സ്ത്രീകളും പുറംതൊഴിലും

 ‎‎‎‎‎‎‎‎‎‎


       ✍🏼ഇന്നു തൊഴിലിന്റെ പേരിൽ ധാരാളം സ്ത്രീകളാണ് വീട് വിട്ട് നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ജോലിയുള്ളവളാണ് യഥാർത്ഥ ഭാര്യയെന്നാണ് വെയ്പ്. വെറും വീട്ടമ്മയെന്നത് ഇന്ന് പലർക്കും ചിന്തിക്കാനാവുന്നില്ല. സ്റ്റാറ്റസ് കുറഞ്ഞു പോവുകയാണ്...


 വിവിധതരം ജോലികളിലാണിന്ന് സ്ത്രീകൾ ഏർപ്പെട്ടിരിക്കുന്നത്. അധ്യാപനം, ഓഫീസ് വർക്കുകൾ, ടൈലറിംഗ്, ബ്യൂട്ടീഷൻ, മൊബൈൽ ഷോപ്പ്, വസ്ത്രവ്യാപാരക്കടകളിൽ, തൊഴിലുറപ്പ് ജോലികളിൽ തുടങ്ങി എല്ലാറ്റിലും സ്ത്രീകളുടെ സാന്നിധ്യമുണ്ട്.


 എന്നാൽ ഇങ്ങനെ ഇഷ്ടമുള്ള ഏതു ജോലിക്കും പോകാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഭർത്താവാണ് ഭാര്യയുടെ ചെലവ് വഹിക്കേണ്ടയാൾ. അതിനാൽ സാമ്പത്തിമായ ഒരു ബാധ്യതയും അവൾക്കില്ല. വളരെ അനിവാര്യഘട്ടത്തിൽ മാത്രമേ ഇസ്ലാം സ്ത്രീയുടെ പുറംതൊഴിൽ അനുവദിക്കുന്നുള്ളൂ...


 ഭർത്താവ് ദരിദ്രനാവുകയോ, രോഗിയാവുകയോ, മറ്റു വരുമാനമില്ലാതാവുകയോ ഒക്കെ ചെയ്യുമ്പോൾ ജീവിതവൃത്തിക്കു വേണ്ടി നിബന്ധനകൾക്കു വിധേയയായി മാത്രം ചെയ്യാവുന്നതാണ്. അതും എല്ലാ ജോലികളും ആവാമോ എന്നതും കണ്ടറിയേണ്ടതുണ്ട്..!! 


 ഒരു ബൈക്ക് ഷോറൂമിൽ ഫോൺ അറ്റൻഡറാണ് നസീമ. കാണാൻ തരക്കേടില്ലാത്ത അവൾ ദിവസവും മുടങ്ങാതെ കാലത്തു തന്നെ ഷോറൂമിലെത്തുന്നു. കാണാൻ കൊള്ളാത്തവരെ ഇത്തരം  ഷോറൂമുകളിൽ നിർത്തുന്നത് കുറവാണല്ലോ.. വളരെ അപൂർവമായി മാത്രം വാഹനങ്ങൾ മാത്രമല്ലല്ലോ പ്രദർശിപ്പിക്കേണ്ടത്, ജീവനക്കാരും വാചകക്കസർത്തെങ്കിലും പ്രദർശിപ്പിച്ച് മറ്റുള്ളവരെ ആകർഷിക്കണം. മാത്രമല്ല; ആരെയും ആകർഷിക്കുന്ന സൗമ്യമായ പെരുമാറ്റവും സംസാരവും മാത്രമേ ഇത്തരം കേന്ദ്രങ്ങളിൽ ഇരിക്കുന്ന സ്ത്രീകളിൽ നിന്നുണ്ടാവാൻ പാടുള്ളൂ...


