ഉറക്കം ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ❓. ഏതു ഭാഗത്തേക്ക് തിരിഞ്ഞാണു കിടക്കേണ്ടത്?


✅ ഖിബ് ലക്ക് മുന്നിട്ടുകൊണ്ട് വലതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടക്കലാണ് ഏറ്റവും പുണ്യം ഖബ്റിൽ മയ്യിത്തു കിടക്കുംപോലെ ഉറങ്ങുമ്പോൾ ഈ കിടത്തമാണ് സുന്നത്ത് (ശർഹു ബിദായതിൽ ഹിദായ: 41) 


❓. ഖിബ് ലയിലേക്ക് കാല് നീട്ടി കിടന്നുറങ്ങലോ?


✅ അതു  അനുവദനീയമായ രീതിയാണ് മുഖവും ഉള്ളൻ കാലുകളും ഖിബ് ലയുടെ നേരെയാക്കി മലർന്നു കിടക്കൽ (നമ്മുടെ കേരളത്തിൽ കിഴക്കു പടിഞ്ഞാറിൽ കിടക്കൽ) അനുവദനീയമാണ് (ശർഹുൽ ബിദായ: 41)


❓. സ്ത്രീ മലർന്നു കിടക്കുന്നതിന്റെ വിധി?


✅ കറാഹത്താണ് (ശർഹു മറാഖിൽ ഉബൂദിയ്യ: 41)


❓. ഖിബ് ലയിലേക്ക് മുന്നിട്ട് ഇടതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടക്കാമോ?


✅ കിടക്കാം അതു സുന്നത്തായ രീതിയാണ് ഭക്ഷണം കഴിച്ച ഉടനെ വലതു ഭാഗത്തിന്റെ മേൽ അൽപനേരം കിടന്ന ശേഷം ഇടതു ഭാഗത്തിന്റെ മേൽ  കിടക്കൽ ശാരീരികാരോഗ്യത്തിനു ഗുണകരമാണ് (ശർഹു ബിദായ: 41) 


❓. ഉറങ്ങാൻ വേണ്ടി വുളൂഅ് ചെയ്യൽ സുന്നത്തുണ്ടോ?


✅ അതേ, സുന്നത്തുണ്ട് (ശർഹുൽ ബിദായ: 41) 


❓. പുരുഷൻ കമിഴ്ന്ന് കിടക്കാമോ?


✅ കമിഴ്ന്നു കിടന്നുറങ്ങൽ കറാഹത്താണ് അതു പിശാചിന്റെ ഉറക്കമാണ് (ശർഹുൽ ബിദായ: 41) 


❓. ഉറങ്ങാൻ കിടക്കുമ്പോൾ പാലിക്കേണ്ട മറ്റു മര്യാദകൾ?


✅ വിരിപ്പ് കുടഞ്ഞു അതിൽ അപകടകാരികൾ ഇല്ലെന്നു ഉറപ്പ് വരുത്തൽ രാവിലും പകലിലുമായി എട്ടു മണിക്കൂറിനേക്കാൾ ഉറങ്ങാതിരിക്കൽ, മിസ് വാക്ക് ചെയ്യൽ, സുബ്ഹിക്കു മുമ്പ് ഉണരണം എന്ന കരുത്തോടെ ഉറങ്ങൽ എന്നിവ ശ്രദ്ധിക്കേണ്ട മര്യാദകളിൽ പെട്ടതാണ് (ശർഹുൽ ബിദായ: 41) 


❓. ഉറങ്ങുംമുമ്പ് ആയതുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ടോ?


 ✅ ഉറങ്ങുംമുമ്പ് ആയതുൽ കുർസിയ്യ്, ആമനർറസൂൽ, ഇഖ്ലാസ്, മുഅവ്വിദതൈനി, തബാറക എന്നിവ പാരായണം ചെയ്യൽ സുന്നത്തുണ്ട് (ശർഹുൽ ബിദായ: 43) 


❓. സൂറതുൽ ഇഖ്ലാസ് എത്ര തവണ പാരായണം ചെയ്യൽ സുന്നത്തുണ്ട്?


 ✅ മൂന്നു തവണ (അദ്കാർ, ശർഹു മറാഖിൽ അബൂദിയ്യ: 43) 


❓. മുഅവ്വിദതൈനി ഓതി കയ്യിലേക്ക് ഊതൽ സുന്നത്തുണ്ടോ?


