സ്വയംഭോഗം : ഇസ്‌ലാമിക വീക്ഷണം

 


സ്വയം ഭോഗം ചെയ്യുന്നത് ഇസ്ലാമില്‍ ഹറാമാണോ ഹലാലാണോ എന്ന ചോദ്യം അനവധി പ്രാവശ്യം നേരിട്ടിട്ടുണ്ട്. എനിക്ക് ഈ വിഷയത്തിൽ എന്നല്ല ഒരു ഇസ്‌ലാമിക വിഷയത്തിലും ഫത്‌വ നൽകാൻ യോഗ്യതയില്ല. ഞാൻ ഒരു പണ്ഡിതനല്ല. എന്നാൽ ഒരു ഗ്രന്ഥപ്പുഴു ആയതിനാലും എത്തിക്സ് പ്രിയപ്പെട്ടത് ആയതിനാലും ഇത്തരം വിഷയങ്ങളെ കുറിച്ചു എഴുതപ്പെട്ട വിവിധ പണ്ഡിത വീക്ഷണങ്ങൾ വിശദമായി വായിക്കാറുണ്ട്, നിഷ്പക്ഷമായി എഴുതാറുമുണ്ട്. അതിലൂടെ മറ്റുള്ളവരുടെ അന്വേഷണ ത്വരയെ സഹായിക്കാൻ പറ്റും എന്നു കരുതുന്നു. ഇവിടെ സ്വയം ഭോഗത്തെ കുറിച്ചുള്ള വ്യത്യസ്ത ഇസ്‌ലാമിക വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. വായനക്കാർക്ക് കൂടുതൽ അന്വേഷിച്ചു പഠിക്കാം.


സ്വയം ഭോഗത്തെ കുറിച്ച് മൂന്നു വീക്ഷണമാണ് സ്വഹാബത്തിനും താബിഉകള്‍ക്കും ഇമാമുകള്‍ക്കും പണ്ഡിതര്‍ക്കും ഇടയില്‍ ഉള്ളത്. ഒന്നാമത്തെ  വീക്ഷണം അത് തനി ഹറാം എന്നാണ്.  ഇങ്ങനെ പറയുന്നവര്‍ക്ക് ഉള്ള തെളിവ് വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തി മൂന്നാം അധ്യായം  അഞ്ചു, ആറു, ഏഴു വചനങ്ങള്‍ ആണ്.  ആ വചനങ്ങളില്‍ അല്ലാഹു പറയുന്നത് വിശ്വാസികള്‍ സ്വന്തം ഭാര്യമാരുമായും ഭാര്യമാരെ പോലുള്ള അടിമ സ്ത്രീകളുമായും മാത്രമേ ലൈംഗീക ബന്ധം പുലര്‍ത്തൂ, അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹാരല്ല, എന്നാല്‍ അതിനപ്പുറം അവര്‍ ആഗ്രഹിച്ചാല്‍ അവര്‍ അക്രമികളാണ് എന്നാണ്. സ്വയം ഭോഗം ചെയ്യല്‍ അതിനപ്പുറമുള്ള കാര്യത്തില്‍ പെടും, അതു കൊണ്ട് അത് ഹറാമാണ് എന്ന് അതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. മറ്റൊരു തെളിവ് കയ്യിനെ നിക്കാഹ് ചെയ്തവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് നബിയിലേക്ക് ചേര്‍ത്തി പറയുന്ന ഹദീസ് ആണ്. ലൈംഗീക ബന്ധം പുലര്‍ത്താന്‍ കഴിയാത്തവര്‍ നോമ്പ് എടുക്കണമെന്ന നബിയുടെ നിര്‍ദേശവും അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നത് സങ്കല്‍പ്പിച്ചു കൊണ്ട് സ്വയം ഭോഗം ചെയ്യല്‍ മനസ് കൊണ്ട് ചെയ്യുന്ന വ്യഭിചാരമാണ് എന്നും സ്വയം ഭോഗത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.   

