ഹിജാമ(കൊമ്പുവെക്കൽ)ചികിത്സാരീതിയും ചരിത്രവും_✍🏼 ഡോ: യു കെ എം ശരീഫ്‌ (markaz unani hospital karanthoor calicut)_


       ✍🏼ശരീരത്തിൽ നിന്ന് ചർമ്മത്തിലൂടെ രക്തം പുറത്തുകളയുന്ന പുരാതന ചികിത്സാരീതിയാണ് ഹിജാമ അഥവാ കൊമ്പ് ചികിത്സ...


 ഹോര്‍ണിംഗ്, സക്കിംഗ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്‌മെന്റ്, സുസിറ്റന് ട്യൂബ് ട്രീറ്റ്‌മെന്റ് തുടങ്ങിയ പേരുകളിലാണ് ഹിജാമ അറിയപ്പെടുന്നത്. പുരാതന കാലഘട്ടത്തിൽ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തിൽ കപ്പിംഗിന് പ്രധാന സ്ഥാനമുണ്ടായിരുന്നു. പുരാതന ഈജിപ്ഷ്യൻ ലിഖിതങ്ങളിലും ഹിപ്പോക്രാറ്റസിന്റെ രചനകളിലും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്...


 നൈൽ നദീ തീരത്തെ നിവാസികളാണ് കപ്പിംഗ് ചികിത്സാരീതി വ്യവസ്ഥാപിതമായി തുടങ്ങിയതെന്ന് കാണാം. ഈജിപ്തുകാർക്ക് ശേഷം ഗ്രീക്കുകാരും റോമാക്കാരും പിന്തുടരുകയും പിന്നീട് മധ്യകാലഘട്ടത്തിലാകെ വൻ പ്രചാരം നേടുകയും ചെയ്തു. കപ്പിംഗ് ചികിത്സ അതിന്റെ പാരമ്യത്തിലെത്തിയത് 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്. ഈ ചികിത്സാ രീതി യൂറോപ്പിലാകെ ഗ്രാമീണ വൈദ്യന്മാർ പിന്തുടരുകയും ചെലവ് കുറവായതിനാൽ സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ ചികിത്സ ലഭിക്കാൻ ഇടവരുകയും ചെയ്തു.


 18,19 നൂറ്റാണ്ടുകളിൽ യൂറോപ്പിലും അമേരിക്കയിലും വളരെയധികം പ്രചരിച്ചിരുന്നു. 1860 വരെ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് അമേരിക്കയിലേയും യൂറോപ്പിലെയും വൈദ്യശാസ്ത്രജ്ഞന്മാർ വെറ്റ്കപ്പിംഗ് രീതി അവലംബിച്ചിരുന്നു. കപ്പിംഗിന്റെ വളർച്ചയിൽ ഇസ്‌ലാമിക സമൂഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. മധ്യകാല വൈദ്യശാസ്ത്ര വിജ്ഞാന കോശങ്ങളിൽ ഇതേക്കുറിച്ചും ഫിലബോട്ടമി, കോട്ടറൈസേഷൻ എന്നിവയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.


 ഇബ്‌നു സീന(റ), അൽ സഹ്‌റാവി(റ), അൽ റാസി(റ), ഇബ്‌നു ഖൗഫ്(റ), ഇബ്‌നു ഖയ്യിം(റ) എന്നിവർ ഈ മേഖലയിൽ വലിയ സംഭാവന നൽകിയ പണ്ഡിതരാണ്. കൊമ്പ് വെക്കുന്ന ഭാഗങ്ങൾ രോഗത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ശരീരത്തിന്റെ പുറം ഭാഗം, കഴുത്ത്, ചെവികൾക്ക് പിറകിൽ, നട്ടെല്ലിന്റെ താഴ്ഭാഗം എന്നിവ പ്രധാന സ്ഥലങ്ങളാണ്. ശരീര ഭാഗങ്ങളിൽ കൊമ്പ് വെക്കുന്നത് ചില പ്രത്യേക ബിന്ദുക്കളിലാണ്. ഇത് രണ്ട് രീതിയിലാണ്. രോഗ ബാധിതമായ അവയവങ്ങൾക്ക് മുകളില്, അവയവത്തിന് വിദൂരമായ മറ്റു ബിന്ദുക്കളിൽ. ആവശ്യമെങ്കില് ഇവ രണ്ടും ഒരുമിച്ച് ചെയ്യാവുന്നതാണ്...


