ലഹരികൾ തിന്മയുടെ താക്കോലാണ്

 
  ✍🏼വിശേഷബുദ്ധിയാണ് മനുഷ്യനെ ഇതര ജിവികളില്‍നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം. ചിരിക്കാനും ചിന്തിക്കാനും കാര്യങ്ങളെ വേര്‍തിരിച്ചറിയാനുമുള്ള മനുഷ്യന്‍റെ പ്രാപ്തി സൃഷ്ടാവ് തന്ന വലിയ അനുഗ്രഹമാണ്. ലോകത്തുളള സചേതനവും അചേതനവുമായ സകലതും നിങ്ങല്‍ക്കു വേണ്ടി നാം സൃഷ്ടിച്ചിരിക്കുന്നുവന്ന് അല്ലാഹു ﷻ പ്രഖ്യാപിക്കുമ്പോള്‍ മനുഷ്യസൃഷ്ടിപ്പിന്‍റ മഹത്തായ ലക്ഷ്യം വരച്ചു കാട്ടുകയാണ് സൃഷ്ടാവ്...

 ലൗകിക ജീവിതം നശ്വരമാണെന്നും പാരത്രിക വിജയത്തിനുളള കൃഷിയിടമാണ് ഇവിടമെന്നും മനുഷ്യന്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ,ഈ തിരിച്ചറിവിന്‍റെ ഏറ്റ വ്യത്യാസങ്ങളില്‍ മാറ്റങ്ങള്‍ സ്വഭാവികമാണ്. നന്മയെ നന്മയായി കാണാനും തിന്മയില്‍ നിന്ന് മാറിനിൽക്കാനും അല്ലാഹു ﷻ മനുഷ്യന്ന് അവസരം നല്‍കിയിട്ടുണ്ട്. ഇഖ്തിയാറെന്ന് പ്രമാണങ്ങള്‍ പരിചയപ്പെടുത്തുന്ന മനുഷ്യന്‍റ സ്വയം നിര്‍ണയങ്ങളില്‍ വരുന്ന അപാകതകളുടെ പൂര്‍ണ ഉത്തരവാദി അവന്‍ തന്നെയാണ്.

 ഭൗതിക ജീവിതത്തില്‍ ശരി തെറ്റുകളെ വേര്‍തിരിച്ച് ജീവിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്യാസി. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ അവന്‍ സുകൃതങ്ങള്‍ മാത്രമേ ചെയാവൂ എന്നാണ് സൃഷ്ടാവിന്‍റ കല്‍പന. മനുഷ്യനെ പരിമിതിക്കുള്ളില്‍ ജീവിക്കുമ്പോള്‍ സ്വഭാവികമായി സംഭവിക്കുന്ന അപാകതകള്‍ക്ക് പരിഹാരമായി കാരുണ്യവാനായ അല്ലാഹു ﷻ തൗബ എന്ന കാരുണ്യത്തിന്‍റ കവാടം തുറുവച്ചിട്ടുണ്ട്. എന്നാല്‍, കേവല ആസ്വാദനത്തിലപ്പുറം മനുഷ്യന്‍ ചെയ്യുന്ന അരുതായ്മകളെ കണ്ടില്ലെന്നു നടിച്ചുകൂടാ. ലോകാവസാനത്തിലേക്ക് അടുക്കും തോറും കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കെണ്ടിരിക്കുകയാണ്. അതിന് കാലത്തെ പഴിക്കല്‍ കൊണ്ടോ സാഹചര്യങ്ങളെ ആക്ഷേപിച്ചതുകൊണ്ടോ കാര്യമില്ല.

 നമ്മുടെ സാമൂഹിക പരിസരത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തിന്മ ചെയാനുള്ള മനസ്സും ധര്‍മം ചെവിക്കൊള്ളാത്ത കാതുകളും വര്‍ദ്ധിച്ച് വരികയാണ്. സമൂഹത്തെ അടക്കിപിടിച്ചിരിക്കുന്ന തിന്മയുടെ ബോധങ്ങള്‍ ദിനം തോറും ശക്തിപ്പെട്ട് വരികയാണ്. ഒരുഭാഗത്ത് ഇത്തരം തിന്മകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടക്കുമ്പോൾ മറുഭാഗത്ത് മനുഷ്യന്‍റെ ധാര്‍മിക മൂല്യങ്ങളെ കാര്‍ന്ന്തിന്ന് കൊള്ളരുതായ്മകള്‍ കുമിഞ്ഞ്കൂടുന്നു...