സ്വയം ഭോഗം ഇസ്‌ലാമിൽ തികച്ചും അനുവദനീയമാണ് എന്നതാണ് രണ്ടാമത്തെ വീക്ഷണം. ഹറാമെന്ന് പറയുന്നവര്‍   ഉദ്ധരിക്കുന്ന ഖുര്‍ആന്‍ വചനത്തില്‍ സ്വയം ഭോഗം ഹറാമെന്ന് പറയാന്‍ ഒരു തെളിവുമില്ലെന്നും അവിടെ  "അതിനപ്പുറം"  എന്നതിന്‍റെ വിവക്ഷ ഇസ്ലാം വിരോധിച്ച  വ്യഭിചാരം, സ്വവര്‍ഗ ഭോഗം, മൃഗ ഭോഗം  എന്നിവ ആണെന്നും സ്വയം ഭോഗം ഹലാലെന്നു വാദിക്കുന്നവർ പറയുന്നു. സ്വയം ഭോഗം ഹറാമെങ്കില്‍ മേല്‍ പറഞ്ഞവ  വിരോധിച്ച ഇസ്ലാം അതും വിരോധിക്കു മായിരുന്നു എന്ന് ഇവര്‍ പറയുന്നു.  കയ്യിനെ നിക്കാഹ് ചെയ്തവന്‍ ശപിക്കപ്പെട്ടവന്‍ എന്ന ഹദീസ് തെളിവിനു കൊള്ളാത്ത ദുര്‍ബല ഹദീസ് ആണെന്നും അങ്ങനെ ഹദീസിന്‍റെ ഇമാമുകള്‍ പറഞ്ഞതും ഇവര്‍ ഉദ്ധരിക്കുന്നു. ഒരു വിധി പ്രഖ്യാപിക്കാന്‍ ആ ഹദീസ് പറ്റില്ല എന്നാണു ഇവരുടെ വീക്ഷണം. ലൈംഗീക ബന്ധം പുലര്‍ത്താന്‍ കഴിയാത്തവര്‍ നോമ്പ് എടുക്കണമെന്ന ഹദീസിനെ കുറിച്ച് ഇവരുടെ അഭിപ്രായം ഇങ്ങനെയാണ്; പകല്‍ സമയത്ത് നോമ്പ് എടുക്കേണ്ട താണ്,  അത് പാപങ്ങളില്‍ നിന്നുള്ള പരിചയാണ് എന്ന് റസൂല്‍ പറഞ്ഞിട്ടുണ്ട്, എന്നാല്‍ അതു കൊണ്ട്  മനുഷ്യരുടെ ലൈംഗീക വികാരം ശമിക്കുമെന്നോ ഇല്ലാതാകുമെന്നോ റസൂല്‍ പറഞ്ഞിട്ടില്ല, നോമ്പുള്ള പകലില്‍ സ്വയം ഭോഗം ഹറാമാണ്, എന്നാൽ നോമ്പ്  ഇല്ലാത്ത സമയത്ത് അത് ഹലാലുമാണ് എന്നാണ്.

അന്യരെ സങ്കല്‍പ്പിച്ചു സ്വയം ഭോഗം ചെയ്യല്‍ മനസു കൊണ്ടുള്ള വ്യഭിചാരമാണ് എന്ന വാദത്തിനു മറുപടിയായി ഇവര്‍ പറയുന്നത് അന്യരെ സങ്കല്‍പ്പിക്കാതെയും വ്യഭിചാരം ചെയ്യാം, കുരങ്ങു പോലുള്ള മൃഗങ്ങളും സ്വയം ഭോഗം ചെയ്യാറുണ്ട്, ഒരിക്കലും സ്ത്രീയെ കാണാത്ത ജന്മനാ അന്ധരായവരും സ്വയം ഭോഗം ചെയ്യാറുണ്ട്,  സ്വന്തം ഭാര്യയെ സങ്കല്‍പ്പിച്ചും സ്വയം ഭോഗം ചെയ്യാം,  അന്യരുമായി ബന്ധപ്പെടുന്നത് സങ്കല്പപ്പിച്ച്  സ്വയം ഭോഗം ചെയ്യുന്നവര്‍ യഥാർത്ഥത്തില്‍ അവരുമായി വ്യഭിചാരത്തില്‍  ഏർപ്പെടണമെന്നു ആഗ്രഹിക്കണമെന്നില്ല, വെറും സങ്കല്‍പം മാത്രം തെറ്റാകില്ല, അങ്ങനെ ആകുമെങ്കില്‍ ഒരാള്‍ മറ്റൊരാളുടെ ഭംഗിയുള്ള വാഹനത്തില്‍ കേറുന്നതായി സങ്കൽപിച്ചാലും മറ്റൊരാളുടെ ഭംഗിയുള്ള വീട്ടില്‍ താമസിക്കുന്നതായി സങ്കൽപിച്ചാലും  തെറ്റാകുമല്ലോ, തീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യുമ്പോള്‍ അത് തെറ്റാകുന്നു, വെറും സങ്കല്‍പം തെറ്റല്ല,  ഒരാള്‍ ഒരു  പാപം ചെയ്യാന്‍ ഉദ്ദേശിച്ചു, എന്നാൽ അത് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് വരെ അവന്‍റെ പേരില്‍ അത് പാപമായി രേഖപ്പെടുത്ത പെടില്ല എന്ന് നബി പറഞ്ഞിട്ടുണ്ട് (ബുഖാരി) എന്നൊക്കെയാണ്.    

