പ്രവാസിയുടെ പ്രയാസങ്ങൾ


പ്രവാചകർ (സ) പറയുകയുണ്ടായി: 'ഭൗതിക ജീവിതത്തിൽ നീയൊരു പ്രവാസിയെപ്പോലെയാവുക ' ഈ തിരുവചനത്തിന്റെ അർത്ഥവ്യാപ്തിയെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? നാട്ടിൽ കുടുംബസമേതം താമസിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ ലഭിക്കുന്ന എന്തെല്ലാം സുഖസൗകര്യങ്ങൾ ത്യജിച്ചാണ് ഒരാൾ വിദേശ ജീവിതം നയിക്കുന്നത് കുട്ടികൾ, കുടുംബം, കൂട്ടുകാർ, കാലാവസ്ഥ, ഭക്ഷണം ഇങ്ങനെ നീളുന്നു ആ പട്ടിക 

വിവാഹം കഴിഞ്ഞ് പതിമൂന്ന് വർഷമായി ഗൾഫിൽ കഴിയുന്ന ഒരു യുവാവിനെ ഈ വിനീതൻ പരിചയപ്പെട്ടു ഇപ്പോൾ മൂന്ന് സന്താനങ്ങളുടെ പിതാവായ അദ്ദേഹം പ്രസ്തുത കാലയളവിൽ മൊത്തം പതിനേഴ് മാസം മാത്രമാണ് സഖിയോടൊപ്പം കഴിഞ്ഞത് മൂത്ത കുട്ടിക്ക് വയസ് പന്ത്രണ്ട്, അയാൾ സങ്കടത്തോടെ വിവരിച്ചു എന്നെപ്പോലുള്ള ഗൾഫുകാരുടെ കുട്ടികൾക്ക് പിതാവ് വീട്ടിലെ ഒരു അതിഥി മാത്രം സന്താനങ്ങൾ എന്ത് ആവശ്യവും മാതാവിനോടാണ് പറയുക ഈ വേദന ഞാൻ ആരെ അറിയിക്കും? 

ഇത് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് 'നാം സന്താനങ്ങളെ വളർത്തുന്നതു കൊണ്ടുള്ള നേട്ടമെന്തെ'ന്ന ചോദ്യത്തിന് ഒരു മലയാള വാരികയിൽ മനഃശാസ്ത്രജ്ഞൻ നൽകിയ മറുപടിയാണ് 'കുട്ടികളിൽ നിന്നുണ്ടാകുന്ന സ്നേഹ വാത്സല്യങ്ങളാണ് അവരെ വളർത്തുന്നത് കൊണ്ടുള്ള നേട്ടം ' ഒരു മുസൽമാനെ സംബന്ധിച്ചിടത്തോളം ഈ ഉത്തരം പൂർണമല്ലെങ്കിലും ഭൗതിക ലോകം വിലയിരുത്തുന്ന ഗുണം ഇതാണെങ്കിൽ കുട്ടികളെ വളർത്തുന്നത് കൊണ്ട് നേട്ടം ലഭിക്കാതെ പോകുന്ന എത്ര രക്ഷിതാക്കളുണ്ടാകും നമ്മുടെ ഇടയിൽ 

ജീവിക്കാൻ വേണ്ടി കാത്തിരിക്കുന്ന പാവം പ്രവാസി നാട്ടിലെത്തുമ്പോൾ എന്താണ് സ്ഥിതി മേൽ സൂചിപ്പിച്ച പ്രകാരം പലർക്കും തന്റെ കുഞ്ഞുങ്ങളുടെ സ്നേഹം നുകരാൻ കഴിയാറില്ല ശൈശവ ദശയിൽ അവരെ വേർപിരിയുമ്പോഴുണ്ടാകുന്ന വേർപാടിന്റെ വേദന കടിച്ചിറക്കുന്നവരെത്ര നീണ്ട ഇടവേളയ്ക്ക് ശേഷം ഏതാനും ആഴ്ചകൾ പ്രിയസഖിയോടൊപ്പം കഴിഞ്ഞ് വിദേശത്തേക്ക് പറക്കുന്ന ഭർത്താവിന്റെ മനസ്സിന് സമാധാനമെവിടെ? ഈ ചെറിയ പിരീഡിൽ റബ്ബ് കനിഞ്ഞേകിയ പൊന്നോമനയുടെ മോണ കാട്ടിയുള്ള ചിരിയൊന്ന് കാണാനും, പുറത്തുനിന്നും വീട്ടിലെത്തുന്ന പ്രിയപ്പെട്ട ഉപ്പയെ എതിരേൽക്കാൻ ഉമ്മറപ്പടിയിൽ കാത്തിരിക്കുന്ന ഓമനക്കുട്ടനെ ഒന്ന് തലോടാനും കൊതിക്കാത്ത പിതാക്കളുണ്ടാകുമോ? ചുരുക്കത്തിൽ കുട്ടികളിൽ നിന്നുണ്ടാകുന്ന സ്നേഹവാത്സല്യമെന്ന പ്രതിഫലം പറ്റാൻ  പ്രവാസികൾക്ക് എവിടെയാണ് അവസരം? 

