കാവശ്യമില്ലാത്ത അന്വേഷണങ്ങളിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും ഭർത്താവിന്റെ ധനം അന്യായമായി വലിച്ചുകീറി ദുരഭിമാനം കൊള്ളുന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനും ആത്മപരിശോധന നടത്താനുമാണ് ഇതെഴുതിയത്.

Post a Comment

0 Comments