കോപത്തെ നിയന്ദ്രിക്കുന്നകുവാനാണ്‌ ശക്തൻ


      ജീവിതരീതികളില്‍ വിശുദ്ധി പുലര്‍ത്തുകയും തന്റെ അവയവങ്ങളും സംസാരവുമെല്ലാംനിയന്ത്രിക്കുന്നവനുമായിരിക്കണം വിശ്വാസി. ജീവിതത്തിന്റെ ഏതെങ്കിലും വികാരങ്ങള്‍ അവനെ അടിമപ്പെടുത്തിക്കൂടാ. മനുഷ്യനെ ഏറ്റവും കൂടുതല്‍ അപകടത്തിലാക്കുന്ന വികാരമാണ് കോപം. പലരുടേയും വ്യക്തിത്വത്തിന്റെ പരാജയകാരണം തന്നെ കോപമാണ്.
കോപമെന്ന ദുര്‍വികാരം പിശാചില്‍ നിന്നുണ്ടാവുന്ന ഒരു ദുര്‍ബോധനമാണ്. കോപം വരുമ്പോള്‍ വിവേകത്തെ അടിച്ചമര്‍ത്തി വികാരത്തെയാണ് പിശാച് പരിപോഷിക്കുക. അതുകൊണ്ട് കോപം വരുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് നാം അല്ലാഹുവില്‍ രക്ഷതേടണം. 

കോപത്തിലെ പൈശാചികത മനസ്സിലാക്കുന്ന ഒരു വിശ്വാസി അതിനനുസരിച്ചാവണം തന്റെ ജീവിതം പാകപ്പെടുത്തേണ്ടത്.
അബൂബക്കര്‍ (റ) തന്റെ മകനെ ഉപദേശിച്ചുകൊണ്ട് ഇപ്രകാരം എഴുതി: നീ കോപാകുലനായിരിക്കെ ആളുകള്‍ക്കിടയില്‍ തീരുമാനമെടുക്കരുത്. കാരണം നബി (ﷺ) അപ്രകാരം വിലക്കുന്നതായി ഞാന്‍ കേട്ടിരിക്കുന്നു.’ (ബുഖാരി, മുസ്‌ലിം) 

ചിലര്‍ക്ക് ദേഷ്യം വേഗം ഉണ്ടാകുകയും വേഗത്തില്‍ മാഞ്ഞുപോവുകയും ചെയ്യും. ചിലരുടെ കോപം അണയാത്ത കനലായി മനസ്സില്‍ എരിഞ്ഞു കൊണ്ടേയിരിക്കും. വൈകി മാത്രം കോപിക്കുകയും ഏറ്റവും വേഗം അതിന്റെ സ്വാധീനത്തില്‍നിന്നു മനസ്സിനെ മുക്തമാക്കുകയും ചെയ്യുന്നവരാണ് മനസ്സിനെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവര്‍. അല്ലാഹുﷻവിനെ ഭയപ്പെടുന്നവര്‍ക്ക് മാത്രമേ ഇത് സാധ്യമാകൂ,
മനുഷ്യന്റെ ജന്മവാസനകളിലൊന്നാണ് കോപം. അതിനാല്‍ അത് ഉന്‍മൂലനം ചെയ്യാന്‍ സാധ്യമല്ല. ഇസ്‌ലാം ആവശ്യപ്പെടുന്നതും പരിപൂര്‍ണമായി കോപത്തെ ഇല്ലാതാക്കണമെന്നല്ല. മറിച്ച്, അടക്കി നിര്‍ത്തണമെന്നാണ്. അക്രമകാരികളോട് അക്രമിക്കപ്പെട്ടവര്‍ക്കു തോന്നുന്ന ക്രോധവും ഈ ഗണത്തില്‍ വരുന്നതല്ല. കോപം വരുമ്പോള്‍ അല്ലാഹുﷻവില്‍ ശരണം തേടുക, മൗനം ഭജിക്കുക, അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് നിസ്‌കരിക്കുക എന്നിങ്ങനെയുള്ള യുക്തി മാര്‍ഗങ്ങള്‍ പ്രവാചകര്‍(ﷺ) നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
കോപത്താല്‍ ജ്വലിക്കുന്ന മനസ്സിനെ ശീതീകരിക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങളിവയാണ്.

