ഗൃഹപ്രവേശവും ആചാരങ്ങളും

          ഏതൊരു മനുഷ്യരുടെയും വലിയ അഭിലാഷമാണ് തനിക്കും ആശ്രിതർക്കും താമസിക്കാൻ സൗകര്യമുള്ള വീട് സ്വന്തമായി ഉണ്ടാവുക എന്നത്. ഈ മോഹം ആവശ്യവും അനിവാര്യവുമാണ്.     

        സൗകര്യമുള്ള വാഹനം, വിശാലമായ വീട്, നല്ല അയൽക്കാർ, ദീനീബോധമുള്ള ഭാര്യ എന്നിവ മേളിച്ചവൻ മഹാഭാഗ്യവാനെന്നു നബി(സ്വ) അരുളിയിട്ടുണ്ട്.

        വീടു നിർമ്മാണം മുതൽ പണി പൂർത്തിയാകുന്നതു വരെയും തുടർന്നു താമസം തുടങ്ങിയതു മുതൽക്കും ബറകത്തും ഐശ്വര്യവും വർദ്ധിച്ച തോതിലുണ്ടാവാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

       വീടു നിർമ്മാണത്തിനു ധാരാളം കാര്യങ്ങൾ ആദ്യമേ മനസ്സിലാക്കണം. സ്ഥലം, അളവ്, ഉയരം, പരിസരം തുടങ്ങിയ കാര്യങ്ങൾ.

നബി(സ്വ) വീടിനു സ്ഥാനം നോക്കുകയും അനുയോജ്യമായ സ്ഥലം അനുചരന്മാർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. വീടിനു മാത്രമല്ല, കുളിപ്പുരയ്ക്കും ചന്തയ്ക്കും പറ്റിയ സ്ഥലങ്ങളും നബി(സ്വ) നിർണ്ണയിച്ചു കൊടുത്തിട്ടുണ്ട്. മദീനയിൽ സ്ഥലം അളന്നു കൊടുത്തപ്പോൾ ഉസ്മാനുബ്നു അഫ്ഫാനു(റ) വീട് നിർമ്മിക്കാനുള്ള സ്ഥലം വ്യക്തമായി നബി(സ്വ) കാണിച്ചുകൊടുത്തു (ത്വബഖാത്തു ഇബ്നിസഅദ്, അൽ ഇൻസാനുൽ കാമിൽ: 4/61).

       ഭൂമിയിൽ എല്ലാ സ്ഥലങ്ങളും ഒരു പോലെയല്ലെന്നും താമസിക്കാൻ പറ്റാത്ത സ്ഥലങ്ങൾ ഉണ്ടെന്നു ഹദീസുകളിൽ നിന്നു വ്യക്തമാകുന്നുണ്ട്.

1. പിശാചിൻ്റെ താഴ് വര

      യാത്രാ മധ്യേ നബി(സ്വ)യും അനുയായികളും ഒരു താഴ് വരയിലിറങ്ങി. അവിടെ അന്തിയുറങ്ങി. വിളിച്ചുണർത്താൻ ബിലാലി(റ)നോടു തിരുനബി(സ്വ) കൽപ്പിച്ചിരുന്നു. പക്ഷേ, ബിലാൽ(റ) അറിയാതെ ഉറങ്ങിപ്പോയി. സൂര്യൻ ഉദിച്ച ശേഷമാണവർ ഉണർന്നത്. ഉടനെ എല്ലാവരും സുബ്ഹ് നിസ്കാരത്തിനു തയ്യാറെടുത്തപ്പോൾ നബി(സ്വ) പറഞ്ഞു: “ഈ താഴ് വരയിൽ പിശാചുണ്ട്” അവിടെ നിന്നു പുറപ്പെടാൻ നബി(സ്വ)  അനുചരന്മാരോട് കൽപ്പിച്ചു. സ്ഥലം മാറിയ ശേഷമാണ് നിസ്കാരം ഖളാ വീട്ടിയത് (മിശ്കാത്ത്, മിർഖാത്ത്: 1/439).

