_ബദ്ധപ്പാടും അനവധാനതയുമാണ് പിശാചു കടന്നുവരുന്ന മറ്റൊരു മാര്‍ഗം. തിരുദൂതര്‍ (സ്വ) പറഞ്ഞു: ‘ബദ്ധപ്പാടും എടുത്തുചാട്ടവും പിശാചില്‍ നിന്നുള്ള പ്രേരണയാണ്. മനസ്സിരുത്തി സാവകാശം പ്രവര്‍ത്തിക്കുന്നത് അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനവുമത്രെ.’ അല്ലാഹു പറഞ്ഞു: ‘മനുഷ്യന് ധൃതിയുള്ളവനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.’ മനുഷ്യന് മഹാവെപ്രാളക്കാരനാണ്. അല്ലാഹു തിരുപ്രവാചകരെ ഉപദേശിച്ചതിങ്ങനെ: ‘വഹ്യ് ലഭിച്ചുകഴിയുന്നതിനുമുമ്പേ ധൃതിപ്പെട്ട് ഖുര്‍ആന്‍ ഓതിത്തുടങ്ങരുത്.’_
വെപ്രാളം കാണിക്കുമ്പോള്‍ മനുഷ്യനറിയാതെ പിശാച് തന്റെ ദുഷ്ടതാല്പര്യങ്ങളെ അതിനിടയിലൂടെ ധൃതിയില്‍ കടത്തിവിടുന്നു. പ്രവാചകന് ഈസാബ്നു മര്‍യം പിറന്നപ്പോള്‍ പിശാചുക്കള്‍ നേതാവായ ഇബ്ലീസിനെ വിവരമറിയിച്ചു: ‘സകലവിഗ്രഹങ്ങളും തലകീഴായി വീണിരിക്കുന്നു.’ ഇബ്ലീസ് അത്ഭുതപ്പെട്ടു: ‘ഇതൊരു പുതിയ സംഭവമാണല്ലോ. നിങ്ങളിവിടെ നില്ക്കിന്.’ ഇബ്ലീസ് ഭൂമിയുടെ ഇരുദിക്കുകളിലും ചെന്നുനോക്കി. ഒന്നും കണ്ടില്ല. പിന്നെയാണ് ഈസാ പ്രവാചകന് പിറന്നതു കണ്ടത്. മലക്കുകള്‍ അദ്ദേഹത്തെ വലയം ചെയ്തിട്ടുണ്ടായിരുന്നു. ഇബ്ലീസ് തിരിച്ചുവന്ന് അനുയായികളോടറിയിച്ചു: ‘ഇന്നലെ രാത്രി ഒരു പ്രവാചകന് ജനിച്ചിട്ടുണ്ട്. ഏതൊരു ഗര്‍ഭം ചുമക്കുമ്പോഴും പ്രസവിക്കുമ്പോഴും ഞാന്‍ അവിടെ എത്താറുണ്ട്. ഈ സംഭവമൊഴികെ!!’ ആ രാത്രിക്കുശേഷം വിഗ്രഹങ്ങള്‍ പൂജിക്കപ്പെടുകയില്ലല്ലോ എന്ന് പിശാചുക്കള്‍ നിരാശപ്പെട്ടതായിരുന്നു. പക്ഷേ, ബദ്ധപ്പാടും അവിവേകവും ഉപയോഗപ്പെടുത്തി അവര്‍ മനുഷ്യരെ വീണ്ടും വഴിതെറ്റിച്ചു.
🎰ധനമോഹം, ലുബ്ധ്, ദാരിദ്ര്യഭീതി-
പിശാച് ഹൃദയത്തിനകത്തു കയറുന്ന മറ്റൊരു വഴിയാണ് ദീനാറും ദിര്‍ഹമും. കച്ചവടച്ചരക്കുകള്‍, വാഹനമൃഗങ്ങള്‍, ഭൂമി, ദീനാര്‍, ദിര്‍ഹം തുടങ്ങിയ എല്ലാവിധ പണവും പിശാചിന്റെ കവാടമാണ്. നിത്യവൃത്തിക്കാവശ്യമുള്ളതിനേക്കാളധികമുള്ള പണം പിശാചിന്റെ പാര്‍പ്പിടമായി വര്‍ത്തിക്കുന്നു. നിത്യവൃത്തിക്കുവേണ്ടത് സ്വന്തമായുള്ളവന് സ്വസ്ഥമനസ്കനായിരിക്കും. നൂറ് ദീനാര്‍ കൂടുതല്‍ കയ്യിലുണ്ടെങ്കില്‍ പത്തുമോഹങ്ങളുദിക്കും. ഓരോ ആഗ്രഹവും നിവര്‍ത്തിക്കാന്‍ നൂറ് വീതം ദീനാര്‍ വേറെ ആവശ്യമുണ്ടാകും. കയ്യിലുള്ളത് മതിയാകില്ല. തൊള്ളായിരം ഇനിയും വേണം. നൂറു ദീനാര്‍ മിച്ചമില്ലാത്ത ഘട്ടത്തില്‍ അയാള്‍ ഐശ്വര്യവാനായിരുന്നു. നൂറു ലഭിച്ചപ്പോള്‍ അയാള്‍ കരുതി താനൊരു ധനികനാണെന്ന്. പക്ഷേ, ഇപ്പോള്‍ തൊള്ളായിരം ദീനാറിന്റെ ആവശ്യക്കാരനായിത്തീര്ന്നു!
