ലൈംഗീകത: ഇസ്‌ലാമിക വീക്ഷണത്തില്‍


എം. എ ജലീല്‍ സഖാഫി പുല്ലാര                                   സന്തുഷ്ട കുടുംബം മാസിക മെയ്‌ 2011 


പ്രായാപൂര്‍ത്തിയോടടുക്കുമ്പോള്‍ ജീവികളില്‍ മൊട്ടിട്ടു വരുന്ന ഒരു വികാരമാണ് ലൈംഗികമോഹം. പ്രായപൂര്‍ത്തിയോടെ   തന്നെ അതൊരു പ്രക്ര്‍തിഗുണമായി മാറും. മനുഷ്യനെ വഴി തെറ്റിക്കാന്‍ ഏറെ സാധ്യതയുള്ള ഒന്നാണിത്. കാമത്തെ വിവേകം കൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ അപകടത്തില്‍പെടും. ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ മനസ്സിലാക്കി ജീവിക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. അത് ഹ്രസ്വമായി വിവരിക്കുകയാണിവിടെ.

ഭാര്യ- ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികത പുണ്യമാണ്. നിയമ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന പക്ഷം പരലോകത്ത് പ്രതിഫലം ലഭിക്കുന്നു. ഒരിക്കല്‍ നബി (സ്വ) സ്വഹാബത്തിനോട്  പറഞ്ഞു: ഇണയുമായി നിങ്ങള്‍ നടത്തുന്ന സംഭോഗം സ്വദഖയാണ്. അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു.അതു സ്വദഖയാകുന്നതെങ്ങിനെ?അപ്പോള്‍ നബി (സ്വ) പ്രതികരിച്ചു. നിങ്ങള്‍ അതു ചെയ്യുന്നത് നിഷിദ്ധമായ രീതിയിലാണെങ്കില്‍ ശിക്ഷയില്ലേ ? ഉണ്ടെന്നവന്‍ മറുപടി പറഞ്ഞപ്പോള്‍ നബി (സ്വ) അരുളി. എങ്കില്‍ അനുവദനീയമായ രീതിയില്‍ അതു തീര്‍ക്കുന്നവനു പ്രതിഫലമുണ്ട്. (മുസ്‌ലിം, തുഹ്ഫ 7/187)

ഇണയുമായുള്ള ലൈംഗിക ബന്ധം ആത്മീയ സുരക്ഷയുടെയും സംത്ര്‍പ്തിയുടെയും ഭാഗമായി കാണണം. ലൈംഗീക ദാഹ പൂര്‍ത്തീകരണം ഒരു അനുഷ്ഠാനമാകുന്നതോടൊപ്പം തന്‍റെ ആരാധനാ മുറകള്‍ പാലിക്കുന്നതിനു സ്വസ്ഥവും സന്നദ്ധവുമായ മനസ്സും ശരീരവും സ്ര്ഷ്ടിക്കാന്‍ അനിവാര്യവുമാണതെന്നു ഇമാമുകള്‍ വ്യക്തമാക്കുന്നു. ഇമാം റാസി (റ) വ്യക്തമാക്കുന്നു; മനുഷ്യമനസ്സ് കാമത്വരയും രതിമൂര്‍ച്ചാ വിചാരവുമായി കഴിഞ്ഞു കൂടുമ്പോള്‍ ഇബാദത്തിനു വേണ്ടത്ര സന്നദ്ധത കാണിച്ചു കൊള്ളണമെന്നില്ല. ലൈംഗിക പൂര്‍ത്തി ഉറപ്പു വരുത്തിയാല്‍ ഈ അവസ്ഥ മാറും. ഇബാദത്തിനു മനസ്സ് ഒഴിഞ്ഞുകിട്ടാന്‍ അതു കാരണമാകും. (റാസി: 5/117)

ഇമാം മുഹമ്മദ്‌ സമര്‍ഖന്തി (റ) പറയുന്നു: ലൈംഗികവികാരം ഒഴികെ മനുഷ്യന്‍റെ ഏതു വികാരവും അവനെ പരുഷമാക്കും. എന്നാല്‍ കാമവികാരത്തിന്റെ പൂര്‍ത്തീകരണം മനസ്സിനെ നിര്‍മലമാക്കും. ഇത് കൊണ്ടാണ് പ്രവാചകന്‍മ്മാര്‍ വരെ ഇത് ചര്യയായി സ്വീകരിച്ചത്. (ബുസ്ഥാനുല്‍ ആരിഫീന്‍: 119)