 നസീമ നന്നായി സംസാരിക്കും. ആരുടെയും മനം കവരുന്ന സംസാരം. അവളുടെ മികവ് കൊണ്ട് പ്രതീക്ഷിച്ചതിലുമധികം വാഹനങ്ങൾ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്നു.   ഷോറൂമിലേക്ക് പല കോണുകളിൽ നിന്നുള്ള നിരന്തര വിളിയാണ്. വാഹനത്തെക്കുറിച്ചറിയാൻ മാത്രമല്ല; നസീമയുടെ ശബ്ദം കേൾക്കാനും അവളോടൽപ്പം സംസാരിക്കാനും..!!


 ആരെയും അവൾ നിരാശരാക്കിയതുമില്ല. തന്റെ സൗന്ദര്യവും ചാരിത്ര്യവുമാണ് ഇവിടെ പണയപ്പെടുത്തുന്നതെന്ന കാര്യം മാത്രം അവൾ ചിന്തിച്ചില്ല..!!


 വാഹനഷോറൂമുകളിൽ മാത്രമല്ല; പല സംരഭങ്ങളുടെയും വിപണതന്ത്രം അഴകും മൊഞ്ചും ആകാരവടിവുമുള്ള സ്ത്രീകളെ പ്രതിഷ്ഠിക്കലാണ്. പെൺമക്കൾ ഇതറിയാതെ പോകുന്നു. ചൂഷണങ്ങളാണ് തൊഴിൽ മേഖലകളിൽ ഏറെയും നടന്നു കൊണ്ടിരിക്കുന്നത്. സാമ്പത്തിക - ശാരീരിക - ലൈംഗിക ചൂഷണങ്ങൾ വരെ നിത്യവും തൊഴിലിടങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. മാത്രമല്ല;  സാമൂഹികമായ അസന്തുലിതാവസ്ഥയ്ക്കും ഗാർഹികഭരണത്തിന്റെ തകർച്ചയ്ക്കും സന്താനങ്ങളുടെ ഭാവി അപകടത്തിലായിത്തീരുന്നതിനും കുടുംബത്തകർച്ചയ്ക്കുമെല്ലാം അതു വഴി വെക്കും.


 വ്യാവസായിക വിപ്ലവം മൂലം ഇംഗ്ലണ്ടിൽ കൂടുതൽ തൊഴിലാളികളെ ആവശ്യമായി വന്നപ്പോഴാണല്ലോ അവർ സ്ത്രീകളെ തൊഴിൽ ശാലകളിലേക്കാനയിച്ചത്. എന്നിട്ടെന്തുണ്ടായി..? ശാരീരികമായും സാമ്പത്തികമായും ലൈംഗികമായും അവർ ചൂഷണം ചെയ്യപ്പെട്ടു... 

 

 സ്ത്രീ വീട് വിട്ടിറങ്ങി തൊഴിൽ മേഖലകളിൽ വ്യാപരിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളെ പലരും നന്നായി വിലയിരുത്തിയിട്ടുണ്ട്. 


 ഇംഗ്ലീഷ് പണ്ഡിതനായ സാമുവൽ സ്മയിൽസിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു:  സ്ത്രീകൾ തൊഴിൽ ചെയ്ത് എത്ര തന്നെ ലഭിച്ചാലും അതിന്റെ അനന്തരഫലം കുടുംബജീവിതം തകരുകയായിരിക്കും. ഗാർഹികനിലനിൽപ്പിനെതിരിലുള്ള ഓരോ ആക്രമണവും കുടുംബഭദ്രതയെ തകർക്കലും സാമൂഹിക ഐക്യത്തെ ഛിദ്രീകരിക്കലുമാണ്. വീട് ക്രമീകരണം സന്താനപരിപാലനം തുടങ്ങിയ ഗാർഹിക ഉത്തരവാദിത്വങ്ങൾ അവളെ ഇതിനനുവദിക്കുന്നില്ല. അങ്ങനെ വീടുകൾ വീടുകളല്ലാതെയും സന്താനങ്ങൾ പരിപാലനമില്ലാതെയുമായിത്തീരുന്നു...