 കൊമ്പ് വെക്കൽ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വർദ്ധിപ്പിക്കുക, കോശങ്ങളിലെ അസിഡിറ്റി കുറക്കുക, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുക തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. വ്രണങ്ങളിൽ നിന്ന് രക്തവും പഴുപ്പും വലിച്ചെടുക്കുന്നതിനും, പാമ്പുകടിയേറ്റ ഭാഗത്ത് നിന്ന് രക്തവും വിഷാംശവും വലിച്ചെടുക്കുന്നതിനും ഹിജാമ ഉപയോഗിച്ചിരുന്നു.


 കൊമ്പുവെക്കൽ ചികിത്സാ രീതി നബിﷺയുടെ കാലത്തിന് മുമ്പ് തന്നെ അറബികൾക്കിടയിൽ നിലവിലുണ്ടായിരുന്നു. നബി ﷺ സ്വയം അത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നെന്ന് ചരിത്രത്തിൽ കാണാം. ആദ്യ കാലത്ത് ഹിജാമ ചെയ്തിരുന്നത്, കത്തി ഉപയോഗിച്ച് ചെറിയ മുറിവുണ്ടാക്കി മൃഗങ്ങളുടെ പൊള്ളയായ കൊമ്പ് വെച്ച് രക്തം വലിച്ചെടുത്തായിരുന്നു. ഇന്ന് കൊമ്പിന് പകരം വാക്വം കപ്പുകളാണ് ഉപയോഗിക്കുന്നത്. രക്തം വലിച്ചെടുക്കാതെ കപ്പുകളിലെ മർദ്ദം ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയും നിലവിലുണ്ട്...


 പ്രവാചക വൈദ്യം ഇന്ന് നിലനിൽക്കുന്നത് യൂനാനി വൈദ്യശാസ്ത്രത്തിലൂടെയാണ് എന്നതിനാൽ യൂനാനി ചികിത്സാ രംഗം ശക്തമായി പ്രചരിക്കുന്നതോടൊപ്പം ഹിജാമയും ജനകീയമായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വർഷത്തിലധികമായി മർകസ് യൂനാനി ഹോസ്പിറ്റലിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഹിജാമ നടന്നുവരുന്ന.


📍എന്താണ് ഹിജാമ തെറാപ്പി..?


   അറബികൾക്കിടയിൽ പൗരാണിക കാലം മുതൽ നിലനിന്നിരുന്ന ചികിത്സാ രീതിയാണ് ഹിജാമ.  ഇന്ന് ഗൾഫ്‌ രാജ്യങ്ങൾക്ക് പുറമെ അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ ബദൽ ചികിത്സാരീതി എന്ന നിലയിൽ ഹിജാമ തെറാപ്പി പ്രചരിച്ചു കൊണ്ടിരിക്കുന്നു. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽ നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സക്കാണ് ഹിജാമ തെറാപ്പി എന്ന് പറയുന്നത്. വളരെ പ്രാചീന കാലം മുതൽ തന്നെ ഈ ചികിത്സാ രീതി നിലനിന്നിരുന്നതായി ചരിത്രം പറയുന്നു...


