മുസ്‌ലിം സ്ത്രീകളും ഗൈനക്കോളജിസ്റ്റും

 ‎‎‎‎‎‎‎‎


      ✍🏼ഇസ്ലാം സമ്പൂർണ്ണ മതമാണ്. അതിലെ നിയമങ്ങൾ ദൈവികമാണ്. അതിനാൽ ഈ നിയമങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. പരിഹസിക്കാൻ ഒരാൾക്കും അർഹതയുമില്ല.

ഇസ്ലാമിലെ സ്ത്രീ എന്നുമൊരു കഥാപാത്രമാണ്. അവൾക്കുള്ള അവകാശങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരെന്ന കപഠവേശം കെട്ടിയവർക്ക് ഇസ്ലാമെന്നും സ്ത്രീവിരുദ്ധ സംഹിതയാണ്.

ഇവിടെയാണ് മുസ്ലിം സ്ത്രീയുടെ മറ നീക്കാൻ ഇവർ ശ്രമിക്കാറുള്ളത്.

ഇസ്ലാമിന്റെ നിയമങ്ങളിൽ അരത്തവി ഇടാൻ വരുന്ന കപട സ്ത്രീപക്ഷവാദികൾ ഇപ്പോൾ മതത്തിന്റെ നിയമങ്ങളെ വർഗീയവത്കരിക്കാനുള്ള തിരക്കിലാണ്. 


മുസ്ലിം സ്ത്രീ അമുസ്ലിം ഗൈനകോളജിസ്റ്റിനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ കേൾക്കാനിടയായി. ഇസ്ലാമിന്റെ ഇതിവൃത്തത്തിനകത്ത് നിന്ന് ഈ വിഷയം നമുക്കൊന്ന് വിശകലനം ചെയ്യാം. പ്രായപൂര്‍ത്തിയായ അന്യപുരുഷന്റെ മുമ്പില്‍ സ്വതന്ത്രയായ സ്ത്രീയുടെ ഔറത്ത് ഏതാണെന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, ശാഫിഈ മദ്ഹബിൽ സ്ത്രീയുടെ ശരീരം മുഴുക്കെ ഔറത്താണെന്നതാണ് പ്രബലമായ അഭിപ്രായം. ഇമാം അഹ്മദ്(റ) ഇത് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.


അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടാലും ഇല്ലെങ്കിലും ആഗ്രഹം ജനിപ്പിക്കുന്ന പ്രായമെത്തിയ സ്ത്രീക്ക് അവള്‍ വിരൂപിയാണെങ്കില്‍പോലും അന്യപുരുഷന് മുമ്പില്‍ ശരീരമാസകലം ഔറത്താണെന്ന്  തുഹ്ഫ (കിതാബുന്നികാഹ്) പോലോത്ത ശാഫിഈ ഗ്രന്ഥങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സ്ത്രീകള്‍ അന്യപുരുഷന്‍മാര്‍ക്കിടയില്‍ ശരീരമാസകലം മറക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയാകാനടുത്ത ബാലന്‍മാരും (മുറാഹിഖ്) മുഴുഭ്രാന്തന്‍മാരും പ്രായപൂര്‍ത്തിയായ പുരുഷനെ പോലെയാകയാല്‍ അവരുടെ മുമ്പിലും സ്ത്രീ മുഴുവന്‍ മറക്കേണ്ടതുണ്ട്. (തുഹ്ഫ 7/197).


വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് നൂറിലെ 31-ാം സൂക്തത്തില്‍ മുസ്‌ലിം സ്ത്രീയോട് അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമായി നിര്‍കര്‍ഷിച്ചിട്ടുണ്ട്. മനുഷ്യന്റെ ഭംഗിയും രൂപവും കൂടുതല്‍ പ്രകടമാവുന്നത് മുഖവും മുന്‍കയ്യുമാകയാല്‍ ഈ നിര്‍ദേശം ഇവയെ ബാധിക്കുമെന്ന് ശാഫിഈ(റ), അഹമദ്(റ) എന്നിവര്‍ തറപ്പിച്ചു പറയുന്നു.


ജംരീരുബ്‌നു അബ്ദുല്ല(റ) പറയുന്നു: ഞാന്‍ നബി(ﷺ)യോട് ആകസ്മികമായിട്ടുള്ള നോട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നബി(ﷺ) പ്രതിവചിച്ചു: നീ കണ്ണ് തിരിക്കുക: (മുസ്‌ലിം അഹ്മദ്)


അലീ, നീ ഒന്നിന് ശേഷം മറ്റൊന്നായി നോട്ടത്തെ നീ തുടര്‍ത്തരുത്. നിശ്ചയം നിനക്ക് ആദ്യനോട്ടം മാത്രമാണുള്ളത്. മറ്റുള്ളവ അനുവദനീയമല്ല എന്ന് അലി (റ)വിനോട് നബി (ﷺ) കല്‍പിച്ചിരുന്നു. (അഹ്മദ്, അബൂദാവൂദ്)