മനശക്തിയുള്ളവര്‍ക്കേ കോപത്തെ അടക്കി നിര്‍ത്താനാവുകയുള്ളൂ. മല്ലയുദ്ധത്തില്‍ വിജയിക്കേണ്ടവന് ശരീരബലം മതി. മനസ്സിനെ അടക്കി നിര്‍ത്താന്‍ അത് പോരാ . യഥാര്‍ഥ ശക്തിയും അതാണ്. പ്രവാചകന്‍(ﷺ) പറഞ്ഞു: ‘ഗുസ്തിയില്‍ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ മനസ്സിനെ അടക്കിനിര്‍ത്തുന്നവനാണ് ശക്തന്‍. 

അല്ലാഹുﷻവില്‍ ഭരമേല്‍പ്പിക്കുന്ന സത്യവിശ്വാസികളുടെ ഗുണവിശേഷണങ്ങള്‍ പറയുന്നിടത്ത് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ‘വലിയ പാപങ്ങളും മ്ലേച്ഛവൃത്തികളും വര്‍ജ്ജിക്കുന്നവരാണ് അവര്‍. കോപം വന്നാല്‍ പൊറുത്തുകൊടുക്കുന്നവരും.’ (42:32)
ദേഷ്യത്തെ വിഴുങ്ങുന്നവന്റെ പാപങ്ങളെ അല്ലാഹു മറച്ചുവയ്ക്കുമെന്ന് നബി(ﷺ) വ്യക്തമാക്കിയിട്ടുണ്ട്. കോപം വിശ്വാസത്തെ ക്ഷയിപ്പിച്ചുകളയുമെന്ന് പ്രവാചകര്‍(ﷺ) പഠിപ്പിക്കുന്നു. വിശ്വാസം ദുര്‍ബലമാവാതെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അനുഷ്ഠാനങ്ങളില്‍ വ്യാപൃതരാവുന്നതുകൊണ്ട് മാത്രം പ്രയോജനമില്ല. 
സമസ്യ സൃഷ്ടികളോടും ഉത്തമമായ നിലയില്‍ വര്‍ത്തിക്കുകയും അവരുടെ പ്രീതി സമ്പാദിക്കുകയും വേണം. അല്ലാഹുﷻ വിട്ടുവീഴ്ച ചെയ്യുന്നവനും പൊറുത്തുകൊടുക്കുന്നവനുമാണ്. അല്ലാഹുﷻവിന്റെ ഗുണങ്ങള്‍ സ്വായത്തമാക്കാനുള്ള പരിശ്രമമായിരിക്കണം ഭക്തനായ ദാസന്റെ ജീവിതം. അതിനാല്‍ തന്നെ ഉപദ്രവിക്കുന്നവനോട് ക്ഷമിക്കുന്നത് ദൗര്‍ബല്യമല്ല, ശക്തിയാണ്. പ്രതികാരത്തിന് ആവതുണ്ടായിട്ടും വിട്ടുവീഴ്ച ചെയ്യുന്നതാണ് മഹത്വം. 

നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാല്‍ ഫലം കിട്ടുന്ന സമയത്താകുന്നു. കോപം മുഖേന വരേണ്ട എല്ലാ ദോഷങ്ങളും വന്നതിന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. ‘അനസ്ബ്‌നുമാലിക്(റ)വില്‍ നിന്ന് നിവേദനം: (ഖബറിന്നരികില്‍ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ പ്രവാചകന്‍ (ﷺ) നടന്ന് പോകുകയുണ്ടായി, പ്രവാചകന്‍(ﷺ) ആ സ്ത്രീയോട് പറയുകയുണ്ടായി, ‘നീ അല്ലാഹുﷻവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക’ അപ്പോള്‍ അവള്‍ പറഞ്ഞു, ‘എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല’ അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെടുമ്പോള്‍ അവള്‍ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു പ്രവാചകന്റെ അടുത്ത് അവള്‍ പാറാവുകാരെ കണ്ടില്ല... (താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു’ അപ്പോള്‍ പ്രവാചകൻ‍ﷺ പറയുകയുണ്ടായി, ‘ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു’) ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്, ക്ഷമിക്കേണ്ടത് തന്നെ കോപവും, വ്യസനവും കീഴ്‌പ്പെടുത്തുന്ന അവസരത്തിലാകുന്നു. വരേണ്ട എല്ലാ കഷ്ടതകളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. തുടര്‍ന്ന് നാം ഖേദിക്കേണ്ടിവരും.