സാബിതുല്‍ ബന്നാനി(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ അന്ത്യദൂതര്‍(സ്വ)യെ പ്രവാചകനായി നിയോഗിക്കപ്പെട്ടപ്പോള്‍ ഇബ്ലീസ് തന്റെ അനുയായികളായ പിശാചുക്കളോടു പറഞ്ഞു: ഗൗരവമുള്ള എന്തോ സംഭവിച്ചിട്ടുണ്ടല്ലോ.! പോയി നോക്കീന്, എന്താണത്? അവര്‍ ഇറങ്ങിത്തിരിച്ചു. ഒന്നും കണ്ടുപിടിക്കാനാകാതെ തളര്‍ന്ന് തിരിച്ചുവന്നു: ‘ഞങ്ങള്‍ക്കറിയില്ല.’ ഇബ്ലീസ് പറഞ്ഞു: ‘എന്നാല്‍, വാര്‍ത്തയുമായി ഞാന്‍ ഇപ്പോള്‍ വരാം.’ ഇബ്ലീസ് പോയി വന്നു പറഞ്ഞു: ‘അല്ലാഹു മുഹമ്മദി(സ്വ)നെ പ്രവാചകനായി നിയമിച്ചിരിക്കുന്നു.’ സാബിത് തുടരുന്നു: അങ്ങനെ ഇബ്ലീസ് തന്റെ പിശാചുക്കളെ തിരുനബി(സ്വ)യുടെ അനുചരന്മാരുടെ അടുക്കലേക്കയക്കാന്‍ തുടങ്ങി. പിശാചുക്കള്‍ അഖിലം നിരാശരായി തിരിച്ചുപോന്നു. അവര്‍ പറഞ്ഞു: ‘ഇതുപോലൊരു വിഭാഗവുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അവരില്‍ ദുര്‍മന്ത്രണം ചെയ്യാനും വികാരങ്ങളുദ്ദീപിപ്പിക്കാനും ശ്രമിച്ചുനോക്കി. പക്ഷേ, അവര്‍ നിസ്കരിക്കാനൊരുങ്ങുന്നതോടെ അവയെല്ലാം മാഞ്ഞുപോകും!!’ അപ്പോള്‍ ഇബ്ലീസ് പറഞ്ഞു: ‘കാത്തിരിക്കുവീന്‍, അല്ലാഹു അവര്‍ക്ക് ഭൗതികലോകം തുറന്നുകൊടുത്തേക്കാം. അപ്പോള്‍ നമ്മുടെ ആവശ്യം അവരിലൂടെ നേടിയെടുക്കാം.’
ഒരിക്കല്‍ പ്രവാചകന് ഈസാ(അ) ഒരു കല്ലെടുത്ത് തലയിണയാക്കി വെച്ചു. അതുവഴി പോയ ഇബ്ലീസ് ചോദിച്ചു: ഈസാ താങ്കള്‍ ഭൗതികസുഖങ്ങളില് തല്പരനാണോ? അതുകേട്ടപ്പോള്‍ ഈസാ(അ) തലയ്ക്കു ചുവട്ടിലെ കല്ലെടുത്ത് വലിച്ചെറിഞ്ഞു: ‘ഇതാ നിന്റെ ദുന്യാവ്. കൊണ്ടുപോയ്ക്കോ.’ സത്യത്തില്‍ ഉറങ്ങാന്‍ നേരം തലക്കു ചുവട്ടില്‍ വെക്കാന്‍ ഒരു കല്ല് സ്വന്തമായുള്ളവന് പോലും പിശാചിന് ആയുധമാകാവുന്നത്ര ഭൗതികസുഖം സമ്പാദിച്ചവനായി ഗണിക്കാവുന്നതാണ്; ഉദാഹരണത്തിന്, രാത്രിയില്‍ എഴുന്നേറ്റ് നിസ്കരിക്കുന്ന ശീലമുള്ള ഒരാള്‍. തലയ്ക്കു ചുവട്ടില്‍ വെക്കാവുന്ന ഒരു കല്ല് പരിസരത്തുണ്ടെങ്കില്, അതവനെ ഉറങ്ങാന്‍ വിളിക്കുകയും അതെടുത്ത് തലയിണയാക്കുകയും ചെയ്യാനിടയുണ്ട്. ആ കല്ലവിടെ ഇല്ലായിരുന്നെങ്കില്‍ അത്തരമൊരു ചിന്ത അങ്കുരിക്കുമായിരുന്നില്ല. ഉറങ്ങാന്‍ താല്പര്യമുണ്ടാകുമായിരുന്നില്ല. ഒരു കല്ലിന്റെ കാര്യമാണിത്! മാര്‍ദവമേറിയ ഉപധാനങ്ങളും മൃദുലമായ പരവതാനികളും ഉല്ലാസാന്തരീക്ഷവും സ്വന്തമായുള്ളവന്, അല്ലാഹുവിന് ഇബാദത്തുചെയ്യാന്‍ എപ്പോള്‍ ഉത്സാഹം പ്രകടിപ്പിക്കാന്‍?!
