ആരോഗ്യം-ഗർഭിണിയുടെ നോമ്പ്

    ✍️സഹോദരീ, റമദാന് മംഗളം, ഗര്‍ഭത്തിനും മംഗളം. പൂര്‍ണനും ആരോഗ്യമുള്ളതുമായ കുഞ്ഞിനെ കിട്ടാനും ഗര്‍ഭവും പ്രസവവും എളുപ്പമാകാനും അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ക്കായി ഇതാ ചില ഉപദേശങ്ങള്‍.

1. ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍: ഇത് ഭ്രൂണത്തിന്റെ സൃഷ്ടികാലമാണ്. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ ഈ വേളയില്‍ നോമ്പ് ആയാസരഹിതമാണ്. നോമ്പ് ഗര്‍ഭത്തിന് ഒരു പ്രശ്‌നമാകുന്നില്ല. നോമ്പ് തുറക്കുമ്പോള്‍ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും വിറ്റാമിനുകളും കൊഴുപ്പുമടങ്ങിയ വിവിധ ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കണമെന്ന് മാത്രം. അല്ലാഹുവിന്റെ ഔദാര്യത്താല്‍ ഈ ഘടകങ്ങള്‍ ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് സഹായകമായിക്കൊള്ളും

വര്‍ധിച്ച തോതിലുള്ള ഛര്‍ദ്ദിയും ഗര്‍ഭാവസ്ഥയിലെ കൊതിയും വലിയ മാനസിക പിരിമുറുക്കമുണ്ടാക്കുന്നതാണ്. അധികം ഛര്‍ദ്ദിക്കുന്നത് മൂത്രത്തിലെ അമ്ലതയും ഉപ്പും വര്‍ധിപ്പിക്കുകയും ഭക്ഷണക്കുറവുണ്ടാക്കുകയും ചെയ്യും. ഇത് ചികിത്സിക്കേണ്ടതാണ്. ഇങ്ങിനെയുള്ളവര്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ദിവസത്തില്‍ ഒന്നോ രണ്ടോ വട്ടം മാത്രം ഛര്‍ദിക്കുന്നവര്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് കൊണ്ട് നോമ്പ് നോല്‍ക്കുക. അത്താഴ സമയത്ത് ഇവര്‍ കുറച്ച് പാല്‍ കുടിക്കണം.

2. ഗര്‍ഭത്തിന്റെ 4, 5, 6 മാസങ്ങള്‍. ഈ സമയത്ത് ഗര്‍ഭം വളര്‍ന്നുവരുന്നു. ഭ്രൂണവും പ്ലാസന്റയും വലുതാകുന്ന മുറക്ക് ശിശുവിലേക്കുള്ള രക്തമൊഴുക്ക് കൂടുന്നു. ശാരീരികമായി ബ്ലഡ് പ്രഷര്‍ കുറയുന്നു. ഇത് തലചുറ്റലിനും ചിലപ്പോഴെങ്കിലും ബോധക്ഷയത്തിനും കാരണമായേക്കാം. ഈ അവസരങ്ങളില്‍ ധാരാളമായി പാനീയങ്ങള്‍ ഉപയോഗിക്കണം, വിശേഷിച്ചും വേനല്‍ക്കാലത്ത്. പ്രയാസമുള്ള ജോലികള്‍ ഉപേക്ഷിക്കണം. നോമ്പുതുറ വൈകിക്കരുത്. അത്താഴം പിന്തിക്കുക. നബി തിരുമേനി (സ) പറഞ്ഞിരിക്കുന്നു: നോമ്പുതുറ ധൃതിയാക്കുവോളം ജനം നന്മയിലായിരിക്കും (മുത്തഫഖുന്‍ അലൈഹി). ഈത്തപ്പഴം കൊണ്ട് നോമ്പ് തുറന്നാലും ദ്രാവക രൂപത്തിലുള്ളത് കൂടുതലായി കഴിക്കുക.

3. അവസാനത്തെ 7, 8, 9 മാസങ്ങള്‍. ഭാരം വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ ഈ സമയത്ത് കുറച്ചേ കഴിക്കാവൂ. ആമാശയത്തില്‍ ഭക്ഷണം നിറഞ്ഞു കിടക്കുന്നത് ദഹനപ്രശ്‌നമുണ്ടാക്കും. നോമ്പ് നല്ലതും ആരോഗ്യശാസ്ത്രം അംഗീകരിക്കുന്നതുമായതിനാല്‍ ചെറിയ ആശ്വാസം നോമ്പ് നോല്‍ക്കുന്നതിലൂടെ കിട്ടും. തറാവീഹ് പോലുള്ള നമസ്‌കാരങ്ങള്‍ കഴിയുന്നത് പോലെ നമസ്‌കരിക്കാവുന്നതാണ്. നോമ്പുതുറ സമയത്ത് ധാരാളം ഈത്തപ്പഴം കഴിക്കുക. ഒരു ദിവസം മുഴുവന്‍ കഴിഞ്ഞുകൂടാന്‍ ആവശ്യമായ ശക്തി ഇതിലൂടെ ലഭിക്കും. ഈത്തപ്പഴത്തിന് അനേകം ഗുണങ്ങളുണ്ട്. അത് പെട്ടെന്ന് ദഹിക്കുന്നതും രസമുകുളങ്ങളെ ഉണര്‍ത്തുന്നതുമാണ്.