നബി(ﷺ) പറഞ്ഞു: ‘കോപം പ്രയോഗിക്കാന്‍ കഴിവുണ്ടായിരിക്കെ അതടക്കിപ്പിടിച്ചവനെ പുനരുത്ഥാന നാളില്‍ അല്ലാഹുﷻ സകല സൃഷ്ടികളുടെയും ഇടയില്‍നിന്ന് വിളിച്ച് തനിക്കിഷ്ടമുള്ള സ്വര്‍ഗകന്യകയെ തെരഞ്ഞെടുത്തു കൊള്ളാന്‍ പറയും.’ (തിര്‍മൂദി)
പ്രവാചകന്‍(ﷺ) ഒരിക്കല്‍ കോപിച്ച് നില്‍കുന്ന ആളോട് പറഞ്ഞു: ‘ആഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം (അഭിശപ്തനായ പിശാചില്‍നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണംതേടുന്നു) എന്നു പറയുക.’ അയാള്‍ അപ്രകാരം പറയുകയും തന്നെ കീഴടക്കിയ കോപത്തില്‍നിന്ന് സ്വയം രക്ഷപ്പെടുകയും ചെയ്തു.
ദൈവസ്മരണ ഉണര്‍ത്തുന്ന മൊഴികള്‍ദിക്‌റുകള്‍ കോപത്തെ ശമിപ്പിക്കുന്ന ശക്തമായ ഉപാധികളാണ്. ഒരു ഹദീസില്‍ ഇപ്രകാരമുണ്ട് അല്ലാഹുﷻ പറഞ്ഞു: ‘കോപം വരുമ്പോള്‍ എന്നെ ഓര്‍ക്കുന്നവനെ എനിക്ക് കോപം വരുമ്പോള്‍ ഞാനും ഓര്‍ക്കും.’ ദൈവസ്മരണ കോപത്തെ നിയന്ത്രിക്കുകയും പല ദുഷ്‌കൃത്യങ്ങളില്‍നിന്നും നമ്മെ രക്ഷപ്പെടുത്തുകയും ചെയ്യും. കോപമായിരിക്കും ചിലയാളുകളെ സദാ ഭരിച്ചുകൊണ്ടിരിക്കുന്നത്. അത്തരക്കാര്‍ കോപത്തെ നിയന്ത്രിക്കുകയേ വേണ്ടൂ. അവരുടെ സകല കാര്യങ്ങളും ഗുണകരമായിത്തീരാന്‍ ഒരാള്‍ നബി(ﷺ)യെ സമീപിച്ച് ഉപദേശം തേടി. നബി(ﷺ) അയാളോട് ‘നീ കോപിക്കരുത്’എന്നു പറഞ്ഞു. ആഗതന്‍ വീണ്ടും വീണ്ടും ഉപദേശം തേടിക്കൊണ്ടിരുന്നു. അപ്പോഴൊക്കെയും തിരുനബി(ﷺ) ‘നീ കോപിക്കരുത്’ എന്നു തന്നെ ആവര്‍ത്തിച്ചു. (ബുഖാരി)
ഇതിനാലാണ് ക്ഷമ മുസ്ലിമിന്റെ സുപ്രധാന സ്വഭാവമായി ഇസ്ലാം പഠിപ്പിക്കുന്നത്.

_✍️സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ_

Post a Comment

0 Comments