❓എന്റെ ഭാര്യക്ക് എന്റെ മാതാപിതാക്കളോട് എന്നേക്കാള്‍ അധികം ഉത്തരവാദിത്തം ഒരു കുടുംബത്തില്‍ ഉണ്ടോ?
_മറുപടി നൽകിയത് ഫൈസല്‍ നിയാസ് ഹുദവി_
🅰️നിങ്ങളുടെ ചോദ്യവുമായി ബന്ധപ്പെട്ടു അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ ആദ്യം പറയട്ടെ. അല്ലാഹുﷻവിനോടുള്ള ഉത്തരവാദിത്തം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനമാണ് മാതാപിതാക്കളോടുള്ള കടമ. “നിങ്ങള്‍ അല്ലാഹുﷻവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക........... (അല്‍-നിസാഅ 36) “മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്ക്കുമേല് ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്. (ലുഖ്മാന് 14)
ഇങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞതായി കാണാം. എത്രയും ഹദീസുകള്‍ ഈ വിഷയത്തിലുണ്ട്. വിവാഹിതയായ ഒരു സ്ത്രീ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവളുടെ ഭര്‍ത്താവിനോടാണ്. ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യതകളുടെ ഗൗരവം ഹദീസുകളില്‍ നിന്നും വ്യക്തമാണ്. പ്രവാചകന്ﷺ പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്പ്പിക്കുകയാണെങ്കില് ഭര്‍ത്താവിന് സുജൂദ് ചെയ്യണമെന്ന് ഭാര്യയോട് കല്പിക്കുമായിരുന്നു (അബൂ ദാവൂദ്). ആഇശ (റ) പറയുന്നു: ഞാന്‍ നബിﷺ തങ്ങളോടു ചോദിച്ചു: സ്ത്രീക്ക് ഏറ്റവും ബാധ്യത മനുഷ്യരില്‍ ആരോടാണ്? പ്രവാചകന്ﷺ പറഞ്ഞു: ഭര്‍ത്താവിനോട്. ഞാന്‍ ചോദിച്ചു: പുരുഷന് ആരോടാണ്? പ്രവാചകന്ﷺ പറഞ്ഞു: ഉമ്മയോട് (ഹാകിം).
മതപരം എന്നതിലുപരി ഓരോ നാട്ടിലെയും സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് താങ്കള്‍ ഉന്നയിച്ച വിഷയം. നിങ്ങളുടെ മാതാപിതാക്കളോട് നിങ്ങളുടെ ഭാര്യയെക്കാള്‍ ഉത്തരാവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ്. എന്നാല്‍ ഒന്നിച്ചു താമസിക്കുന്ന പക്ഷം നിങ്ങളുടെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടെ സഹധര്മ്മിണിക്കുണ്ട്. പ്രവാചകന്ﷺ പറഞ്ഞു: സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധികാരിയാണ്. ഭരണത്തെക്കുറിച്ച് അവള് ചോദ്യം ചെയ്യപ്പെടും (ബുഖാരി). അപ്രകാരം തന്നെ ഭര്‍ത്താവിന്റെ പൊരുത്തമുള്ള ഭാര്യയ്ക്ക് നബി (ﷺ) സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വാഭാവികമായും തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്ന ഭാര്യമാരെ ഭര്ത്താക്കന്മാര് ഇഷ്ടപ്പെടുമല്ലോ. “ഭര്‍ത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയിലും ജീവിച്ചുകൊണ്ടിരിക്കെ അവള് മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് (തുര്‍മുദി). പലപ്പോഴും വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ഒരു മേഖലയാണ് മാതാവും ഭാര്യയും തമ്മില്ലുള്ള ബന്ധം. അത്തരം ഘട്ടങ്ങളില്‍ മാതാവിനെ വെറുപ്പിക്കാതെയും വിവാഹ ബന്ധത്തിനു കോട്ടംതട്ടാതെയും ഓരോരുത്തരുടെയും അവകാശങ്ങള്‍ വകവെച്ചുകൊടുത്തു രമ്യതയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കണം. സമാധാന പൂര്‍ണ്ണമായ ഒരു കുടംബ ജീവിതം അല്ലാഹു താങ്കള്‍ക്ക് പ്രധാനം ചെയ്യട്ടെ.