 ലഹരി ഉപയോഗം മൂലം വൈയക്തിക തലം തൊട്ട് സാമൂഹികവും രാഷ്ടീയവും സാംസ്കരികവുമായ നിഖില മേഖലകളിലും വലിയ പൊട്ടിത്തെറികളാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേവലം ആസ്വാദനമെന്നതിലപ്പുറം ലഹരി ഉപയോഗം കൊണ്ട് മനുഷ്യന്‍ ഒന്നും നേടുന്നില്ലെന്നത് അറിയാഞ്ഞിട്ടല്ല. മറിച്ച്, കുടിച്ച് മദിച്ച് ജീവിതം തീര്‍ക്കാനുള്ള പ്രവണത വര്‍ദ്ധിച്ചു വരുന്നു. ജീവിക്കുന്ന സാഹചര്യങ്ങളും സമൂഹത്തിന്‍റ പൊതു വിചാരങ്ങളുമാണ് ഒരാളെ മദ്യപാനിയാക്കുന്നതെന്ന് പറയാം.

 പക്ഷേ, താന്‍ ചെയ്യുന്നത് തിന്മയാണെറിഞ്ഞിട്ടും സാഹചര്യങ്ങളെ പഴിച്ചിട്ട് എന്തു കാര്യം. ലഹരിയാണ് സകല തിന്മകളുടെയും മാതാവെന്ന് മദ്യം ജീവിതത്തിന്‍റ എല്ലാമായിരുന്ന ഒരു ജനതയോട് പ്രവാചകന്‍ ﷺ പഠിപ്പിച്ചു. ഈ പ്രവാചക വചനത്തില്‍ മദ്യത്തിന്‍റെയും ലഹരിയുടെയും സകല ഭവിഷ്യത്തുകളും പ്രവാചകന്‍ ﷺ വരച്ചുകാട്ടി. നിരന്തര ബോധവല്‍ക്കരണം നടക്കുന്ന ഒരു മേഖലയാണെന്നിരിക്കെ, അതിന്‍റ പ്രതിഫലനം ധാര്‍മികമായി സമൂഹത്തില്‍ സംഭവിക്കുന്നില്ല എന്നതിന്‍റെ കാരണം അന്വേഷിക്കേണ്ടത് തന്നെയാണ്. വ്യക്തി തലംതൊട്ട് അന്താരാഷ്ട്ര തലംവരെ ഇതിന്‍റ ഭവിഷ്യത്തുകള്‍ ലോകം അനുഭവിക്കുമ്പോള്‍ അതിനെതിരെ ജാഗ്രത പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്.

 ഖുര്‍ആന്‍റെ പ്രഖ്യാപനം കാണുക:  "സത്യവിശ്യാസികളേ, മദ്യവും ചൂതാട്ടവും പ്രശ്നംവച്ചു നോക്കാനുള്ള അമ്പുകളും പൈശാചിക മ്ലേച്ഛവൃത്തി മാത്രമാണ്. അതിനാല്‍, നിങ്ങള്‍ അതെല്ലാം വര്‍ജ്ജിക്കുക.” പ്രസ്തുത സൂക്തത്തില്‍ മദ്യം ഉപയോഗിക്കുന്നതിനെതിരെയുള്ള ശക്തമായ താക്കീതുണ്ട്. കൂടെ ആയത്തില്‍ സൂചിപ്പിച്ച അനവധി വന്‍കുറ്റങ്ങളില്‍ ആദ്യം മദ്യത്തെ എണ്ണിയത് ലഹരി ഉപയോഗത്തോടുള്ള ഖുര്‍ആന്‍റെ ശക്തമായ വിയോജിപ്പിനെ സൂചിപ്പിക്കുന്നു. അല്ലാഹുﷻവിനോട് പങ്കുചേര്‍ക്കുന്നത് വന്‍പാപമെന്നിരിക്കെ ലഹരി ഉപയോഗവും അപ്രകാരമാണെന്ന് അല്ലാഹു ﷻ സൂചിപ്പിക്കുകയാണിവിടെ. അതിനു പൈശാചിക ദുര്‍ബോധനങ്ങള്‍ നിരന്തരമുണ്ടായിരിക്കുമെന്ന് സൂക്തത്തിന്‍റെ അടുത്ത ഭാഗങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

