പര്‍ദ്ദ: ആഫ്രിക്കയല്ല, ആകാശമാണ്; സ്വാതന്ത്ര്യത്തിന്റെ ആകാശം    ✍🏼പെണ്‍പക്ഷ വായനയുടെ മതകീയതയെ തേടുമ്പോള്‍ വ്യക്തമാവുന്ന ഒരു കാര്യം, ഇസ്ലാം പെണ്ണിന് നല്‍കുന്ന ആദരവിന്റെ അടയാള വാക്യങ്ങളാണ്. ഗൂഗിളില്‍ നോക്കി മതം പഠിച്ചവര്‍ കീബോഡില്‍ കൈവെച്ച് മത വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നതാണ് നമ്മുടെ കാലം നേരിടുന്ന വലിയ വെല്ലുവിളി.


 മറയില്ലാതെ പെണ്ണിന് നടുറോഡില്‍ ഇറങ്ങിയാലെന്താ..? എന്ന് ചോദിക്കുന്ന ഓണ്‍ലൈന്‍ മുഫ്തിമാര്‍ അപ്പണി നിര്‍ത്തി ചേരുന്ന പണിക്ക് പോവുകയാണ് വേണ്ടത്. വിമര്‍ശനങ്ങളില്‍ ഇസ്ലാമിനെ മാത്രം ഉന്നമാക്കുന്നവര്‍ മാപ്പിളപ്പെണ്ണിന്റെ പര്‍ദ്ധക്കുള്ളിലെ ഉള്‍ച്ചൂടിലേക്ക് കാറ്റൂതി തണുപ്പിക്കുന്നതില്‍ അതിശയപ്പെടാനൊന്നുമില്ലെങ്കിലും  ചിലത് പറയാതെ വയ്യ. അതിനാണീ എഴുത്ത്.


 സൂറത്തുന്നൂറിലെ മുപ്പത്തിയൊന്നാം ആയത്തില്‍ ഇങ്ങനെ പറയുന്നുണ്ട്:

'സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തു സൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നിങ്ങള്‍ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മേല്‍ അവര്‍ താഴ്ത്തിയിട്ടു കൊള്ളട്ടെ'

  (ഖുര്‍ആന്‍)


   സ്ത്രീത്വത്തിന് സുരക്ഷയും സമൂഹത്തിന് അച്ചടക്കവും നല്‍കുന്ന വസ്ത്രധാരണ രീതിയാണ് ഈ ഖുര്‍ആനിക വചനം മുന്നോട്ട് വെക്കുന്നത്. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ ഉള്ള സ്ഥാനം വളരെ വലുതാണ്. അവളെ വജ്ര സമാനമായിട്ടാണ് ഇസ്ലാം നോക്കിക്കാണുന്നത്. വജ്രം വളരെ വിലപ്പെട്ടതാണ്. അത് പോലെ സ്ത്രീയും.


 ഇസ്ലാമില്‍ അസ്വാതന്ത്രത്തിന്റെ മതില്‍ക്കെട്ടുകളില്ല. മറിച്ച് സംരക്ഷണത്തിന്റെ ചേര്‍ത്തുപിടിക്കലാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ഓരോ നിര്‍ദേശങ്ങളും. സ്ത്രീ ഹിജാബിനുള്ളില്‍ സുരക്ഷിതയായത് കൊണ്ട് തന്നെ അവളോട് ഹിജാബ് ധരിക്കാന്‍ ഇസ്ലാം കല്പിക്കുന്നു. വസ്ത്രധാരണയില്‍ കാര്‍ക്കശ്യം പാലിക്കുന്നതോടൊപ്പം പുരുഷനെപ്പോലെ സ്ത്രീ പുറത്തിറങ്ങി നടക്കുന്നതില്‍ സ്ത്രീയെ ഇസ്ലാം വിലക്കിയത് അവളുടെ സുരക്ഷിതത്വത്തിന് ഇസ്ലാം വില നല്‍കിയത് കൊണ്ടാണ്.


