മക്കളെ ബ്രെയ്ന്‍വാഷ് ചെയ്യുന്ന മാതാപിതാക്കള്‍


      ഉപ്പ ചോദിച്ചു: എന്നെയാണോ അതോ ഉമ്മയെയാണോ നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം..?

മക്കള്‍: ഞങ്ങള്‍ക്കതില്‍ വേര്‍തിരിവൊന്നുമില്ല.. നിങ്ങള്‍ രണ്ടുപേരെയും ഞങ്ങള്‍ക്ക് ഒരുപോലെ ഇഷ്ടമാണ്.

ഉപ്പ: ഞാന്‍ തുര്‍ക്കിയിലേക്ക് പോകുന്നു, ഉമ്മ ദുബൈയിലേക്കും, എങ്കില്‍ നിങ്ങള്‍ എവിടേക്ക് പോകാനാണ് താല്‍പര്യപ്പെടുക..?

മക്കള്‍: ഞങ്ങള്‍ ദുബൈക്ക് പോകും.

ഉപ്പ: അതായത് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം ഉമ്മയോടാണെന്നര്‍ത്ഥം..!!

മക്കള്‍: ഏയ്, അതല്ല.. ഞങ്ങള്‍ ദുബൈയില്‍ പോകാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.

ഉപ്പ: ശരി, എന്നാല്‍ ഞാന്‍ ദുബൈയില്‍ പോകുന്നു ഉമ്മ തുര്‍ക്കിയിലേക്കും, എങ്കില്‍ നിങ്ങള്‍ എന്താണ് തെരെഞ്ഞെടുക്കുക..?

മക്കള്‍: ഞങ്ങള്‍ തുര്‍ക്കി തെരെഞ്ഞെടുക്കും.

ഉപ്പ: അതല്ലേ ഞാന്‍ പറഞ്ഞത്... നിങ്ങള്‍ക്ക് ഉമ്മയെയാണ് കൂടുതല്‍ ഇഷ്ടം..!

മക്കള്‍: അതുകൊണ്ടല്ല, ദുബൈയില്‍ നേരത്തെ ഉമ്മയോടൊപ്പം ഞങ്ങള്‍ പോയതാണല്ലോ...
 ഇതുകേട്ട് ഉപ്പ ചിരിച്ചു. അവരെ സംബന്ധിച്ചടത്തോളം കുടുംബത്തിലെ ആസ്വാദ്യകരമായ ഒരു കൂടിയിരുത്തമായിരുന്നു അത്...

 ഇതിന്റെ അവസാനത്തില്‍ അല്‍പം നര്‍മം ഉണ്ടെങ്കിലും ഈ നിലപാടില്‍ സന്താനപരിപാലനത്തില്‍ വരുന്ന ഗുരുതരമായ ഒരു വീഴ്ച്ച മറഞ്ഞു കിടപ്പുണ്ട്. ഉപ്പയോടും ഉമ്മയോടുമുള്ള സ്‌നേഹത്തില്‍ ഏറ്റവ്യത്യാസത്തിന് മക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പിതാവിന്റെ നിലപാടാണത്...

 ഇത്തരത്തിലുള്ള സംഭാഷണം ഒരു രസത്തിനോ തമാശക്കോ വേണ്ടിയാണെങ്കില്‍ പോലും രക്ഷിതാക്കള്‍ക്കിടയിലെ ബന്ധത്തിലത് വിള്ളലുകള്‍ ഉണ്ടാക്കും. അടിസ്ഥാനപരമായി ഒരു കുട്ടി മാതാപിതാക്കളോടുള്ള സ്‌നേഹത്തില്‍ വിവേചനം കാണിക്കാന്‍ പാടില്ല. കുട്ടികളുടെ വിവേചന ശക്തിയിലെയും മനസ്സിലാക്കാനുള്ള ശേഷിയുടെയും കുറവ് രക്ഷിതാക്കള്‍ ചൂഷണം ചെയ്ത് ഉമ്മയോടും ഉപ്പയോടുമുള്ള സ്‌നേഹത്തില്‍ വേര്‍തിരിവിനായി ഉപയോഗപ്പെടുത്തുകയും അരുത്. മാതാപിതാക്കളോടുള്ള സ്‌നേഹത്തില്‍ കാണിക്കുന്ന വിവേചനം വിയോജിപ്പിന്റെയും വിദ്വേഷത്തിന്റെയും തീ കത്തിക്കും. കുടുംബത്തെ ശിഥിലീകരിക്കുകയാണത് ചെയ്യുക. ഈ സ്വഭാവത്തെ നമുക്ക് ബ്രെയ്ന്‍വാഷ് (മസ്തിഷ്‌ക പ്രക്ഷാളനം) എന്നുപറയാം.

