തറാവീഹും ഖിയാമുല്ലൈൽ നിസ്കാരവും

നബി (സ)യ്ക്ക് നിർബന്ധമാക്കപ്പെട്ടതും മറ്റെല്ലാ മുസ്ലീങ്ങൾക്കും ഐശ്ചികമായതുമായ നമസ്കാരമാണ് "ഖിയാമുൽ ലൈൽ" (വാക്കർത്ഥം : രാത്രിയിൽ നിൽക്കൽ, അഥവാ രാത്രി നിന്നു നമസ്ക്കരിക്കൽ).
അല്ലാഹു നബി -സ- യോട് കൽപ്പിക്കുന്നത് കാണുക :
"ഹേ, വസ്ത്രം കൊണ്ട്‌ മൂടിയവനേ, രാത്രി അൽപസമയം ഒഴിച്ച്‌ എഴുന്നേറ്റ്‌ നിന്ന്‌ പ്രാർത്ഥിക്കുക. അതിൻറെ (രാത്രിയുടെ) പകുതി, അല്ലെങ്കിൽ അതിൽ നിന്നു (അൽപം) കുറച്ചു കൊള്ളുക. അല്ലെങ്കിൽ അതിനെക്കാൾ വർദ്ധിപ്പിച്ചു കൊള്ളുക. ഖുർആൻ സാവകാശത്തിൽ പാരായണം നടത്തുകയും ചെയ്യുക. " (അദ്ധ്യായം 73 മുസമ്മിൽ 1-5)
നബി (സ)യെ പോലെ തന്നെ സ്വഹാബിമാരും ഈ നമസ്ക്കാരം നിർവഹിച്ചിരുന്നു. അല്ലാഹു പറയുന്നു :
"നീയും നിൻറെ കൂടെയുള്ളവരിൽ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നിൽ രണ്ടു ഭാഗവും (ചിലപ്പോൾ) പകുതിയും (ചിലപ്പോൾ) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട്‌ എന്ന്‌ തീർച്ചയായും നിൻറെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ്‌ രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങൾക്ക്‌ അത്‌ ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന്‌ അവന്നറിയാം. അതിനാൽ അവന്‍ നിങ്ങൾക്ക്‌ ഇളവ്‌ ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ ഖുർആനിൽ നിന്ന്‌ സൌകര്യപ്പെട്ടത്‌ ഓതിക്കൊണ്ട്‌ നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തിൽ രോഗികളും ഭൂമിയിൽ സഞ്ചരിച്ച്‌ അല്ലാഹുവിൻറെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന മറ്റ്‌ ചിലരും ഉണ്ടാകും എന്ന്‌ അല്ലാഹുവിന്നറിയാം. അതിനാൽ അതിൽ (ഖുർആനിൽ) നിന്ന്‌ സൌകര്യപ്പെട്ടത്‌ നിങ്ങൾ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത്‌ നൽകുകയും അല്ലാഹുവിന്ന്‌ ഉത്തമമായ കടം നൽകുകയും ചെയ്യുക......" (അദ്ധ്യായം 73 മുസമ്മിൽ: 20)
ഈ രാത്രി നമസ്ക്കാരം (ഖിയാമുൽ ലൈൽ) തന്നെ റമദാനിൽ നിർവഹിക്കുമ്പോൾ അതിനു 'ഖിയാമു റമദാൻ' എന്ന് പറയുന്നു. ഹദീസുകളിൽ ഈ പദമാണ് കാണുക.
”സത്യവിശ്വാസത്തോടുകൂടിയും അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും വല്ലവനും 'റമദാനിൽ നമസ്‌കരിക്കുന്ന പക്ഷം' അവൻറെ  കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും”(ബുഖാരി).
ഹദീസിൽ വന്ന ഖിയാമുറമദാൻ തന്നെയാണ് ‘തറാവീഹ്’നമസ്ക്കാരം. ഇമാം നവവി-റ- പറയുന്നു : ”ഖിയാമുറമദാൻ എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് തറാവീഹ് നമസ്‌കാരമാണ്.” (ശറഹുമുസ്‌ലിം 1:159)
ഇമാം ഇബ്‌നുഹജർ അസ്ഖലാനി (റ) പറയുന്നു: ”എല്ലാ ഈരണ്ടു റക്അത്തുകൾക്കു ശേഷവും വിശ്രമമെടുത്ത് നമസ്‌കരിക്കുന്നതുകൊണ്ടാണ് (ഖിയാമുറമദാനിന്) തറാവീഹ് എന്ന് പറയപ്പെട്ടത്” (ഫത്ഹുൽ ബാരി 2:25).
അപ്പോൾ തറാവീഹും, ഖിയാമുൽ ലൈലും,  ഖിയാമു റമദാനും ഒരേ നമസ്‌കാരത്തിൻറെ വ്യത്യസ്ത പേരുകൾ മാത്രമാണ്. ഇശാ നമസ്ക്കരിച്ചതു മുതൽ സുബഹിൻറെ ബാങ്ക് വരെയാണ് ഈ നമസ്‌കാരത്തിൻറെ സമയം. ഒറ്റയിൽ അവസാനിപ്പിച്ച് കൊണ്ടായിരിക്കണം പ്രസ്തുത നമസ്ക്കാരം.
ഈ നമസ്ക്കാരം റമദാനിൽ ഇശാ നിർവഹിച്ച ശേഷം ഉറങ്ങുന്നതിൻറെ മുൻപായി നിർവഹിച്ചു പോരുന്നതിനെ ഇന്ന് 'തറാവീഹ്' എന്ന് വിളിച്ചുവരുന്നു.  ചിലയാളുകൾ പ്രസ്തുത നമസ്ക്കാരം ഇശാ കഴിഞ്ഞു ഉറങ്ങിയ ശേഷം, രാത്രിയുടെ അന്ത്യയാമത്തോട് അടുപ്പിച്ച് നിർവഹിക്കുന്നു. അതിനെ 'ഖിയാമുൽ ലൈൽ' എന്നോ 'ഖിയാമു റമദാൻ' എന്നോ (തിരിച്ചറിയാൻ വേണ്ടി) പറയുന്നു. മസ്ജിദുൽ ഹറാമിലും ഗൾഫ് രാജ്യങ്ങളിലെ മറ്റു പല പള്ളികളിലും നമ്മുടെ നാട്ടിലെ  പല പള്ളികളിലും ഈ രണ്ടു വിഭാഗം ആളുകളെയും ഉദ്ദേശിച്ച് കൊണ്ട്  'തറാവീഹ്' ആയിട്ടും 'ഖിയാമു റമദാൻ' ആയിട്ടും പ്രസ്തുത നമസ്ക്കാരം വ്യത്യസ്ത ഇമാമുമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