ആണിറക്കം പോലെയല്ല പെണ്ണിറക്കം. ലൈംഗിക സൂക്ഷ്മത കൂടുതല്‍ പാലിക്കേണ്ടത് പെണ്ണാണ്. കാരണം അവളാണ് പ്രേരകം. വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നതില്‍ വസ്ത്രത്തിനുള്ള പങ്കുപോലെ പ്രധാനപ്പെട്ടതാണ് വ്യക്തിയെ നിയന്ത്രിക്കുന്നതിനുള്ള മതത്തിന്റെ പങ്ക്.


 പെണ്ണ് അണിയേണ്ട ഉടയാടയെക്കുറിച്ച് സൃഷ്ടിപ്പിന്റെ കാരണക്കാരന് നിര്‍ബന്ധമുണ്ടെങ്കില്‍ അതിനെ മാനിക്കുകയാണ് വേണ്ടത്. അല്ലാതെ മേനി നടിച്ച് അതിനെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. അതാണ് ഇസ്ലാം. അവിടം മുതലാണ് ഇസ്ലാം തുടങ്ങുന്നത്...


സ്ത്രീ പുറത്തിറങ്ങിയതിന്റെ പേരില്‍ നടന്ന കുറ്റകൃത്യങ്ങളെ ഒന്നു വിലയിരുത്തിയാല്‍ ഇസ്ലാമിന്റെ വിശാലതയും പക്വമായ അഭിപ്രായങ്ങളെയും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ബ്രായും പാന്റീസും വേഷമാക്കുന്നവരെക്കാളുമെത്രയോ അധികം പര്‍ദ്ധയണിയുന്ന മുസ്ലിം സ്ത്രീയില്‍ കുറ്റവാസനയും പ്രേരണയും കുറവാണെന്നത് ലോക സത്യമാണ്.


 ഖുര്‍ആനില്‍ പലയിടങ്ങളിലും സ്ത്രീയെയും അവളുടെ സുരക്ഷിതത്ത്വത്തെയും സംരക്ഷണത്തെയും  നിരവധി തവണ ചര്‍ച്ച ചെയ്തത്, ഇസ്ലാം അവള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ ചെയ്യുന്നതിനെ ഇസ്ലാം നിരുപാധികം വിലക്കുന്നില്ല. വീടിനു പുറത്തിറങ്ങി തൊഴില്‍ ചെയ്യുമ്പോള്‍ ഇസ്ലാമിന്റെ ചിഹ്നങ്ങളെയും വസ്ത്രധാരണത്തെയും കാത്തു സൂക്ഷിക്കുകയാണെങ്കില്‍ ഇസ്ലാമില്‍ അത് അനുവദനീയമാണ്.


 സ്ത്രീ പുറത്തുപോയി ജോലി ചെയ്യുന്നതിനെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നതിന്റെ യുക്തി, അവളുടെ ശാരീരിക പ്രകൃതം ജോലി ചെയ്യാന്‍ പൂര്‍ണമായി ഇണങ്ങുന്നില്ല എന്നത് കൊണ്ടാണ്. തുടരെ മണിക്കൂറുകള്‍ ജോലി ചെയ്യുമ്പോള്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് ക്ഷീണം അനുഭവപ്പെടുന്നു. അവിടെയും ഇസ്ലാം സ്ത്രീയെ ബഹുമാനിക്കുകയാണ്, സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും ഇസ്ലാമില്‍ സ്ത്രീക്ക് സ്വാതന്ത്ര്യമില്ല, ഇസ്ലാം സ്ത്രീയെ അടിച്ചമര്‍ത്തുകയാണ് എന്ന് എന്തടിസ്ഥാനത്തിലാണ് ഫെമിനിസ്റ്റുകള്‍ വിളിച്ചുപറയുന്നത്..?