 മാതാപിതാക്കളുടെ ഭാഗത്ത് നിന്നും ബ്രെയ്ന്‍വാഷിന് വിധേയമായിട്ടുള്ള പല കേസുകളും എന്റെ മുന്നിലെത്തിയിട്ടുണ്ട്. അവരില്‍ ഒരാള്‍ക്ക് മക്കളെയും അവരുടെ സ്‌നേഹവും നേടിയെടുക്കാനും മറ്റേയാളെ വെറുക്കുന്നതിനും വേണ്ടിയായിരുന്നു അത്. തന്നെക്കാള്‍ ഉമ്മക്ക് പരിഗണന നല്‍കിയ കാരണത്താല്‍ ഭര്‍ത്താവിനെ വെറുത്ത ഒരു ഭാര്യയെ എനിക്കറിയാം. മക്കളുടെ മനസ്സ് അവരുടെ ഉപ്പയെ വെറുക്കുന്നതാക്കി മാറ്റാന്‍ സര്‍വശക്തിയും അവള്‍ ഉപയോഗിച്ചു. ഇത്തരത്തില്‍ മക്കള്‍ അദ്ദേഹത്തെ ബഹിഷ്‌കരിക്കുന്നിടത്തോളം അവളതില്‍ വിജയിക്കുകയും ചെയ്തു...

 മക്കളുടെ മുന്നില്‍ അവരുടെ ഉമ്മയെ വളരെ മോശമായി ചിത്രീകരിച്ച ഭര്‍ത്താവിനെയും എനിക്കറിയാം. ഭാര്യയെ വിവാഹമോചനം ചെയ്ത അയാള്‍ അവസരം കിട്ടിയപ്പോഴെല്ലാം മക്കളോട് അവരുടെ ഉമ്മയെ കുറിച്ച് പറഞ്ഞു. ഉമ്മയെ വെറുക്കുന്നതിനും പുതിയ തന്റെ ഭാര്യയെ ഇഷ്ടപ്പെടുന്നതിനും കളവും കെട്ടിച്ചമക്കലുകളും നിറഞ്ഞതായിരുന്നു ആ സംസാരം. അവരെ ബ്രെയ്ന്‍വാഷ് ചെയ്‌തെടുക്കുന്നതില്‍ അദ്ദേഹവും വിജയിച്ചു. അതിലൂടെ മാനസികമായും ബുദ്ധിപരമായും അവരെ തകര്‍ക്കുകയും ചെയ്തു.

 സന്തുഷ്ടകരമായ ജീവിതം നയിച്ചിരുന്ന ദമ്പതികളെ എനിക്കറിയാം. എന്നാല്‍ ഭര്‍ത്താവിനേക്കാള്‍ ശക്തമായ വ്യക്തിത്വവും ആധിപത്യ മനോഭാവവും ഉള്ളവളായിരുന്നു ഭാര്യ. അതുകൊണ്ടു തന്നെ ഭര്‍ത്താവ് മക്കളോട് പറയുന്നതിനെ അവള്‍ മാനിച്ചിരുന്നില്ല. മക്കളുടെ മുമ്പില്‍ വെച്ചു തന്നെ അദ്ദേഹത്തിന്റെ വാക്കുകളെ നിര്‍ദേശങ്ങളെയും റദ്ദാക്കി. ഇത്തരത്തില്‍ അദ്ദേഹം അവരോട് പറയുന്നതിനൊന്നും ഒരു വിലയുമില്ലാതെയായി. ഉപ്പ എന്തെങ്കിലും കല്‍പിച്ചാല്‍ അത് ചെയ്യണോ വേണ്ടയോ എന്ന് ഉമ്മയോട് അനുവാദം ചോദിക്കുന്നവരായി മക്കള്‍ മാറി. 'നിങ്ങള്‍ക്ക് ആരെയാണ് കൂടുതല്‍ ഇഷ്ടം, ഉമ്മയെയോ ഉപ്പയെയോ?' എന്ന് ചില ഉമ്മമാര്‍ ഒരു തമാശക്കോ ചിരിക്കുള്ള വകയുണ്ടാക്കാനോ മക്കളോട് പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. ഉമ്മയെന്ന് അവര്‍ മറുപടി പറഞ്ഞാല്‍ ചിരിച്ച് കയ്യടിക്കുകയും അവരെ കെട്ടിപ്പിടിക്കുകയും ചെയ്യും. ഇതിലൂടെ ഉമ്മയെയാണ് ഉപ്പയേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കേണ്ടത് എന്ന ധാരണയാണ് ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ഇതൊരിക്കലും ആ ഉമ്മ ബോധപൂര്‍വമോ ദുരുദ്ദേശ്യത്തോടെയോ ചെയ്യുന്നതല്ല. അതോടൊപ്പം തന്നെ പിതാവിന് നന്മ ചെയ്യുകയും അദ്ദേഹത്തെ ആദരിക്കുകയും മാനിക്കുകയും ചെയ്യണമെന്ന മൂല്യത്തെ തകര്‍ക്കുകയും ചെയ്യുന്നുണ്ട്.

