ഹറാമുകളിൽ വീണുകൊണ്ടിരിക്കുന്ന മുസ്‌ലിംയുവത


ആരെയും വെറുപ്പിക്കാനോ, ചെറുതായി കാണാനോ അല്ല ഈ പോസ്റ്റ്, എല്ലാ ബഹുമാന ആദരവുകളും നിലനിർത്തി കൊണ്ട് കണ്ണിനും ഖൽബിനും ബാധിച്ച ഒരുതരം അന്ധത തുറന്ന് കാണിക്കൽ മാത്രമാണ്... 
തിരുത്തുമെന്ന ഗുണകാംക്ഷയോടെ..,

  നാം ഇന്ന് ചെയ്യുകയും, കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഹറാമുകൾ എത്രയെന്ന് എണ്ണിക്കണക്കാക്കാ൯ കഴിയാത്ത വിധം ദിനംപ്രതി വർദ്ധിച്ച് വരികയാണ്...

 ഹറാമാണെന്ന് പറയുമ്പോൾ കേവല ഹലാലിന്റെ ഗൗരവം പോലും ആരുടെ മനസ്സിലും അനുഭവപ്പെടുന്നില്ല എന്നതാണ് ഏറെ ഭയാനകം...

 ഏറെ ഭീതിപ്പെടുത്തുന്ന ഗൂഢാലോചനയുടേയും തന്ത്രങ്ങളുടേയും പരിണിതഫലമാണ് നാം കാണുന്നത്.
ഒരുപിടി സുന്നത്തുകളാലും സുകൃതങ്ങളാലും സമ്പന്നമായിരുന്നു നമ്മുടെ മുൻതലമുറയുടെ ജീവിതം. പതിയെ പതിയെ അത് സുന്നത്തല്ലേ, ഫർളൊന്നുമല്ലല്ലോ എന്ന ലാഘവത്തോടെ കണ്ടുതുടങ്ങി... അതോടെ കേവലം ഫർളുകൾ മാത്രം, അതും തോന്നും പോലെ ജീവിതഭാഗമാക്കി യുവത വളർന്നു.
പിന്നെ കറാഹത്തുകൾ ചെയ്യുന്നതിലായി.. അവയും ഹറാമൊന്നുമല്ലല്ലോ എന്ന ചിന്തയാണ് അതിലേക്ക് അവരെ എത്തിച്ചത്. അത് ഇപ്പോ ഹറാമിൽ എത്തി നിൽക്കുകയാണ്... 

 നാട്ടിലൊരാൾ എന്തെങ്കിലും തെമ്മാടിത്തരങ്ങളോ, ദീനിന് നിരക്കാത്തതോ ചെയ്താൽ അവരെ വേണ്ട പോലെ ശകാരിക്കുകയും, ഒറ്റപ്പെടുത്തുകയും ചെയ്തിരുന്ന അവസ്ഥയിൽ നിന്ന് അത് പറയേണ്ടവർ തന്നെ തോന്ന്യവാസങ്ങളുടെ തോഴന്മാരായി മാറി... കല്യാണ വേളകളും, മറ്റ് ആഘോഷങ്ങളും പടിഞ്ഞാറിന്റെ അനുകരണ അനാചാരങ്ങളാൽ മലിനമായി. മ്യൂസിക്കും ഡാൻസും ഇല്ലാത്ത കല്യാണത്തിന് ക്ഷണിക്കപ്പെട്ടവർ പോലും പോകാത്ത അവസ്ഥയിലേക്ക് മുസ്ലിം ഉമ്മത്ത് കൂപ്പ് കുത്തി... 

 സിനിമയും അനുകരണവും ക്യാൻസറിനെക്കാൾ വേഗത്തിലാണ് നമ്മുടെ സഹോദരങ്ങളെ പിടികൂടിയത്. മഹല്ലുകളും കുടുംബങ്ങളും വിലക്കിയവരെ പൊക്കി പിടിച്ച് അഭിപ്രായ സ്വാതന്ത്യത്തിന്റെ ലേബൽ ഒട്ടിച്ച് അവരെ മുസ്ലിം ഉമ്മത്തിന്റെ പൊതുധാരക്കെതിരെ ഉപയോഗിക്കാൻ ഇസ്ലാമിനെ എന്നും ശത്രുകണ്ണേടെ മാത്രം കണ്ടവരുടെ നീണ്ട നിരയുണ്ടായി... പണ്ഡിതന്മാരും, സമുദായ നേതൃത്വവും ഒന്നും പറയാനാവാതെ കൈകെട്ടി നിന്നു. മറുത്ത് പറഞ്ഞവരെ കോടതി കയറ്റാനും തീവ്രവാദികളായി മുദ്ര കുത്താനും മീഡിയകളുടെ വലിയ സപ്പോർട്ടുമുണ്ടായി...

