വിശ്വാസികൾ പാപമോചനത്തിന്റെ പത്തിൽ

കാരുണ്യത്തിന്റെ മാലാഖമാര്‍ വിണ്ണിലിറങ്ങിയ വിശുദ്ധ റമദാന്റെ ആദ്യ പത്തിന് പരിസമാപ്തി. ഇനിയുള്ള പത്ത് ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പാപമോചന പ്രാര്‍ഥനകളുടേതാണ്.
റമദാന്‍ ആദ്യപത്ത് കാരുണ്യത്തിന്റേതും (റഹ്മത്ത്) രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേതും (മഗ്ഫിറത്ത്)
മൂന്നാമത്തേത് നരകമോചനത്തിന്റേതുമാണെന്നാണ് പ്രവാചക വചനം. 

കഴിഞ്ഞകാലങ്ങളിൽ അറിഞ്ഞും- അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും സർവശക്തന് മുന്നിൽ നിരത്തി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പാപമോചനം തേടേണ്ട നാളുകളാണ് വിശ്വാസികൾക്ക് റമദാനിലെ രണ്ടാമത്തെ പത്ത്. തെറ്റുകുറ്റങ്ങൾക്ക് മാപ്പിരക്കാൻ റമദാനിനേക്കാൾ ശ്രേഷ്ഠമായ സമയം വേറെയില്ലെന്നാണ്. അതിൽ തന്നെ രണ്ടാമത്തെ പത്താണ് പാപമോചനത്തിന് വേണ്ടി പ്രത്യേകം സംവിധാനിച്ചിരിക്കുന്നത്. 

പരിശുദ്ധ ഖുർആനിലെ സൂറത്തു നൂറിൽ കാണാം:
” സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് പശ്ചാതപിച്ചു മടങ്ങുക, നിങ്ങൾ വിജയം വരിക്കാൻ വേണ്ടി. “

അബ്ദുള്ളാഹിബ്‌നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി (ﷺ) പറയുന്നതായി കാണാം: ” നിങ്ങളിൽ നിന്ന് ആരെങ്കിലും ചെയ്തു പോയ തെറ്റുകൾക്ക് നിരന്തരമായി ഇസ്‌തിഗ്‌ഫാർ ചെയ്യുകയാണെങ്കിൽ ; അല്ലാഹു തആലാ നിങ്ങൾക്ക് പ്രയാസങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും പുറത്തു കടക്കാനുള്ള ഒരു വഴി കാണിച്ചു തന്നു, എല്ലാ ദുഃഖങ്ങളും ആവലാതികളും മായിച്ചു ആ സ്ഥാനത്ത് അല്ലാഹു ഐശ്വര്യവും അനുഗ്രഹവും പകരമായി നൽകുകയും, അല്ലാഹുﷻ അവനിക്ക്  കരുതാത്ത നിലയിൽ രിസ്‌ഖ് ലഭിക്കുകയും ചെയ്യും.“

മുകളിൽ പറഞ്ഞ ഖുർആൻ ആയത്തിൽ നിന്നും ഹദീസിൽ നിന്നും നമുക്ക് മനസിലാക്കാം ഇസ്തിഗ്ഫാർ അഥവാ പാപമോചനം തേടൽ വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ഭൗതിക നേട്ടങ്ങൾ വാരിക്കൂട്ടാമെന്നും...

*📍اللهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ العَالَمِين*

'ലോകരക്ഷിതാവേ , എന്റെ പാപങ്ങൾ നീ മാപ്പാക്കണേ . . . ' എന്നർഥം വരുന്ന പ്രാർഥനാവചനങ്ങൾ രണ്ടാമത്തെ പത്തിൽ നമസ്കാര ശേഷവും മറ്റും വിശ്വാസികളുടെ ചുണ്ടിൽ നിറഞ്ഞുകൊണ്ടിരിക്കും. 

തിന്മക്കെതിരായ നന്മയുടെ വിജയം, വിശുദ്ധ ബദർ യുദ്ധം നടന്നതും റമദാനിലെ രണ്ടാമത്തെ പത്തിലാണ് . പ്രവാചകൻ മുഹമ്മദ് നബിﷺ സ്വന്തമായി നയിച്ച ആദ്യത്തെ വിശുദ്ധയുദ്ധമാണ് ബദർ . റമദാൻ പതിനേഴിനായിരുന്നു ഇത് . ഇതിന്റെ ഓർമപുതുക്കൽ ദിനമാണ് ബദർദിനം . ഈ ദിനത്തിൽ എല്ലാവർക്കും വീടുകളിൽ ബദർമൗലീദ് ( പ്രകീർത്തനം ) പാരായണം ചെയ്യുവാനും, പ്രത്യേക പ്രാർഥനകൾ നടത്തി സ്മരണ പുതുക്കുവാനും നാഥൻ തൗഫീഖ് നൽകട്ടെ...
_✍അബ്ദുറഹ്മാൻ എൽ.കെ_

Post a Comment

0 Comments