രതിരീതികള്‍ തെറ്റും ശരിയും 

സാധ്യവും സുഖപ്രദവും ആരോഗ്യകരവുമായ ഏതു രീതിയിലും ലൈംഗിക ബന്ധമാവാം. ഇമാം ഇബ്നു ഹജര്‍ (റ) വ്യക്തമാക്കുന്നു. സംയോഗത്തില്‍ ഏതു രീതിയും അനുവദനീയമാണ്. കറാഹത്തില്ല. പിന്‍ദ്വാര സംയോഗം ഒഴികെ. (തുഹ്ഫ 7/217)

ഇസ്‌ലാം കര്‍ശനമായി വിലക്കിയതാണ് പിന്‍ദ്വാരഭോഗം. അല്ലാഹുവിന്റെ പ്രവാചകന്‍ ലൂത്വ് നബി (അ) യുടെ കാലത്തെ ജനതയുടെ നീച്ചവ്ര്‍ത്തി എന്നാ നിലക്ക് ഇതിനു 'ലിവാത്വ് ' എന്ന് പറയുന്നു. സ്ത്രീപുരുഷ ഭേദമന്യേ ഏതൊരാളെ  ലിവാത്വ് നടത്തുന്നതും തെറ്റാണ്. സ്വന്തം ഭാര്യയെ ആണെങ്കിലും നിഷിദ്ധം തന്നെ. പുരുഷനെയോ അന്യസ്ത്രീയെയോ ഈ നീചവ്ര്‍ത്തി ചെയ്‌താല്‍ അതു വ്യഭിചാരമാണ്. (തുഹ്ഫ 9/103)

നബി (സ്വ) പറഞ്ഞു : അല്ലാഹു സത്യം പറയാന്‍ ലജ്ജയുള്ളവനല്ല. നിങ്ങള്‍ ഭാര്യമാരുടെ പിന്നില്‍ ഭോഗിക്കതിരിക്കുക. (ഇബ്നുമാജ). ഭാര്യയുമായി പിന്‍ദ്വാരത്തില്‍ രതി നടത്തിയവന്‍ മുഹമ്മദ്‌ നബിക്കിറങ്ങിയ വിശുദ്ധ ഖുര്‍ആനിനെ നിന്ദിച്ചവനാകുന്നു.(തുര്‍മുദി) എന്റെ സമുദായത്തിന്‍റെ മേല്‍ ഞാന്‍ ഏറ്റവും ഭയക്കുന്നത് ലൂത്വ് നബി (അ) യുടെ ജനതയുടെ നീച ചെയ്തിയാകുന്നു.(ഹാകിം)

ഇബ്നു ഖയ്യിം തന്‍റെ 'സാദുല്‍ മആദി'ല്‍ ഉദ്ധരിക്കുന്നു. ഭോഗ കാര്യത്തില്‍ സ്ത്രീക്കുമുണ്ടാവകാശം അവളുടെ പിന്‍ദ്വാരത്തില്‍ ഭോഗിക്കുന്നത് പ്രസ്തുത അവകാശം ഹനിക്കലാകുന്നു. ദമ്പതികള്‍ക്കിടയില്‍ കടുത്ത നീരസത്തിനും വിയോജിപ്പിന്നും ഇത് ഹേതുവാകും. ബന്ധവിഛെദത്തില്‍വരെ കാര്യങ്ങള്‍ ചെന്നെത്തിക്കും. അല്പം ലക്ഷണശാസ്ത്രം അറിയാവുന്നവന് കണ്ടെത്താവുന്ന വിധത്തില്‍ മുഖത്തെ വെണ്മ മാഞ്ഞു പാടുകളുണ്ടാകും.(സാദുല്‍ മആദ 4/262)

