✍🏼വിഷാദം; മനുഷ്യ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ച് അവിവേക പ്രവർത്തനങ്ങളിലേക്ക് കൊണ്ടെത്തിക്കാൻ കഴിയുന്ന മാനസികമായ ബലഹീനതയാണ്. ജീവിതം തന്നെ അവസാനിപ്പിക്കാൻ ഉൾ പ്രേരണ നൽകുന്ന ഈ അവസ്ഥയെ ഭയത്തോടെയാണ് നാം കാണുന്നത്. നമ്മുടെ മക്കളിലും കുടുംബത്തിലും ആരും ഈ രോഗത്തിന് അടിമപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കണം.
പ്രമാണങ്ങളിൽ ആത്മഹത്യയെ പ്രതിപാതിക്കുന്നത് കാണുക:
നബി ﷺ പറഞ്ഞു: പൂര്‍വകാലത്ത് ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ക്കൊരു മുറിവ് പറ്റി. അതില്‍ അസ്വസ്ഥനായി കത്തിയെടുത്ത് കൈ ഞരമ്പ് അറുത്തു. രക്തം ധാരധാരയായി ഒഴുകി. അയാള്‍ മരണപ്പെട്ടു. അതുകൊണ്ട് അല്ലാഹു ﷻ പറഞ്ഞു: "എന്റെ ദാസന് സ്വന്തം ജീവന് ധൃതി കാണിച്ചു വെടിഞ്ഞു..."
(ബുഖാരി, മുസ്ലിം)
ജാബിറുബ്ന് സമുറഃ (റ) പറയുന്നു: മുറിവ് പിണഞ്ഞ ഒരു മനുഷ്യന് സഹിക്കവയ്യാതെ വന്ന ഘട്ടത്തില്‍ പരന്ന അമ്പെടുത്ത് സ്വയം ഗളഛേദം നടത്തി. കാലഗതി പ്രാപിച്ചു. തിരുനബി ﷺ അയാളുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാന്‍ കൂട്ടാക്കിയില്ല...
(ഇബ്നു ഹിബ്ബാന്‍)
അബൂഖിലാബഃ (റ) പറയുന്നു: സാബിതുബ്ന് ഇസ്ഹാക് (റ) തന്നോട് പറഞ്ഞു: പ്രസിദ്ധമായ മരച്ചുവട്ടിലെ ബൈഅതിന്റെ ഘട്ടത്തില്‍ തിരുനബി ﷺ ഇങ്ങനെ പറഞ്ഞു: "ഒരാള്‍ സ്വയം ജീവനൊടുക്കിയാല്‍ അന്ത്യദിനത്തില്‍ ശിക്ഷിക്കപ്പെടുന്നതാണ്. ഒരാള്‍ സ്വന്തത്തെ അറുത്തുകൊന്നാല്‍ അന്ത്യദിനത്തില്‍ അപ്രകാരം ശിക്ഷിക്കപ്പെടുന്നതാണ്..."
(ബുഖാരി, മുസ്ലിം)
സഹ്ലുബ്ന് സഅ്ദ് (റ) പറയുന്നു: തിരുനബി ﷺ തങ്ങളൊത്ത് ഞങ്ങള്‍ ഒരു യുദ്ധത്തില്‍ അണിചേര്‍ന്നു. യുദ്ധം കൊടുമ്പിരി കൊണ്ടതും സ്വഹാബികളില്‍ ഒരാള്‍ ശത്രുവിനെതിരെ ശക്തമായി നിലകൊണ്ടു. മുന്നില്‍പെട്ട ഒരാളും തന്റെ വാളില്‍നിന്ന് ഒഴിവായില്ല. വിജയപ്രദമായ മുന്നേറ്റം. ഇതുകണ്ട് സ്വഹാബികള്‍ പറഞ്ഞു: "ഇന്നത്തെ ദിവസം ഇയാളെപ്പോലെ പ്രതിഫലം കൊയ്തവന്‍ മറ്റാരുമില്ല.” അപ്പോൾ തിരുനബി ﷺ പ്രതികരിച്ചതിങ്ങനെ: "ഇവന് നരകക്കാരനാകുന്നു.”
സ്വഹാബത്ത് സ്തബ്ധരായി..!!
"ഇയാള്‍ നരകാവകാശി എങ്കില്‍ പിന്നെ ഞങ്ങളില്‍ സ്വര്‍ഗസ്ഥര്‍ ആരുണ്ട്?”
ഉടന്‍ കൂട്ടത്തില്‍ ഒരു സ്വഹാബി ഇങ്ങനെ പറഞ്ഞു: ഞാനയാളെ പിന്തുടരും. അങ്ങനെ ആ യോദ്ധാവിനെ നിരീക്ഷിച്ച് പ്രസ്തുത സ്വഹാബി നീങ്ങി. അയാള്‍ക്കൊപ്പം നടന്നു. അയാള്‍ക്കൊപ്പം ഓടി. അങ്ങനെയിരിക്കെ പെടുന്നനെ അവന് ശക്തമായ ഒരു മുറിവ് പറ്റി. സഹിക്കാനാകാതെ അയാള്‍ തന്റെ വാള് നിലത്ത് കുത്തിനിര്‍ത്തി. മാറിടം മുനയിലേക്കമര്ത്തി സ്വയം ഹത്യ ചെയ്തു. നിരീക്ഷകന് ഇതുകണ്ട് തിരുനബിﷺയുടെ അരികിലേക്ക് ഓടിവന്നു ഇങ്ങനെ പറഞ്ഞു: ”അങ്ങ് അല്ലാഹുﷻവിന്റെ ദൂതനാണെന്ന് ഞാന്‍ വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.”
“എന്താ. എന്തുണ്ടായി..?” നബി ﷺ ചോദിച്ചു. “അങ്ങ് പറഞ്ഞ ആ മനുഷ്യന് നരകക്കാരനാവാന് കാരണമുണ്ടായി.”
ജനങ്ങള്‍ക്ക് അദ്ദേഹം കണ്ട കാര്യം വിവരിച്ച് കൊടുത്തു...
സ്വർഗ്ഗം നിഷിദ്ധമാക്കപ്പെടാൻ കാരണമാകുന്ന ആത്മഹത്യ പോലുള്ള കാര്യങ്ങളിൽ നിന്നും നമ്മെയും നമ്മുടെ എല്ലാ സ്നേഹ ജനങ്ങളെയും റബ്ബ് കാത്ത് രക്ഷിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
0 Comments