 സുപ്രസിദ്ധ എക്കണോമിക് ഫിലോസഫർ ജോൺ സൈമൻ പറയുന്നതു കാണുക : ഇന്ന് സ്ത്രീകൾ തയ്യൽ ഷോപ്പുകളിലും അച്ചടി ശാലകളിലും മറ്റും ജോലി ചെയ്യുന്നു. ഗവൺമെന്റ് സ്ഥാപനങ്ങളിലും അവൾ ഇന്നു നിയമിക്കപ്പെട്ടിട്ടുണ്ട്. തൊഴിൽ കാരണം അവൾക്കിന്ന് അൽപ്പം നാണയത്തുട്ടുകൾ സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇതു കൊണ്ടെല്ലാം കുടുംബത്തിന്റെ നെടുംതൂണുകളാണ് പൊളിഞ്ഞു വീണുകൊണ്ടിരിക്കുന്നത്.  പുരുഷനാവട്ടെ അവളെ വിവിധ രീതിയിൽ ചൂഷണം ചെയ്യുന്നു. അതോടൊപ്പം തൊഴിൽ രംഗത്തേക്കുളള അവളുടെ തള്ളിക്കയറ്റം കാരണം അവന്റെ ജോലി സാധ്യതകൾ കുറഞ്ഞു വരുന്നു...   


 അദ്ദേഹം തുടരുന്നു:   ഇവരേക്കാൾ  അൽപ്പം കൂടി പുരോഗമിച്ച ചില വനിതകളുണ്ട്. അവർ സർക്കാർ ഓഫീസുകളിലും വാണിജ്യസ്ഥാപനങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്നു. എന്നാൽ ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർ ധാർമികബന്ധം പൂർണമായി വിഛേദിക്കുകയാണ് ചെയ്യുന്നത്.   


 സുപ്രസിദ്ധ എഴുത്തുകാരി അന്നാ റോൾഡ് കുറിക്കുന്നു: നമ്മുടെ പെൺകുട്ടികൾ അന്യവീടുകളിൽ ആയമാരായി ജോലി ചെയ്യുന്നതാണ് തൊഴിൽ ശാലകളിൽ ജോലി ചെയ്യുന്നതിനേക്കാൾ ഭേദം. തൊഴിൽ ശാലകളിൽ ജോലി ചെയ്യുന്നതിനാൽ അവളുടെ സൗന്ദര്യം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. നമ്മുടെ നാടുകളും മുസ്ലിം നാടുകളെപ്പോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അവിടെ ഇപ്പോഴും ചാരിത്ര്യം നിലനിൽക്കുന്നു. എല്ലാ വൃത്തികേടുകൾക്കും പാശ്ചാത്യ വനിതകളെ ഉപമയാക്കുന്നതു തന്നെ നമുക്കു നാണക്കേടാണ്.  


 നരവംശ ശാസ്ത്രജ്ഞൻ ജിയോം പെരേറ പറയുന്നു: പുരുഷന്മാരുടെ ജോലി ചെയ്യുന്ന ധാരാളം സ്ത്രീകൾ ഇന്നു യൂറോപ്പിലുണ്ട്. ഇവർ അതുകാരണം വിവാഹബന്ധത്തിൽ ഏർപ്പെടുന്നില്ല. സ്ത്രീയും പുരുഷനുമല്ലാത്ത ഇവരെ മൂന്നാം വർഗമായി കണക്കാക്കേണ്ടതുണ്ട്. മനുഷ്യ പ്രകൃതിക്കെതിരെയുള്ള ഈ നീക്കത്തെക്കുറിച്ച് പണ്ഡിതലോകം ഇന്നു ബോധവാന്മാരാവേണ്ടതുണ്ട്. ഇതേ നില അധികം തുടർന്നാൽ സമുദായത്തിന് വലിയ കോട്ടങ്ങളുണ്ടാവും.  


