ഒരിക്കല്‍ അവന് അമ്മയോട് ചോദിച്ചു.
“കറുത്ത മനുഷ്യര്‍ മരണ ശേഷം സ്വര്‍ഗ്ഗത്തില്‍ പോകുമോ ? ”
അമ്മ പറഞ്ഞു: “ തീര്‍ച്ചയായും “
“എങ്കില്‍ സ്വര്‍ഗ്ഗത്തിലെ കറുത്ത മാലാഖമാരോക്കെ എവിടെ പോയി ? ചിത്രങ്ങളില്‍ ഒന്നും കാണാനില്ലാലോ “
അമ്മ പറഞ്ഞു: “ അവരൊക്കെ അടുക്കളയില്‍ പാലും തേനും തയ്യാറാക്കുകയാണ്.
അവന് നിരാശനായി .
കാഷ്യസ് ക്ലേ കണ്ട ആരാധ്യ രൂപങ്ങളും മാലാഖമാരും എല്ലാവരും വെളുത്തവരായിരുന്നു കറുത്ത മാലാഖമാരെ അന്വേഷിച്ചുള്ള ആ ബാലന്റെ യാത്ര അവിടെ തുടങ്ങുകയായിരുന്നു.
ഒരിക്കല്‍ അവനൊരു പെണ്‍ക്കുട്ടിയെ കണ്ടു. സൂപ്പര്‍ നായികമാരുടെ ചമയങ്ങളും അലങ്കാരങ്ങളും അണിഞ്ഞ ആ പെണ് കുട്ടി പക്ഷെ മുഖത്ത് വെള്ള ചായം പൂശിയിരുന്നു. എന്താണിങ്ങനെ എന്ന് അവനവളോട് ചോദിച്ചു. അവള് പറഞ്ഞു. “ കറുത്ത നായികമാരില്ലത്രേ’
അവള് പറഞ്ഞത് ശരിയാണ്. സര്‍വ്വത്ര വെളുപ്പ്. ടി. വി തുറന്നാല്‍ സാന്താക്ലോസും സൂപ്പര്‍മാനും എന്തിനധികം കാട്ടു വാസിയായ ടാര്സന് പോലും വെളുത്തവന്. മിസ് അമേരിക്കമാരും പ്രസിടന്റുമാരും വെള്ള തന്നെ. പ്രസിടന്റിന്റെ ഓഫീസ് പോലും വൈറ്റ് ഹൌസ്!!
കറുപ്പ് അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. കറുത്തവര്‍ പോലും തങ്ങളുടെ നിറത്തെ അപമാനത്തോടെ മാത്രം കാണുന്നു. കറുത്ത പൂച്ച പോലും ഭാഗ്യക്കേട് ആണെന്ന് വിശ്വസിക്കുന്നു. ഈ ലോകം എന്താണിങ്ങനെ? കറുത്ത ഓരോ കുട്ടിയും വെളുത്തവന്റെ തൊലി മേന്മ അംഗീകരികരിച്ചു കൊണ്ട് കീഴൊതുങ്ങി ജീവിക്കുന്നു. മനുഷ്യന് മനുഷ്യനെ അടിമയാക്കുന്ന ലോകം!!
യുവാവായ കാഷ്യസ് ക്ലേ ഇടിക്കൂട്ടില്‍ എതിരാളികളുടെ നെഞ്ചിന്‍കൂട് തകര്‍ക്കുമ്പോഴും ഈ നശിച്ച വ്യവസ്ഥിതിയോടുള്ള അരിശം തീര്‍ക്കുകയായിരുന്നു. ജേതാവായാല്‍ ഈ അസമത്വത്തിന്റെ അപമാനം അനുഭവിക്കേണ്ടി വരില്ലെന്ന് ആ യുവാവ് കരുതി. ഒടുവില്‍ സ്വര്‍ണ്ണ മെഡല്‍ നേടി നാട്ടിലേക്ക് മടങ്ങുമ്പോള്‍ തൊലി കറുപ്പിന്റെ അപമാനത്തില്‍ നിന്നുള്ള ഒരു മോചനമാകും എന്ന് അവന് സ്വപ്നം കണ്ടു. തന്നെ സ്വീകരിച്ചാനയിക്കാന്‍ ഒരു രാജ്യം മുഴുവന്‍ കാത്തിരിക്കുന്നുണ്ട് എന്ന ചിന്ത അവനെ ആഹ്ലാദ ചിത്തനാക്കി...
