_✍🏼മറുപടി നൽകിയത് : ഫൈസല്‍ നിയാസ് ഹുദവി_
🅰️ പ്രേതം, പിശാച്, ജിന്ന്, ശൈത്താന്‍ തുടങ്ങിയവ മനുഷ്യനെ എപ്പോഴും അലട്ടുന്ന സങ്കേതങ്ങളാണ്. ഇവയെക്കുറിച്ച് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലവിലുണ്ട്...
പ്രേതത്തെക്കുറിച്ചു സംസാരികുന്നതിനു മുമ്പ് അടിസ്ഥാനപരമായ ചിലകാര്യങ്ങള്‍ നാം മനസ്സിലാക്കണം. ഒരു മനുഷ്യന്റെ കൂടെ മനുഷ്യന് സാധാരണഗതിയില്‍ ദൃശ്യമല്ലാത്ത മൂന്ന് ശക്തികള്‍ കൂടെയുണ്ട്. ഒന്നാമതായി മനുഷ്യന്റെ റൂഹ് അല്ലെങ്കില്‍ ആത്മാവ്, രണ്ട് മലക്കുകള്‍, മൂന്നു ജിന്ന് വിഭാഗത്തില്‍പെട്ട പിശാച്. ഇതില്‍ അല്ലാഹുﷻവിന്റെ കല്‍പന അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട മലക്കുകള്‍ ഏതായാലും പ്രേതമോ മറ്റോ ആയി വരില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
ഇനിയുള്ള റൂഹിനെയും ജിന്ന് പിശാചിനെക്കുറിച്ച് അല്പം മനസ്സിലാക്കാം.
📍റൂഹ് അല്ലെങ്കില്‍ ആത്മാവ്:
മനുഷ്യനെ പിതാവായ ആദം നബി(അ)ന് അല്ലാഹു ﷻ റൂഹ് ഊതിയതും ഒരു കുഞ്ഞു ജനിക്കുമ്പോള്‍ റൂഹ് ഊതുന്നതും ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ റൂഹിനെ സംബന്ധിച്ചു വളരെ കുറച്ചു വിവരം മാത്രമേ മനുഷ്യനു നൽകപ്പെട്ടിട്ടുള്ളൂ. അല്ലാഹു ﷻ പറയുന്നു: ആത്മാവിനെകുറിച്ചു താങ്കളോടവര്‍ ചോദിക്കും. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ (രഹസ്യ)കാര്യങ്ങളില്‍ പെട്ടതാണ്. നിങ്ങള്‍ക്കു അല്‍പജ്ഞാനം മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ...
(അല്‍-ഇസ്റാഅ് 85)
മനുഷ്യന്റെ ജീവന്‍ നിലക്കുന്നതോടെ ആത്മാവ് ശരീരവുമായി വേര്‍പ്പെടുന്നു. പിന്നീട് ആത്മാവിനു എന്ത് സംഭവിക്കുന്നുവന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അനുഗ്രിഹീത ആത്മാക്കളെ മലക്കുകള്‍ ആകാശലോകത്തേക്ക് ആനയിക്കുകയും ഇല്ലിയ്യീനിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുമെന്നും ദുഷിച്ച ആത്മാക്കള്‍ ആകാശലോകത്ത് സ്വീകരിക്കപ്പെടാതെ ഭൂമിക്കടിയിലെ സിജ്ജീനിലേക്ക് ഏറിയപ്പെടുമെന്നും, ശേഷം ഖബറിലെ ചോദ്യം ചെയ്യലിനുവേണ്ടി മനുഷ്യശരീരത്തിലേക്ക് അത് മടക്കപ്പെടുമെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.