ലുബ്ധ്, ദാരിദ്ര്യഭയം എന്നിവയിലൂടെയും പിശാച് മനസ്സിനകത്ത് കയറും. ചെലവഴിക്കുന്നതും ധര്‍മം ചെയ്യുന്നതും തടയുന്ന വികാരമാണിത്. സമ്പാദിച്ചുകൂട്ടാനും നിക്ഷേപം വര്‍ധിപ്പിക്കാനും ഇതു പ്രേരിപ്പിക്കുന്നു. ഖൈസമത്ത് ബ്ന് അബ്ദുറഹിമാന്(റ) ഇബ്ലീസിനെ ഉദ്ധരിക്കുന്നു: ‘എന്നെ മനുഷ്യന് പൊതുവെ തോല്‍പിക്കാറില്ല, മൂന്നു കാര്യങ്ങളില്‍ അവര്‍ ഉറപ്പായും എന്നെ തോല്പിക്കില്ല. അനര്‍ഹമായതില്‍ നിന്നും ധനം സമ്പാദിക്കുവാന്‍, അഹിതമായിടത്ത് അതു ചെലവഴിക്കാന്‍, ധനം അനിവാര്യമായിടത്ത് വിനിയോഗിക്കാതിരിക്കാന്‍ ഞാന്‍ കല്പിക്കുന്നത് അവര്‍ ധിക്കരിക്കാറില്ല. സുഫ്യാന്(റ) പറയുന്നു: ‘ദാരിദ്ര്യഭയത്തെപ്പോലുള്ള മറ്റൊരു ആയുധം പിശാചിന്നില്ല. അതനുസരിച്ചാല്‍ പിന്നെ അധര്മങ്ങള് ചെയ്യാന്‍ തുടങ്ങും. സത്യം തടയും. ഇച്ഛാനുസരണം സംസാരിക്കും. നാഥനെക്കുറിച്ച് തെറ്റായതു ചിന്തിക്കും.’
അബൂഉമാമ(റ) ഉദ്ധരണം: ‘നിശ്ചയം അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: ഭൂമിയിലേക്കിറക്കപ്പെട്ടപ്പോള്‍ ഇബ്ലീസ് സങ്കടം ബോധിപ്പിച്ചു: ‘നാഥാ, അനുഗ്രഹങ്ങളില്‍ നിന്നെല്ലാം ആട്ടിയകറ്റി നീ എന്നെ ഭൂമിയിലേക്കയച്ചിരിക്കുകയാണല്ലോ. എനിക്കിവിടെ ഒരു വീടൊരുക്കിത്തരണം.’ അല്ലാഹു പറഞ്ഞു: ‘ശരി, നിന്റെ വീടാകുന്നു കുളിപ്പുര.’ കുശലം പറഞ്ഞിരിക്കാന്‍ ഒരു കേന്ദ്രം ഏര്പ്പാടാക്കിത്തരാമോ? പിശാചിന്റെ അടുത്ത ആവശ്യം. അല്ലാഹു പറഞ്ഞു: ‘ചന്തകളും കവലകളും നിനക്കു കുശലം പറഞ്ഞിരിക്കുവാനുള്ളതാണ്.’ ഭക്ഷണം വേണമെന്നായി ഇബ്ലീസ്. അല്ലാഹുവിന്റെ നാമം സ്മരിക്കാതെ കഴിക്കുന്ന ഭക്ഷണം പിശാചിനുള്ളതാണെന്ന് അറിയിപ്പ്. പാനീയവും വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ലഹരിയുള്ള എല്ലാ ദ്രാവകവും നിന്റേതെന്ന് അല്ലാഹു. തന്റെ സന്ദേശം വിളംബരം ചെയ്യാന്‍ ഒരാളെത്തരണമെന്ന് ഇബ്ലീസ് ആവശ്യപ്പെട്ടു. അല്ലാഹു പറഞ്ഞു: ‘വാദ്യോപകരണങ്ങള്‍ അതിനുള്ളതാണ്.’ എനിക്കൊരു അനുവദിക്കണമെന്ന് പിശാച്. ‘കവിതയാണ് നിന്റെ വേദമെന്ന് അല്ലാഹു. പിശാചിന്റെ മുദ്രയായി പച്ചകുത്തും മുദ്രാവാക്യമായി കളവും അല്ലാഹു ഏര്‍പ്പെടുത്തി. സ്ത്രീകളെ പിശാചിന്റെ ചതിവലകളായി നിശ്ചയിച്ചു.
’
0 Comments