 ഒരുപക്ഷേ ഉത്തരവാദിത്വങ്ങളും ബാധ്യതകളും നിര്‍വഹിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഭര്‍ത്താവായിരിക്കും. എന്നാല്‍ മക്കളില്‍ അദ്ദേഹത്തോടുള്ള വിദ്വേഷം വളര്‍ത്തുന്നതിന് അതൊരിക്കലും ന്യായീകരമായി മാറരുത്. ദമ്പതികള്‍ക്കിടയില്‍ വിയോജിപ്പുകളുണ്ടാവും അല്ലെങ്കില്‍ ഭാര്യ എല്ലാ സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയവളായിരിക്കില്ല. എന്നാല്‍ അതൊരിക്കലും മക്കള്‍ക്ക് മുമ്പില്‍ അവളെ മോശമായി ചിത്രീകരിക്കുന്നതിനുള്ള ന്യായമല്ല. വ്യക്തിപരമായ വിദ്വേഷവും അത് മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കുന്നതും രണ്ടായി തന്നെ വേര്‍തിരിച്ച് കാണണം എന്നതാണ് ശരി. വിദ്വേഷം മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കുന്നത്, പ്രത്യേകിച്ചും അത് മക്കളിലേക്കാകുമ്പോള്‍ സന്താനപരിപാലനത്തില്‍ വരുന്ന ഗുരുതരമായ വീഴ്ച്ചയായിട്ടാണതിനെ കാണേണ്ടത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തോട് ഇത്തരത്തില്‍ പ്രതികരിച്ച ഒരു സ്ത്രീയെ കുറിച്ച് എനിക്കറിയാം. അതിന്റെ ഫലമായി മക്കള്‍ക്കും പിതാവിനും ഇടയില്‍ ശക്തമായ ഒരു മതില്‍ നിര്‍മിക്കപ്പെട്ടു. അതില്‍ കാര്യമായ പങ്കുവഹിച്ചത് അവരുടെ ഉമ്മ തന്നെയായിരുന്നു. കുടുംബത്തെ ശിഥിലമാക്കുന്നതിനാണ് അത് സഹായിച്ചത്... 

 ഭാര്യയെ വിവാഹമോചനം ചെയ്ത മറ്റൊരാള്‍ ചെയ്തത് ആഴ്ച്ചയിലൊരിക്കല്‍ മക്കളുമായി അങ്ങാടിയില്‍ പോവുകയെന്നതാണ്. ആ പോക്കില്‍ സ്വഭാവദൂഷ്യങ്ങളില്ലാതാക്കാന്‍ ഉമ്മ അവര്‍ക്ക് നിഷേധിച്ചിരുന്ന വസ്തുക്കള്‍ ബോധപൂര്‍വം അവര്‍ക്കയാള്‍ വാങ്ങിക്കൊടുത്തു. അതിലൂടെ മുന്‍ഭാര്യയോടുള്ള വിദ്വേഷം കാരണം സ്വന്തം കൈകളാല്‍ മക്കളെ നശിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്. അവിടെയും മക്കളെ തകര്‍ക്കുന്ന ബ്രെയ്ന്‍വാഷ് തന്നെയാണ് അയാളും ചെയ്തിട്ടുള്ളത്.