റൂഹുകള്‍ തമ്മില്‍ പരസ്പരം കണ്ടുമുട്ടുമെന്നും ജീവിച്ചിരിക്കുന്ന ആളുകളുടെയും മരിച്ചവരുടെയും റൂഹുകള്‍ തമ്മിലും ജീവിച്ചിരുക്കുന്നവരുടെ റൂഹുകള്‍ തമ്മില്‍ തമ്മിലും കണ്ടു മുട്ടലുകള്‍ സാധ്യമാണെന്ന് ഉറങ്ങുന്ന സമയത്ത് മനുഷ്യന്റെ റൂഹ് അവനെ വിട്ടുപിരിയുമെന്ന ആയത്തിന്റെ വ്യഖ്യാനത്തില്‍ മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആളുകളെ മരണത്തിനു ശേഷം സ്വപ്നത്തില്‍ ദര്‍ശിക്കുന്നതില്‍ ഈ കണ്ടുമുട്ടലിന്റെ വ്യാഖ്യാനമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സതീര്‍ത്ഥ്യര്‍, ശിഷ്യന്മാര്‍, മക്കള്‍ തുടങ്ങി തങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് സ്വപ്നത്തിലൂടെയും മറ്റും ഇത്തരം റൂഹുകളുടെ സദ്‌നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്ന് ഇമാം റാസി (റ), ഇമാം ഗസാലി (റ) തുടങ്ങിയവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണത്തിനു ശേഷവും റൂഹുകള്‍ അവന്റെ ഖബറിടവുമായും ശരീരവുമായി ബന്ധം നിലനിറുത്തും.
എന്നാല്‍ ദുഷിച്ച ആത്മാക്കള്‍ അല്ലാഹുﷻവിന്റെ ശിക്ഷക്ക് വിധേയമായികൊണ്ടിരിക്കും. ഖബ്റിലെ ശിക്ഷയെക്കുറിച്ച് വ്യക്തമാക്കുന്ന ഹദീസുകളില്‍ നിന്ന് ഇത് ഗ്രഹിക്കാം. അത്കൊണ്ട് തന്നെ അവ പ്രേതങ്ങളായി വരുമെന്ന പറയുന്നതിനു അടിസ്ഥാനമില്ല. സച്ചരിതരായ ആത്മാക്കളെപ്പോലെ അതിനു സ്വതന്ത്ര സഞ്ചാരം സാധ്യമല്ല.
📍ശൈത്താനും ജിന്നും:
ശൈത്താന്‍ (പിശാച്) എന്നത് ഒരു പ്രത്യേകം ജീവി വിഭാഗമല്ല. മറിച്ചു അല്ലാഹു ﷻ നന്മയും തിന്മയും വേര്‍തിരിച്ചു തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ ജിന്ന് വിഭാഗത്തിലെയും മനുഷ്യ വിഭാഗത്തിലെയും വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവരുമായ എല്ലാവര്‍ക്കും ശൈത്താന്‍ എന്ന പ്രയോഗം സാധുവാണ്. അല്ലാഹു ﷻ പറയുന്നു:
“അപ്രകാരം മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ എല്ലാ നബിമാര്‍ക്കും ശത്രുക്കളായി നാം നിയമിച്ചിട്ടുണ്ട്. ജനങ്ങളെ വഞ്ചിക്കുവാനായി ഭംഗിവാക്കുകള്‍ രഹസ്യമായി അവര്‍ പരസ്‌പരം അറിയിക്കുന്നതാണ്. താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ അത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവരെയും അവര്‍ കെട്ടിയുണ്ടാക്കുന്ന കള്ളവാദങ്ങളെയും അങ്ങ് വിട്ടേക്കുക”
(അല്‍ ആന്‍ആം 112)
സാധാരണ ഗതിയില്‍ നാം പിശാച് അല്ലെങ്കില്‍ ശൈത്താന്‍ എന്ന് പറയുമ്പോള്‍ നാം അര്‍ത്ഥമാക്കുന്നത് ജിന്നുകളില്‍ നിന്നുള്ള പിശാചുക്കളെയാണ്. കാരണം അവര്‍ മനുഷ്യവര്‍ഗത്തോട് തന്നെ ശത്രുത പുലര്‍ത്തുന്നവരും മനുഷ്യനെ വഴിപിഴപ്പിക്കാനായി നടക്കുകയും ചെയ്യുന്നവരാണ്. ജിന്നുകളില്‍പെട്ട പിശാചുക്കളുടെ തലവനാണ് ഇബ്ലീസ്. മനുഷ്യപിതാവായ ആദമിനു സുജൂദ് ചെയ്യാനുള്ള അല്ലാഹുﷻവിന്റെ കല്‍പന ധിക്കരിച്ചു മനുഷ്യകുലത്തോട് തന്നെ ശത്രുത പ്രഖ്യാപിച്ച് അല്ലാഹുﷻവിന്റെ സാന്നിധിയില്‍ നിന്ന് ഇറങ്ങി വന്നവനാണ് ഇബ്ലീസ്. ആദം മനുഷ്യ പിതാവാണെന്നത് പോലെ ഇബ്ലീസ് ജിന്നുകളുടെ പിതാവാണെന്ന് പല പണ്ഡിതന്മാരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്...