മൂന്നാമത്തെ വീക്ഷണം  വ്യഭിചരിക്കും എന്ന് തോന്നിയാല്‍ സ്വയം ഭോഗം ചെയ്യാം, ഭാര്യ അടുത്തു ഇല്ലെങ്കിൽ ചെയ്യാം എന്നൊക്കെ ചില ഉപാധികള്‍ വെച്ച് കൊണ്ട് സ്വയം ഭോഗം അനുവദനീയമാണ് എന്ന് പറയുന്ന നിലപാട് ആണ്. അത്യാവശ്യ കാരണം ഉണ്ടെങ്കിൽ സ്വയം ഭോഗം ചെയ്യാം എന്നാണു ഈ വീക്ഷണം ഉള്ളവര്‍ പറയുന്നത്. സ്വയം ഭോഗം ഇസ്ലാം വിരോധിച്ചതിനു വ്യക്തമായ തെളിവ് ഇല്ലെന്നും എന്നാല്‍ അതൊരു മാന്യമായ ശീലം അല്ലെന്നും, കറാഹത് ആണെന്നും   നിര്‍ബന്ധമെങ്കില്‍ ചെയ്യാം എന്നുമാണ് ഇവര്‍ പറയുന്നത്. നിര്‍ബന്ധമെങ്കില്‍ ചെയ്യല്‍  പുണ്യമാണ് എന്ന് പറഞ്ഞവരും ഇവരുടെ കൂട്ടത്തില്‍ ഉണ്ട്. കാരണം അത് വ്യഭിചാരം എന്ന പാപത്തെ തടയുന്നല്ലോ എന്നാണു  ന്യായം.     

മേൽ പറഞ്ഞ മൂന്നു വീക്ഷണത്തി ന്റെയും കൂടെ പ്രമുഖര്‍ തന്നെ ആണ് ഉള്ളത്. അവരില്‍ ആരും പാണ്ഡിത്യത്തിൽ പിന്നിൽ അല്ല. നബിയുടെ ഏറ്റവും അടുത്ത സ്വഹാബി ഇബ്നു ഉമറും മറ്റു ചില സ്വഹാബികളും താബിഉകളും ഒരുപാട് ഹനഫീ മാലിക്കീ ശാഫീ ഇമാമുകളും മിക്ക സലഫീ പണ്ഡിതരും സ്വയം ഭോഗത്തെ നിഷിദ്ധമായി കാണുന്നു. ഇബ്നു ഉമറിൽ നിന്ന് തന്നെ അനുവദനീയമെന്ന റിപ്പോര്‍ട്ടും ഉണ്ട്.  നബിയോട് വളരെ അടുത്ത മറ്റൊരു സ്വഹാബിയായ ഇബ്നു അബ്ബാസും  മറ്റു ചില സ്വഹാബികളും താബിഉകളും ഇമാം ഇബ്നു ഹസമിനെയും ഇമാം ഷൌകാനിയെയും പോലുള്ള ചില ഇമാമുകളും അതിനെ അനുവദനീ യമായും കാണുന്നു. ഖുര്‍ആനില്‍ ഏറ്റവും അറിവുള്ളയാള്‍ എന്ന് കരുതപ്പെടുന്ന ഇബ്നു അബ്ബാസ് സ്വയം ഭോഗം ഹറാമെന്ന് പറയാന്‍ ഓതുന്ന ഖുര്‍ആന്‍ വചനം ആ കാര്യത്തിനു  തെളിവാക്കിയില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ഉപാധികളോടെ അനുവദനീയമായി കരുതുന്നവര്‍ ചില ഹനഫീ ഇമാമുകളും ഹമ്പലീ ഇമാമുകളും ഇബ്നു തൈമിയയെ പോലുള്ള ഇമാമുകളും ആണ്. സ്വയം ഭോഗം അനുവദനീയമായി കരുതിയ സ്വഹാബികളും താബിഉകളുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ താഴെ കൊടുക്കുന്നു. 