 രണ്ടുതരത്തിലുള്ള ബന്ധമാണ് ഒരു കുടുംബത്തിലുണ്ടാവുക. ദാമ്പത്യബന്ധവും രക്ഷാകര്‍തൃ ബന്ധവും. ദാമ്പത്യ ബന്ധം തകരുന്നത് രക്ഷാകര്‍തൃത്വ ബന്ധം കൂടി തകരുന്നതിന് ഒരിക്കലും കാരണമായി മാറരുത്. വിവാഹ മോചനത്തിലൂടെ ദാമ്പത്യബന്ധം മാത്രമേ അവസാനിക്കുന്നുള്ളൂ, അതൊരിക്കലും മക്കള്‍ക്ക് മാതാപിതാക്കളുമായുള്ള ബന്ധത്തെ ബാധിക്കുന്നില്ല. ദമ്പതികള്‍ വേര്‍പിരിഞ്ഞാലും ഉമ്മ ഉമ്മയായും ഉപ്പ ഉപ്പയായും തന്നെ നിലനില്‍ക്കണം.

 തുടക്കത്തില്‍ പറഞ്ഞ തമാശ കൂട്ടുകാരില്‍ ആരോ എന്റെ മൊബൈലിലേക്ക് അയച്ച ഒന്നായിരുന്നു. ജീവിതത്തില്‍ കടന്നു പോയ പല സംഭവങ്ങളെയും നിലപാടുകളെയും ഓര്‍മപ്പെടുത്താന്‍ അത് സഹായിച്ചു. ദേഷ്യം, പക്ഷപാതിത്വം തുടങ്ങിയ എല്ലാ കാര്യങ്ങളെയും പോലെ ഒരു കുട്ടി സ്‌നേഹവും പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. മാതാപിതാക്കളോടുള്ള സ്‌നേഹത്തില്‍ വിവേചനം കാണിക്കുന്നതിന്റെ ആറ് ഉദാഹരണങ്ങളാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ചത്. മാതാപിതാക്കളില്‍ ആരോടും വിവേചനമില്ലാതെ മക്കളെ സൂക്ഷ്‌മതയോടെ വളര്‍ത്തുന്ന എത്രയോ കുടുംബങ്ങളുടെ ഉദാഹരണങ്ങളും എന്റെ മുന്നിലുണ്ട്.

 സന്താനപരിപാലനത്തില്‍ ശരിയായ ബോധമുള്ളവരാണ് അവര്‍. ഒരു കുട്ടി ജനനം മുതല്‍ ആറേഴ് വയസ്സ് വരെ പ്രകൃത്യാ ഉമ്മയോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നവരായിരിക്കും, അതോടൊപ്പം പിതാവിനോടും ബന്ധമുണ്ടാകുമെന്ന് നമുക്ക് പറയാം. എന്നാല്‍ ആറോ ഏഴോ വയസ്സിന് ശേഷം പിതാവുമായി കൂടുതല്‍ അടുക്കുന്നതിനായിരിക്കും കൂടുതല്‍ താല്‍പര്യം കാണിക്കുക. എന്നാല്‍ അതില്‍ നിന്ന് അവന്‍ ഉമ്മയെ വെറുത്തിരിക്കുന്നു ഉപ്പയെയാണ് കൂടുതലിഷ്ടപ്പെടുന്നത് എന്ന് ധരിക്കരുത്. പ്രകൃത്യായുള്ള അവന്റെ ആവശ്യങ്ങളായിട്ട് മാത്രമേ ആ ബന്ധത്തെ മനസ്സിലാക്കേണ്ടതുള്ളൂ. അവരില്‍ നിന്നുള്ള സ്‌നേഹവും വാത്സല്യവും ശക്തിയും അറിവും നൈപുണ്യങ്ങളും നേടി മാനസിക സന്തുലിതത്വം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കള്‍ക്കിടയില്‍ അവന്‍ സഞ്ചരിക്കുന്നത്. ഓര്‍ക്കുക, പിതാവിന്റെ അവകാശം മഹത്തരമാണ്, മാതാവിന്റെ പുണ്യം അനിവാര്യവും.

Post a Comment

0 Comments