2. ചുറ്റളവ് ശ്രദ്ധിക്കണം

      വീടു നിർമ്മിക്കുമ്പോൾ അതിന്റെ ചുറ്റളവ് ശ്രദ്ധിക്കണം. ചില അളവുകൾ ഗുണകരവും ചിലതു ദോഷകരവുമാണ്. ഇവ്വിഷയത്തിൽ പരിചയമുള്ളവരെ അവലംബിക്കണം. സാധിക്കുമെങ്കിൽ ഖിബ്‌ലയുടെ ദിശയിലേക്കു തിരിച്ചു നിർമ്മിക്കലാണ് നല്ലത്. ശർഇനു വിരുദ്ധമല്ലാത്ത തച്ചുശാസ്ത്രം സ്വീകരിക്കാവുന്നതാണ്.

3.ആ വീട് ദുശിച്ചതാണ്

       അനസുബ്നു മാലിക്(റ) നിവേദനം: ഒരാൾ വന്നു നബി(സ്വ) യോട് പറഞ്ഞു. മുമ്പു താമസിച്ചിരുന്ന വീട്ടിൽ ഞങ്ങൾക്കു സമ്പത്തിലും സന്താനത്തിലും വർദ്ധനവുണ്ടായിരുന്നു. മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയപ്പോൾ ഞങ്ങളുടെ സമ്പത്തും എണ്ണവും കുറഞ്ഞിരിക്കുന്നു. നബി(സ്വ) പറഞ്ഞു: ആ വീട് തിരിച്ചു കൊടുക്കുക. അതു ദുശിച്ച വീടാണ് (അൽ അദബുൽ മുഫ്റദ്).

     വീട് കുറ്റമറ്റതല്ലെങ്കിൽ പല ബുദ്ധിമുട്ടും വന്നേക്കാം. റബ്ബിന്റെ വിധി പോലെ വരും എന്നു പറഞ്ഞു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ ഗുരുതരമായ അപകടങ്ങൾ ഏറ്റുവാങ്ങേണ്ടിവരും.

4.ഞായറാഴച ഉത്തമം

    വീടു നിർമ്മാണം തുടങ്ങാൻ ഏറ്റവും ഉത്തമം ഞായറാഴ്ചയാണ്. തഫ്സീർ പണ്ഡിതരുടെ നേതാവും പ്രമുഖ സ്വഹാബിവര്യരുമായ ഇബ്നു അബ്ബാസി(റ) വിൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: ഞായറാഴ്ച വീടു നിർമ്മാണത്തിലുള്ള ദിനമാണ് (അബൂയഅലാ, ഇക്'ലീൽ).

     സൗകര്യസ്ഥലം കണ്ടെത്തി വീടു നിർമ്മാണത്തിന്റെ തുടക്കം കുറ്റിയടിക്കൽ കർമ്മമാണല്ലോ. ബറകത്തുള്ള സമയവും ബറകത്തുള്ളവരുടെ സാന്നിധ്യവും പരിഗണിച്ചാവണം കുറ്റിയടിക്കൽ കർമ്മം നിർവ്വഹിക്കപ്പെടുന്നത്. സയ്യിദ്, പണ്ഡിതൻ തുടങ്ങിയവരാവണം ഈ കർമ്മം ചെയ്യേണ്ടത്. വീട്ടിൽ ബറകത്തു ഉണ്ടാവാൻ  ഇക്കാര്യം നിമിത്തമായേക്കാം.

5.പൂജ വേണ്ട

 ചിലയിടങ്ങളിൽ അമുസ്‌ലിംകളായ ആശാരിമാരാണ് മുസ്‌ലിംകളുടെ വീടിനു കുറ്റിയടിക്കുന്നത്!. അതു ഭൂഷണമല്ലെന്നു പറയേണ്ടതില്ലല്ലോ!. കുറ്റിയടിക്കു മുമ്പ് അവർ ചിലപ്പോൾ അവരും മന്ത്രവും പൂജയും നടത്തും. അതിനൊന്നും നാം അവസരം സൃഷ്ടിക്കരുത്.

കുറ്റിയടിക്കൽ കർമ്മം ബറകത്തു പ്രതീക്ഷിക്കപ്പെടുന്ന വ്യക്തിയെ കൊണ്ടു നടത്തലും ആ കർമ്മവുമായി ബന്ധപ്പെട്ടു കൂട്ട പ്രാർത്ഥന നിർവ്വഹിക്കലും പണ്ടു മുതൽക്കേ പതിവുള്ളതാണ്. ഈ സമ്പ്രദായം ഇനിയും നിലനിർത്തി പോരണം. ഇതു നല്ല ആചാരമാണ്. 