സ്വഹാബിയായ ഇബ്നു അബ്ബാസ്‌ പറഞ്ഞു: "സ്വയം ഭോഗം എന്നത് നീ നിന്റെ ലിംഗത്തെ അത് ശുക്ലം പുറപ്പെടുവി ക്കുന്നത് വരെ ഇളക്കി ക്കൊണ്ടിരിക്കുക എന്നല്ലാതെ മറ്റൊന്നുമല്ല" (അബ്ദു റസാക്ക് 13592) 

താബിഉ ആയ മുജാഹിദ്‌ പറഞ്ഞു: "ഇബ്നു ഉമര്‍നോട് സ്വയം ഭോഗത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "അത് നീ നിന്റെ് മനസിനെ കബളിപ്പിക്കല്‍ മാത്രമാണ്." (അബ്ദു റസാക്ക് 13587)

സ്വഹാബിയായ അംറുബ്നു ദീനാര്‍ പറഞ്ഞു: "സ്വയം ഭോഗം ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല" (അബ്ദു റസാക്ക് 13594)

താബിഉ ആയ ഇബ്നു ജുറൈജ് പറയുന്നു: "അത്വാഅ സ്വയം ഭോഗം വെറുത്തിരുന്നു.  ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു:  "അതിനെ പറ്റി വല്ല വിധിവിലക്കുകളും ഉണ്ടോ...?.  അദ്ദേഹം പറഞ്ഞു: "ഞാനൊന്നും കേട്ടിട്ടില്ല" (അബ്ദു റസാക്ക്  13586)

അബൂയഹ് യ(റ) പറയുന്നു: "ഒരാള്‍ ഇബ്നു അബ്ബാസിനോട് ചോദിച്ചു: "ഞാന്‍ ശുക്ലം വരുന്നത് വരെ എന്റെ ലിംഗം  ചലിപ്പിക്കാറുണ്ട്. അതില്‍ വല്ല തെറ്റുമുണ്ടോ..?. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: "നിനക്ക് അതിനേക്കാള്‍ നല്ലത് ഒരു അടിമ സ്ത്രീയെ വിവാഹം ചെയ്യലാണ്. എന്നാല്‍ വ്യഭിചാര ത്തെക്കാള്‍ നല്ലത് നിനക്ക് സ്വയം ഭോഗം തന്നെ" (അബ്ദു റസാക്ക് 13588)

സ്വഹാബിയായ  അബു ശഅസാഅ(റ) സ്വയം ഭോഗത്തെ പറ്റി പറഞ്ഞു: "ശുക്ലം നിന്റെ ശരീരത്തിലെ ഒരു ജലം മാത്രമാണ്.   അതിനെ നീ ഒഴുക്കി ക്കളയുക" (അബ്ദു റസാക്ക് 13591)

താബിഉ ആയ മുജാഹിദ്‌ പറഞ്ഞു: "സ്വഹാബിമാര്‍ സദാചാരം സംരക്ഷിക്കാന്‍ യുവാക്കളോട് സ്വയംഭോഗം ചെയ്യാന്‍ ആവശ്യ പ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്ത്രീയുടെ വിധി പുരുഷന്റെത് തന്നെ" (അബ്ദു റസാക്ക് 13593)

