മാതാപിതാക്കളോടുള്ള ബാധ്യതകൾ

ഒരു സത്യവിശ്വാസിയായ മനുഷ്യന്‍ അവന്റെ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ അവന്‍ അല്ലാഹുവിന് ചെയ്യുന്ന ഇബാദത്തിലാണ് വീഴ്ച വരുത്തിയിട്ടുള്ളത്. കാരണം മാതാപിതാക്കളെ സംരക്ഷിക്കല്‍ അല്ലാഹുവിനുള്ള  ഒരു ഇബാദത്തായിട്ടാണ്  ഇസ്ലാം  പരിചയപ്പെടുത്തുന്നത്.     

🌀 عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ ‏"‏ الصَّلاَةُ عَلَى وَقْتِهَا ‏"‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏"‏ ثُمَّ بِرُّ الْوَالِدَيْنِ ‏"‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏"‏ الْجِهَادُ فِي سَبِيلِ اللَّهِ ‏"‏‏.‏ قَالَ حَدَّثَنِي بِهِنَّ وَلَوِ اسْتَزَدْتُهُ لَزَادَنِي‏.‏
അബ്ദുല്ല(റ) പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബിയോട് (സ്വ)  ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ. അദ്ധേഹം ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: മാതാപിതാക്കൾക്ക് നൻമ ചെയ്യൽ. അദ്ധേഹം ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ്. അദ്ധേഹം പറയുന്നു: ഈ കാര്യങ്ങൾ അല്ലാഹുവിന്റെ റസൂൽ(സ്വ) എന്നോടു പറഞ്ഞതാണ്. ഇനിയും കൂടുതൽ ഞാൻ ചോദിച്ചിരുന്നുവെങ്കിൽ തീർച്ചയായും കൂടുതൽ എനിക്കു പറഞ്ഞുതരുമായിരുന്നു. (ബുഖാരി റഹ്: 527)          

🔥 മാതാപിതാക്കളെ സംരക്ഷിക്കല്‍ അല്ലാഹുവിനുള്ള  ഒരു ഇബാദത്താണെന്ന് ചുരുക്കം. അതുകൊണ്ടാണ്‌ അല്ലാഹുവിന്റെ മാ൪ഗ്ഗത്തിലുള്ള യുദ്ധത്തിന് തയ്യാറായി  വന്ന ഒരാളെ, അയാള്‍ക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടെന്ന്‌ പറഞ്ഞപ്പോള്‍  നബി (സ്വ) അയാളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കാതെ വീട്ടില്‍പോയി മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ കല്‍പ്പിച്ചത്.

🌀 അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വില്‍(റ) നിന്ന് നിവേദനം:   ഒരാള്‍ നബിയുടെ (സ്വ) അടുക്കല്‍ വന്ന്‌  ഇപ്രകാരം പറഞ്ഞു: പ്രവാചകരേ, ഹിജ്റക്കും ജിഹാദിനും തയ്യാറാണെന്ന് താങ്കളോട്‌ ഞാന്‍ ബൈഅത്ത്‌ ചെയ്യുന്നു. അല്ലാഹുവില്‍ നിന്ന് ഞാന്‍ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യുന്നു. അദ്ദേഹത്തോടു നബി (സ്വ) ചോദിച്ചു: നിനക്ക്‌ മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? അദ്ദേഹം പറഞ്ഞു: അവ൪  രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്‌. അല്ലാഹുവില്‍ നിന്നുള്ള  പ്രതിഫലം തന്നെയാണോ നീ ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞു:അതെ, തീ൪ച്ചയായും. നബി (സ്വ) അദ്ദേഹത്തോട്‌ പറഞ്ഞു: എങ്കില്‍ നീ നിന്റെ മാതാപിതാക്കളിലേക്ക് തിരിച്ചുപോ. എന്നിട്ട് അവരെ നല്ല നിലയില്‍ പരിചരിക്കുക. (നിന്റെ ജിഹാദ്‌ അതാണ്‌.)(മുസ്ലിം റഹ് :2544)

🌀 ആയിശ(റ) പറയുന്നു: ഒരാൾ നബി(സ്വ)യോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരണപ്പെട്ടു. അവർക്ക് സംസാരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവർ ധർമ്മം ചെയ്യുമായിരുന്നു. അവരുടെ പേരിൽ ഞാൻ ധർമ്മം ചെയ്‌താൽ അതിന്റെ പ്രതിഫലം അവർക്ക് ലഭിക്കുമോ? നബി(സ്വ) പറഞ്ഞു: അതെ (ലഭിക്കും).(ബുഖാരി റഹ് : 1388)