5.പ്രഭാതത്തിൽ ബറകത്തുണ്ട്

 ഏതു കാര്യവും തുടക്കം കുറിക്കാൻ ഉത്തമ സമയം പ്രഭാതമാണ്.  ഇമാം നവവി(റ) ഇക്കാര്യം ഹദീസിൻ്റെ വെളിച്ചത്തിൽ  വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 10/131).

 6.കന്നിമൂലയിൽ കുറ്റിയടിക്കൽ

     പള്ളികൾ, മദ്റസകൾ, വീടുകൾ എന്നിവയ്ക്കെല്ലാം സാദാത്തീങ്ങളും പണ്ഡിതരും കുറ്റിയടിക്കുമ്പോൾ കന്നി മൂലയിൽ (തെക്കു പടിഞ്ഞാർ മൂല) കുറ്റിയടിക്കലാണ് പതിവ്. ഈ പതിവ് തെറ്റിക്കേണ്ടതില്ല.  തറക്കല്ല് ഇട്ടു തുടങ്ങേണ്ടതും കന്നി മൂലയിൽ നിന്നാണ്. നമ്മുടെ മുൻഗാമികളായ പണ്ഡിതർ അങ്ങനെയാണ് ചെയ്തുപോരുന്നത്.

6.തറക്കല്ലും സ്വർണ്ണവും

      തറക്കല്ലിടുമ്പോൾ അതിന്റെ അടിയിൽ സ്വർണ്ണക്കഷ്ണം വെക്കുന്ന സമ്പ്രദായം ചിലയിടങ്ങളിലുണ്ട്. അതു നിഷിദ്ധമാണ്. സമ്പത്ത് ആവശ്യമില്ലാതെ പാഴാക്കലാണ്. ആ സ്വർണ്ണക്കഷ്ണം പണിക്കാർ കൈവശപ്പെടുത്തുന്നത് വീട്ടുടമസ്ഥൻ അറിയുന്നില്ല.

7.കന്നിമൂലയിൽ കക്കൂസ്

         വീടിന്റെ അടുക്കള, കക്കൂസ്, കുളിമുറി എന്നിവ കന്നിമൂലയിൽ ആവരുത്. ഗുരുതരമായ പ്രതിസന്ധികൾ അതു മൂലം സംഭവിക്കും. സംഭവിക്കാറുണ്ട്. 

      അടുപ്പിനു പ്രത്യേക സ്ഥലം തിരഞ്ഞെടുക്കണം. വടക്കു ഭാഗത്തോ കിഴക്കു ഭാഗത്തോ അടുപ്പ് ഉത്തമമാണ്. തച്ചുശാസ്ത്രത്തിലും പാണ്ഡിത്യമുള്ള ശംസുൽ ഉലമ ഇ.കെ. അബൂബക്ർ മുസ്‌ലിയാരുടെ (نور الله مرقده)  വീട്ടിലെ അടുപ്പ് കിഴക്കു ഭാഗത്തായിരുന്നു. അവിടുത്തെ ശിഷ്യൻ ഒ.കെ. സൈനുദ്ദീൻ മുസ്‌ലിയാരുടെ (نور الله مرقده ) 

വീട്ടിലെ അടുപ്പും വടക്കു ഭാഗത്തായിരുന്നു.തെക്കു പടിഞ്ഞാർ മൂലയിൽ അടുപ്പ് ഉത്തമമില്ല.

8.വീടുൽഘാടനം പ്രഭാതത്തിൽ

   ഗൃഹപ്രവേശനത്തിനു പ്രഭാതം തിരഞ്ഞെടുക്കലാണ് ഉത്തമം. എന്റെ സമുദായത്തിന്റെ പ്രഭാതത്തിൽ അവർക്കു നീ ബറക്കത്തേകണമേയെന്നു തിരുനബി(സ്വ) പ്രാർത്ഥിച്ചിട്ടുണ്ടല്ലോ. സുബ്ഹിയുടെ സമയത്തായാലും ളുഹാ സമയത്തായാലും പ്രഭാതത്തിലാവുക എന്ന പുണ്യം കിട്ടും.