 മുത്ത് നബി ﷺ പ്രോത്സാഹനം നൽകിയ ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തിൽ രക്ത സഞ്ചാരമില്ലാത്തതാണ് 70 ശതമാനം രോഗങ്ങളുടെയും കാരണമെന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. പുതിയ ജീവിത ശൈലിയിലൂടെയും, ഭക്ഷണ രീതികളിലൂടെയും, മരുന്നുകളിലൂടെയും, രക്തധമനികളിൽ വന്നടിഞ്ഞിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും പുതിയ രക്തം കൊണ്ടുവരാനും ഹിജാമ തെറാപ്പി സഹായകമാണ്. യൂനാനി വൈദ്യ ചികിത്സയുടെ ഒരു ഭാഗമായാണ് ഇപ്പോൾ ഹിജാമ തെറാപ്പി വികസിച്ചു വരുന്നത്.


 മുത്ത് നബി ﷺ ഹിജാമ ചെയ്യാൻ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് (ﷺ) അരുളി: ''നിങ്ങൾക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സ.'' 

  (ബുഖാരി 5371)


 ഹിജാമ ചികിത്സയിൽ നിങ്ങൾക്ക് രോഗ ശമനമുണ്ടെന്നും അവിടുന്ന് (ﷺ) പറഞ്ഞു. രോഗം അതിന്റെ വിപരീതം കൊണ്ടാണ് ചികിത്സിക്കേണ്ടതെന്ന  ഇമാം ഗസ്സാലി(റ)വിന്റെ നിരീക്ഷണം ഹിജാമയെ സംബന്ധിച്ചേടത്തോളം പ്രസക്തമാണ്. രക്തമാണ് എല്ലാ രോഗങ്ങളുടെയും മുഖ്യ ഹേതു. രോഗഹേതുകമായ ദുഷിച്ച രക്തത്തെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുകയാണ് രോഗം അതിന്റെ വിപരീതം കൊണ്ട് ചികിത്സിക്കുക എന്നതിന്റെ വിവക്ഷ...


 നബി ﷺ പറഞ്ഞു: ''മൂന്ന് തരത്തിലൂടെയാണ് ചികിത്സ. ഹിജാമ, തേൻ കഴിക്കൽ, തീ കൊണ്ട് ചാപ്പ കുത്തൽ എന്നിവയാണത്...  എന്നാൽ തീ കൊണ്ട് ചികിത്സിക്കുന്നത് ഞാൻ എന്റെ സമുദായത്തിന് നിരോധിച്ചിരിക്കുന്നു.''

നബി ﷺ തന്നെയും ഹിജാമ ചികിത്സക്ക് വിധേയമായിരുന്നതായി പ്രബലമായ ഹദീസുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.


📍ഹിജാമ തെറാപ്പി എങ്ങനെ..?


   വലിച്ചെടുക്കുക എന്ന അർത്ഥം വരുന്ന ഹജ്മ് എന്ന വാക്കിൽ നിന്നുള്ളതാണ് ഹിജാമ എന്ന അറബി പദം. മുൻ കാലങ്ങളിൽ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകൾ ഉണ്ടാക്കി അവിടെ മൃഗങ്ങളുടെ കൊമ്പുകൾ അമർത്തിവെച്ച് രക്തം വലിച്ചെടുത്തായിരുന്നു ഹിജാമ ചികിത്സ ചെയ്തിരുന്നത്. അങ്ങനെയാണ് ഇതിന് കൊമ്പ് ചികിത്സ എന്നുംപേര് വന്നത്...


 അട്ടകളെ ഉപയോഗിച്ച് ശരീരത്തിലെ വ്രണങ്ങളിൽ നിന്ന് രക്തം ഊറ്റി വലിച്ചെടുക്കുന്ന രീതി ആയുർവേദത്തിൽ ഇപ്പോഴും പ്രചാരത്തിലുണ്ട്. ചെറിയ കപ്പുകൾ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയിൽ രക്തം ശരീരത്തിൽ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്വം മെഷീൻ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റിൽ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നൽകുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്വം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളിൽ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്...