 അജോസ്റ്റ് ക്വാന്റ് തന്റെ പൊളിറ്റിക്കൽ സിസ്റ്റം എന്ന പുസ്തകത്തിൽ പറയുന്നു:  പുരുഷൻ സ്ത്രീക്ക് ഭക്ഷണം നൽകേണ്ടതുണ്ട്. ഇത് മനുഷ്യവർഗത്തിന്റെ പ്രകൃതി നിയമമാണ്. സ്ത്രീ വർഗത്തിന്റെ ഗാർഹിക ജീവിതത്തിന് ഇതനിവാര്യമാണ്. തൊഴിലാളിവിഭാഗം രാഷ്ട്രത്തിലെ ചിന്തകന്മാർക്ക് ഭക്ഷണം നൽകും പ്രകാരമാണിത്. സ്ത്രീയുടെ ദൗത്യം പരിപൂർണ്ണമായും നിറവേറ്റാൻ ഈ വ്യവസ്ഥിതി അത്യന്താപേക്ഷിതമാണ്. അവൾക്ക് ഭർത്താവോ ബന്ധുക്കളോ  ഇല്ലാതെ വരുന്ന ഘട്ടത്തിൽ സാമൂഹികസന്നദ്ധസംഘടനകൾ അവളുടെ സംരക്ഷണച്ചുമതല വഹിക്കേണ്ടതുണ്ട്.  


 പുരുഷന്റെ മേലിലാണ് സ്ത്രീയുടെ ചെലവിന്റെ ബാധ്യത നിക്ഷിപ്തമായിരിക്കുന്നത്. പുരുഷന് സ്ത്രീയേക്കാൾ ശ്രേഷ്ഠതയുണ്ടാവാനുള്ള ഒരു കാരണം അവൻ തന്റെ ധനത്തിൽ നിന്നു ചെലവഴിക്കുന്നു എന്നതാണ്.   


വിശുദ്ധ ഖുർആൻ പറയുന്നു:   


 "പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാവുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറ്റു വിഭാഗത്തേക്കാൾ അല്ലാഹു ﷻ കൂടുതൽ ശ്രേഷ്ഠത നൽകിയതു കൊണ്ടും (പുരുഷന്മാർ) അവരുടെ ധനം ചെലവഴിച്ചതു കൊണ്ടുമാണത്..."

  (സൂറത്തുൽ:നിസാഹ് :34)


 പുരുഷന് ലഭിക്കുന്നതിന്റെ പകുതി മാത്രമാണ് സ്ത്രീക്ക് അനന്തരാവകാശ ഓഹരിയുള്ളത്. അവളോടുള്ള വിവേചനമല്ലിത്. അവൾക്ക് സാമ്പത്തികബാധ്യതകൾ   ഇല്ലാത്തതിനാലാണിത്.


 എങ്ങനെയായാലും സ്ത്രീ തൊഴിലിനു പോവേണ്ട അവസ്ഥ സാധാരണഗതിയിൽ ഇല്ല. അതിനാൽ തന്നെയാണ് ഇസ്ലാം അവരെ വിലക്കുന്നത്. വീട് വിട്ടിറങ്ങാൻ മതിയായ കാരണമല്ല തൊഴിൽ എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സ്ത്രീ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയാണ് എന്നതിനർത്ഥം ഗാർഹിക കാര്യങ്ങൾ മുഴുവനും നോക്കി നടത്തേണ്ട ചുമതല അവൾക്കാണെന്നാണ്. ഇതിനു വിപരീതമായി സംഭവിക്കുമ്പോൾ കുടുംബഭദ്രയ്ക്കു കോട്ടം തട്ടും.


 ഡോ. ഐലിൻ പറയുന്നു: സ്ത്രീ പഴയ ഗാർഹികജീവിതത്തിലേക്കു തന്നെ  മടങ്ങി പോകലാണ് പുതിയ തലമുറയ്ക്കേറ്റ പരാജയത്തിനുള്ള ഏക പരിഹാരമാർഗം എന്ന് അനുഭവപാഠം തെളിയിച്ചിരിക്കുന്നു. വീടിന്റെ പുറത്ത് ജോലി ചെയ്യാത്ത എല്ലാ സ്ത്രീകൾക്കും ഹിറ്റ്ലർ തന്റെ അവസാനകാലത്ത് പ്രത്യേക സ്റ്റൈപ്പന്റുകൾ നൽകിയിരുന്നു. മൂസോളിനിയും ഇപ്രകാരം നൽകിയിരുന്നുവത്രെ. പല സ്ത്രീകളും ഗാർഹികഭരണം ആഗ്രഹിക്കുന്നവരാണെന്നതാണ്  കാരണം. ആധുനികതയുടെ   സങ്കൽപ്പങ്ങളാണ് പലരെയും തൊഴിലിനിറക്കുന്നത്.  


