✍🏼നാം എപ്പോഴും പിന്നോക്കാവസ്ഥയെ കുറിച്ചാണ് സംസാരിക്കുന്നത്.. അല്ലെങ്കിൽ ഇല്ലായ്മയെ പറ്റി. ഒരർത്ഥത്തിൽ അത് ശരിയാണ്, നാം സാമ്പത്തികമായി പിന്നോക്കത്തിലാണ്. അധികാരt കേന്ദ്രങ്ങളിലും ജോലി പ്രാതിനിത്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും ഒക്കെ വളരെ പിന്നിലാണ്. ഇങ്ങനെ സാമുദായികമായി കണക്കെടുക്കാൻ പറ്റുന്ന നേട്ടങ്ങളുടെ പല മേഖലകളിലും വളരെ പുറകിൽ തന്നെ.
എന്നാൽ ചിലപ്പോഴെങ്കിലും മുന്നോക്ക അവസ്ഥയെ കുറിച്ച് കൂടെ ചിന്തിക്കേണ്ടതല്ലേ?
നാം സാംസ്കാരികമായും ധാർമികമായും മുന്നിലാണ്. കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ, റിലീഫ് പ്രവർത്തനങ്ങളിൽ, ധീരതയിൽ, മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ, മനുഷ്യ സ്നേഹത്തിൽ, ജീവന് വില കൽപ്പിക്കുന്നതിൽ, ആത്മഹത്യാ നിരക്കിൻ്റെ കുറവിൻ്റെ കാര്യത്തിൽ, ലഹരിപദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നതിൽ ഒക്കെ നാം മുന്നിലാണ്. ഈ മുന്നോക്ക അവസ്ഥ നമുക്ക് സമ്മാനിച്ചത് ആരാണ്..? സംശയലേശമന്യേ പറയാൻ സാധിക്കും; ഇസ്ലാം...
കുറച്ചു കൂടി വിശദമായി പറഞ്ഞാൽ പരിശുദ്ധ ഖുർആനും മുത്തുനബിﷺയുടെ ഉപദേശങ്ങളും. ഒന്നു കൂടി പറഞ്ഞാൽ മതബോധ വിജ്ഞാനം.
നമുക്ക് ആരാണ് മത ബോധം പകർന്നു നൽകിയത്. പ്രഥമമായി നമ്മുടെ ഉമ്മമാർ അവരുടെ മുലപ്പാലിലൂടെ, ഉപ്പമാർ സ്നേഹലാളനയോടൊപ്പം, നമുക്കു ചുറ്റുമുള്ള സമുദായം ഒന്നാകെ.
പക്ഷേ, മതബോധത്തെ അക്ഷരങ്ങളായി... ആശയങ്ങളായി... വിജ്ഞാനങ്ങളായി നമുക്ക് വികസിപ്പിച്ചത് ഒട്ടും സംശയമില്ല മദ്രസകൾ തന്നെ ആണ്. അവിടെയുള്ള സമർപ്പിതരായ മുഅല്ലിമുകൾ ആണ്. മറ്റൊരു സമുദായത്തിനോ എന്നല്ല, മറ്റു രാജ്യങ്ങളിലുള്ള മുസ്ലിംകൾക്കൊ സ്വപ്നം കാണാൻ സാധിക്കാത്ത വിധം മദ്രസകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം...
പതിനായിരത്തിലേറെ മദ്രസകൾ.. ലക്ഷക്കണക്കിന് മതാധ്യാപകർ.. രാവിലെ മദ്രസയിലേക്ക് ഖുർആൻ നെഞ്ചിലടക്കി പോകുന്ന കുരുന്നുകൾ ഉണ്ടല്ലോ അവരാണ് കേരളത്തിലെ യഥാർത്ഥ ഭക്തർ. അവർക്ക് അലിഫ് പറഞ്ഞു കൊടുക്കുന്ന മുഅല്ലിമുകൾ ഉണ്ടല്ലോ അവരാണ് യഥാർത്ഥ സാംസ്കാരിക നായകന്മാർ.