✅ അതേ, ഊതി കൈകൊണ്ട് മുഖവും തലയും ശരീരവും മൂന്നു തവണ തടവൽ സുന്നത്താണ് (ശർഹുൽ ബിദായ: 43) 


❓. ഉറങ്ങാൻ ഒരുങ്ങുമ്പോൾ മറ്റു പ്രത്യേക ദിക്ർ ചൊല്ലേണ്ടതുണ്ടോ?


✅ ഉണ്ട്  


بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَباِسْمِكَ أَرْفَعُهُ فَاغْفِرْ لِي ذَنْبِي.


എന്നു ചൊല്ലൽ സുന്നുത്തുണ്ട്  (നാഥാ, നിന്റെ പേരുകൊണ്ട് ബറകത്ത് എടുത്ത് എന്റെ ശരീരം ഞാൻ ഉറങ്ങാൻ വേണ്ടി വെച്ചിട്ടുണ്ട് നിന്റെ പേരിന്റെ ബറകത്തുകൊണ്ട് ഞാൻ ശരീരത്തെ ഉയർത്തും എന്റെ പാപങ്ങൾ എനിക്ക് നീ പൊറുത്തു തരണേ) 


❓. ഉറക്കിൽ നിന്നു ഉണർന്ന ഉടനെ എന്തു ചൊല്ലണം?


✅ 👇👇

ഈ ദിക്ർ ചൊല്ലണം.


_: اَلْحَمْدُ لِله الَّذِي أَحْييَانِي ماَ أَمَاتَنِي وَإِلَيْهِ النُّشُور_


(എന്നെ മരിപ്പിച്ചശേഷം ജീവിപ്പിച്ച അല്ലാഹുവിനാണു സർവ സ്തുതിയും അവനിലേക്കാണ് മടക്കം) 


❓. ഇശാ നിസ്കരിക്കാതെ ഉറങ്ങുന്നതിന്റെ വിധി?


✅ ഇശാഇന്റെ സമയം പ്രവേശിച്ചശേഷം ഇശാ നിസ്കരിക്കാതെ ഉറങ്ങൽ കറാഹത്താണ് (തുഹ്ഫ: 1/429) 

 

❓. ഇശാഇനു മാത്രമാണോ ഈ നിയമം?


✅ അല്ല, മറ്റു ഫർളു നിസ്കാരങ്ങൾക്കും ബാധകമാണ് (തുഹ്ഫ: 1/429) 


❓. നിസ്കാരം ഖളാആകുംമുമ്പ് ഉണരില്ലെന്നുറപ്പുണ്ടെങ്കിലോ?


✅ അല്ല, അപ്പോൾ ഹറാമാകും (തുഹ്ഫ: 1/429) 


❓. ഉമ്മാക്ക് മകന്റെ കൂടെ എത്ര വയസുവരെ ഒരുമിച്ച് കിടക്കാം?


✅ പത്തു വയസ്സുവരെ അനുവദനീയമാണ് ഇതേ നിയമമാണ് ഉപ്പയുടെയും മകളുടെയും സഹോദരിമാരുടെയും ഇടയിലുള്ളത് പത്തു വയസ്സിനു ശേഷം ഒരുമിച്ച് കിടക്കൽ ഹറാമാണ് (തുഹ്ഫ: 7/208) 


❓. നിസ്കരിക്കാതെ ഉറങ്ങുന്നവനെ വിളിച്ചുണർത്തുന്നതിന്റെ വിധി?


✅ അടിസ്ഥാന വിധി സുന്നത്താണ് എന്നാൽ നിസ്കാരം ഖളാആകുംമുമ്പ് ഉണരില്ലെന്ന ധാരണയുണ്ടെങ്കിൽ വിളിച്ചുണർത്തൽ നിർബന്ധമാണ് (ഇആനത്ത്: 1/142) 


❓. സുബ്ഹ് നിസ്കരിച്ച് ഉറങ്ങുന്നവരെ വിളിച്ചുണർത്തൽ സുന്നത്തുണ്ടോ?


✅ സുബ്ഹിക്കു ശേഷം സൂര്യൻ ഉദിക്കുംമുമ്പ് ഉറങ്ങുന്നവരെ വിളിച്ചുണർത്തൽ സുന്നത്തുണ്ട് കാരണം, പ്രസ്തുത സമയം ഉറങ്ങുന്നതു കാരണം ഭൂമി അട്ടഹസിക്കുന്നതാണ് (ഇആനത്ത്: 1/142) 


❓. അസ്റിനു ശേഷം ഉറങ്ങലോ?