 മനുഷ്യന്‍ ഉപയോഗിക്കുന്ന ലഹരികളില്‍ വീര്യം കൂടിയ ഒന്നാണ് മദ്യം. ഇസ്ലാമിക പ്രമാണങ്ങളും നമ്മുടെ സാമൂഹിക ചുറ്റുപാടുകളും അതു നിരന്തരം നമ്മെ ബോധ്യപ്പെടുത്തുന്നു. മദ്യത്തിന് ഖുര്‍ആനും ഹദീസും ഉപയോഗിച്ച പദം ഖംറ് എന്നാണ്. ഈ പ്രയോഗത്തിന്‍റെ അര്‍ത്ഥം മറയ്ക്കുക, മൂടുക എാന്നൊക്കെയാണ്. അതായത് ബുദ്ധിയെ മൂടുന്നതും മറക്കുന്നതുമെന്നര്‍ത്ഥം. കാര്യം വ്യക്തമാണ്, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ബുദ്ധിയെ നീക്കിക്കളയുമെന്നതില്‍ സംശയമില്ല.

 ലഹരി ഉപയോഗം വൈയക്തികമായി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാം. മനുഷ്യന് അല്ലാഹു ﷻ പ്രായോഗിക ബുദ്ധി നല്‍കിയിട്ടുണ്ട്. അത് അല്ലാഹു ﷻ തന്നെ എടുത്ത് കളയുമ്പോഴാണ് ഒരാളെ ”ഭ്രാന്തന്‍” എന്ന് വിളിക്കുന്നത്. എന്നാല്‍, മനുഷ്യനവന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ബുദ്ധിയെ നീക്കിക്കളയുന്ന പ്രവണതയാണ് ലഹരി ഉപയോഗം മൂലം സംഭവിക്കുന്നത്. അത് നിഷിദ്ധമാണന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

 അല്ലാഹു ﷻ നീക്കിക്കളയുന്ന ബുദ്ധിയില്‍ വിധിയുടെ വൈവിധ്യമാണ് കാണുതെങ്കില്‍, കൃത്രിമമായി ബുദ്ധി നീക്കി ലഹരി ആസ്വദിക്കുന്നതില്‍ വന്‍കുറ്റത്തിന്‍റെ പ്രതീതിയാണ് ഇസ്ലാം ദര്‍ശിക്കുന്നത്. മാനസികമായി നില തെറ്റുന്നതോടെ ലഹരി ഉപഭോക്താവില്‍ സംഭവിക്കുന്ന ചെയ്തികള്‍ക്ക് പരിധിയോ പരിമിതിയോ ഉണ്ടാകാറില്ല.

 ശാരീരികമായി വായിച്ചാലും ലഹരിശാപം തന്നെ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലഹരി ഉപയോഗം മൂലമാണ് ലോകത്ത് 30 ശതമാനം ആളുകളും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നത് എന്നാണ്. കൂടാതെ, ഓര്‍മ്മക്കുറവ്, ധൈര്യക്കുറവ്, അക്രമവാസന, വിഷാദം, വായയിലും തൊണ്ടയിലും കാന്‍സര്‍, കരള്‍രോഗങ്ങള്‍, ജലദോഷം, പ്രതിരോധ ശക്തിക്ഷയം, വിറയല്‍, ഞരമ്പ് ശക്തിക്ഷയം, അള്‍സര്‍, അകാലവാര്‍ധക്യം, ഹൃദയാഘാതം, സ്തനാര്‍ബുധം, ലൈംഗികശേഷിക്കുറവ് തുടങ്ങിയ സകലരോഗങ്ങളും ഇതുമൂലമുണ്ടാകുന്നതാണ്.

