മുൻകോപിയായ ഭർത്താവ്       

✍🏼സമ്പന്നയായ ഒരു സ്ത്രീ ഒരു ഗുരുവിനടുത്തുപോയി എന്നിട്ട് പറഞ്ഞു: “എനിക്ക് അങ്ങ് ഒരു ഏലസ്സ് ഉണ്ടാക്കിത്തരണം, അത് ഞാൻ കൈയിൽ വെയ്ക്കുകയോ വീട്ടിൽ വെയ്ക്കുകയോ ചെയ്താൽ ഞാൻ പറയുന്നതെല്ലാം എന്റെ ഭർത്താവ് അനുസരിക്കുമാറാകണം...

 എന്നെ വളരെയധികം ഇഷ്ടപ്പെടുകയും,സ്നേഹിക്കുകയും വേണം. എന്റെ ഭർത്താവിന് എന്നോട് തീരെ സ്നേഹമില്ല, മുൻ കോപിയും, വാശിക്കാരനുമാണ്..."

 ഗുരു ദീർഘവീക്ഷണമുള്ള ഒരു മഹാനായിരുന്നു.ഗുരു പറഞ്ഞു: “ഇങ്ങനെ ഒന്ന് ഉണ്ടാക്കണമെങ്കിൽ പ്രധാനമായും വേണ്ടത് സിംഹത്തിന്റെ കഴുത്തിലുള്ള രോമങ്ങളാണ്... കൂടാതെ, ആ രോമങ്ങൾ നിങ്ങൾ സ്വന്തം എങ്ങിനെയെങ്കിലുമായി ഏതെങ്കിലും സിംഹത്തിന്റെ കഴുത്തിൽ നിന്നും പിഴുതെടുക്കണം. എങ്കിൽ മാത്രമേ ഞാൻ ഉണ്ടാക്കി നൽകുന്ന ഏലസ്സ് കൊണ്ട് ഗുണം ലഭിക്കുകയുള്ളൂ...”

ആ സ്ത്രീ ഏറെ വിഷമത്തോടെ തിരിച്ച് വന്നു.അവർ അവരുടെ കൂട്ടുകാരികളോട് കാര്യം പറഞ്ഞു...

ഒരു കൂട്ടുകാരി പറഞ്ഞു: “ഈ കാര്യം ബുദ്ധിമുട്ടാണ്. എങ്കിലും സാധിക്കാത്തതൊന്നുമല്ല... നീ ഒരു കാര്യം ചെയ്യ്, എല്ലാ ദിവസവും അഞ്ച് കിലോ ഇറച്ചിയുമായി കാട്ടിൽ പോകുക. സിംഹം വരുന്ന വഴിയിൽ ആ ഇറച്ചിയിട്ട് നീ ഒളിഞ്ഞിരിക്കുക...

പിന്നീട് ഓരോ ദിവസം കഴിയുന്തോറും സിംഹത്തിനു മുന്നിൽ അടുത്തടുത്ത് തന്നെ ഇറച്ചിയിട്ട് കൊടുക്കുക. സിംഹം അപ്പോൾ നിന്നെ ഒന്നും ചെയ്യില്ല,നിന്നോട് സ്നേഹം കാണിക്കുകയും ചെയ്യും...പിന്നീട് സിംഹം നിന്നോട് അടുത്ത് കഴിഞ്ഞാൽ വാൽസല്യത്തോടെ നീ സിംഹത്തിന്റെ കഴുത്തിൽ താലോടി പതുക്കെ രോമങ്ങൾ പിഴുതെടുക്കുക...”ആ സ്ത്രീക്ക് കൂട്ടുകാരിയുടെ വാക്കുകൾ ഇഷ്ടപ്പെട്ടു...

 പിറ്റേദിവസം തന്നെ ഇറച്ചി വാങ്ങിച്ച് കാട്ടിലേക്ക് പോയി. ഇറച്ചിയിട്ട് ഒളിഞ്ഞിരുന്നു. സിംഹം വന്നു ഇറച്ചി തിന്നു തിരിച്ചു പോയി.