പ്രസ്തുത ത്യാഗങ്ങളെല്ലാം സഹിച്ച് യുവത്വം നഷ്ടപ്പെട്ട് ഒരുവേള എക്സ് ഗൾഫുകാരനായി നാട്ടിലെത്തുമ്പോഴുള്ള അവസ്ഥ ഇതിലേറെ കഷ്ടം കടയിൽ വിൽപനക്ക് വെച്ച പല വസ്തുക്കളും നിശ്ചിത അവധി കഴിഞ്ഞ് എക്സ്പേയറാകുന്ന പ്രകാരം അവന്റെ അവയവങ്ങൾ പലതിലും മരണദൂതൻ പ്രത്യക്ഷപ്പെടുന്നു മാത്രമല്ല, തന്റെ പ്രതാപകാലത്ത് തന്നോടൊപ്പമുണ്ടായിരുന്ന പല സുഹൃത്തുക്കളും തന്നെ കയ്യൊഴിയുന്നു 

ശരീരത്തിൽ മരണദൂതൻ പ്രത്യക്ഷപ്പെടുന്നുവെന്ന വസ്തുത അംഗീകരിക്കാൻ പ്രയാസമുള്ളവർക്ക് ഈ കഥ ഗുണപാഠമായേക്കും 

ഒരിക്കൽ ഒരു യുവരാജാവിന്റെ സന്നിധിയിൽ മലകുൽ മൗത്ത് മരണവാർത്തയുമായെത്തി അന്ത്യാഭിലാഷമായി അദ്ദേഹം പറഞ്ഞു: എനിക്ക് അൽപം സമയം അനുവദിക്കണം മാത്രമല്ല, എന്റെ മരണമടുക്കും മുമ്പ് ഒരു ദൂതനെ അയക്കുകയും വേണം തൽക്കാലം അയാളുടെ അഭ്യർത്ഥന അംഗീകരിക്കപ്പെട്ടു ഏറെ വർഷങ്ങൾക്ക് ശേഷം അസ്റാഈൽ (അ) വീണ്ടും പ്രത്യക്ഷപ്പെട്ടു പക്ഷെ, രാജാവ് പറഞ്ഞു: സമയമായിട്ടില്ല എന്റെ ഡിമാന്റ് പ്രകാരം നിങ്ങൾ ദൂതനെ അയച്ചില്ലല്ലോ? മറുപടിയായി മലക്കുൽ മൗത്ത് പറഞ്ഞു: 'നീ പറയുന്നത് കളവാണ് ഞാൻ ഒന്നല്ല നിരവധി ദൂതന്മാരെ നിന്റെ അടുത്തേക്ക് അയച്ചു ' രാജാവ് പറഞ്ഞു: 'ഇല്ല, ഞാൻ ആരെയും കണ്ടിട്ടില്ല ' മലക്കിന്റെ പ്രത്യുത്തരം: 'എന്റെ പ്രഥമ സന്ദർശന വേളയിൽ നിന്റെ തലമുടി കറുത്തതായിരുന്നു ഇപ്പോൾ നര ബാധിച്ചു ഓരോ കറുത്ത മുടിയും വെളുത്തതായി നിറം മാറുമ്പോൾ അത് നിന്റെ മരണ ദൂതനാണെന്ന് നീ മനസ്സിലാക്കിയില്ലേ? നിന്റെ പല്ലുകൾ പലതും കൊഴിഞ്ഞുപോയി ആരോഗ്യദൃഢഗാത്രനായിരുന്ന നീ പല രോഗങ്ങൾക്കും അടിമയായി ഇതെല്ലാം നിന്റെ മരണദൂതന്മാരാണ് '  