 ഗാലൂബ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേയിൽ 65% അമേരിക്കൻ തൊഴിലാളി വനിതകളും  ഗാർഹികജീവിതത്തിലേക്കു തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരാണെന്നു തെളിഞ്ഞു. 


 പശ്ചിമജർമനിയിലെ കമ്പനികളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന വനിതകൾക്ക് വേണ്ടിയും ഇതുപോലൊരു സർവേ നടത്തപ്പെട്ടു. തൊഴിൽ വിജയമോ ഭാര്യയെന്ന നിലയിലുള്ള വിജയമോ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു ചോദ്യം. ഭാര്യയെന്ന നിലയിലുള്ള ദൗത്യനിർവഹണത്തിലാണ് അവരെല്ലാം വിജയവും സന്തോഷവും കാണുന്നതെന്നാണ് സർവേ വ്യക്തമാക്കിയത്.


 പത്തൊമ്പതാം നൂറ്റാണ്ടിലെ എൻസൈക്ലോപീഡിയ പറയുന്നതുനോക്കുക: റോമൻ സ്ത്രീകൾ വീടിനകത്ത് ജോലി ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നു. പിതാക്കളും ഭർത്താക്കളും യുദ്ധകാര്യങ്ങളിൽ മുഴുകിയിരുന്നു. സ്ത്രീകളുടെ പ്രധാന ജോലി ഗൃഹഭരണവും നെയ്ത്തുമായിരുന്നു. പക്ഷേ പിന്നീട് സ്ഥിതിഗതികൾ മാറി. വെറും വിനോദത്തിനായി സ്ത്രീകളെ മറയിൽ നിന്നു പുറത്തു കൊണ്ടുവരാൻ തുടങ്ങി.  അങ്ങനെ പിക്നിക്കുകളിലും മറ്റും അവൾ പുരുഷനോടൊപ്പം ഭാഗഭാക്കായി. പുരുഷനാവട്ടെ ഈ അവസരം അവളുടെ ചാരിത്ര്യം കളങ്കപ്പെടുത്താനും അവളെ നിർലജ്ജയാക്കാനും ഉപയോഗപ്പെടുത്തി. അങ്ങനെ അവരുടെ നാഗരികതയും സംസ്കാരവും പിഴുതെറിയപ്പെട്ടു. 


 ഒരു സംഭവം നോക്കുക: ശുഐബ് നബി  (അ) ന്റെ രണ്ട് പുത്രിമാർ വെള്ളത്തിനരികെ ആടിനെ തെളിക്കുന്നത് മൂസ (അ) കാണാനിടയായി. മൂസ (അ) അവരോട് സംഗതിയെന്തെന്ന് അന്വേഷിച്ചു. അവർ അങ്ങനെ പുറത്ത് തൊഴിൽ ചെയ്യാൻ വന്നത് പിതാവിന്റെ കഴിവുകേട് കൊണ്ടാണെന്ന് സങ്കടപ്പെടുന്നതായി പരിശുദ്ധ ഖുർആനിൽ വന്നിട്ടുണ്ട്. പിതാവ് ശുഐബ് (അ) പ്രായാധിക്യം കാരണം തൊഴിൽ ചെയ്ത് ഉപജീവനം തേടാൻ പറ്റാത്ത അവസ്ഥയിലായതു കൊണ്ടാണ് തങ്ങൾ ഇതിനുവേണ്ടി പുറത്തു വരേണ്ടി വന്നത് എന്നായിരുന്നു അവരുടെ മറുപടിയിലെ ധ്വനി. പിന്നീട് അവർ പുറത്തു ജോലി ചെയ്യുന്നതിലുള്ള പ്രയാസം ഓർത്ത് മൂസ (അ) നെ വീട്ടിൽ കൂലിപ്പണിക്ക് വിളിക്കാൻ പിതാവിനോട് അഭ്യർത്ഥിച്ചു. സ്ത്രീയുടെ പുറംതൊഴിൽ പ്രോത്സാഹജനകമല്ലെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. 