ഇനി പരസ്പരമുള്ള ചില വാദങ്ങള്‍ കൂടി കാണാം. സ്വയം ഭോഗം ശരീരത്തിന് ദോഷമാണെന്നും ശുക്ലം കളയുന്നതിലൂടെ രക്തമാണ് നഷ്ടമാകുന്നത് എന്നും ഒരു കൂട്ടർ പറയുന്നു. സ്വയം ഭോഗം ശരീരത്തിന് ദോഷമാണെങ്കില്‍ ലൈംഗീക ബന്ധം  അതിനെക്കാളും വലിയ ദോഷമാണ്,  ശുക്ലമാകട്ടെ ഉമിനീരു പോലെ നഷ്ടപ്പെടുമ്പോള്‍ വീണ്ടും ഉണ്ടാകുന്ന ഒന്നാണ്, അത് കളയുന്നത് കൊണ്ട്  ശരീരത്തിന് ദോഷമുണ്ടെന്ന് മതമോ ശാസ്ത്രമോ തെളിയിച്ചിട്ടില്ല എന്ന് മറുകൂട്ടർ പറയുന്നു. സ്വയം ഭോഗം കൊണ്ട് ലൈഗീക അവയവങ്ങള്‍ക്ക് പരിക്ക് പറ്റും എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറുകൂട്ടര്‍   ശ്രദ്ധിക്കാതെ സ്വയം ഭോഗത്തില്‍ മാത്രമല്ല ലൈംഗീക ബന്ധത്തില്‍ ഏർപ്പെട്ടാലും പരിക്കു പറ്റുമെന്ന് പറയുന്നു. 

സ്വയം ഭോഗം കൊണ്ട് വന്ധ്യത, മൂത്ര നാളിയില്‍ അണു ബാധ, മൂത്രത്തില്‍ പഴുപ്പ്, മൂത്രത്തില്‍ രക്തം, ലൈംഗിക അവയവങ്ങളില്‍ വീക്കം, മുഖക്കുരു, അമിത രോമ വളര്‍ച്ച, കഷണ്ടി  എന്നിവ ഉണ്ടാകാം എന്ന് ഒരു കൂട്ടർ പറയുമ്പോള്‍ മറു കൂട്ടര്‍ ഇതൊക്കെ വെറും അന്ധ വിശ്വാസങ്ങളും ശാസ്ത്രത്തിനു നിരക്കാത്ത ധാരണകളും ആണെന്നും അതൊക്കെ അപ്പോൾ സ്വയം ഭോഗത്തെക്കാള്‍ അധ്വാനം കൂടിയ ലൈംഗീക ബന്ധം കൊണ്ടും ഉണ്ടാകാമല്ലോ എന്നും പറയുന്നു. സ്വയം ഭോഗം അമിതമാക്കല്‍ പല വിനകൾക്കും കാരണമാകും എന്നു ഒരു കൂട്ടര്‍ പറയുമ്പോള്‍ മറുകൂട്ടര്‍ സ്വയം ഭോഗം മാത്രല്ല  ലൈംഗീക ബന്ധം, ഭക്ഷണം, വ്യയാമം തുടങ്ങിയ മിക്ക കാര്യങ്ങളും അമിതമായാല്‍ കുഴപ്പം തന്നെയാണ് എന്ന് പറയുന്നു.   

