കോഴിക്കോട് ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയത്തിലെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കഥാപാത്രം. രാത്രി മാതാപിതാക്കളുടെ കൂടെയാണവന്‍ കിടന്നുറങ്ങാറുള്ളത്. പക്ഷേ, വിത്തിനുള്ളില് ജീവനുള്ള ഒരു പ്രതിഭാസമുണ്ടല്ലോ. ഇതുപോലെ ഒരു കൊച്ചു ഹൃദയം അവനിലും ഉണരാന്‍ തുടങ്ങിയിരുന്നു...
ഒരു ദിവസം അവന് ക്ലാസ്സില്‍ എത്തിയത് പുതിയ വാര്‍ത്തയുമായാണ്. കൂടെയുള്ള കുട്ടികള്‍ കാതുകൂര്‍പ്പിച്ചിരുന്നു. സമപ്രായക്കാരോട് അവന് തുറന്നു പറഞ്ഞു. കഴിഞ്ഞ രാത്രിയില്‍ മാതാപിതാക്കളില്‍ നിന്നും കണ്ട 'കാര്യ’ങ്ങള്. കഥ ഇവിടെ അവസാനിക്കുന്നില്ല. കേട്ട കുട്ടികള്‍ വീട്ടില്‍ ചെന്ന് കൂട്ടുകാരന് പറഞ്ഞ 'വീട്ടുവിശേഷങ്ങള്‍’ അവരുടെ രക്ഷിതാക്കളോടും പങ്കുവെച്ചു. അപ്പോഴാണ് ചിത്രം പൂര്‍ണമാകുന്നത്..!!
ഒന്നും അറിയില്ലെന്നു കരുതി മാതാപിതാക്കളുടെ ഇടയില്‍ കിടത്തിയതിന്റെ അനന്തരഫലം ഇത്ര വലുതാകുമെന്ന് ആ മാതാപിതാക്കളാരും കരുതിയിരുന്നില്ല.
അറിയുക, കുട്ടികള്‍ വെബ് ക്യാമറകളാണ്. മാതാപിതാക്കള്‍ ചെയ്യുന്നത് മുഴുവന്‍ പകര്‍ത്തിവെക്കാനും വേണ്ടവരിലേക്ക് പകരാനും കഴിയുന്നവര്‍. യാതൊരു എഡിറ്റിംഗും കൂടാതെ വീണ്ടും അതെല്ലാം പ്ലേ ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കും...
ചെറു പ്രായത്തില്‍ തന്നെ ലൈംഗികതയുടെ ചിത്രം അവരുടെ മനസ്സില്‍ പതിയുന്നതിന് ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ സാധ്യതകളുണ്ട്. കൂടെ കിടത്തുമ്പോഴും അവര്‍ മയങ്ങിയിട്ടുണ്ടെന്ന് 'ഉറപ്പുവരുത്തി’യാലും ഭാര്യാ ഭര്ത്താക്കന്മാര് അറിയാത്ത ഒരു സംഗതിയുണ്ട്. അവരുടെ ഉള്ക്യാമറ തുറന്നിരിക്കുകയാണെന്നതാണത്. ഓരോ ചലനവും അവര്‍ വീക്ഷിക്കുന്നുണ്ടാവും.
ഇവിടെയാണ് നിരീക്ഷണ പഠനം എന്ന വിഷയം വരുന്നത്. കുട്ടികള്‍ പഠിക്കുന്നത് വെറും കേള്‍വിയിലൂടെ മാത്രമല്ല. കാഴ്ചയിലൂടെയും പഠിക്കുന്നുണ്ട്. നല്ല സ്വഭാവത്തിന്റെയും ചീത്ത സ്വഭാവത്തിന്റെയും രൂപീകരണം ആദ്യം തുടങ്ങുന്നത് രക്ഷിതാവില്‍ നിന്നാണ്. അഥവാ വീട്ടില്‍ നിന്ന്.
മനഃശാസ്ത്രപരമായി ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്ക് നോക്കാം. സാധാരണ നാം മറ്റുള്ളവരെ നിരീക്ഷിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നതിലൂടെ പലതും ആര്ജിക്കുന്നുണ്ടല്ലോ. ഇതുപോലെ കുട്ടികളും പഠിക്കുന്നുണ്ട്. ആരെയാണോ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നത് അയാളെ മോഡല്‍ എന്നു പറയുന്നു. മാതൃകകളെ രണ്ടായി തിരിക്കാം. ഒന്ന്: യഥാര്‍ത്ഥ ജീവിത മാതൃകകള്‍. ഉദാ: മാതാവ്, പിതാവ്, സുഹൃത്തുക്കള്‍, അധ്യാപകര്‍. രണ്ട്: പ്രതീകാത്മക മാതൃകകള്‍. ഉദാ: ടിവി, പുസ്തകങ്ങള്‍.