❓മാതാവ് ഭാര്യയോട് മോശമായി പെരുമാറുമ്പോള്‍ ഭര്‍ത്താവ് എങ്ങനെ പ്രതികരിക്കണം?
_മറുപടി നൽകിയത് അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്_
🅰️പ്രിയ സുഹൃത്തേ, താങ്കളുടെ പ്രശ്നം നന്നായി മനസ്സിലാക്കാനാവുന്നുണ്ട്. കുടുംബജീവിതത്തില്‍ പലരും അനുഭവിക്കുന്ന, അതേ സമയം, എങ്ങനെ നേരിടണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയോ പിഴവ് സംഭവിക്കുകയോ ചെയ്യുന്ന മേഖലയാണ് ഇത്. അല്ലാഹുﷻവിന്റെ മതം പൂര്‍ണ്ണമായും നീതിയുടേതാണ്. ഓരോരുത്തര്‍ക്കും അര്‍ഹമായതെല്ലാം വക വെച്ച് കൊടുക്കുകയും ആരെയും വെറുപ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് അതിന്റെ അടിസ്ഥാന തത്വമാണ്. മാതാവിനോടും ഭാര്യയോടും ഒരേ സമയം നല്ല നിലയില്‍ വര്‍ത്തിക്കാനാണ് അത് നമ്മോട് കല്പിക്കുന്നത്. മാതാവിനോടുള്ള സ്നേഹാധിക്യത്താല്‍ ഭാര്യക്കുള്ള അവകാശങ്ങള്‍ നിഷേധിക്കാനോ ഭാര്യയോടുള്ള സ്നേഹാധിക്യത്താല്‍ ഉമ്മയെ അവഗണിക്കാനോ ഒരിക്കലും അത് അനുവദിക്കുന്നില്ല. കുടംബജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ, മാതാവും ഭാര്യയുമായുള്ള ബന്ധം നല്ല നിലയിലായിരിക്കാന്‍ ഭര്ത്താക്കന്മാര് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
മാതാവിനോട് നല്ല നിലയില്‍ പെരുമാറുകയും മാതാവിന്റെ സ്നേഹം നേടുകയും ചെയ്യുമ്പോഴാണ് തന്നോട് ഭര്‍ത്താവിന് സ്നേഹം വര്ദ്ദിക്കുന്നതെന്ന് ഭാര്യയെ ബോധ്യപ്പെടുത്തേണ്ടത് ഭര്‍ത്താവിന്റെ കടമയാണ്. ഭര്‍ത്താവിന്റെ ഉമ്മയെ സ്വന്തം ഉമ്മയായി കാണാനും അവര്‍ക്കാവശ്യമായതെല്ലാം കണ്ടറിഞ്ഞ് ചെയ്തുകൊടുക്കാനും തയ്യാറാകുന്നവളാണ് നല്ല ഭാര്യ., അത്തരം ഭാര്യമാര്‍ തീര്‍ച്ചയായും കുടുംബത്തിന്റെ വിളക്കായിരിക്കും. കുടുംബ ബന്ധങ്ങളിലെ ഇസ്ലാമിക മാനവും രീതിശാസ്ത്രവും വേണ്ടവിധം മനസ്സിലാക്കാത്തതിനാലാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്. അതോടൊപ്പം മാതാവിന്റെ സ്ഥാനവും അവരെ ശുശ്രൂഷിക്കുന്നതിലൂടെ കരസ്ഥമാകാവുന്ന പ്രതിഫലവും മനസ്സിലാക്കാനും പലപ്പോഴും നാം പരാജയപ്പെടുന്നു എന്നതും സത്യമാണ്. മക്കളുടെ സ്നേഹം ആഗ്രഹിക്കാത്ത ഉമ്മമാരുണ്ടാവില്ലെന്നതാണല്ലോ പ്രകൃതി നിയമം. തന്റെ മകന്റെ സ്നേഹത്തിന് അവകാശിയായി മറ്റൊരുത്തി വരുന്നത്, പലപ്പോഴും അവര്‍ക്ക് സഹിക്കാന്‍ കഴിയാതെ പോവുന്നത് പോലും ആ സ്നേഹാധിക്യം കൊണ്ട് മാത്രമാണ്. മാതാവിനോട് സംസാരിക്കാന്‍ സമയം കണ്ടെത്തുകയും ഇടക്കിടെ സാമ്പത്തിക സഹായങ്ങള്‍ വരെ നല്കാറുണ്ടായിരുന്നവരും വിവാഹശേഷം അത് മുടക്കാറുള്ളത് പലപ്പോഴും ഇത്തരം ചിന്തക്ക് ആക്കം കൂട്ടുന്നു. ഇത്തരം ചിന്തകളെല്ലാം ചേര്‍ന്നാണ് ഭാര്യയോടുള്ള ഉമ്മയുടെ പെരുമാറ്റത്തില്‍ പ്രകടമാവുന്നത്. ഇത്തരം സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ സാധിക്കണം. ഉമ്മയും ഭാര്യയും തമ്മിലുള്ള തര്‍ക്കങ്ങളിലും പെരുമാറ്റച്ചട്ടങ്ങളിലും ന്യായാന്യായങ്ങളുടെ ത്രാസിലിട്ട് തൂക്കി നോക്കി നിലപാടെടുത്താല്‍ അത് പലപ്പോഴും ബന്ധങ്ങള്‍ കൂടുതല്‍ വഷളാകാനേ സഹായിക്കൂ. ഉമ്മയുടെ വാര്‍ദ്ധക്യവും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ആധുനികചിന്താരീതികളെകുറിച്ചുള്ള പരിചയക്കുറവുമെല്ലാം നാം ഉള്‍ക്കൊണ്ടിരിക്കണം, അതിനെ കുറിച്ച് ഭാര്യയെയും ബോധ്യപ്പെടുത്തേണ്ടത്. കൊച്ചുനാളില്‍ നാം ഉമ്മയോട് ചെയ്ത പരാക്രമങ്ങളെ കൊച്ചുകുട്ടിയുടെ കുസൃതിയായി ആസ്വദിക്കാന്‍ ഉമ്മാക്ക് സാധിച്ചത് പോലെ, വാര്‍ദ്ധക്യത്തിലുണ്ടാവുന്ന ഉമ്മയുടെ പെരുമാറ്റങ്ങളെയും മോശമായി കാണാതെ, അവ ആസ്വദിക്കാന്‍ നമുക്ക് സാധിക്കണം. അതിന് ഭാര്യക്കും ഭര്‍ത്താവിനും സാധിച്ചാല്‍ അവിടെ ഒരിക്കലും പ്രശ്നങ്ങള്‍ കടന്നുവരില്ല. സ്ത്രീകള്‍ എപ്പോഴും കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വിശിഷ്യാ, പ്രായമാവുന്നതോടെ, തങ്ങളെ കേള്‍ക്കാന്‍ ആരുമില്ലെന്ന ബോധം അവര്‍ക്ക് കൂടിക്കൂടി വരും. മാതാവിനോടൊപ്പം ഇരിക്കാനും അവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ കേള്‍ക്കാനും നാം സമയം കണ്ടെത്തണം.
ഒരു പക്ഷേ, അടുത്ത വീട്ടിലെ കല്യാണത്തെ കുറിച്ചോ ഏതോ വിരുന്നിന് പോയപ്പോഴുണ്ടായ അനുഭവങ്ങളോ അവര്‍ വാചാലമായി പറയുന്നത് നമുക്ക് ഒരു ഉപകാരവുമില്ലാത്തവയായിരിക്കാം. എന്നാല്‍പോലും താല്പര്യത്തോടെ അത് കേള്‍ക്കാനും കൂടുതല്‍ ചോദിച്ചറിയാനും നാം തയ്യാറായേ മതിയാവൂ. തന്നെ കേള്‍ക്കാന്‍ തയ്യാറാവുന്നവരയൊണ് തനിക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരേക്കാള്‍ അവര്‍ക്ക് ഇഷ്ടമാവുക എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് മകനും ഭാര്യയും തിരിച്ചറിയണം. അതോടൊപ്പം, ഭാര്യയേക്കാളും എല്ലാ കാര്യങ്ങളിലും മുന്‍ഗണന നല്‍കുന്നത് ഉമ്മാക്ക് തന്നെയാണെന്ന് ഉമ്മയെ ബോധ്യപ്പെടുത്തണം. പുറത്തുപോവുമ്പോള്‍ വിവരം പറയുന്നതും