എന്നാൽ അറിവുകേട്‌ നിമിത്തം (ഇഅ്തികാഫ് ഇരിക്കുന്ന സന്ദർഭങ്ങളിൽ പ്രത്യേകിച്ച്) ആളുകൾ ഈ രണ്ടു നമസ്ക്കാരവും നിർവഹിക്കുന്നത് കാണാം. ഫലത്തിൽ അവർ ഒരേ നമസ്ക്കാരം തന്നെയാണ് വീണ്ടും വീണ്ടും നിർവഹിക്കുന്നത്.
ഖയസ് ബിൻ ത്വലഖ് -റ-ൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ  നബി (സ) പറഞ്ഞുവല്ലോ: "ഒരു രാത്രിയിൽ രണ്ടു വിതിർ (ഒറ്റയാക്കൽ) നമസ്ക്കാരം ഇല്ല" എന്ന് (Ref:  അബൂദാവൂദ്:1439, തിർമുദി:470, നസാഈ:4680, സ്വഹീഹ് ഇബിനു ഖുസൈമ:1101, ഇബിനു ഹിബ്ബാൻ:671) {തഖ്‌രീജ് : സ്വഹീഹ്}  ഇതിൻറെ അടിസ്ഥാനത്തിൽ പ്രസ്തുത രണ്ടു പ്രാവശ്യം നമസ്ക്കരിക്കുന്നവർ അതിൽ നിന്നും പിന്മാറുകയാണ് വേണ്ടത്. അവർക്ക് ഇഷ്ട്ടമുള്ള ഏതെങ്കിലും ഒരു സമയം നമസ്കാരത്തിനായി തെരഞ്ഞെടുക്കാം.   
ഇനി ഇത് രണ്ടും കൂടി ചെയ്യുന്നവർ തറാവീഹും, ഖിയാമുൽ ലൈലും ഒറ്റയായാണ് നമസ്ക്കരിക്കുന്നത്. ഇത് രണ്ടും കൂടി നിർവഹിക്കുക വഴി ഒരാളുടെ നമസ്ക്കാരം ഇരട്ടയായി പോകുന്നു. (ഉദാ: 11 റകഅത് തറാവീഹ് + 11 റകഅത് ഖിയാമുൽലൈൽ  = 22 റകഅത്)
നബി (സ) പറഞ്ഞു:
അബ്ദുല്ലാഹിബ്നു ഉമർ (റ) നിവേദനം: നബി(സ) അരുളി: "രാത്രിയിലെ നിങ്ങളുടെ അവസാനത്തെ നമസ്കാരം നിങ്ങൾ വിത്‌റാക്കുവീൻ ."  (ബുഖാരി. 2. 16. 112, മുസ്ലിം, അബൂദാവൂദ് : 1438)
രണ്ടു സമയത്തായി നിർവഹിക്കപ്പെടുന്ന രാത്രി നമസ്ക്കാരത്തെ പറ്റി വന്ന ഒരു ഹദീസ് കൂടി കാണുക.
ജാബിറി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ (സ) പ്രസ്താവിച്ചു: "രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കത്തിൽ നിന്ന്‌ എഴുന്നേൽക്കുകയില്ലെന്ന്‌ ഭയപ്പെടുന്നവർ രാത്രിയുടെ ആദ്യസമയത്ത്‌ വിത്‌റ്‌ നമസ്കരിച്ചുകൊള്ളട്ടെ. ഇനി അവസാനയാമത്തിൽ ഉണരുമെന്ന്‌ വല്ലവനും പ്രതീക്ഷയുണ്ടെങ്കിൽ  അവസാനയാമത്തിൽ മലക്കുകൾ പങ്കെടുക്കും. അതുകൊണ്ട്‌ അതാണ്‌ ഏറ്റവും ഉത്തമമായ സമയം." (മുസ്ലിം)

Post a Comment

0 Comments