 ഇവിടെയാണ് ഓറിയന്റലിസ്റ്റുകളും ഫെമിനിസ്റ്റ് വാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുപറ്റം പുതു സമൂഹവും ചോദ്യങ്ങളുടെ ഭണ്ഡാരക്കെട്ടുകള്‍ തുറക്കുന്നത്. ഹിജാബ് എങ്ങനെയാണ് സ്ത്രീകള്‍ക്ക്  സ്വാതന്ത്ര്യമാവുന്നത്? കറുത്ത വസ്ത്രത്തിനുള്ളില്‍ അവളെ തളച്ചിട്ടിരിക്കുകയല്ലേ? മാത്രമല്ല, അത് ഒരു കള്ള ലക്ഷണമാണ്, ധരിക്കുന്നവര്‍ക്ക് എല്ലാം കാണാം, പിന്നെ, എന്താണതിന്റെ പ്രസക്തി..? ഇങ്ങനെ നീളുന്നു അവരുടെ ചോദ്യനിരകള്‍.


'കത്തുന്ന വേനലില്‍ കറുത്ത പര്‍ദ്ധക്കുള്ളില്‍' എന്ന ഖതീജ മുംതാസിന്റെ പഴയൊരു മാതൃഭൂമി ലേഖനം ഓര്‍മ്മ വരുന്നു. മുംതാസിന്റെ സ്ത്രീ പഥം പംക്തിയില്‍ വന്ന ആ ലേഖനം ഇത്തരത്തിലുള്ള വേണ്ടാസങ്കടങ്ങളെയും ഇല്ലാത്ത വേവലാതികളെയും വാക്കുകളാല്‍ നിര്‍മ്മിച്ചെടുക്കുന്ന ഒരു എഴുത്തായിരുന്നു. വേനലില്‍ പര്‍ദ്ധയിടുന്ന മാപ്പിളപ്പെണ്ണ് നിന്ന് വിയര്‍ക്കുന്നു എന്ന് സങ്കടപ്പെടുന്ന ലേഖിക ശൈത്യത്തില്‍ അവരതിട്ട് നടക്കട്ടെ എന്ന് പറയുന്നുമില്ല. വിമര്‍ശകയുടെ ഉന്നം വരികള്‍ക്കപ്പുറത്തേക്ക് ആലോചനക്കെടുക്കുമ്പോള്‍ എഴുത്തിന്റെ ലക്ഷ്യം താനേ തിരിയും.


  ഇവിടെ എനിക്ക് പറയാനുള്ളത് ഇത്ര മാത്രം. 'ഹിജാബ് ഒരിക്കലും സ്ത്രീസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. മറിച്ച് അവളുടെ അഭിമാനത്തിനും സൗന്ദര്യത്തിനും വില നല്‍കുകയാണ്. ഒരു സുരക്ഷാകവചമാണ്. യുദ്ധത്തില്‍ പട്ടാളക്കാര്‍ ധരിക്കുന്ന സുരക്ഷാ സ്‌കാര്‍ഫ് അവരെ ശത്രുവിന്റെ വെടിയുണ്ടയില്‍ നിന്നും സംരക്ഷിക്കുന്ന പോലെ ഹിജാബ്, കൊത്തിവലിക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്ന് അവള്‍ക്ക് സംരക്ഷണം നല്‍കുകയാണ്. അവളുടെ സൗന്ദര്യത്തെ ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകളില്‍ നിന്നും അവള്‍ക്ക് സുരക്ഷ നല്‍കുകയാണ്. എവിടെയും ധൈര്യപൂര്‍വം സഞ്ചരിക്കാന്‍ സാധിക്കുന്നു. ഇതവള്‍ക്ക് ധൈര്യം നല്‍കുന്നു.


 ഏതൊന്നിനെയും കൂടുതല്‍ തവണ നാം കാണുമ്പോള്‍ അതിന്റെ ആസ്വാദനം നഷ്ടമാകുന്നു. അത് തന്നെയാണ് ഹിജാബിന്റെ കാര്യത്തിലും സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആദ്യം മുതല്‍ക്ക് തന്നെ ഹിജാബ് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അത് കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഹിജാബ് നാട്ടില്‍ സുലഭമായതോടെ ചിലര്‍ക്കതിനോട്  വിരക്തി തോന്നിത്തുടങ്ങി. ഞാന്‍ ഹിജാബ് ആദ്യമായി ധരിച്ചപ്പോള്‍ എനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഏറെയാണ്. സുഹൃത്തുക്കളും കുടുംബക്കാരും ഒരുപോലെ പരിഹസിക്കാന്‍ തുടങ്ങി. അവിടെ പുഞ്ചിരി ആയിരുന്നു എന്റെ ആയുധം. എനിക്ക് ഹിജാബ് തരുന്ന സന്തോഷം അത് എനിക്ക് മാത്രമല്ലേ അറിയൂ.