 ആ സ്ത്രീ ഒരു മാസം വരെ ഇത് തുടർന്നു...ഒരു മാസത്തിനു ശേഷം സിംഹത്തിനു മുന്നിൽ പോയി ഇറച്ചിയിട്ട് കൊടുക്കാൻ ആരംഭിച്ചു‌.

 സ്ത്രീ ചിന്തിച്ചു, സിംഹം മനസ്സിലാക്കട്ടെ ആരാണ് തനിക്ക് ദിവസവും ഇറച്ചി നൽകുന്നതെന്ന്...

പിന്നീട്  സിംഹവും സ്ത്രീയോട് അടുപ്പം കാണിക്കാൻ തുടങ്ങി.

 സ്ത്രീയും ധൈര്യത്തോടെ സിംഹത്തിന്റെ കഴുത്തിൽ താലോടിക്കൊണ്ടിരുന്നു.

 ഒരു ദിവസം സന്ദർഭം നോക്കി സ്ത്രീ സിംഹത്തിന്റെ കഴുത്ത് താലോടുന്നതിനിടയിൽ കുറച്ചു രോമങ്ങൾ പിഴുതെടുത്തു. സന്തോഷത്തോടെ ഗുരുവിനടുത്ത് ചെന്നു പറഞ്ഞു...

 “ഇതാ ഗുരോ... ഞാൻ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്ത് കൊണ്ട് വന്നിരിക്കുന്നു. ഇനി അങ്ങ് ഏലസ്സ് ഉണ്ടാക്കാൻ ആരംഭിച്ചാലും...”

ഗുരു ചോദിച്ചു: “എങ്ങിനെയാണ് നിങ്ങൾക്ക് ഈ രോമങ്ങൾ ലഭിച്ചത്..?” സ്ത്രീ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു...

ഗുരു പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു : “നിങ്ങളുടെ ഭർത്താവ് ഈ സിംഹത്തേക്കാൾ ക്രൂരനാണോ..? ഏറ്റവും ക്രൂരനായ മൃഗമായ സിംഹം നിങ്ങൾ കുറച്ചു നാൾ പരിചരിച്ചപ്പോൾ നിങ്ങളോട് സ്നേഹവും അനുസരണയും കാണിച്ചു എങ്കിൽ, നിനക്ക് ആ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്തപ്പോൾ പോലും നിങ്ങളെ ഒന്നും ചെയ്തില്ലായെങ്കിൽ പിന്നെ നിങ്ങളുടെ ഭർത്താവിന്റെ മനസ്സാണോ അലിയാത്തത്..!!”

 “ക്രൂരനായ കാട്ട് രാജാവ് സിംഹത്തിനെ പരിപാലിച്ച് ശ്രദ്ധിച്ചപ്പോൾ അവൻ നിങ്ങൾക്ക് വഴങ്ങി എങ്കിൽ പിന്നെ സാധാരണക്കാരനായ നിങ്ങളുടെ ഭർത്താവും നിങ്ങളെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യും...”

 “എന്നാൽ ഓർക്കുക, നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ പരിചരിക്കുന്നതും സ്നേഹിക്കുന്നതുമെല്ലാം സൃഷ്ടാവിൽ നിന്നുള്ള തൃപ്തി അഗ്രഹിച്ചു കൊണ്ട് മാത്രമായിരിക്കണം. പിന്നീട് നിങ്ങൾ നോക്കിക്കൊള്ളുക സൃഷ്ടാവ് എങ്ങിനെയാണ് നിങ്ങളുടെ വീട്ടിലും ജീവിതത്തിലും സന്തോഷവും സമാധാനവും നൽകുന്നതെന്ന്...”


【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം. പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക】

Post a Comment

0 Comments