🌀 ഇബ്‌നു ഉമര്‍(റ) മക്കയിലേക്കുള്ള ഒരു യാത്രയില്‍   ഒരുഗ്രാമീണ അറബിയുമായി സംസാരിച്ചു. അയാള്‍ ഇബ്നു ഉമറിന്(റ) സലാം പറഞ്ഞു. അദ്ദേഹം തന്റെ വാഹനപുറത്ത് ആ അഅറാബിയെ കയറ്റി. അതിനുപുറമെ തന്റെ തലപ്പാവും അയാള്‍ക്ക് സമ്മാനിച്ചു. ഇബ്‌നു ഉമ൪(റ) ചോദിക്കപ്പെട്ടു: ഈ അഅറാബികള്‍ ചെറിയ ഒരു ഉപഹാരം കൊണ്ടുതന്നെ സംതൃപ്തരാകും. എന്നിട്ടും താങ്കളെന്തിനാണ് അയാള്‍ക്ക് താങ്കളുടെ തലപ്പാവ് നല്‍കിയത്.   ഇബ്‌നുഉമര്‍(റ) പറഞ്ഞു: എന്റെ പിതാവ്‌ ഉമറിന്റെ സ്‌നേഹിതനായിരുന്നു ഇയാളുടെ പിതാവ്. റസൂല്‍(സ്വ) ഇപ്രകാരം പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട് : ഒരാള്‍ തന്റെ മാതാപിതാക്കളുടെ സ്‌നേഹിതന്മാരോട് കാണിക്കുന്ന നന്‍മയാണ് ഏറ്റവും വലിയ സല്‍ക൪മ്മം (മുസ്‌ലിം റഹ്  : 2552)

🌀 അബൂബു൪ദ (റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ മദീനയില്‍  ചെന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്നു ഉമ൪(റ) എന്റെ അടുക്കല്‍ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു:ഞാന്‍ ഇപ്പോള്‍ താങ്കളെ കാണാന്‍ വന്നത് എന്തിനാണെന്ന് അറിയുമോ? ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: ഞാന്‍ നബിയില്‍(സ്വ) നിന്ന് ഇപ്രകാരം കേട്ടിട്ടുണ്ട്: ഒരാള്‍ തന്റെ പിതാവിന്റെ മരണേശേഷം അദ്ദേഹവുമായി ഖബ്റില്‍ ബന്ധം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്റെ പിതാവിന്റെ ഇഷ്ടക്കാരായ കൂട്ടുകാരുമായി ബന്ധം പുല൪ത്തട്ടെ. അതെ, എന്റെ പിതാവ് ഉമ൪ താങ്കളുടെ പിതാവുമായി നല്ല സുഹൃദ് ബന്ധത്തിലായിരുന്നു. ഞാന്‍ ആ ബന്ധം തുട൪ന്ന് പോകാന്‍ ആഗ്രഹിക്കുന്നു. (സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ :1/329) 

📚 അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം : നബി(സ്വ) അരുളി: മനുഷ്യ൪ അവന്റെ മാതാപിതാക്കളെ ചീത്ത പറയുക എന്നത് മഹാപാപങ്ങളില്‍ പെട്ടതാകുന്നു. അവിടുന്ന് ചോദിക്കപ്പെട്ടു. ഒരു മനുഷ്യന്‍ എങ്ങനെയാണ് തന്റെ മാതാപിതാക്കളെ ആക്ഷേപിക്കുക.   നബി(സ്വ) അരുളി: ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും. അപ്പോള്‍ അയാള്‍ ഇയാളുടെ പിതാവിനേയും അസഭ്യം പറയും. അപ്പോള്‍ തിരിച്ച് ഇയാളുടെ മാതാവിനെ കുറ്റം പറയും. ഉടനെ തിരിച്ചങ്ങോട്ട് അപരന്റെ മാതാവിനെ ചീത്തപറയും. ഇങ്ങനെ സ്വന്തം മാതാപിതാക്കളെ അധിക്ഷേപിക്കാന്‍ കാരണക്കാരനായിതീരും.(ബുഖാരി റഹ്  : 5973)  