അധികം കൊഴുപ്പുള്ളതും മധുരമുള്ളതും ഉപയോഗിക്കരുത്. ലഘു നോമ്പുതുറക്ക് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ ലഘുവായി വീണ്ടും കഴിക്കണം. പിന്നീട് അത്താഴവും കഴിക്കണം. അത്താഴത്തില്‍ ബറകത്തുണ്ട്. ഈ ഉപദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഗര്‍ഭത്തിനോടനുബന്ധിച്ചുള്ള രോഗങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയില്ല. നോമ്പു തുറന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ തലചുറ്റലുണ്ടാവാനിടയുണ്ട്. അത് ഭക്ഷണത്തിന്റെ ദഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്. അത് സാധാരണവുമാണ്. അതിനാല്‍ നോമ്പു തുറന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അല്‍പം വിശ്രമിക്കുക.

നോമ്പുകാലത്തെ ബ്ലീഡിംഗ്
ഗര്‍ഭകാലത്തെ ബ്ലീഡിംഗ് താഴെവരുന്ന സംഗതികളാലാണ് ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

1. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ അലസാനുള്ള സാധ്യത അറിയിക്കുന്ന രക്തംപോക്ക്.

2. ഗര്‍ഭാശയത്തിന് പുറത്തുള്ള ഗര്‍ഭം. സാധാരണയായി വയറിന്റെ താഴ്ഭാഗത്തായി വേദനയുമുണ്ടാകും.

3. മുന്തിരിക്കുല ഗര്‍ഭം (vesticular mole)
4. ഉല്‍പാദനാവയവത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. ഉദാ: ഗര്‍ഭാശയ മുഖത്തെ വര്‍ദ്ധിച്ച ചൂട്, ഗര്‍ഭാശയത്തിന്റെ കഴുത്ത് വലുതാകുക, ഭ്രൂണം താഴ്ന്നു കിടക്കുക പോലുള്ളത്. ചിലപ്പോള്‍ വേദനാരഹിതമായി രക്തം പരാവുന്നതാണ്. ചിലപ്പോള്‍ ഇത് കൃത്യമായ ഇടവേളകലിലും സംഭവിക്കാവുന്നതാണ്.

കര്‍മശാസ്ത്ര പണ്ഡിതര്‍ ഇതിനെ ഋതുരക്തമെന്നും രോഗരക്തമെന്നും എണ്ണുന്നുണ്ട്. ഗര്‍ഭാവസ്ഥയിലെ രക്തം ഋതുരക്തവുമായി തികഞ്ഞ വൈജാത്യം പുലര്‍ത്തുന്നുണ്ട്. ഗര്‍ഭിണിക്ക് ഋതുരക്തം ഉണ്ടാവുകയില്ല. മാസമുറയുണ്ടെങ്കില്‍ ഗര്‍ഭമില്ല. ഗര്‍ഭമുണ്ടെങ്കില്‍ മാസമുറയില്ല. രണ്ടും വിരുദ്ധമാണ്.

രോഗരക്തമാണെങ്കില്‍ നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവും ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ നമസ്‌കാരങ്ങള്‍ക്കു വേണ്ടിയും വുദൂഅ് ചെയ്യണം. ഫാത്വിമ ബിന്‍ത് അബീ ഹുബൈശിനോട് നബി(സ) പറഞ്ഞു; '(മാസമുറയുടെ) സമയമാകുവോളം എല്ലാ നമസ്‌കാരത്തിനു വേണ്ടിയും വുദൂ ചെയ്യണം.'
ഹീമോഗ്ലോബിന്റെ നിലയില്‍ കുറവുണ്ടാക്കാത്തതും വിളര്‍ച്ചക്ക് ഹേതുവാക്കാത്തതുമായ ലഘുവായ ബ്ലീഡിങ്ങാണെങ്കില്‍ നോമ്പനുഷ്ഠിക്കാവുന്നതാണ്. ശക്തമായ ബ്ലീഡിങ്ങും ബോധക്ഷയവും ഉണ്ടെങ്കില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് ധാരാളം ജലവും രക്തവും ഞരമ്പിലേക്ക് കുത്തിവെക്കേണ്ടി വരും. ഈ  അവസ്ഥയില്‍ നോമ്പ് പ്രയാസമാകുമെന്ന് മാത്രമല്ല, ചിലപ്പോള്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവന്നേക്കാം. സാധിക്കുന്നതല്ലാതെ അല്ലാഹു ശാസിക്കുന്നില്ല.
✍️ഡോ. സമീറ ഔദി കുവൈത്ത്
വിവ, സാജിദ് നദ്‌വി ഈരാറ്റുപേട്ട

Post a Comment

0 Comments