 നമ്മുടെ സാമൂഹിക പരിസരത്തെ സാമൂഹിക ശാസ്ത്രത്തിന്‍റെ മാനദണ്ഡങ്ങളോടെ വീക്ഷിച്ചാല്‍ ലഹരി ഉപയോഗിക്കുന്നതിന്‍റെ ഭവിഷ്യത്തുകള്‍    ധാരാളം കാണാം. സാമൂഹിക ഘടനയെ തന്നെ മാറ്റിമറിക്കുന്ന മാറാവ്യാധിയാണ് ലഹരി. കുടുംബങ്ങളില്‍ നിന്ന് തന്നെ ലഹരി ഉപയോഗത്തിന്‍റെ വരുംവരായ്മകള്‍ പരിശോധിക്കാം. 

 ഒരു ഹദീസില്‍ ഇങ്ങനെ കാണാം. ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകന്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: "മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവനും അതുകുടിച്ചാല്‍ അവന്‍റെ മാതാവിന്‍റെയും പിതൃസഹോദരിയുടെയും മാതൃ സഹോദരിയുടെയും മേല്‍ അവന്‍ വീണെന്നിരിക്കും" വലിയ പ്രത്യാഘാതങ്ങളെസൂചിപ്പിക്കുന്ന ഹദീസാണിത്...

 നമ്മുടെ പല കുടുംബങ്ങളിലും സംഭവിക്കുന്ന അപകടത്തേയും ഹദീസ് വരച്ചുകാട്ടുന്നു. മദ്യപാനിയായ ഒരാള്‍ക്ക് പരിസരബോധം നഷ്ടപ്പെട്ട് എന്തും ചെയ്യാമെന്ന മാനസികവസ്ഥയില്‍ സംഭവിക്കുന്ന കാര്യമാണ് പ്രവാചകന്‍ ﷺ മുമ്പേ പറഞ്ഞത്. ശാരീരിക വികാരം ശമിപ്പിക്കാന്‍ സ്വന്തം ഇണയുമയുള്ള ശാരീരിക വ്യവാഹരങ്ങള്‍ മാത്രമേ ഇസ്ലാം കല്‍പ്പിച്ചിട്ടുള്ളൂ. എന്നാല്‍ ലഹരി ഉപയോഗം മൂലം ഒരാള്‍ക്ക് ആരെയും തിരിച്ചറിയാതെ പോകുന്നു. അവിടെ ഉമ്മയെന്നോ പെങ്ങളെന്നോ മക്കളെന്നോ അടുത്തവരെന്നോ നോക്കാന്‍ കഴിയില്ല. മനസ്സിന്‍റ സമനില തെറ്റിയാല്‍ അപകടകരമായ കായിക ബലത്തോടെ സ്വന്തക്കാരെ പോലും ലൈംഗികമായി ഉപയോഗപ്പെടുത്തേണ്ടിവരും.

 മദ്യപാനിയായ യുവാവ് മാതാവിനെ കെട്ടിയിട്ട് സ്വന്തം മകളുടെ മാനം കളഞ്ഞ സംഭങ്ങള്‍ നമ്മുടെ പരിസരത്ത് എത്ര നടക്കുന്നു. കുടുംബ സംവിധാനത്തില്‍ ലഹരി വരുത്തിതീര്‍ക്കുന്ന അരുതായ്മകളുടെ കണക്ക് പരതുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ആത്മഹത്യകളും വിവാഹമോചനങ്ങളും നടക്കുന്നത് ഭര്‍ത്താവിന്‍റ അമിത മദ്യാസക്തി മൂലമാണെന്നും വനിത കമ്മിഷന്‍ സര്‍വേ പറയുന്നു.