 ശറഈ നിയമങ്ങൾ പാലിച്ചു കൊണ്ടാണെങ്കിൽ തന്നെ പഠനക്ലാസ്, അധ്യാപനം, രോഗശുശ്രൂഷ, ചികിത്സ മുതലായ അത്യാവശ്യതൊഴിലുകൾ മാത്രമേ സ്ത്രീകൾക്ക് അനിവാര്യഘട്ടത്തിൽ പോലും അനുവദനീയമാവൂ.. സ്ത്രീ വിദ്യ അഭ്യസിക്കുമ്പോഴും തൊഴിലിനു വേണ്ടിയും പൊളിറ്റിക്കൽ സയൻസ് പോലുള്ള പുരുഷസമ്പർക്കമുണ്ടാവുന്നവ പഠിക്കരുത്. വീട് ഭരിക്കാൻ ഹോം സയൻസാണ് അവർ പഠിക്കേണ്ടത്. മെഡിസിൻ, നഴ്സിംഗ് എന്നിവ പഠിക്കാം...  


 ആഇശാ ബീവി (റ) യ്ക്ക് ചികിത്സാ മുറകൾ വശമുണ്ടായിരുന്നു. തന്റെ സഹോദരീ പുത്രൻ ഉർവത്ബ്നു സുബൈർ (റ) ആഇശ(റ)യോട് അത്ഭുതത്തോടെ പറയുന്നതു നോക്കൂ : 


 "ഉമ്മാ, അങ്ങയുടെ ജ്ഞാനം എന്നെ അത്ഭുതപ്പെടുത്തേണ്ടതില്ല. കാരണം അങ്ങ് നബി പത്നിയും സിദ്ദീഖ് (റ)വിന്റെ മകളുമല്ലേ.. അങ്ങയുടെ കവിതാ രചനാ വൈഭവത്തിലും ഞാൻ അത്ഭുതപ്പെടുന്നില്ല. കാരണം അങ്ങ് സിദ്ദീഖ്(റ)വിന്റെ മകളല്ലേ.. അദ്ദേഹം ആ വിഷയത്തിൽ പ്രാവീണ്യമുള്ള ആളായിരുന്നുവല്ലോ. ജനത്തിന്റെ നാളുകളും കവിതയ്ക്കനുകൂലമായതായിരുന്നു. എന്നാൽ എന്റെ അത്ഭുതം അങ്ങ് എങ്ങനെ വൈദ്യം വശമാക്കി എന്നതാണ്.. ഇത് എവിടെ നിന്ന് കരഗതമാക്കിയതാണ്..? തദവസരം ആഇശാ ബീവി (റ) ഉർവത്(റ)വിന്റെ ചുമലിന് തട്ടിക്കൊണ്ട് പറഞ്ഞു: "കൊച്ചു ഉർവ, നബി ﷺ വഫാത്തിന്നടുത്ത ഘട്ടങ്ങളിൽ രോഗബാധിതനായിരുന്നല്ലോ.. അപ്പോൾ അറബി ദൗത്യസംഘങ്ങൾ എല്ലാ ദിക്കിൽ നിന്നും വരാറുണ്ടായിരുന്നു. അവർ പല ചികിത്സാ മുറകളും നിർദേശിക്കും, ഞാനായിരുന്നു ആ നിർദേശാനുസരണം റസൂലുല്ലാഹിയെ (ﷺ) ചികിത്സിച്ചിരുന്നത്. 

Post a Comment

0 Comments