 കഴുത്ത് വേദന, മുട്ട് വേദന, സന്ധികളിൽ വേദന തുടങ്ങിയ രോഗങ്ങൾക്ക് ആന്റിബയോട്ടിക്ക് കണക്കെ ആശ്വാസം തരുന്നതാണ് ഹിജാമ തെറാപ്പി. ശരീരത്തിൽ കട്ട പിടിച്ചു കിടക്കുന്ന രക്തം ഒഴിവാക്കിയാൽ തന്നെ ശരീരത്തിനും മനസ്സിനുമുണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കുക സാധ്യമല്ല. വിദഗ്ധനായ ഒരു ഹിജാമ തെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ ഓരോ രോഗത്തിനും ശരീരത്തിലെ വ്യത്യസ്ത പോയിന്റുകളിൽ നിന്നാണ് രക്തം വലിച്ചെടുക്കേണ്ടത്. പുറം വേദന, സന്ധി വേദന, വിഷാദം, മാനസിക സംഘർഷം, മൈഗ്രെയ്ൻ, കഴുത്ത് വേദന, വിവിധ തരം ചർമ്മ രോഗങ്ങൾ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളായ പ്രഷർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ് എന്നിവക്കും, വിട്ടുമാറാത്ത തലവേദന, അലർജി, മറവി, സോറിയാസിസ്, വെരിക്കോസിസ് എന്നിവക്കും ഹിജാമ ഏറെ ഫലപ്രദമാണ്... 


 ജീവിത ശൈലീ രോഗങ്ങൾ കൊണ്ട് പൊറുതി മുട്ടിയ നമുക്ക് ഒരുബദൽ ചികിത്സാ രീതി എന്ന നിലയിൽ ഹിജാമ തെറാപ്പി പരീക്ഷിച്ച് നോക്കാം. ആരോഗ്യ പരിരക്ഷയിൽ അതൊരു നല്ല ചുവടുവെപ്പായിരിക്കും. 


 അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി ﷺ അരുളി: "നിങ്ങൾ ചികിത്സിക്കുന്നവയിൽ ഏതിലെങ്കിലും വല്ല ഗുണവുമുണ്ടെങ്കിൽ അത് ഹിജാമ ചെയ്യുന്നതിലാണ് " 

  (അബൂ ദാവൂദ് 10/ 346)


 മുത്ത് നബി ﷺ പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു:  "ഹിജാമ ചെയ്യുന്നവൻ എത്ര നല്ല മനുഷ്യനാണ്, അവൻ അശുദ്ധ രക്തം കളയുന്നു, നട്ടെല്ലിനു ആശ്വാസം നൽകുന്നു, കണ്ണിനു തെളിച്ചമുണ്ടാക്കുന്നു" 


 ഇബ്നു അബ്ബാസ് (റ) പറയുന്നു: മുത്ത്‌ നബിﷺയെ ആകാശാരോഹണം ചെയ്യിക്കപ്പെട്ടപ്പോൾ മലക്കുകളുടെ ഓരോ സംഘത്തിനടുത്തു കൂടി കടന്നു പോകുമ്പോഴും അവർ പറയുമായിരുന്നു 'അങ്ങ് ഹിജാമ ചെയ്യുന്നത് കണിശമാക്കുക' 

  (തിർമിദി 7 / 376)


 അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി ﷺ അരുളി: "ചന്ദ്ര മാസത്തിലെ 17, 19, 21 എന്നീ ദിവസങ്ങളിൽ ആരെങ്കിലും ഹിജാമ ചെയ്‌താൽ അത് സകല രോഗങ്ങൾക്കും ശമനമാകുന്നതാണ്." 

  (അബൂ ദാവൂദ്, 102 / 532)


*NB:* കേരളത്തിൽ മർകസ് യൂനാനി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ഹിജാമ ചികിൽസ നടത്തുന്നു...


Post a Comment

0 Comments