കഴിഞ്ഞ തലമുറ നമ്മെ ഏൽപിച്ച ഏറ്റവും വലിയ അമാനത്ത് എന്താണെന്ന് ഈ തലമുറ ചിന്തിച്ചിട്ടുണ്ടോ. നിസ്സംശയം പറയാം.. അവരുടെ വിയർപ്പിൻ്റെ ചേരുവ ചേർത്ത് നമുക്കായി പണിതു തന്ന മദ്രസകൾ ആണ്. അതിന്റെ ബിൽഡിങ്ങിലേക്ക് ഒന്ന് കാതോർക്കു.. അത് നമ്മോട് പലതും പറഞ്ഞു തരുന്നുണ്ട്. ഉമ്മമാർ വിശപ്പ് സഹിച്ച് മാറ്റിവെച്ച ഒരു പിടി അരിയുടെ കഥ. സ്ത്രീകളുടെ ആകെയുണ്ടായിരുന്ന കാതിലെ അര തൂക്കം സ്വർണ്ണക്കമ്മൽ ഊരിയതിന്റെ കഥ...
മഹല്ല് മദ്രസ ഭാരവാഹികൾ ഒന്നോർക്കണം. വിജ്ഞാനം നിലനിർത്താൻ നമ്മുടെ നാട്ടിൽ ആകെയുള്ള സംവിധാനം മദ്രസകൾ മാത്രമാണ്. അത് പ്രവർത്തിപ്പിച്ചെ മതിയാകൂ. ഇല്ലെങ്കിൽ റബ്ബിൻ്റെ മുന്നിൽ സമാധാനം പറയാൻ നിങ്ങൾക്ക് ഒരു ന്യായവും ഉണ്ടാകില്ല.
അത് കൊണ്ട് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അധ്യാപകർക്ക് ഈ അമാനത്ത് ഏൽപ്പിക്കുകയും അവർക്ക് വേണ്ടത് നൽകുകയും ചെയ്താൽ നിങ്ങൾക്ക് റബ്ബിനോട് പറയാൻ ന്യായമായി. "റബ്ബേ എന്നിൽ ആകുന്നത് ഞാൻ ചെയ്തിരുന്നു എന്ന്."
രക്ഷിതാക്കൾ മനസ്സിലാക്കേണ്ട പ്രധാന കാര്യമുണ്ട്. സന്താനങ്ങൾക്ക് മതവിജ്ഞാനം നൽകേണ്ട ധാർമിക ഉത്തരവാദിത്തം നിങ്ങളുടേതാണ്. നിങ്ങൾ ചെയ്യേണ്ട കാര്യമാണ് മദ്രസ മാനേജ്മെൻറ് നിങ്ങൾക്കായി ചെയ്യുന്നത്. *നിങ്ങൾ മാനേജ്മെൻ്റിനോട് സഹകരിക്കുക. ഇല്ലെങ്കിൽ നിങ്ങൾ നാളെ പരലോകത്ത് മാത്രമല്ല ഈ ലോകത്തും ഖബറിലും തല താഴ്ത്തേണ്ടിവരും*
മുഅല്ലിമീങ്ങൾ ഓർക്കുക. വലിയ അമാനത്താണ് നിങ്ങളുടെ ചുമലിൽ.
നാളെ രക്ഷിതാക്കളും വിദ്യാർത്ഥികളും മാനേജ്മെൻ്റും റബ്ബിന് മുന്നിൽ നിങ്ങളാണ് പ്രതി എന്ന് വിരൽ ചൂണ്ടാതിരിക്കാൻ ആത്മാർത്ഥതയോടെ പ്രവർത്തിക്കണം.
മദ്രസകൾക്ക്.. അധ്യാപനങ്ങൾക്ക്, പോരായ്മകളുണ്ട്. പക്ഷേ, അത് ഉയർത്തിക്കാട്ടി മദ്രസയെ ഇല്ലായ്മ ചെയ്യരുത്. പോരായ്മകൾ പരിഹരിക്കാനാവും. പക്ഷേ, ഇല്ലാതാക്കിയാൽ, ഇൽമ് നഷ്ടപ്പെട്ട് പോയാൽ പിന്നെ തിരിച്ചുവരവ് ഉണ്ടാകില്ല..!!
_✍🏼ഓണമ്പിള്ളി അബ്ദുസ്സലാം ബാഖവി_
0 Comments