🌀 അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഒരാൾ നബിയുടെ(സ്വ) അടുക്കൽ വന്ന് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരെ, എന്റെ ഉത്തമ സഹവാസത്തിന് ഏറ്റവും അർഹതയുള്ളതാരാണ് ?' നബി(സ്വ) പറഞ്ഞു: നിന്റെ മാതാവ്. അയാൾ ചോദിച്ചു: പിന്നെ ആരാണ്? നബി(സ്വ) പറഞ്ഞു: നിന്റെ മാതാവ് തന്നെ. അയാൾ ചോദിച്ചു: പിന്നെ ആരാണ്? നബി(സ്വ)പറഞ്ഞു: നിന്റെ മാതാവ് തന്നെ. വീണ്ടും അയാൾ ചോദിച്ചു: പിന്നെ ആരാണ്? നബി(സ്വ) പറഞ്ഞു: നിന്റെ പിതാവ്. (ബുഖാരി റഹ് : 78)

🗞 തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടു കൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു...... (ഖു൪ആന്‍ :46/15)

📖 അബുദ്ദ൪ദാഇല്‍ (റ) നിന്ന് നിവേദനം :  നബി(സ്വ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: പിതാവ് സ്വ൪ഗ്ഗത്തിന്റെ മുഖ്യകവാടമാണ്. നീ ഉദ്ദേശിക്കുന്നെങ്കില്‍ അത് കാത്തുസൂക്ഷിക്കുക. അത് നഷ്ടപ്പെടുത്തുകയാണെങ്കില്‍ അങ്ങനെയാകട്ടെ.(സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ )   

🚫 മാതാപിതാക്കളെ അനുസരിക്കണമെന്ന് പറയുമ്പോള്‍ ഇസ്ലാമിന് വിരുദ്ധമായ കാര്യത്തിനാണ് അവ൪ നി൪ബന്ധിക്കുന്നതെങ്കില്‍ അക്കാര്യത്തില്‍ അവരെ അനുസരിക്കേണ്ടതില്ല. 

❌ തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്‌. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.(ഖു൪ആന്‍ :29/8)

💯 അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു :അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അല്ലാഹുവിന്റെ അതൃപ്തി മാതാപിതാക്കളുടെ അതൃപ്തിയിലും.(സില്‍സ്വിലത്തു സ്വഹീഹ 576)

💯 നബി(സ്വ) പറഞ്ഞു : ആയുസ് വ൪ദ്ധിക്കുവാനും വിഭവങ്ങളില്‍ വിശാലത ഉണ്ടാകുവാനും ആര് ആഗ്രഹിക്കുന്നുവോ അവന്‍ മാതാപിതാക്കളോട് നന്‍മയില്‍ കഴിയട്ടെ. കുടുംബബന്ധം പുല൪ത്തുകയും ചെയ്യട്ടെ. (മുസ്നദ് അഹ്മദ് :3/229)   

🌀 മുആവിയത് അസ്സുലമിയില്‍(റ) നിന്ന് നിവേദനം : ജിഹാദിന്റെ വിഷയത്തില്‍ കൂടിയാലാചന നടത്തുവാന്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) അടുക്കലേക്ക് ചെന്നു. അപ്പോള്‍ നബി(സ്വ) ചോദിച്ചു. താങ്കള്‍ക്ക് മാതാപിതാക്കള്‍ ഉണ്ടോ? ഞാന്‍‌ പ‌റഞ്ഞു: ഉണ്ട്.  നബി(സ്വ) പറഞ്ഞു:അവ൪ രണ്ടുപേരേയും വിടാതെ കൂടുക. കാരണം സ്വ൪ഗ്ഗം അവരുടെ കാലുകള്‍ക്ക് കീഴിലാണ്.(മുഅജമുത്വബ്റാനി)

🌀 അബ്‌ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വില്‍(റ) നിന്ന് നിവേദനം:      നബി (സ്വ) പറഞ്ഞു : മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോട്‌ പങ്കുചേര്‍ക്കലും, മാതാപിതാക്കളെ വെറുപ്പിക്കലും, ആളെ കൊലപ്പെടുത്തലും, കള്ളസത്യം ചെയ്യലുമാകുന്നു.(ബുഖാരി, മുസ്ലിം റഹ് )

✔അബൂഹുറൈറയില്‍  (റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: മൂന്ന് പ്രാ൪ത്ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. മ൪ദ്ദകനെതിരെ മ൪ദ്ദിതന്റെ പ്രാ൪ത്ഥന, യാത്രക്കാരന്റെ പ്രാ൪ത്ഥന, മകനെതിരെ പിതാവിന്റെ പ്രാ൪ത്ഥന. (തി൪മുദി റഹ്  :1905)

Post a Comment

0 Comments