നാം വല്ലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാറുണ്ടോ? പ്രവാസിയെക്കുറിച്ച് പറയുമ്പോൾ ഓർമവരുന്ന ഒരു കഥയിലേക്ക് കടക്കാം ഒരിക്കൽ റഷീദ് രാജാവ് തന്റെ മന്ത്രി സമാമയെ ഭ്രാന്താലയത്തിലെ അന്തേവാസികളുടെ ക്ഷേമ വിവരമറിയുവാൻ പറഞ്ഞയച്ചു ചെന്നയുടനെ മന്ത്രി ഒരു യുവാവിനെയാണ് കണ്ടത് ഒറ്റ നോട്ടത്തിൽ ഭ്രാന്തനോ, ബുദ്ധിമാനോ എന്ന് സംശയിച്ച് പോകുന്ന ആരോഗ്യവാനും സുമുഖനുമായ ആ ചെറുപ്പക്കാരന്റെ അഭിപ്രായമറിയാം എന്ന നിലയിൽ അയാളുമായി പരിചയപ്പെട്ടു അന്തേവാസി മന്ത്രിയോട് ചോദിച്ചു: 'മന്ത്രീ, എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട് ' മന്ത്രി സമ്മതം മൂളി യുവാവ് ചോദിച്ചു: 'ഉറക്കിന്റെ സുഖം എപ്പോഴാണ് ലഭിക്കുക?' മന്ത്രി പറഞ്ഞു: 'ഉറങ്ങി എണീറ്റാൽ' യുവാവ്: 'അതെങ്ങിനെ, ഉറക്കം നേരത്തെ കഴിഞ്ഞുപോയില്ലേ?' മന്ത്രി ഉടൻ പറഞ്ഞു: 'ഉറക്കിന് മുമ്പാണ് ലഭിക്കുക' യുവാവ് വിട്ടില്ല 'ഒരു കാര്യം അനുഭവിക്കുന്നതിന് മുമ്പ് എങ്ങനെ സുഖമുണ്ടാകും?' വാക്ക് മാറ്റം മന്ത്രിമാരുടെ സ്വഭാവമാണല്ലോ മന്ത്രി വീണ്ടും പറഞ്ഞു: 'ഉറങ്ങുമ്പോഴാണ് സുഖം ലഭിക്കുക ' യുവാവ് വിട്ടുകൊടുക്കാൻ തയ്യാറായില്ല  'ഉറങ്ങുന്നവന് യാതൊരുവിധ ഓർമയും ഉണ്ടാവില്ല പിന്നെ എങ്ങനെ സുഖം ലഭിക്കും ?' അവസാനം മന്ത്രി ഉത്തരംമുട്ടി അയാൾ സത്യം ചെയ്തു പറഞ്ഞു: 'ഇനിമേൽ ഭരാന്താലയം സന്ദർശിക്കാൻ ഞാനില്ല!?' 

ഇപ്രകാരം ഒരു പ്രവാസിയോട് തന്റെ ജീവിതത്തിലെ സുഖം എപ്പോഴാണ് ലഭിക്കുക എന്ന ചോദ്യത്തിന് എന്തു മറുപടി പറയും? ചുരുക്കത്തിൽ ജീവിക്കാൻ വേണ്ടി കാത്തിരിക്കുന്നവനാണ് ഗൾഫുകാരൻ അതെ, സ്വന്തക്കാരോടൊപ്പം ചേർന്ന് നല്ല നിലയിൽ കഴിയാൻ ബന്ധനസ്ഥനായി കാലം കഴിക്കുന്ന പാവം മനുഷ്യൻ 

പ്രശാന്ത സുന്ദരമായ കൈരളിവിട്ട് എമ്പാടും പ്രതീക്ഷകളുമായി വിദേശിയായി കഴിഞ്ഞ് പ്രയാസങ്ങൾ പൂമാലയാക്കാൻ അവനെ പ്രേരിപ്പിക്കുന്നത് പ്രദേശത്ത് ചെന്ന് സുഖക്കണമെന്ന ലക്ഷ്യമാണെങ്കിൽ പ്രിയപ്പെട്ട പ്രവാസീ, നിന്റെ സമ്പത്തും സമ്പാദ്യവും നഷ്ടപ്പെടാതെ സൂക്ഷിച്ചെങ്കിൽ നിനക്ക് നാട്ടിൽ പറന്നെത്തി സുഖിക്കാമെന്നപോലെ, ഭൗതികമെന്ന പ്രവാസ ജീവിതത്തിൽ ആരാധനയിലൂടെ സമ്പാദ്യമുണ്ടാക്കാൻ നിനക്ക് കഴിഞ്ഞെങ്കിൽ മാത്രമേ പാരത്രികമെന്ന വീട്ടിലെത്തി നിന്റെ യഥാർത്ഥ ജീവിതം സുഖസമ്പൂർണമാക്കാനാകൂ എന്ന കാര്യം ഒരോരുത്തരും മറക്കാതിരിക്കുക ഇത് മനസാ വാചാ കർമണാ ശിരസ്സാവഹിച്ച് നിന്റെ വിലപ്പെട്ട സമയവും സമ്പത്തും ആരോഗ്യവും നീ നഷ്ടപ്പെടുത്താതിരിക്കുക 