'നിനക്ക് എല്ലാവരേയും കാണാം, ഞങ്ങള്‍ക്ക് നിന്നെ കാണാന്‍ പാടില്ലല്ലേ..?'  എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ഞാന്‍ അവന് നല്‍കിയ മറുപടി, 'എന്റെ കണ്ണുകളെ എനിക്ക് നിയന്ത്രിക്കാം, പക്ഷേ എന്നിലേക്ക് നോക്കുന്ന അനേകായിരം കണ്ണുകളെ ഞാന്‍ എങ്ങനെ നിയന്ത്രിക്കും' എന്നായിരുന്നു...


  ആദ്യമാദ്യം മനസ്സിന് ചെറിയൊരു വേദന തോന്നിയെങ്കിലും പിന്നിട് ഓരോ പരിഹാസങ്ങളും കുത്തുവാക്കുകളും ഞാന്‍ ആസ്വദിക്കുകയായിരുന്നു. എന്റെ അല്ലാഹുﷻവിന്റെ തൃപ്തിക്ക് വേണ്ടിയാണല്ലോ ഇതെല്ലാം എന്ന് ഓര്‍ക്കുമ്പോള്‍ ഒരാനന്ദമാണ്.


 ചെറിയ കുട്ടികളില്‍ പോലും ഇപ്പോള്‍ ഹിജാബിനെതിരെ ഭയപ്പെടുത്തുന്ന ചിന്താഗതിയാണ്. അവര്‍ കണ്ടു ശീലിച്ച കാര്‍ട്ടൂണുകളിലും, ടെലിവിഷന്‍ ഷോകളിലും മുഖം മൂടിയവര്‍ കൊള്ളക്കാരനോ  പിടിച്ചുപറിക്കാരനോ ആകും. പിന്നീട് ഹിജാബ് ധരിച്ചവരെ കാണുമ്പോള്‍ ആ നിഷ്‌കളങ്ക മനസ്സില്‍ തെളിയുന്നത് അവരുടെ മുഖമാവും. സ്വഭാവികമായും അവര്‍ പേടിക്കുന്നു. ഞാന്‍ ക്ലാസിന് പോകുന്ന ദിവസം എന്റെ ഇത്തയുടെ മകള്‍ എന്നെ കണ്ട് 'കൊള്ളക്കാരി' എന്ന് വിളിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം എനിക്ക് ബോധ്യമാകുന്നത്. മീഡിയകള്‍ അവരില്‍ ചെലുത്തുന്ന സ്വാധീനം ഏറെയാണെന്ന് ഈ സംഭവത്തില്‍ നിന്നും നമുക്ക് മനസിലാക്കാവുന്നതെ ഉളളൂ.


 ഹിജാബ് ധരിക്കുന്നവള്‍ നിരക്ഷരയാണെന്ന വാദം തീര്‍ത്തും വിഢിത്തമാണ്. ഞാന്‍ കണ്ട ഹിജാബ് ധരിച്ച ഒരുപാട് പെണ്‍കുട്ടികള്‍ അതേ വേഷവിധാനത്തോടെ തന്നെ അവരവരുടെ ജോലികളില്‍ തൃപ്തി കണ്ടെത്തുന്നുണ്ട്. വസ്ത്രം എന്നത് തീര്‍ത്തും ധരിക്കുന്നവരുടെ തൃപ്തിയിലേക്ക്. ഉദ്ദേശം മാറിയാല്‍ യാതൊരു വിധ പ്രശ്‌നവുമില്ല. അങ്ങനെയല്ലാതാകുമ്പോഴാണ് സമൂഹത്തില്‍ പല ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നതും അതിനെല്ലാം ഉത്തരം നല്‍കേണ്ടി വരുന്നതും.