വീടുൽഘാടനം സുബ്ഹിയുടെ മുമ്പുള്ള സുന്നത്തു നിസ്കാരം കൊണ്ടാണിന്നു അധിക സ്ഥലത്തും തുടങ്ങുന്നത്. ളുഹാ സമയത്തും മഗ്‌രിബിന്റെ സമയത്തും നടത്തുന്നവരുണ്ട്. നിസ്കാരം കൊണ്ടു തുടങ്ങുകയെന്നത് ഒരു ശുഭ ലക്ഷണമാണല്ലോ. ഫർള് നിസ്കാരം വീട്ടിൽ വെച്ചു നിസ്കരിക്കുന്നതിനേക്കാൾ പുണ്യം പള്ളിയിൽ വെച്ചാണെന്നു വ്യക്തം. വീട്ടിൽ വെച്ചു നിസ്കരിക്കുന്നതുമൂലം ഉത്തമം നഷ്ടപ്പെടുമെങ്കിലും വീട്ടിൽ വെച്ച് ജമാഅത്ത് നിസ്കാരം നിർവ്വഹിച്ചാലും ജമാഅത്ത് നിസ്കാരത്തിന്റെ പുണ്യം കിട്ടും. 

10.സദ്യ ഒരുക്കണം

ഗൃഹപ്രവേശനത്തിനു സദ്യയൊരുക്കൽ മുൻകാലത്തേ നടന്നു പോരുന്ന ഒരു നല്ല ആചാരമാണ്. ഗൃഹപ്രവേശന സമയത്തു സദ്യയൊരുക്കൽ സുന്നത്താണെന്നു ഇമാം നവവി(റ) വ്യക്തമാക്കിയിട്ടുണ്ട് (ശർഹു മുസ്‌ലിം: 1/458). സദ്യയിൽ ഏറ്റവും നല്ലത് ഭക്ഷണം നൽകലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അടുപ്പിൽ ആദ്യം പാലു കാച്ചലും ഗൃഹ പ്രവേശനത്തിനു പോകുമ്പോൾ മുസ്ഹഫ് കയ്യിൽ പിടിക്കലും സുഭ ലക്ഷണമാണ്. മൗലിദ് പാരായണം നിർവ്വഹിക്കുന്ന പതിവ് പുരാതന കാലം മുതൽക്കേ നിലനിന്നു പോരുന്നതുമാണ്.    

     വീട്ടിൽ വെച്ചുള്ള മൗലിദിന്റെ പുണ്യം ഇമാം ഇബ്നു ഹജർ(റ) തന്റെ *النعمة الكبرى* എന്ന ഗ്രന്ഥത്തിൽ സുദീർഘമായി വിവരിച്ചിട്ടുണ്ട്.

11.വലതുകാൽ മുന്തിക്കണം

വീട്ടിലേക്കു പ്രവേശിക്കുമ്പോൾ വലതു കാൽ മുന്തിക്കണം. വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഇടതു കാൽ വച്ചിറങ്ങണം. ഏതു യാത്രയ്ക്കാണെങ്കിലും ഇടതുകാൽ മുന്തിച്ചു വീട്ടിൽ നിന്നു പുറത്തിറങ്ങലാണ് സുന്നത്ത്. (ഫതാവൽ ഹദീസിയ്യ, പേജ്: 62).


12.ശാപം നിറയുന്ന വീടുകൾ

      മനുഷ്യ രൂപങ്ങളിലും മറ്റു ജീവികളുടെ രൂപങ്ങളിലുമുള്ള പ്രതിമകൾ പല വീടുകളിലും അലങ്കാര വസ്തുവായി ഷോകെയ്സുകളിലും മറ്റും പ്രദർശിപ്പിക്കുന്നതു കാണാം. ഇതു വൻദോഷമാണെന്നു ഗൗരവപൂർവ്വം ഓർക്കണം. അത്തരം വീട്ടിലേക്ക് റഹ് മത്തിലെ മലക്കുകൾ പ്രവേശിക്കുകയില്ല. മരണ സമയമാണ് വീട്ടുകാരാണ് ഇതിന്റെ ദുരന്ത ഫലം കൂടുതൽ അനുഭവിക്കുക. പിശാചിന്റെ സ്വാധീനം നിറഞ്ഞതായിരിക്കും അത്തരം വീടുകൾ.

     കുട്ടികൾക്കു കളിക്കാൻ വേണ്ടി മനുഷ്യ രൂപത്തിലുള്ള പാവക്കുട്ടികൾ വാങ്ങി കൊടുക്കാമെങ്കിലും അവയും അലങ്കാര വസ്തുവായി പ്രദർശിപ്പിക്കരുത്.

🖊️ ദുആ വസ്വിയ്യത്തോടെ

എം.എ.ജലീൽ സഖാഫി പുല്ലാര

           


Post a Comment

0 Comments