രണ്ടു പുരുഷന്മാര്‍ പരസ്പരം കാമം തീര്‍ക്കുന്നതും സ്ത്രീകള്‍ പരസ്പരം സുഖിക്കുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. ആണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഭോഗം നിഷിദ്ധമാണ് . അത്തരക്കാരെ ഇസ്ലാമിക ഭരണാധികാരികള്‍ക്ക് ശിക്ഷിക്കാന്‍ അവകാശമുണ്ട്. നബി (സ്വ) പറഞ്ഞു: കാമപൂര്‍ത്തിക്ക് ആണ്‍കുട്ടികളെ സമീപിക്കുന്നവന്‍ അല്ലാഹുവിന്‍റെ കോപത്തിലായി പ്രഭാത-പ്രദോഷങ്ങള്‍ പിന്നിടുന്നവരാകുന്നു. (ത്വബ്‌റാനി, ബൈഹഖി) പരസ്പരം ശരീരത്തില്‍ കയറുന്ന സ്ത്രീകളുടെ സാക്ഷ്യം സ്വീകരിക്കാന്‍ പാടില്ല (ത്വബ്‌റാനി) ഇമാം ഖത്വീബുശ്ശിര്‍ബീനീ(റ)പറയുന്നു : സ്ത്രീകള്‍ പരസ്പരം ലൈംഗീകസുഖമാസ്വദിക്കല്‍ ഖാസിയുടെ ശിക്ഷക്കു കാരണമാകുന്ന കുറ്റമാണ്. (ശിര്‍വാനി 9/104)

വികാരശമനത്തിനു ചിലരുപയോഗിക്കുന്ന മാര്‍ഗമാണ് സ്വയംഭോഗം. ഇത് ഇസ്‌ലാം വിലക്കിയാതാണ്. സൈനുദ്ധീന്‍ മഖദൂം (റ) പ്രസ്താവിക്കുന്നു. മുഷ്ടി മൈഥുനം സ്വന്തം കൈ കൊണ്ടാണെങ്കിലും അന്യരുടെ കൈ കൊണ്ടാണെങ്കിലും നിഷിദ്ധമാണ് . ഇതിനു ഖാസി മാന്യമായ ശിക്ഷ നല്‍കണം. വ്യഭിചാരം ചെയ്യുമെന്ന ഭയംമൂലം സ്വയംഭോഗം നടത്തലും നിഷിദ്ധം തന്നെ. (ഫത്‌ഹുല്‍ മുഈന്‍ 446)

ലൈംഗീക ബലഹീനതക്ക് സ്വയംഭോഗം ഒരു പ്രധാന കാരണമായി വരുന്നു. ഉസ്മാനുദ്ദഹബി കുറിക്കുന്നു: സ്വയംഭോഗം ലൈംഗീകശക്തി തകര്‍ക്കും. ലിംഗോദ്ധാരണ ശേഷി നശിപ്പിക്കും.(ത്വിബ്ബുന്നബവി).   മുഷ്ടി മൈഥുനം സ്വന്തം ഇണയുടെ കൈ കൊണ്ടാണെങ്കില്‍ നിഷിദ്ധമല്ലെങ്കിലും കറാഹത്താണ്. (തുഹ്ഫ: ശര്‍ വാനി 9/104)

അരുത് : അതു വിലക്കപ്പെട്ടതാണ്.

വികാരം അവിഹിത വഴിയില്‍ ശമിപ്പിക്കുന്നത് ആക്ഷേപഹാര്‍ഹവും കടുത്ത തെറ്റുമാണ്. ആര്‍ത്തവ-പ്രസവരക്ത കാലത്ത്‌ ലൈംഗീകബന്ധം നിഷിദ്ധമാണ്. ഇത് മദഹബുകളുടെ ഇമാമുകളുടെ ഖണ്ടിതാഭിപ്രായമാണ്. ഈ സമയങ്ങളില്‍ മുട്ടുപൊക്കിളിനിടെ സുഖാസ്വാദനം നിഷിദ്ധമാണ് എന്നാണ് പ്രബല വീക്ഷണം. (തുഹ്ഫ 1/389, നിഹായ 1/330)

ഇമാം ഗസ്സാലി (റ) പറയുന്നു: ആര്‍ത്തവ കാലത്തെ സംയോഗത്തില്‍ ജനിക്കുന്ന കുഞ്ഞിനു കുഷ്ഠരോഗം  വരാന്‍ സാധ്യതയുണ്ട്. (ഇഹ് യാ: 2/50) ഉസ്മാനുദ്ദഹബി ഉദ്ധരിക്കുന്നു. ആര്‍ത്തവരക്തം പുരുഷലിംഗതിന്നു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട് (ത്വിബ്ബുന്നബവി).