ചിലർ അമിതവ്യയത്തിന് അടിമകളാകാറുണ്ട് അവസാനം പണി പൂർത്തിയാകാത്ത വീട് കണ്ട് നെടുവീർപ്പിടും ആസൂത്രണമില്ലായ്മയാണിതിന് കാരണം മഹാനായ മർഹൂം സി.എച്ച്. മുഹമ്മദ് കോയ സാഹിബ് പ്രവാസികളോട് പറഞ്ഞു: 'നിങ്ങൾ നിങ്ങളുടെ അരയുടുപ്പ് മുറുക്കിയുടുക്കുക ചിലവ് ചുരുക്കുക നിങ്ങൾക്ക് അമിതമായി ചിലവഴിക്കാനുള്ള ഒരേയൊരു കാര്യം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ മാത്രമാണ് ' 

അതിനാൽ ഈ ജീവിതയാത്രയിൽ നാം പരാജിതരാകരുത് നാട്ടിലായാലും വിദേശത്തായാലും ഒഴിവുസമയം ടി.വിക്ക് മുമ്പിലും ഉറക്കിനും വേണ്ടി മാത്രം നീക്കിവെക്കാതെ നമ്മുടെ നിർബന്ധ കടമകൾ നിറവേറ്റുന്നതിൽ ബദ്ധശ്രദ്ധരാവുക തങ്ങളുടെ കുടുംബത്തെയും കുട്ടികളെയും ഇക്കാര്യം തെര്യപ്പെടുത്തുക അവർക്ക് മതപരമായ അറിവ് നൽകുക 

ഭൗതിക സമ്പാദ്യങ്ങൾ എത്രയുണ്ടെങ്കിലും മരണത്തോടെ നമ്മുടെ സ്വന്തക്കാർ നമ്മെ മറക്കും ഒരു മഹാൻ പാടിയത് ഇങ്ങനെ: 'സമ്പാദിച്ച് കൂട്ടിയ നിന്റെ ധനം കവർച്ച മുതലായി മാറി, നിന്റെ കുഞ്ഞുമക്കൾ അനാഥരാവുകയും നിന്റെ ഭാര്യ മറ്റൊരു മാരനോട് ഇണചേരുകയും ചെയ്തിരിക്കുന്നു ഹേ മഹാ സാധൂ! നീ ഭാഗ്യവാനോ അതല്ല നിർഭാഗ്യവാനോ എന്ന് നീ അറിയാത്തതാണ് ഇതിനേക്കാൾ വലിയ സങ്കടം' 

സത്യത്തിൽ പരലോക ജീവിതത്തിൽ വിശ്വാസമുള്ളവർ പോലും ദുർമാർഗത്തിൽ ചലിക്കാനുള്ള കാരണം ഖുർആൻ വിവരിച്ച പ്രകാരം ഐഹിക ജീവിതത്തോടുള്ള മോഹവും പരലോക ജീവിതത്തോടുള്ള അവഗണനയുമാണ് പ്രവാചകൻ (സ) പറഞ്ഞു: 'അഞ്ച് കാര്യങ്ങൾക്ക് മുമ്പ് അഞ്ച് കാര്യങ്ങളിൽ നീ വിജയം വരിക്കുക വാർദ്ധക്യത്തിന് മുമ്പ് യുവത്വം, രോഗത്തിന് മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പ് ഐശ്വര്യം, ജോലിത്തിരക്കിന് മുമ്പ് ഒഴിവ് സമയം, മരണത്തിന് മുമ്പ് ജീവിതം ' ഈ ഹദീസ് വചനം നമ്മെ സദാ ചിന്തിപ്പിക്കുമാറാകട്ടെ...
✍🏻 അലി അഷ്ക്കർ 

Post a Comment

0 Comments