 ഹിജാബിനെ വിശദീകരിക്കുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്നുണ്ട് 'അതില്‍ നിങ്ങള്‍ക്ക് സുരക്ഷയുണ്ട് ' എന്ന്. അതെ, ഹിജാബ് ഒരിക്കലും അവളുടെ ചിന്തകളെയും ആശയങ്ങളെയും കെട്ടിയിടുന്നില്ല. മറിച്ച് ഭയമേതുമില്ലാതെ സമൂഹത്തിന്റെ മുമ്പില്‍ നില്‍ക്കാനുള്ള കരുത്ത് നല്‍കുകയാണ്. അവള്‍ ഹിജാബില്‍ കൂടുതല്‍ കംഫര്‍ട്ട് ആകുകയാണ്. തെറ്റിലേക്ക് പോകുന്നതിനെ സ്വയം തടയുന്നതോടൊപ്പം മറ്റുള്ളവരെ അതിലേക്ക് എത്തിക്കുന്നതിനെയും തടയുന്നു. തന്റേതായ ലോകത്ത് അവള്‍ സ്വതന്ത്രയാണ്. ഇസ്ലാം ഒരിക്കലും ഒന്നും അടിച്ചേല്പിക്കുന്നില്ല.


 ഞാന്‍ ഹിജാബ് ധരിച്ചതും ധരിക്കുന്നതും എന്റെ സ്വയമിഷ്ടപ്രകാരമാണ്. അവിടെ ആരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ല. ഞാന്‍ ഹിജാബില്‍ പൂര്‍ണ സന്തോഷവതിയാണ്. അത് ഒരാളുടെ വ്യക്തിത്വത്തെ വളരെയധികം സ്വാധീനിക്കുന്നു.


 പിഞ്ചു കുഞ്ഞുങ്ങളെ പോലും കാമ കണ്ണുകളാല്‍ നോക്കി കാണുന്ന ഈ സമൂഹത്തില്‍ സ്ത്രീക്ക് എന്ത് സുരക്ഷയാണ് വാഗ്ദാനം ചെയ്യാന്‍ കഴിയുക?! 

ഹിജാബിനുള്ളില്‍ അവള്‍ പൂര്‍ണ്ണ സുരക്ഷിതയാണ്. നല്ലതിനെ പലപ്പോഴും പലര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. പക്ഷെ, അത് തെറ്റാണെന്ന് പറയുകയുമരുത്.


 പര്‍ദ്ധ കേരളീയ വസ്ത്രമല്ല എന്ന് പര്‍ദ്ധക്കെതിര് പറയുന്നവര്‍, കേരളത്തിന് പൊതുവായും തനതായും ഒരു വസ്ത്രരീതി ഉണ്ടോ എന്നുകൂടി പറയണം. മലയാളത്തനിമ അവകാശപ്പെടുന്ന പെണ്‍ വസ്ത്രങ്ങളുടെ ആദ്യ മാതൃക മൂഷികവംശജരിലാണ് കാണാനാവുക. പത്തൊമ്പതാം നൂറ്റാണ്ടിനു മുന്‍പ് സാരി വിപണി കീഴടക്കുന്നതിനു മുന്‍പേ തന്നെ പര്‍ദ്ധ വിപണിയിലെത്തിയിരുന്നു എന്നതാണ് വസ്തുത.


 ചുരുക്കത്തില്‍, കുറേ കാണിക്കുന്നതല്ല, പലതും കാണിക്കാതിരിക്കുന്നതാണ് പെണ്ണഴക്. വഴികേടിന്റെ വാതിലുകളില്‍ നിന്ന് മാറി നടക്കാനും, ഉടലുകൊതിക്കുന്ന പൗരുഷങ്ങളില്‍ നിന്ന് സ്വയം രക്ഷ നേടാനും മാപ്പിളപ്പെണ്ണിന് പര്‍ദ്ധതന്നെയാണുചിതം.


_✍🏼ഫാത്തിമ ശബാന ചെറുമുക്ക്_

Post a Comment

0 Comments