 ഇനി ലഹരി ഉപയോഗത്തിന്‍റ സാമൂഹിക പ്രതിഫലനങ്ങള്‍ പരിശോധിക്കാം... 
ഒരു ഹദീസില്‍ ഇങ്ങനെ കാണാം, അനസ് ഇബ്നു മാലിക് (റ) വില്‍ നിന്ന് നിവേധനം:
 അല്ലാഹുﷻവിന്‍റ റസൂല്‍ ﷺ കള്ളിന്‍റ വിഷയത്തില്‍ പത്തുപേരെ ശപിച്ചു. മദ്യം വാറ്റുന്നവന്‍, അത് ആര്‍ക്ക് വേണ്ടി വാറ്റുന്നുവോ അയാള്‍, അത് കുടിക്കുന്നവന്‍, അത് വഹിക്കുന്നവന്‍, അത് ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അവന്‍, അത് വില്‍ക്കുന്നവന്‍, കുടിപ്പിക്കുന്നവന്‍, അതിന്‍റെ വില തിന്നുന്നവന്‍, അത് വിലക്കു വാങ്ങുന്നവന്‍, ആര്‍ക്ക് വേണ്ടി വാങ്ങുന്നുവോ അവന്‍.’

 അബൂഹുറൈറ (റ)വില്‍ നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു:  ‘ഒരാള്‍ മദ്യപിക്കുമ്പോള്‍ വിശ്വാസിയായി ക്കൊണ്ട് അയാള്‍ മദ്യപിക്കുകയില്ല.’

 വലിയ ഗുണപാഠങ്ങള്‍ നല്‍കുന്ന തിരുമൊഴികളാണ് മേല്‍ ഉദ്ധരിച്ചത്. ലഹരിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടാല്‍ അവന് അല്ലാഹുﷻവിന്‍റ ശാപം തീര്‍ച്ചയാണെന്ന് പ്രവാചകന്‍ ﷺ എണ്ണി പറഞ്ഞു. രണ്ടാം വചനത്തില്‍ ഒരു വിശ്വാസിക്ക് മദ്യവുമായി ബന്ധപ്പെടാന്‍ കഴിയില്ലെന്നും ബന്ധപ്പെട്ടാല്‍ അവന്‍ വിശ്വാസിയല്ലെന്നും ഉണര്‍ത്തുന്നു. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ലഹരി ഉപയോഗം അവന്‍റെ വിശ്വാസത്തില്‍ കളങ്കം ചാര്‍ത്തുന്നതാണെന്ന് ചുരുക്കം.

 മരുന്നിനു വേണ്ടി ലഹരി ഉപയോഗിക്കുന്നതിനെ ഇസ്ലാം വിലക്കിയതായി കാണാം. സുവൈദുബ്നു ത്വാരിഖ് എന്നവർ പ്രവാചകനോട് (ﷺ) മദ്യത്തെ കുറിച്ച് ചോദിച്ചു. അന്നേരം പ്രവാചകന്‍ ﷺ മദ്യം വിരോധിച്ചു. അദ്ദേഹം പറഞ്ഞു: "ഞാന്‍ മരുന്നിന് വേണ്ടി മാത്രമാണ് അതുണ്ടാക്കിയിരുന്നത്. പ്രവാചകന്‍ ﷺ പറഞ്ഞു: "നിശ്ചയം അത് രോഗമാണ്. രോഗ ശമനിയല്ല..."
  (മുസ്നദ്)

 നമ്മുടെ സാമൂഹ്യ പരിസരത്തു നിന്നും ചില നിരീക്ഷണങ്ങള്‍ നടത്താം. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ബോധവല്‍ക്കരണം നടത്തുന്നത് ഏത് വിഷയത്തെ ചെറുക്കാനാണെന്ന് പരിശോധിക്കാം. ലഘുലേഖയായും പ്രകാശനങ്ങളായും കൊളാഷ് പ്രദര്‍ശനമായും പൊതുയിടങ്ങളില്‍ ഫ്ളക്സ് ബോധവല്‍ക്കരണമായാലും ഏറ്റവും കൂടുതല്‍ ബോധവല്‍ക്കരണം നടത്തുന്നത് ലഹരിക്കെതിരെയാണ്.