(തഫ്‌സീര്‍ ത്വബ്രി 1: 504)
ഇബ്ലീസും പരിവാരങ്ങളും മനുഷ്യനെ വഴിപിഴപ്പിക്കാനും അവനെ ഉപദ്രവിക്കാനും തക്കം പാര്‍ത്തിരിക്കുന്നവരാണ്. മനുഷ്യ മനസ്സില്‍ സംശയങ്ങള്‍ ഉണ്ടാക്കുക, മനുഷ്യനെ തിന്മയിലേക്ക് ക്ഷണിക്കുക, മനുഷ്യരെ തമ്മിലടിപ്പിക്കുക, മനുഷ്യനെ ഉപദ്രവിക്കുക, മനുഷ്യനെ പേടിപ്പിക്കുക, മനുഷ്യനിലേക്ക് സന്നിവേശിച്ചു അവന്റെ ബുദ്ധിയും വിവേകവും തന്നെ ഇല്ലാതാക്കുക തുടങ്ങിയ പലതും ജിന്നുവര്‍ഗ്ഗത്തില്‍പെട്ട ഈ പിശാചുക്കള്‍ക്ക് ചെയ്യാന്‍ കഴിയും. ഇത്തരം കാര്യങ്ങളെല്ലാം ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ദൈര്‍ഘ്യം ഭയന്നു ഇവിടെ അത് വിശദീകരിക്കുന്നില്ല.
മനുഷ്യന് അവയെ കാണാന്‍ കഴിയാത്ത ഭാഗത്തിലൂടെ അവക്ക് നമ്മെ കാണാന്‍ കഴിയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
“ആദമിന്റെ സന്താനങ്ങളേ, നിങ്ങളുടെ മാതാപിതാക്കളെ തങ്ങളുടെ ഗുഹ്യസ്ഥാനം കാണിക്കേണ്ടതിന് വസ്‌ത്രം നീക്കി സ്വര്‍ഗ്ഗത്തില്‍ നിന്ന് ബഹിഷ്‌കരിച്ചതുപോലെ പിശാച് നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. നിങ്ങള്‍ അവരെ കാണാത്ത വശത്തിലൂടെ അവനും സംഘക്കാരും നിങ്ങളെ കാണും. വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം ബന്ധുക്കളാക്കി വെക്കുക തന്നെ ചെയ്‌തിരിക്കുന്നു”
(അല്‍ - അഅ്റാഫ് 27)
ജിന്നുകളുടെ കൂട്ടത്തില്‍ ചിറകുകളുള്ള പറക്കുന്ന വിഭാഗവും, പാമ്പിന്റെയും നായകളുടെയും രൂപത്തില്‍ വരുന്നവയും സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗവും ഉള്ളതായി ഹദീസില്‍ വന്നിട്ടുണ്ട് (ഇബ്നു ഹിബ്ബാന്‍) അതില്‍ നിന്ന് ജിന്നുകള്‍ അതിവേഗത്തില്‍ സഞ്ചരിക്കാനും മനുഷ്യനു കാണാന്‍ കഴിയാത്ത രീതിയില്‍ അവന്റെ മേല്‍ സ്വാധീനം ചൊലുത്താനും സാധിക്കും.