✅ അതു നല്ലതല്ല അവരെ വിളിച്ചുണർത്തൽ സുന്നത്തുണ്ട് (ഇആനത്ത്: 1/142) 


❓. ഒരു വീട്ടിൽ ഒറ്റക്ക് കിടന്നുറങ്ങുന്നതിന്റെ വിധിയെന്ത്?


✅ കറാഹത്ത് (ഇആനത്ത്: 1/142) 


❓. പള്ളിയിൽ കിടന്നുറങ്ങുന്നതിന്റെ വിധി?


✅ അനുവദനീയം കറാഹത്തു പോലുമില്ല (ശർഹുൽ മുഹദ്ദബ്: 2/173) 


❓. നിസ്കരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിൽ ഉറങ്ങലോ?


✅ നിസ്കരിക്കുന്നവർക്ക് സ്ഥലസൗകര്യം  ഇല്ലാതാക്കുന്ന നിലയിൽ പള്ളിയിൽ ഉറങ്ങൽ നിഷിദ്ധമാണ് (ജമൽ: 1/155, ശർവാനി: 1/271) 


❓. പള്ളിയിൽ ഉറങ്ങുന്നവനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിലയിൽ ഖുർആൻ പാരായണം ചെയ്യാമോ?


✅ ചെയ്യരുത് അതു കറാഹത്താണ് ബുദ്ധിമുട്ട് ശക്തമായാൽ ഹറാമാകും (ഫത്ഹുൽ മുഈൻ) 


❓. കൂടുതൽ സമയം ഉറങ്ങൽ ദാരിദ്ര്യം ഉണ്ടാകാൻ നിമിത്തമാണോ?


✅ അതേ, അതുപോലെ വസ്ത്രം ധരിക്കാതെ, നഗ്നയായി ഉറങ്ങലും ദാരിദ്ര്യത്തിനു കാരണമാണ് (ശർവാനി: 2/238) 


❓. ഖയ്ലൂലത്തിന്റെ ഉറക്കം എന്നാലെന്ത്?


✅ ഉച്ചയുടെ അൽപം മുമ്പുള്ള ഉറക്കത്തിനാണ് ഖൈലൂലത്തിന്റെ ഉറക്കം എന്നു പറയുന്നത് തഹജ്ജുദ് നിസ്കരിക്കുന്നവർക്ക് പ്രസ്തുത ഉറക്കം സുന്നത്താണ് (തുഹ്ഫ: 2/245, നിഹായ: 2/131) 


❓. ഇരുന്നുറങ്ങൽ നല്ലതാണോ?


✅ അല്ല ഉറക്കം വന്നാൽ  കിടന്നുറങ്ങണം ഇരുന്നുറങ്ങൽ സ്വഹാബത്ത് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് (ഇഹ്‌യാ: 1/344) 


❓. പകലിൽ ഉറങ്ങൽ കറാഹത്തുണ്ടോ?


✅ പകലിൽ രണ്ടു തവണ ഉറങ്ങൽ കറാഹത്താണ് ഉച്ചയുടെ മുമ്പ്  ഉറങ്ങിയവനു ഉച്ചയ്ക്കു ശേഷം ഉറങ്ങൽ കറാഹത്താണ് (ഇഹ്‌യാ: 1/339) 


സൂഫിയാക്കൾ പ്രസ്താവിക്കുന്നു: മൂന്നെണ്ണം അല്ലാഹു വെറുക്കുന്ന, അവനു ദേശ്യമുള്ള കാര്യങ്ങളാണ് ആവശ്യമില്ലാതെ ചിരിക്കൽ, വിശപ്പ് കൂടാതെ ഭക്ഷിക്കൽ, രാത്രി ഉറക്കം ഒഴിക്കാതെ പകലിൽ ഉറങ്ങൽ എന്നിവയാണവ (ഇഹ്‌യാ: 1/339)


(ഈയുള്ളവൻ്റെ തൊട്ടിൽ മുതൽ കട്ടിൽ വരെ (ഭാഗം 5) എന്ന ഗ്രന്ഥത്തിൽ നിന്ന്)


🎓 ദുആ വസ്വിയ്യത്തോടെ

എം.എ.ജലീൽ സഖാഫി പുല്ലാര

Post a Comment

0 Comments