 റിയാലിറ്റി ഷോ കളിലൂടെയുള്ള മുസ്ലിം യുവതയുടെ കടന്ന് കയറ്റമാണ് ഇന്നീ കാണുന്ന അപചയത്തിന്റെ തുടക്കം. തങ്ങളുടെ മക്കൾ ടി.വി സ്ക്രീനിലും, സ്റ്റേജുകളിലും നിറഞ്ഞ് നിൽക്കുന്നത് അഭിമാനമായി കണ്ട രക്ഷിതാക്കൾ അവരുടെ അല്പ വസ്ത്ര നഗ്നത പ്രദർശനമോ,  ഫ്രണ്ട്സ് എന്ന പേരിലെ അതിര് വിട്ട കൂട്ടുകെട്ടുകളെയോ കണ്ടതായി നടിച്ചില്ല. പരിണിതഫലമായി കോടതി മുറികളും വീടുകളും നെഞ്ച് പൊട്ടി നിലവിളിക്കുന്ന ഉമ്മമാരുടേയും അമ്മമാരുടേയും ദിനരോധനങ്ങളാൽ പ്രകമ്പനം കൊണ്ടു...

 ഡബ് മാഷിലൂടെ തുടങ്ങി ഇപ്പോ മ്യൂസിക്കലിയിലും മറ്റ് വിവിധ ആപുകളിലും എത്തി നിൽക്കുന്ന ഈ അഴിഞ്ഞാട്ടം എങ്ങനെ ന്യായീകരിക്കാനാവും...
അന്യരുമായി കൊഞ്ചിക്കുഴയുന്ന മക്കളുടെ അഭിനയ ഭാവപ്രകടനം തന്റെ സ്റ്റാറ്റസായി വെച്ച് അവളുടെ അഭിനയ മികവിൽ അഭിമാനം കൊള്ളുന്ന കുടുംബക്കാരോട് എന്ത് പറയാൻ...

 പേരിൽ എല്ലാവരും ഫാത്വിമയും മുഹമ്മദും ചേർത്ത് ഇസ്ലാമിന്റെ പേരിൽ ഉറക്കനെ ശബ്ദിക്കുമ്പോൾ നാം നശിപ്പിക്കുന്നത് ഈമാനിനെ ആണെന്ന തിരിച്ചറിവ് പോലും നഷ്ടപ്പെട്ടിരിക്കുന്നു...

 പള്ളിയിൽ നിസ്കാരം നിർവ്വഹിച്ച ശേഷം വുളൂഇന്റെ വെള്ളം വറ്റും മുമ്പേ അതേ പള്ളിയുടെ ചാരത്തിരുന്ന് കൂട്ടം കൂടി  സ്ക്രീനിൽ തെളിയുന്ന അന്യപെണ്ണുമായി ഡയലോഗും പാട്ടിന്റെ വരികളും സല്ലപിക്കുന്നവരായി നമ്മുടെ മക്കൾ അധ:പതിക്കുമ്പോൾ തടയാനും, നേർവഴിക്ക് നടത്താനും നമ്മുടെ നാവ് ഉയരുന്നില്ലെങ്കിൽ മക്കളെ സമ്മാനിച്ച റബ്ബിനോട് മഹ്ശറയിൽ എന്ത് സമാധാനം പറയും..?

 ഹദീസുകളും ആയത്തുകളും ഓതിത്തരുന്നത് പോലും അസ്വസ്ഥമായി കാണുന്നതിനാൽ ഈ വരികളിൽ അത് ഉൾപ്പെടുത്തിയിട്ടില്ല...
 
 സൃഷ്ടാവിനെ കുറിച്ചുള്ള അല്പബോധമെങ്കിലും മനസ്സിലുള്ള പ്രിയപ്പെട്ട ഉമ്മാ... ഏറെ തടിയുരുകി കഷ്ടപ്പെടുന്ന പ്രിയപ്പെട്ട ഉപ്പാ... മക്കളെ ഒന്ന് ശ്രദ്ധിക്കണേ... ഖബറിൽ നിങ്ങളുടെ രക്ഷക്കായി പ്രാർത്ഥന കൊണ്ട് ഓർക്കേണ്ട മക്കൾ, അവർ വഴിപിഴച്ചതിന്റെ ശിക്ഷ കൂടി നിങ്ങൾ അനുഭവിക്കേണ്ടി വരുന്ന അതിഭയാനക രംഗം നിങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ...

 സാധാരണയായി ലഭിക്കുന്ന ലോംങ് ടെക്സ്റ്റ് മെസ്സേജ് മാത്രമായി ഇതും നാം വായിച്ച് തള്ളുന്നുവെങ്കിൽ സങ്കടപ്പെടുകയല്ലാതെ വേറെ നിവൃത്തിയില്ല...

ഇലാഹീ ചിന്ത ഒരു തൗഫീഖ് ആണ്... റബ്ബ്  അനുഗ്രഹിക്കട്ടേ...
ആമീൻ യാ റബ്ബൽ ആലമീൻ☝🏼

Post a Comment

0 Comments