ഓരോ മനുഷ്യന്റെ കൂടെയും നന്മയിലേക്ക് നയിക്കാന്‍ ഒരു മാലാഖയും തിന്മയിലേക്ക് വിളിക്കാന്‍ ഒരു പിശാചും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് (ഇമാം അഹ്മദ്) തിരുവചനം വ്യക്തമാക്കുന്നു.
പിശാചിന് കൂടുതല്‍ വഴിപ്പെടുകയും ദൈവികസ്മരണയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്ന വ്യക്തികളിൽ കൂടെയുള്ള ഈ പിശാച് ശക്തമായ സ്വാധീനം ചെലുത്തുകയും അവന്റെ ഇഷ്ടത്തിനനുസരിച്ചു വഴിതിരിച്ചു വിടുകയും ചെയ്യും. ശക്തമായ മനക്കരുത്തോടെ ദുര്‍ബോധനങ്ങളെ അതിജയിച്ചു ദൈവിക സ്മരണ നിലനിര്‍ത്തുന്ന വ്യക്തികളുടെ കൂടെയുള്ള പിശാചിന്റെ ശക്തി ശ
ക്ഷയിക്കുകയും അവന്‍ ആ മനുഷ്യന് മേല്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതെ വരികയുംചെയ്യും.
എല്ലാ മനുഷ്യന്റെ കൂടെയും ജിന്നില്‍ നിന്നുള്ള കൂട്ടാളിയുണ്ടെന്നും എന്നാല്‍ അല്ലാഹുﷻവിന്റെ സഹായത്താല്‍ എന്റെ കൂടെയുള്ള ജിന്ന് വിശ്വാസം സ്വീകരിച്ചത് കൊണ്ട് നന്മയല്ലാതെ കല്പിക്കുകയില്ലെന്നും തിരുമേനി ﷺ പറഞ്ഞത് (അഹ്മദ്, ദാരിമി) ഇതോട് നാം ചേര്‍ത്ത് വായിക്കണം. കൂടെയുള്ള ഈ പിശാചിന് സ്വഭാവികമായും ആ വ്യക്തിയുടെ സ്വഭാവവും രീതികളും അവന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും മറ്റുമൊക്കെ അറിവുണ്ടാകും.
ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ സ്വതന്ത്രനാവുന്ന ഈ പിശാചായിരിക്കണം പ്രേതമായി അവതരിപ്പിക്കപ്പെടുന്നതെന്ന് പല പണ്ഡിതന്മാരും വിശദീകരിച്ചിട്ടുണ്ട്. പലപ്പോഴും പിശാച് ബാധയേറ്റവര്‍ മരിച്ച ചില വ്യക്തികളുടെ സ്വഭാവം പ്രകടിപ്പിക്കുന്നത് മരിച്ചയാളുടെ കൂട്ടാളിയായ പിശാചിന്റെ ഉപദ്രവം കൊണ്ടാണ്. മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കുന്നുവന്നു അവകാശപ്പെടുന്നവരും അവരില്‍ നിന്നുള്ളതെന്ന പേരില്‍ വിവരങ്ങള്‍ കൈമാറുന്നവരും ഇത്തരം പിശാചുക്കളുമായിട്ടാണ് പലപ്പോഴും സംസാരിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യന്‍ രാജ്യങ്ങളിലടക്കം കുറ്റാന്വേഷകര്‍ പോലും ഇത്തരം പൈശാചിക സേവ നടത്തുന്നവരുടെ അടുക്കല്‍ എത്തുന്നതായി പറയപ്പെടുന്നു.
ജിന്നു വര്‍ഗ്ഗത്തില്‍പ്പെട്ട ഈ പിശാചുക്കള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം സാധ്യമായതിനാല്‍ വ്യാജ ത്വരീഖത്തുകളുമായി വരുന്നവര്‍ തങ്ങളുടെ ‘അത്ഭുത സിദ്ധി’ വെളിവാക്കാന്‍ തന്റെ പിശാചിനെ താന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പിശാചുമായി സംസാരിച്ചു വിവരങ്ങള്‍ ചോര്‍ത്തുകയും ശേഷം അത്ഭുത സിദ്ധിയായി ആ വ്യക്തിക്ക് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യും.
