ഫേസ്‌ബുക്കും, വാട്ട്സാപ്പും..


    ✍🏼"എനിക്ക് ഫേസ്ബുക്കും വാട്ട്സ്ആപ്പും ഉണ്ടാക്കി തരാൻ പറ്റോ..?!" 

 ഫേസ്ബുക്കിൽ നോക്കി കൊണ്ട് തന്നെ ഞാൻ ചോദിച്ചു...

 "ഉമ്മാക്കെന്തിനാ ഇപ്പം അതൊക്കെ..? പണ്ടത്തെ കോളേജ് ഫ്രണ്ട്സിനോടൊക്കെ ചാറ്റ്ഗ്രൂപ്പിൽ മിണ്ടാൻ ആണോ..?"

 "അല്ല നിന്നോട് മിണ്ടാൻ..!!"

  "എന്താണെന്ന്..? " 

 "ആദ്യം അതിൽ നിന്ന് ഒരു മിനിറ്റ് എങ്കിലും തലപൊക്കി എന്നെയൊന്നു നോക്ക്. നിന്നോട് മിണ്ടാൻ എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്..."

 "എന്റെ അറിവിൽ ഞാൻ പുറത്തൊന്നും അല്ല. നാട്ടിൽ തന്നെയാണ്, എന്നും വീട്ടിലേക്കാണ് വരുന്നത്. ഓഫീസിൽ പോകുന്ന സമയം മാത്രമാണ് ഇവിടെ നിന്നും മാറി നില്കുന്നത്.  പിന്നെ എന്തിനാണ് എന്നോട് സംസാരിക്കാൻ സോഷ്യൽ മീഡിയകളുടെ ആവശ്യം."

 "ശരിയാണ്. നീ വീട്ടിൽ തന്നെയാണ്. പക്ഷെ നീയുണ്ടായിട്ടും നീയില്ലായ്മകളിൽ ഞാൻ വേദനിക്കുന്നുണ്ട്. ഇടക്ക് ഓഫീസിൽ നിന്ന് നീ വിളിക്കുമ്പോൾ ഞാൻ സന്തോഷിക്കും. 'എന്തെങ്കിലും വാങ്ങാനുണ്ടോ ' എന്ന ചോദ്യത്തിൽ ആ കാൾ അവസാനിക്കും. എവിടെയെങ്കിലും പോയിട്ട് വരുമ്പോൾ 'ഉമ്മാ' എന്നു വിളിച്ചു കയറി വരുന്ന സ്വഭാവം പാടെ ഉപേക്ഷിച്ചിട്ട് നാളേറെയായി. വീട്ടിലേക്കു കയറി വരുമ്പോഴും ഫോണിൽ നിന്നും തലയുർത്തിയിട്ടുണ്ടാകില്ല... 

 പണ്ട് എനിക്കു തേങ്ങ ചമന്തി വേണം ഇന്ന് മീൻകറി മതി, പയർ ഉപ്പേരി മതി എന്നു പറഞ്ഞ നിനക്ക് ഇന്ന് രുചിയറിയാനുള്ള കഴിവുണ്ടോന്നു  പോലും ഞാൻ സംശയിക്കുവാണ്.  ഒന്നിനും ഒരു അഭിപ്രായമില്ല. ഉറങ്ങുമ്പോൾ ഉമ്മയുടെ ഒപ്പം കിടക്കണമെന്നു വാശി പിടിച്ചവൾ തന്നെ കിടക്കുന്നു...
 'ഉമ്മ കിടക്കാൻ വരുന്നുണ്ടോ' എന്നു പോലും ചോദിക്കാറില്ല. 

 "ഞാൻ ഒപ്പം കിടന്നാൽ ഫോൺ ഓഫ്‌ ചെയ്യാൻ പറയില്ലേ അതോണ്ട് തന്നെ അല്ലേ..? "

 ഉമ്മാ ഇത്രയും എന്നെ മിസ്സ്‌ ചെയ്തിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ ശ്രദ്ധിച്ചില്ല. എന്റെ കണ്ണ് നിറഞ്ഞു. ഉമ്മയുടെയും... 

 "അതോണ്ട് ഞാൻ ഒരു ഫേസ്ബുക്ക് ഒക്കെ തുടങ്ങിയാൽ നിന്നോട് മിണ്ടാലോ.. അതോ എന്നും കാണുന്നതാണെന്ന് പറഞ്ഞു അതിലും നീ എന്നെ അവോയ്ഡ് ചെയ്യോ..?!"

 'സോറി ഉമ്മാ' എന്നു പറഞ്ഞു ഞാൻ ഉമ്മയെ കെട്ടിപ്പിടിച്ചു കരയുമ്പോൾ  'എന്റെ മോളു സങ്കടപ്പെടല്ലേ. ഉമ്മാക്ക് നീയില്ലാതെ പറ്റാഞ്ഞിട്ടു പറഞ്ഞു പോയതാ' എന്നു പറഞ്ഞു ഉമ്മ എന്റെ മുടിയിഴകളിൽ വിരലോടിക്കുന്നുണ്ടായിരുന്നു...

【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം... പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക】

Post a Comment

0 Comments