കാഷ്യസ് ക്ലേയുടെ പ്രതീക്ഷകള്‍ തകിടം മറിയുകയായിരുന്നു. കറുപ്പിന്റെ അവഗണനയും അടിമത്വവും ചാമ്പ്യനായ ആ യുവാവിനെയും പിന്തുടര്ന്നു. തീന് മേശകളില്‍ നിന്ന് പോലും ആട്ടിയോടിക്കപ്പെട്ടു. തന്റെ സ്വര്‍ണ്ണ മെഡലിന് പിച്ചളയുടെ വില പോലും ഇല്ലെന്നു മനസ്സിലാക്കിയ ക്ലേ ഓഹിയോ നദിയുടെ ഓളപ്പരപ്പുകളിലേക്ക് അത് വലിച്ചെറിഞ്ഞു.
ഒരു പുതിയ ബിലാല്‍ ജനിക്കുകയായിരുന്നു അവിടെ . ആറാം നൂറ്റാണ്ടിലെ ബിലാല്‍ ഉമയ്യത്തിന്റെ ചാട്ടവാറുകളെയും ജാഹിലിയ്യത്തിന്റെ ചൂഷണങ്ങളെയും അനുഭവിച്ചാണ് കനല് പാതകള്‍ താണ്ടിയത് .ഈ ബിലാല്‍ വര്‍ണ്ണ വിവേചനത്തിന്റെ , മനുഷ്യനെ മനുഷ്യനായി കാണാത്ത മറ്റൊരു ജാഹിലിയത്തിന്റെ നുകത്തില്‍ നിന്നാണ് കുതറിയോടാന്‍ ശ്രമിച്ചത്.
കറുത്ത മാലാഖമാരെ അന്വേഷിച്ച കാഷ്യസ് ക്ലേ എത്തിപ്പെട്ടത് ആറാം നൂറ്റാണ്ടിലെ ബിലാലിലേക്കാണ്. മക്ക വിജയിച്ച ശേഷം തന്റെ നേതാവായ പ്രവാചകന്റെ ചുമലില്‍ കാലു വെച്ച് കഅബാ മന്ദിരത്തിന്റെ മുകളില്‍ കയറി അന്ന് മക്കയിലെ ബിലാല്‍ മുഴക്കിയ ബാങ്ക് പെയ്തു വീണത് ക്ലേയുടെ കര്ണ്ണപുടങ്ങളിലാണ്...ഒരു നേതാവ് തന്റെ അനുയായിക്ക് ചവിട്ടിക്കയറാൻ ചുമൽ താഴ്ത്തി കൊടുക്കുകയോ ? ചരിത്രത്തിൽ അസാധാരണം. അതും ഒരു മുൻ അടിമയ്ക്ക്!
നിങ്ങളെല്ലാവരും ആദമിൽ നിന്ന് ആദമോ മണ്ണിൽ നിന്ന്. അറബിക്ക് അനറബിയേക്കാളോ വെളുത്തന്‍ കറുത്തവനേക്കാളോ ഒരു ശ്രേഷ്ടതയുമില്ലെന്ന് ആ നേതാവ് പലവുരു പ്രഖ്യാപിച്ചതാണ് . തന്നെ പോലെതന്റെ അനുയായിക്കും ഒട്ടകത്തിൽ ഇരുന്ന് യാത്ര ചെയ്യാൻ ഊഴം തീരുമാനിച്ച് ഒട്ടകത്തിൽ നിന്നിറങ്ങി ചുടു മണലിൽ ബദറിലേക്ക് നടന്ന നേതാവ്!
അതെ. തൊലി ഇരുണ്ടവനെ അധമനെന്നു കരുതാത്ത , അവനു കൈ നല്‍കാനും ആശ്ലേഷിക്കാനും മടിക്കാത്ത ഒരു മോചന മാര്‍ഗ്ഗം മാത്രമേ വെളുപ്പിന്റെ അധീശത്വം നീക്കി സമത്വത്തിന്റെ, മാനവിക സാഹോദര്യത്തിന്റെ വാതായനങ്ങള്‍ തുറന്നു നല്‍കൂ എന്ന് ക്ലേ തിരിച്ചറിഞ്ഞു.
ലോകം അവനെ മുഹമ്മദലി – ദി ഗ്രേറ്റസ്റ്റ് എന്ന് വിളിച്ചു.
0 Comments