 നമ്മുടെ നിയമ സംവിധാനത്തിന്‍റെ വീക്ഷണത്തില്‍ ഒരാള്‍ക്ക് സ്വ താല്‍പര്യപ്രകാരം മദ്യപിക്കാം. പക്ഷേ, ലഹരി പദാര്‍ത്ഥങ്ങളില്‍ അതിന്‍റെ ഭവിഷ്യത്തും മുന്നറിയിപ്പും കുറിച്ചിടണമെന്നാണ് നിയമം. ഇത്തരം മൂഢനിയമം നിലനില്‍ക്കുന്ന കാലത്തോളം ഇതിനൊന്നും പരിഹാരം കണ്ടെത്താന്‍ കഴിയില്ല. കുറ്റകൃത്യം നടന്ന ശേഷമേ ഭൗതിക നിയമങ്ങള്‍ ഇനിയെന്ത് എന്ന് ചിന്തിക്കുന്നുള്ളൂ. ഇസ്ലാം കുറ്റകൃത്യത്തെ തടയാനുള്ള പ്രതിവിധി ആദ്യം നിര്‍ദ്ദേശിക്കുന്നു. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വലിയ അന്തരമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

 അടുത്തിടെ മലബാറിന്‍റെ തലസ്ഥാന നഗരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോടു നിന്ന് കഞ്ചാവ് വില്‍പ്പനയ്ക്കിടെ ചിലരെ പിടികൂടി. പോലീസ് പുറത്തുവിട്ട വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ, അത്തരം ഞെട്ടല്‍ നമുക്കില്ലാതെ പോയതില്‍ ആരെ പഴിക്കാന്‍. കഞ്ചാവ് കച്ചവടക്കാരായ യുവാക്കള്‍ മുസ്ലിംകളാണ്. ഇവരുടെ കാര്യമായ വിപണി കുട്ടികള്‍ക്കിടയിലാണ്. നഗര പരിസരത്തെ മുസ്ലിം കുട്ടികള്‍ ഭൂരിപക്ഷമുള്ള സ്കൂളുകളില്‍ പകുതിയോളം ഇവരുടെ ഇരകളാണത്രെ. ഇത് സര്‍വ്വ സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

 മദ്യ വില്‍പനയുടെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ വര്‍ഷം തോറും ബീവറേജ് കോര്‍പ്പറേഷന്‍റെ വിറ്റുവരവ് വര്‍ധിച്ചുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മുമ്പ് ഒരു വര്‍ഷം കണക്കുകള്‍ തെളിയിക്കുന്നത് 5000 കോടി വിറ്റഴിച്ചുവെന്നാണ്. ഈ വിറ്റുവരവില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തിരൂരും പൊന്നാനിയും പരസ്പരം മത്സരിക്കുന്ന ദയനീയ കാഴ്ച മാധ്യമങ്ങളിലൂടെ കാണാൻ വിധിക്കപ്പെവരാണ് ലോകത്ത് ഏറ്റവും പ്രബുദ്ധരും സംഘടിതരുമെന്ന് സ്വയം അഭിമാനിക്കുന്ന കേരള മുസ്ലിംകള്‍..!!

 ലഹരിയുണ്ടാക്കുന്ന എന്തും ഹറാമാണെന്ന് നിരീക്ഷിക്കുന്ന മതമാണ് ഇസ്ലാം. മദ്യം സകല തിന്മകളുടെയും മാതാവാണെന്ന് പ്രവാചകന്‍ ﷺ പഠിപ്പിച്ചത് മനുഷ്യന്‍റെ ബുദ്ധിയുടെ ഏറ്റവ്യത്യാസം കണ്ടതുകൊണ്ടു തന്നെയാണ്. ശാരീരിക ഇച്ഛകള്‍ മനുഷ്യനെ തിന്മയിലേക്ക് ക്ഷണിക്കുമ്പോള്‍ വഴിനടത്താന്‍ പൈശാചിക ദുര്‍ബോദനങ്ങളുമുണ്ടാകും.  വകതിരിവ് നീങ്ങിയുള്ള ഒരാസ്വാദനം വിശ്വാസിക്ക് അന്യമാണെന്നര്‍ത്ഥം.

_✍🏼അബ്ദുസ്സമദ് ടി റഹ്മാനി  കരുവാരക്കുണ്ട്_

Post a Comment

0 Comments