പെണ്ണ് കാണൽ

      വിവാഹത്തിനു തയ്യാറാവുകയും അനുയോജ്യരായ ഇണകളെ കുറിച്ച് ബാഹ്യപഠനം പൂര്‍ത്തിയാവുകയും ചെയ്താല്‍ അടുത്ത നടപടി നിയുക്തവധുവിനെ കാണലാണ്.  


 പെണ്ണ് കാണല്‍ ഇന്നൊരു ജീര്‍ണ്ണ സംസ്കാരമായി മാറിയിട്ടുണ്ട്.  അന്യസ്ത്രീയെ കാണാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ ഇസ്ലാം അനുവദിച്ചിട്ടുള്ളൂ. ഫര്‍ളു ഐനായ കാര്യങ്ങള്‍ പഠിപ്പിക്കുക, പിന്നെ സാക്ഷി, ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് അന്യസ്ത്രീയെ കാണാന്‍ അനുവദിച്ചത്.


 സ്ത്രീ പൂര്‍ണ്ണമായും ഔറത്താണ്. അവള്‍ മറയില്‍ തന്നെ കഴിയണം.  അര്‍ദ്ധ നഗ്നകളും പൂര്‍ണ്ണനഗ്നകളുമായി പുറത്തിറങ്ങി നടക്കുന്നതും പുരുഷന്റെ ദുര്‍ബല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന വേഷാലങ്കാരങ്ങളണിയുന്നതുമൊക്കെ ആത്യന്തികമായി സ്ത്രീകള്‍ക്കു തന്നെയാണ് അപകടം വരുത്തുക. സ്ത്രീത്വത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താനും രാജ്യത്ത് അരാജകത്വമുണ്ടാക്കാനും മാത്രമേ ഈ അഴിഞ്ഞാട്ടം സഹായിക്കുകയുള്ളൂ.


 സ്ത്രീപീഢനത്തിന്റെ ഒരായിരം കഥകള്‍ വികാരഭരിതമായി പറയുന്നവര്‍ അടിസ്ഥാനപരമായി ഈ പീഢന പരമ്പരകള്‍ക്ക് സാഹചര്യമൊരുക്കുന്നത് സ്ത്രീകള്‍ തന്നെയാണെന്നോര്‍ക്കണം.  വനിതാ വിമോചന പ്രസ്ഥാനങ്ങളും മതനിരാസ ചിന്തകളും ഈ പീഢനപരമ്പരകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല.


 വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീ എല്ലാ അര്‍ത്ഥത്തിലും അന്യസ്ത്രീ തന്നെയാണ്. അവളുടെ സൗന്ദര്യവും ശാരീരിക സ്ഥിതിയും വിവാഹരംഗത്ത് പരിഗണിക്കാതെ പറ്റില്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്വപ്നവും സൗന്ദര്യബോധവുമുണ്ടാകും. സ്ത്രീയും പുരുഷനും പരസ്പരം കാണുന്നതോടെ ഇരുവരുടേയും കാഴ്ചപ്പാട് വിലയിരുത്താന്‍ അവസരമായി...


 വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയെ കാണുക പുരുഷനു സുന്നത്താണ്.  ഹള്റത്ത് മുഈറത്തുബിന്‍ ശുഅബ:(റ) വിവാഹത്തിനൊരുങ്ങിയപ്പോള്‍ തിരുനബി ﷺ പറഞ്ഞു: "നീ പോയി പെണ്ണിനെ കാണുക. നിങ്ങള്‍ക്കിടയിലെ ബന്ധം നിലനില്‍ക്കാന്‍ ഏറ്റവും ഉത്തമമാണത്."

  (തിര്‍മുദി) 


 ഇമാം അഹ്ദ് ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു: തിരുനബി ﷺ പറഞ്ഞു: "നിങ്ങള്‍ വിവാഹാന്വേഷണം നടത്തുന്നുവെങ്കില്‍ വരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയെ കാണുന്നതിന് വിരോധമില്ല. വിവാഹം ചെയ്യാനാണെങ്കില്‍ അവളത് അറിഞ്ഞില്ലെങ്കിലും പ്രശ്നമില്ല."

  (അഹ്മദ്)


 സ്ത്രീയുടെ മുഖവും മുന്‍കയ്യുമാണ് കാണാന്‍ അനുവദിച്ചത്. മുഖദര്‍ശനത്തിലൂടെ അവളുടെ സൗന്ദര്യത്തെയും മുന്‍കൈ ദര്‍ശനത്തിലൂടെ സ്വഭാവസ്ഥിതി, ശാരീരിക അവസ്ഥ എന്നിവയെ കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും.  ശരീരത്തിന്റെ മറ്റുഭാഗങ്ങള്‍ കാണാന്‍ അനുവദിച്ചിട്ടില്ല. കാല്‍പാദങ്ങള്‍ കാണാമെന്നു ഇമാം അഹ്മദ്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.


 വിവാഹിതനാകാനുദ്ദേശിക്കുന്ന പുരുഷനുമാത്രമാണ് ഇങ്ങനെ പെണ്ണ് കാണല്‍ അനുവദിച്ചിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Post a Comment

0 Comments