ഇസ്തിഹാളത്തുരക്തം പുറപ്പെടുന്ന സ്ത്രീയുമായി ലൈംഗീകബന്ധത്തിലേര്‍പെടാം. അതു രോഗസംബന്ധമായി പുറപ്പെടുന്ന രക്തമാണ്. ഹൈളോ നിഫാസോ അല്ല.(ഫതാവല്‍ കുബ്റ 2/94) ഗര്‍ഭിണികളെയും മുലയൂട്ടുന്നവളെയും ഭോഗിക്കുന്നത് അതു മൂലം ശിശുവിന് ബുദ്ധിമുട്ട് വരും എന്ന ഭയമുണ്ടെങ്കില്‍ കരാഹത്തും തകരാറു സംഭവിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ നിഷിദ്ധവുമാണ്  (തുഹ്ഫ 7/217) .

അവിഹിതബന്ധം 

കൊലപാതകം കഴിഞ്ഞാല്‍ ഏറ്റവും വലിയ കുറ്റമാണ് വ്യഭിചാരം.ഇത് അനുവദനീയമായ ഒരു സമുദായവും മുമ്പ് കഴിഞ്ഞുപോയിട്ടില്ല.വിശുദ്ധഖുര്‍ആന്‍ പ്രഖ്‌യാപിക്കുന്നു. നിങ്ങള്‍ വ്യപിചാരത്തെ സമീപിച്ചു പോകരുത്. തീര്‍ച്ചയായും അത് നീചവ്ര്‍ത്തിയും ദുഷിച്ച മാര്‍ഗവുമാണ്‌. നബി (സ്വ) പറഞ്ഞു: അവിഹിതബന്ധം പ്യാപകമായാല്‍ പ്ലേഗും പൂര്‍വികര്‍ കണ്ടിട്ടില്ലാത്ത വേദനാജനകമായ രോഗങ്ങളും ജനങ്ങള്‍ക്ക്‌ പിടിപെടും.(ഇബ്നുമാജ)

അനുവദനീയമായ രീതിയില്‍ സംയോഗം ചെയ്ത സ്ത്രീ പുരുഷന്‍മ്മാര്‍ വ്യഭിചാരം നടത്തിയാല്‍ അവരെ എറിഞ്ഞുകൊല്ലാനും അല്ലാത്തവരെ നൂറ് അടിയും ഒരു വര്‍ഷം നാടു കടത്താനും ഭരണാധികാരിക്ക്‌ മതം അനുമതി നല്‍കുന്നു. ഈ കടുത്ത തെറ്റ് സംഭവിക്കനിടവരുന്ന സാഹചര്യം ഒഴിവാക്കണം.

നബി (സ്വ) പറഞ്ഞു: ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത സ്ത്രീകളുടെ അടുത്തേക്ക്‌ നിങ്ങള്‍ ചെല്ലരുത്.നിശ്ചയം നിങ്ങളില്‍ രക്തചംക്രമണം ചെയ്യുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നുണ്ട് (തുര്‍മുദി).  ഒരു പുരുഷനും സ്ത്രീയും തനിച്ചാവുകയില്ല; അവര്‍ക്കിടയില്‍ മൂന്നാമതായി പിശാച് വന്നുചെര്‍ന്നിട്ടല്ലാതെ(തുര്‍മുദി). മേല്‍ഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതുമായ അടുപ്പിന്റെ ആക്ര്തിയിലുള്ള ഒരു ഗുഹ ഇസ്രാഹ് മിഹ്രാജിന്റെ രാത്രി നബി (സ്വ) കണ്ടു. അതില്‍ തീ കത്തിക്കപ്പെടുന്നു. പൂര്‍ണ്ണ നഗ്നരായ നിരവധി സ്ത്രീപുരുഷന്മാര്‍ അതിലുണ്ട്‌. തീ ഉയരുമ്പോള്‍ അവര്‍ ഉയര്‍ന്നുവന്നു പുറത്തേക്ക്‌ തിരിക്കാന്‍ അടുക്കും. തീ അടങ്ങുമ്പോള്‍ അവര്‍ താഴേക്ക്‌ താഴുന്നു. ജിബ്രീന്‍ (അ) പറഞ്ഞു: ഇവര്‍ വ്യഭിചാരികളാണ്. (ബുഖാരി)

Post a Comment

0 Comments