പിശാച് സേവ നടത്തുന്നവര്‍ക്ക് പിശാച് പല സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും പലയിടത്തും നിന്നും കൈമാറപ്പെടുന്ന അര്‍ദ്ധ സത്യങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും. ഇത്തരത്തില്‍ പിശാചിന് സേവചെയ്യുന്നതു കൊടിയ പാപവും സത്യനിഷേധവുമാണ്. അല്ലാഹു ﷻ പറയുന്നു: "മനുഷ്യരേ, നിങ്ങള്‍ക്ക് ഞാന്‍ ആജ്ഞ നല്‍കിയിരുന്നില്ലേ - നിങ്ങള്‍ പിശാചിനെ അനുസരിക്കരുത്; നിശ്ചയം അവന്‍ നിങ്ങളുടെ പ്രത്യക്ഷമായ ശത്രുവാണ് എന്ന് "
(യാസീന്‍ 60)
പിശാചിന്‍റെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹു ﷻ നമ്മെ കാക്കട്ടെ.., (ആമീൻ)
2️⃣❓ജിന്നുകളെക്കുറിച്ച് ഒന്ന് ചുരുക്കി വിവരിക്കാമോ..?
_✍🏼മറുപടി നൽകിയത് : ഫൈസല്‍ നിയാസ് ഹുദവി_
🅰️ ജിന്നുകളുടെ യാഥാര്‍ത്ഥ്യവും ഉണ്ടെന്ന വസ്തുതയും ഖുര്‍ആന്‍ കൊണ്ട് തന്നെ സ്ഥിരപ്പെട്ടതാണ്. തീ കൊണ്ട് സൃഷ്ടിക്കപ്പെട്ടവയാണ് ജിന്നുകളെന്നും ഖുര്‍ആനില്‍ തന്നെ കാണാം. അത്കൊണ്ട് തന്നെ, മനുഷ്യസാധ്യതകള്‍ക്ക് വിപരീതമായി ഏത് രൂപവും പ്രാപിക്കാവുന്നവയാണ് അവ...
കുറഞ്ഞസമയത്തിനകം കൂടുതല്‍ ദൂരം സഞ്ചരിക്കുക, നമുക്ക് കേള്‍ക്കാനാവാത്ത ശബ്ദങ്ങളും മറ്റും കേള്‍ക്കുകയും വസ്തുക്കള്‍ കാണുകയും ചെയ്യുക എന്നിങ്ങനെ അവയുടെ പല കഴിവുകളും നമ്മുടേതിനേക്കാള്‍ ശക്തമാണ്. നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് നല്‍കപ്പെട്ടവരാണെന്നതിനാല്‍ പ്രവാചകരുടെ നിയോഗം അവരിലേക്ക് കൂടിയാണെന്നും ശരീഅതിന്റെ നിയമങ്ങള്‍ അവര്‍ക്കും ബാധകമാണെന്നുമാണ് പ്രമാണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്.
സൂറതുല്‍ജിന്നിലെ ആദ്യ ആയതുകളുടെ വ്യാഖ്യാനത്തില്‍ പല പണ്ഡിതരും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. മനുഷ്യന് അവന്റെ കഴിവുകള്‍ ഉപയോഗിച്ച് ഇതര സൃഷ്ടികളിലും വസ്തുക്കളിലും പല സ്വാധീനങ്ങളും നടത്താനാവുന്നു എന്നത് പോലെ, ജിന്നുകള്‍ക്ക് അവര്‍ക്കുള്ള കഴിവുകള്‍ ഉപയോഗിച്ച് മനുഷ്യരിലും വിവിധ സ്വാധീനങ്ങള്‍ ചെലുത്താനാവും. പലിശ തിന്നുന്നവര്‍ പിശാച് ബാധയേറ്റവനെപ്പോലെയല്ലാതെ നില്‍ക്കുകയില്ല (അല്‍ബഖറ 275) എന്ന ആയതിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
3️⃣❓മനോധൈര്യം വര്‍ധിക്കാന്‍ വല്ല ആയതോ ദുആയോ ഉണ്ടെങ്കില്‍ അറിയാന്‍ താല്പര്യപ്പെടുന്നു...