മാതാപിതാക്കള്‍ നല്ല മാതൃകകളാകുമ്പോള്‍ മക്കള്‍ നന്നാവുന്നുണ്ട്. കാരണം അവരെ കണ്ടുകൊണ്ടാണ് പഠിക്കുന്നത്. കേള്‍ക്കുന്നതിനേക്കാള്‍ കാഴ്ചക്കാണ് പഠനത്തില്‍ പ്രാധാന്യമുള്ളത്. കുട്ടിയോട് കുറേ ഉപദേശങ്ങള്‍ നല്കുമ്പോള് അത് ഉള്‍ക്കൊണ്ടെന്നു വരില്ല. അതേ സംഗതികള്‍ പ്രവര്‍ത്തനത്തിലൂടെ കാണിച്ചുകൊടുക്കുമ്പോള്‍ ആ വഴി സ്വീകരിക്കും. പ്രതീകാത്മക മാതൃകകളില്‍ നിന്നും കുട്ടികള്‍ നല്ലതും ചീത്തയും നിരീക്ഷിച്ചു പഠിക്കുന്നു. അതുകൊണ്ടാണ് കാര്യവിചാരങ്ങളില്ലാത്ത പ്രായത്തിലുള്ള കുട്ടികള്‍ പോലും അനാവശ്യ വാക്കുകളും പ്രവര്‍ത്തനങ്ങളും പയറ്റുന്നത്. അവര്‍ മാതൃകയാക്കിയത് ടിവിയിലെ പ്രോഗ്രാമുകളെയാണ്.
ചെറുപ്രായത്തില്‍തന്നെ കാണുന്നതും കേള്‍ക്കുന്നതും മനസ്സില്‍ പതിയും.
യുകെജി വിദ്യാര്‍ത്ഥിയെ ടീച്ചര്‍ ക്ലാസ്സില്‍നിന്ന് പുറത്താക്കിയപ്പോള്‍ ഒമ്പത് വാചകങ്ങളിലൂടെ അവന്റെ പ്രതികരണം ടീച്ചര്‍ക്കുനേരെ തൊടുത്തുവിട്ടു. നിഘണ്ടുവിലില്ലാത്ത വാചകങ്ങള്‍. അധ്യാപകര്‍ രക്ഷിതാക്കളെ വിളിപ്പിച്ചു വിഷയമവതരിപ്പിച്ചു. ഭാര്യയും ഭര്‍ത്താവും ഞെട്ടി. സംഗതിയുടെ അടിസ്ഥാന കാരണം കണ്ടെത്താന്‍ അവര്‍ കിണഞ്ഞു പരിശ്രമിച്ചു. ഭാര്യ പറഞ്ഞു, നിങ്ങള്‍ അന്ന് മൂന്നാല് വാചകങ്ങള്‍ പറഞ്ഞില്ലായിരുന്നോ. അതുകേട്ട് പഠിച്ചതായിരിക്കും. ഉടനെ ഭര്‍ത്താവ് ഇടപെട്ടു. നാലഞ്ച് വാക്ക് നീയും പറഞ്ഞില്ലേ? രണ്ടുപേരും പറയുന്നത് കുട്ടി കേട്ടു. അവന് ടീച്ചര്‍ക്കും നല്കി...
നിഷ്കളങ്കമായ ഹൃദയത്തെ കലുഷിതമാക്കി തീര്‍ക്കുന്നത് വീട്ടിലെ ജീവാത്മക മാതൃകകളും പ്രതീകാത്മക മാതൃകകളുമാണ്. പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നത് മക്കളുടെ മുമ്പില്‍ വെച്ചാവുമ്പോള്‍ അവര്‍ അത് മാതൃകയാക്കുന്നു. സ്വന്തം മാതാപിതാക്കളെ കുറ്റം പറയുന്നത് തങ്ങളുടെ മക്കള്‍ കേള്‍ക്കുന്നുവെങ്കില്‍ അതനുസരിച്ച് അവര്‍ തങ്ങളുടെ ഉമ്മാമയോടും ഉപ്പാപ്പയോടും മോശമായി പെരുമാറും. അവസാനം കൊടുത്തതു മാത്രം തിരിച്ചുകിട്ടും. അതിനാല്‍ നന്മയുടെ മാതൃകകളാവാന്‍ രക്ഷിതാക്കള്‍ക്ക് കഴിണം.
0 Comments