ഇബ്‌നി അബ്ബാസി (റ)ല്‍ നിന്ന് നിവേദനം: നബി(ﷺ) ഫള്‌ലുബ്‌നു അബ്ബാസി (റ)നെ ഒരു പെരുന്നാള്‍ ദിനത്തില്‍ യാത്രക്കായ് വാഹനത്തിന്റെ പിന്നിലിരുത്തി. അദ്ദേഹം ഭംഗിയുള്ള രോമവും വെളുത്ത ശരീരവുമുള്ള സുന്ദരനായിരുന്നു. ഉടനെ, ഖശ്അം ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി(ﷺ)യോട് ഫത്‌വ തേടി വന്നു. ഫള്‌ലും ഈ സ്ത്രീയും പരസ്പരം നോക്കുന്നത് കണ്ട നബി(ﷺ) ഫള്‌ലിന്റെ മുഖം മറുവശത്തേക്ക് തിരിച്ചുകൊണ്ടിരുന്നു. (ബുഖാരി, മുസ്‌ലിം)


സ്ത്രീകൾക്കിടയിൽ സ്ത്രീ

മുട്ടുപൊക്കിള്‍ക്കിടയിലുള്ളതാണ് സ്ത്രീക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത്. എന്നാല്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ളതൊഴിച്ച് മറ്റു ഭാഗങ്ങളിലേക്ക് എത്തരം സ്ത്രീകള്‍ക്കാണ് നോക്കല്‍ അനുവദനീയമാവുക എന്ന ചര്‍ച്ചയില്‍ മുസ്‌ലിം, മുസ്‌ലിമേതര സ്ത്രീ എന്നിങ്ങനെ പണ്ഡിതര്‍ വിഭജിച്ചതായി കാണാം. മുസ്‌ലിം സ്ത്രീകള്‍ക്ക് മുമ്പില്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ള ഭാഗമാണ് സ്ത്രീയുടെ ഔറത്തെന്നതില്‍ എല്ലാവരും ഒരു പക്ഷത്താണ്. എന്നാല്‍, ഇമാം അഹ്മദ്ബ്‌നു ഹംബല്‍(റ) ഇത്തരം ഒരു വിഭജനം നടത്തുന്നില്ല. അദ്ദേഹത്തിന്റെ മദ്ഹബ് പ്രകാരം മുസ്‌ലിം സ്ത്രീയോ മുസ്‌ലിമേതര സ്ത്രീയോ ആയാലും അവര്‍ക്കു മുന്നില്‍ മുട്ടുപുള്‍ക്കിടയിലുള്ള ഭാഗം മാത്രമാണ് ഒരു സ്ത്രീ മറക്കേണ്ടതായിട്ടുള്ളൂ. 


എന്നാല്‍, ഇമാം ശാഫിഈ(റ) ഉള്‍പ്പെടുന്ന ഭൂരിപക്ഷ പണ്ഡിതന്‍മാരും മുഖവും മുന്‍കയ്യുമൊഴിച്ചുള്ള എല്ലാ ശരീരഭാഗങ്ങളും കാഫിറായ സ്ത്രീക്ക് മുമ്പില്‍ ഒരു സ്ത്രീയുടെ ഔറത്താണെന്ന അഭിപ്രായക്കാരാണ്.  ദുഃസ്വഭാവികളായ മുസ്‌ലിം സ്ത്രീകളും കാഫിറായ സ്ത്രീകളുടെ പരിധിയില്‍ വരുമെന്നും ഫിത്‌ന നിര്‍ഭയമായ സാഹചര്യത്തില്‍ മാത്രമേ ദുഃസ്വഭാവികളായ മുസ്‌ലിം സ്ത്രീകള്‍ക്കോ മുസ്‌ലിമേതര സ്ത്രീകള്‍ക്കോ ഒരു മുസ്‌ലിം സ്ത്രീയുടെ മുഖവും മുന്‍കയ്യും നോക്കല്‍ അനുവദനീയമാകുന്നുള്ളൂവെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (നോ. അല്‍ഫിഖ്ഹ് മദാഹിബുല്‍ അര്‍ബഅ 1/192).


മുസ്‌ലിം സ്ത്രീകളുടെ ഭംഗി (സീനത്ത്) കാണല്‍ അനുവദനീയമാവുന്നവരെ എണ്ണിപ്പറഞ്ഞിടത്ത്, വിശുദ്ധ ഖുര്‍ആന്‍ അവരുടെ (മുസ്‌ലിം സ്ത്രീകളുടെ) സ്ത്രീകളും എന്ന് പ്രയോഗിച്ചതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമേ അവരുടെ ഭംഗി കാണാന്‍ പറ്റുകയുള്ളൂവെന്ന് പ്രഭല തഫ്‌സീറിനെ അടിസ്ഥാനമാക്കിയാണ് പണ്ഡിതര്‍ ഈ വിഭജനം നടത്തിയിട്ടുള്ളത്. ഇമര്‍(റ) ഒരിക്കല്‍ അബൂ ഉബൈദ:ബ്‌നു ജര്‍റാഹി(റ) ലേക്ക് ഇപ്രകാരം ഒരെഴുത്തെഴുതി: ”മുസ്‌ലിമേതരെ സ്ത്രീകള്‍ മുസ്‌ലിം സ്ത്രീകളോടൊപ്പം കുളിമുറിയില്‍ പ്രവേശിക്കുന്നുണ്ടെന്ന് എനിക്ക് നിശ്ചയം വിവരം ലഭിച്ചിട്ടുണ്ട്. അത് നീ തടയണം. കാരണം, മുസ്‌ലിമായ സ്ത്രീയുടെ ഔറത്ത് മുസ്‌ലിമേതര സ്ത്രീ കാണാന്‍ പാടില്ല. (ഖുര്‍ത്വുബി- 12/233).