_✍🏼മറുപടി നൽകിയത് : അബ്ദുല്‍ മജീദ് ഹുദവി_
🅰️ കാര്യങ്ങള്‍ നന്നായി ആലോചിച്ച ശേഷം തീരുമാനിക്കുകയും തീരുമാനമെടുത്താല്‍ അല്ലാഹുﷻവില്‍ ഭരമേല്‍പിക്കുകയും (തവക്കുല്‍ ) ചെയ്യലാണ് വിശ്വാസിയുടെ രീതി. ശേഷം വരുന്ന നേട്ടമായാലും കോട്ടമായാലും അത് അല്ലാഹുﷻവിന്റെ വിധിയും അനുഗ്രഹമോ പരീക്ഷണമോ ആണെന്ന് മനസ്സിലാക്കാനുമാണ് അവന്‍ ശീലിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ മനോധൈര്യം വര്‍ദ്ധിക്കുകയും ഏതു കാര്യം ചെയ്യാനും സ്ഥൈര്യം ലഭിക്കുകയും ചെയ്യും...
വേണ്ടവിധം ആലോചിച്ച ശേഷം പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ വേണ്ടവിധം വിജയം കാണാതിരുന്നാല്‍, അത് ചെയ്യേണ്ടിയിരുന്നില്ല എന്ന ചിന്ത തന്നെ അരുതെന്നും അത് പിശാചിന്റെ പ്രവര്‍ത്തനങ്ങളിലേക്കുള്ള വഴി തുറക്കുമെന്നും പ്രവാചകര്‍ ﷺ ഒരു ഹദീസിലൂടെ വ്യക്തമാക്കുന്നുണ്ട്.
സുറതുല്‍ ഇന്‍ശിറാഹ് (അലം നശ്റഹ് ലക്....) മനോധൈര്യം വര്‍ദ്ദിക്കാന്‍ സഹായകമാവും. ദിവസവും മഗ്രിബ് നിസ്കാര ശേഷം പതിനൊന്ന് പ്രാവശ്യം ഈ സൂറത് ഓതുന്നത് പതിവാക്കുന്നതിലൂടെ ആത്മധൈര്യവും മനസ്സുറപ്പും വര്‍ദ്ധിക്കുന്നതാണെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.
4️⃣❓ഇജാസത്ത് ഇല്ലാതെ എല്ലാ സ്വലാത്തുകളും ദിക്റുകളും ചൊല്ലാൻ പറ്റുമോ..?
_✍🏼മറുപടി നൽകിയത് : മുബാറക് ഹുദവി അങ്ങാടിപ്പുറം_
🅰️ മുത്ത്നബിﷺയുടെ മേലില്‍ സ്വലാത്ത് ചൊല്ലലും അല്ലാഹുﷻവിന്‍റെ സ്മരണയുണര്‍ത്തുന്ന ദിക്റുകള്‍ ചൊല്ലലും ഏറെ പുണ്യകരമായ കാര്യമാണ്. നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്‍റെ പലവിധ രൂപങ്ങളുമുണ്ട്. വിശുദ്ധഖുര്‍ആനില്‍ വന്നതും നബി ﷺ പഠിപ്പിച്ചതും ഹദീസുകളുടെ വെളിച്ചത്തില്‍ മഹാന്മാര്‍ നിര്‍ദേശിച്ചതുമായ നിരവധി ദിക്റുകളുമുണ്ട്. ഇവയിലേത് ചൊല്ലാനും ഇജാസത്ത് വേണമെന്നില്ല...
എന്നാല്‍, മഹാന്മാരുടെ ഇജാസത്തോടെ നിശ്ചിതഎണ്ണവും സമയവും പാലിച്ച് ചില ദിക്റുകള്‍ ചൊല്ലുമ്പോള്‍ അതിന് പ്രത്യേകഫലം ലഭിക്കുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
0 Comments