തിരിച്ചുവരുമ്പോള്‍ ആദ്യമായി കാണുന്നതും ഉമ്മയെ ആയിരിക്കണം. വീട്ടിലേക്ക് എന്ത് സാധനങ്ങളാണ് വേണ്ടതെന്ന് ഭാര്യയോട് ചോദിക്കാതെ ഉമ്മയോട് ചോദിക്കാന്‍ നാം തയ്യാറായാല്‍, തീര്‍ച്ചയായും ഉമ്മ അത് ഭാര്യയോട് ചോദിക്കുകയും രണ്ട് പേരും ചേര്‍ന്ന് ആ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്യും. ഉമ്മയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിഞ്ഞ് ഭര്‍ത്താവിനെ കൊണ്ട് നിവര്‍ത്തിച്ചു കൊടുക്കാന്‍ ഭാര്യ മുന്‍കൈയ്യെടുക്കണം. രാവിലെ വീട്ടില്‍നിന്ന് പോവുന്ന ഭര്‍ത്താവിനോട്, ഉമ്മയുടെ മരുന്ന് കഴിഞ്ഞിട്ടുണ്ട്, വൈകുന്നേരം വരുമ്പോള്‍ കൊണ്ടുവരാന്‍ മറക്കരുത് എന്നോ, ഉമ്മയുടെ പുതപ്പ് പഴയതായിട്ടുണ്ട്, ഉമ്മാക്ക് പുതിയതൊന്ന് കൊണ്ടുവരണം എന്നോ പറയുന്ന ഭാര്യയെ ഏത് ഉമ്മക്കാണ് വെറുക്കാനാവുക. അത്തരം സ്നേഹ പ്രകടനങ്ങളിലൂടെ ഉമ്മയെ കൈയ്യിലെടുക്കാന്‍ ഭാര്യക്കും ഭര്‍ത്താവിനും സാധിച്ചാല്‍ അവിടെ പിന്നെ പ്രശ്നങ്ങളൊരിക്കലും കടന്നു വരില്ലെന്ന് മാത്രമല്ല, അത് ഏറെ സംതൃപ്തമായ ജീവിതവും അതിലേറെ പാരത്രിക വിജയവും പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല. ജീവിതത്തില്‍ ഭാര്യക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിന് ഭാര്യയെയും എത്ര വേണമെങ്കിലും ലഭിക്കും, പക്ഷേ, ഉമ്മ ഒന്ന് മാത്രമേ ലഭ്യമാവൂ എന്ന സത്യം ഇടക്കിടെ ക്രിയാത്മകമായി ഓര്‍ക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്ത് സ്വര്ഗ്ഗാവകാശികളാവുന്ന സല്പുത്രരില് അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ.
2 Comments
നിങ്ങളുടെ സഹോദരി എങ്ങനെ ജീവിക്കണം എന്ന് നിങ്ങളുടെ മാതാവ് ആഗ്രഹിക്കുന്നുവോ??.. അത് പോലെ നിങ്ങളുടെ ഭാര്യയെ നിങ്ങൾ നോക്കണം.
ReplyDeleteഅങ്ങനെ ചെയ്യുന്നതിൽ നിങ്ങളുടെ മാതാവിന് ബുദ്ധിമുട്ട് തോന്നിയാൽ അത് നിങ്ങൾ ശ്രദ്ധിക്കണ്ട. അള്ളാഹുവിനോട് നിങ്ങളുടെ മാതാവിന്റെ കുശുമ്പും അസൂയയും മാറ്റിത്തരാൻ ദുആ ചെയ്യുക.
നിങ്ങളെ വിശ്വസിച്ചു ഒരു നല്ല ജീവിതം പ്രതീക്ഷിച്ചു നിങ്ങളുടെ പാതി ജീവനായി നിങ്ങളോടൊപ്പം ജീവിക്കാൻ വന്ന നിങ്ങളുടെ ഭാര്യയെ സംരക്ഷിക്കുക.
ജീവിതത്തിൽ ഒരുമ്മയെ കിട്ടുകയുള്ളു എന്ന് പറഞ്ഞു അവസാനിപ്പിക്കാം.ശരി തന്നെ . ഭാര്യയെയും ഭർത്താവിനെയും എത്ര വേണമെങ്കിലും ലഭിക്കും എന്നൊരു സൂചന misleading ആണ്.. അതൊഴിവാക്കാം
ReplyDelete