സ്വയം ഭോഗം ചെയ്‌താല്‍ ഉണ്ടാകുന്ന കുറ്റബോധം മനസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരുകൂട്ടര്‍ പറയുന്നു.   കുറ്റമാണെന്ന് കരുതി ഒരു കർമ്മം ചെയ്‌താല്‍ കുറ്റബോധം സ്വാഭാവികമാണ്,  കുറ്റമല്ലെന്ന് കരുതി ചെയ്‌താല്‍ കുറ്റബോധം ഉണ്ടാവുക യുമില്ല, കുറ്റമാണെന്ന് കരുതുന്നവര്‍ അത് ചെയ്യേണ്ടതില്ല എന്ന് മറുകൂട്ടരും പറയുന്നു.  ആദം നബിയുടെ കാലം മുതല്‍  മനുഷ്യര്‍ നിരുപാധികം ചെയ്തു വരുന്ന ഏര്‍പ്പാടാണ് സ്വയംഭോഗം,  പുരാതന ചുവർ ചിത്രങ്ങളില്‍ വരെ മനുഷ്യര്‍ സ്വയം ഭോഗം ചെയ്യുന്നത് ഉണ്ട്, അതൊരു പാപമായിരുന്നു എങ്കില്‍ അല്ലാഹുവും റസൂലും അത് വ്യക്തമായി പറയുമായിരുന്നു, അവര്‍ പഠിപ്പിക്കാത്ത സ്ഥിതിക്ക്  സ്വഹാബികളും ഇമാമുകളും അതിനെ കുറിച്ച് ഗവേഷണം ചെയ്യേണ്ട ആവശ്യം ഇല്ല, ഗവേഷണം നബിയുടെ കാലത്ത് ഇല്ലാത്ത പുതിയ പ്രശ്നങ്ങളില്‍ മാത്രമാണ്, സ്വയം ഭോഗം അതില്‍ പെടില്ല, അത് അല്ലാഹു മനുഷ്യര്‍ക്ക് ഇളവായി അനുവദിച്ചു  കണ്ണടച്ച കാര്യമാണ്,  എന്നൊക്കെ ഒരു കൂട്ടര്‍ പറയുന്നു. മറുകൂട്ടര്‍ അങ്ങനെ ഗവേഷണം ചെയ്തു വിധി പറയാന്‍ ഇമാമുകള്‍ക്ക് അധികാരം ഉണ്ടെന്ന വാദം ഉന്നയിക്കുന്നു. ശുക്ലം ശരീരത്തില്‍ കെട്ടി നിന്നാല്‍ അതുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ ഒരു വിഭാഗം ശാസ്ത്രീയ തെളിവുകളോടെ ഉന്നയിക്കുകയും അതുകൊണ്ട് സംയോഗത്തിൽ ഏർപ്പെടാൻ പറ്റില്ലെങ്കിൽ ഇടയ്ക്കിടെ സ്വയം ഭോഗം ചെയ്യല്‍ ശരീരം ആവശ്യപ്പെടുന്നു എന്നും പറയുന്നു.  മറുകൂട്ടർ സ്വയം ഭോഗം ചെയ്യാത്തവര്‍  മുഴുവന്‍ അക്കാരണം കൊണ്ട് മരിച്ചിട്ടില്ല എന്നു പറയുന്നു.   

സ്വയം ഭോഗത്തിന് അനുകൂലവും  പ്രതികൂലവുമായ വാദങ്ങൾ കണ്ടുവല്ലോ. ഖണ്ഡിതമായ തെളിവ് ദീനിൽ ഇല്ലാത്തതു കൊണ്ടാണ് പണ്ഡിതർക്ക് ഇടയിൽ ഇങ്ങനെ ഭിന്ന വീക്ഷണങ്ങൾ ഉണ്ടായത്. ഇതില്‍ ആര് ഏതു വീക്ഷണം സ്വീകരിച്ചാലും ആരൊക്കെ സ്വയം ഭോഗം ചെയ്താലും ഇല്ലെങ്കിലും അതിലൊന്നും എനിക്കൊരു ഉത്തര വാദിത്തവും ഇല്ല. അല്ലാഹുവിന്‍റെ മുന്നില്‍ ബോധിപ്പി ക്കാവുന്ന കാരണം  ഉണ്ടെങ്കില്‍, നിർബന്ധിതൻ ആണെങ്കിൽ സ്വയം ഭോഗം ചെയ്യാം എന്നു കരുതുന്നവർ ഉണ്ട്.  അങ്ങനെ ഒരു കാരണം ഇല്ലാത്ത വെറും ദുശീലവും അതിനോടുള്ള അടിമത്തവും ശരിയായ മാന്യമായ കാര്യമായി തോന്നുന്നില്ല.  പോണോ ഗ്രാഫി കണ്ടു സ്വയം ഭോഗം ചെയ്യുന്ന ശീലത്തോട്‌ തീരെ യോജിക്കാൻ പറ്റുന്നില്ല. സ്വയം ഭോഗം ചെയ്യുക പോലുള്ള നിയ്യത്തുകൾ മനസ്സിൽ ഉണ്ടാകുന്നത് മറ്റു നല്ല നിയ്യത്തുകൾ മനസ്സിൽ ഉണ്ടാകാത്തത് കൊണ്ടാണ്.  അതിനു പരിഹാരം കണ്ടെത്തണം. അല്ലാഹു നമ്മെ എല്ലാ പൈശാചിക  ബോധനങ്ങളില്‍ നിന്നും കാത്തു രക്ഷിക്കട്ടെ.  ആമീൻ

അൻസാർ അലി നിലമ്പൂർ

Post a Comment

2 Comments

  1. ഈ അബ്ദുറസാക്ക് എന്ന് എഴുതിയത് ഒരു ഗ്രന്ഥത്തിൻറെ നാമമാണോ? അല്ലെങ്കിൽ വ്യക്തിയുടെ നാമമാണോ?

    ReplyDelete