ഇനി അനിവാര്യ ഘട്ടങ്ങളിൽ മുകളിൽ പറഞ്ഞ നിയമങ്ങളിൽ ഇസ്ലാം ഇളവ് അനുവധിക്കുന്നുണ്ട്.

അതിലൊന്നാണ് ചികിത്സ.

ചികിത്സയിൽ ഏറ്റവും സാർവത്രികമായതും ഭീതിതമായതും പ്രസവം തന്നെയാണ്.

ഈ അവസരത്തിൽ ഒരു ഗൈനകോളജിസ്റ്റിനെ സമീപിക്കുന്നതും അവർ മുഖേന പ്രസവം നടത്തുന്നതും ഇന്ന് ഒരനിവാര്യ സംഗതിയായി മാറിയിരിക്കുന്നു.

ഇവിടെ മതത്തിന്റെ ശാസനകൾ കൃത്യമായി പാലിച്ച് കൊണ്ടായിരിക്കണം ശരീഅത്തിന്റെ ഇളവുകൾ സ്വീകരിക്കേണ്ടത്.

 അഥവാ ചികിത്സിക്കാൻ പറ്റിയ ഒരു മുസ്ലിം ഫീമെയിൽ ഡോക്ടറെ സമീപിക്കുന്നതാണ് ഒരു മുസ്ലിം സ്ത്രീക്ക് ഏറ്റവും കരണീയം.

അത്തരം ഒരു ഡോക്ടറെ കണ്ടെത്തിയില്ലെങ്കിൽ മാത്രം ഒരു അമുസ്ലിം ഫീമെയിൽ ഡോക്ടറെ സമീപിക്കാവുന്നതാണ്.

ഇവർക്ക് ശേഷമേ പുരുഷ ഡോക്ടറെ തേടാവൂ..

പണ്ഡിതർ പറയുന്നത് കാണുക.

ശാഫിഈ പണ്ഡിതനായ ഇമാം ഖത്വീബുശ്ശിബ്രീനി(റ) പറയുന്നു:


 واعلم أن ما تقدم من حرمة النظر والمس، هو حيث لا حاجة إليهما، وأما عند الحاجة فالنظر والمس مباحان لفصد وحجامة وعلاج، ولو في فرج للحاجة الملجئة إلى ذلك، لأن في التحريم حرجاً، فللرجل مداواة المرأة وعكسه، وليكن ذلك بحضرة محرم، أو زوج.... ويشترط عدم امرأة يمكنها تعاطي ذلك من امرأة، وعكسه ... ، ولو لم نجد لعلاج المرأة إلا كافرة ومسلماً، فالظاهر كما قال الأذرعي: أن الكافرة تقدم، لأن نظرها ومسها أخف من الرجل ...

(مغني المحتاج)

 “നീ മനസ്സിലാക്കുക.

തൊടലും കാണലും നിഷിദ്ധമാണെന്ന് മുന്നെ പറഞ്ഞത് അനാവശ്യസന്ദർഭത്തിലാണ്.

ചികിത്സ പോലുള്ള ആവശ്യങ്ങൾക്ക് അനിവാര്യമായ ഘട്ടത്തിൽ (അന്യസ്ത്രീ പുരുഷന്മാർ) നോക്കലും തൊടലും അനുവദനീയമാണ്. എങ്കിലും അത് തന്റെ ഭർത്താവ്, ബന്ധുക്കൾ എന്നിവരുടെ സാനിദ്ധ്യത്തിലായിരിക്കണം.

അവളെ ചികിത്സിക്കാൻ പറ്റിയ സ്ത്രീ ഇല്ലാതിരിക്കുകയും വേണം.

ഒരു മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും മാത്രമേ ഡോക്റ്റർമാരായി കിട്ടിയുള്ളൂ എങ്കിൽ അമുസ്ലിം വനിതയെ ആണ് മുന്തിക്കേണ്ടത്.”(മുഗ്നി).


ഇത് മതത്തിന്റെ ശാസനയും ഒരു മുസ്ലിം സ്ത്രീയുടെ തന്റെ ശരീരത്തോടുള്ള ധാർമികമായ കടമയുമാണ്. ഇത്തരം മത നിയമങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഇസ്ലാമിക ശരീഅത്ത് ദൈവികമാണ്. അത് മൂടിവെക്കാനുള്ളതല്ല. അത് പറയേണ്ടിടത്ത് പറഞ്ഞേ മതിയാകൂ.


_✍🏼അബൂത്വാഹിർ ഫൈസി മാനന്തവാടി_

Post a Comment

0 Comments