✍🏼 ജീവിതത്തില്‍ ഹോബികള്‍ ഇല്ലാത്തവര്‍ ഉണ്ടാകില്ലായെന്നുതന്നെ പറയാം. ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക് എല്ലാവരും താന്‍ ഇഷ്ടപ്പെടുന്ന ശീലങ്ങള്‍ മുറ തെറ്റാതെ സൂക്ഷിക്കുന്നവരാണ്. ഇത് തങ്ങളുടെ ദൈനംദിന ജീവിതത്തിന് ആനന്ദവും ക്രിയാത്മകതയും നല്കുന്നു.
പക്ഷെ, മൂല്യവും മേന്മയുമുള്ള ഹോബികള്‍ തെരഞ്ഞെടുക്കുന്നതിലാണ് പലരും പരാജയപ്പെടാറ്. ജീവിതത്തിന്റെ ആസ്വാദനമായി ചില ശീലങ്ങള്‍ നിലനിര്‍ത്തുമെങ്കിലും അവ പ്രൊഡക്റ്റീവായിക്കൊള്ളണമെന്നില്ല. സമൂഹത്തിലേക്കോ വ്യക്തിയിലേക്കു തന്നെയോ അതിന്റെ ഉപകാരം എത്തിക്കൊളളണമെന്നുമില്ല. പിന്നെ, കേവലം ഒരു രസത്തിനായി മാത്രം ചെയ്യുന്നതായിരിക്കും അത്തരം കാര്യങ്ങള്‍.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത് ആശാസ്യമല്ല. മൂല്യാധിഷ്ഠിതവും നിയ്യത്തിലൂടെ പ്രതിഫല ജന്യവുമായിരിക്കണം അവന്റെ ഹോബികള്‍. അതോടൊപ്പം പ്രൊഡ്റ്റിവിറ്റിയും അനിവാര്യമായും ഉണ്ടായിരിക്കണം. വിശ്വാസിക്ക് ശീലിക്കാവുന്ന അത്തരം പത്ത് ഹോബികളാണ് ഇവിടെ പറയുന്നത്.
📍1. വായന: ഇത്രമാത്രം ആനന്ദകരമായ മറ്റൊരു ഹോബിയില്ല. ഖുര്‍ആന്റെ പ്രാരംഭം പോലും വായിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്. എന്തു വായിക്കണമെന്നത് ഇവിടെ പ്രധാനമാണ്. അത് കഥയോ ചരിത്രമോ സതുപദേശങ്ങളോ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളോ ഇസ്ലാമിക നോവലുകളോ എന്തുമാകാം. പക്ഷെ, മൂല്യാധിഷ്ഠിതമായിരിക്കണം അവയുടെ ഉള്ളടക്കമെന്നു മാത്രം.
📍2. എഴുത്ത്: വായനയില്‍നിന്നും ജന്യമായിവരുന്ന ഒരു ശീലമാണ് എഴുത്ത്. ക്രിയാത്മകമായ എഴുത്തിന് സമൂഹ നിര്‍മിതിയില്‍ വലിയ പങ്കുണ്ട്. ആളുകളുടെ മനസ്സിലും ഇത് വലിയ സ്വാധീനമുണ്ടാക്കുന്നു. ഓരോ ദിവസവും എഴുത്തിന് ഒരു മണിക്കൂറെങ്കിലും നമുക്ക് നീക്കിവെക്കാന്‍ സാധിക്കണം. ഡയറി എഴുത്തിലൂടെയെങ്കിലും നമുക്കിത് ആരംഭിക്കാം. കവിത, കഥ, ചരിത്രം, ലേഖനങ്ങള്‍, പുസ്തകം തുടങ്ങിയ രചനകളിലേക്ക് ക്രമേണ അത് വികസിക്കണം.
📍3. യാത്രകള്‍: ഭൂരിപക്ഷമാളുകള്‍ക്കും ആനന്ദിക്കാനും പിന്തുടരാനും കഴിയുന്ന ഒരു ഹോബിയാണ് യാത്ര. ജേണി, പിക്നിക്, ടൂര്‍, എക്സ്കേഷന്, സിയാറത്ത് യാത്രകള്‍ എന്നിങ്ങനെയെല്ലാം ഇതിനെ സൂചിപ്പിക്കാം. ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള സഞ്ചാരങ്ങള്‍ തന്നെയാവണമെന്നില്ല ഇത്. സായാഹ്ന നടത്തം മുതല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കോ ലോക രാജ്യങ്ങളിലേക്കോ ഉള്ള യാത്രകള്‍ വരെ ആവാം. ഖുര്‍ആനിലെ ചരിത്ര ഭൂമികളിലൂടെയും വിശ്വപ്രസിദ്ധരായ സൂഫികളുടെ മസാറിലൂടെയും ആകുമ്പോള്‍ അതിന് ഏറെ പ്രസക്തി കൂടുന്നു. ശരിയായ ജീവിത മൂല്യങ്ങള്‍ തേടിയാകുമ്പോഴാണ് യാത്രകള്‍ പ്രതിഫല ജന്യമാകുന്നത്. നേരമ്പോക്കിനും കേവലാസ്വാദനത്തിനും അതാവരുത് എന്നുമാത്രം.
📍4. അയോധന കലകള്‍: കായികക്ഷമത വര്‍ധിപ്പിക്കുന്ന കലകളും കളികളും വിശ്വാസിക്ക് നല്ലതാണ്. ആരോഗ്യം തെളിച്ചത്തോടെ നിലനിര്‍ത്താനും ആരാധനക്കും ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും അതിനെ ഉപയോഗപ്പെടുത്താനും ഇത് സഹായിക്കും.
📍5. കൃഷി, പൂന്തോട്ട നിര്‍മാണം: ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഹോബികളിലൊന്നാണ് കൃഷി. ചെടികള്‍ നടലും കൃഷി ചെയ്യലും ഇസ്ലാം വളരെ പ്രോത്സാഹിപ്പിച്ച സംഗതികളാണ്. പ്രവാചക വചനങ്ങളില്‍ ഇതിന്റെ മഹത്വം ധാരാളമായി കാണാം. ജീവിതത്തില്‍ പത്ത് ചെടികളോ മരങ്ങളോ എങ്കിലും നടാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നമ്മുടെ ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്?
📍6. കാലി വളര്‍ത്തല്‍: പ്രവാചകന്മാര് പോലും ജീവിതത്തിന്റെ ഭാഗമായി കണ്ട ഒരു ഹോബിയാണ് നാല്‍ക്കാലികളെ വളര്‍ത്തലും പരിപാലിക്കലും. പ്രവാചകന്മാര് ആടിനെ മേക്കുന്നവരായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ജീവി സ്നേഹം എന്നതിലപ്പുറം ക്ഷമ പഠിക്കാനും സഹനം ശീലിക്കാനും നന്ദി കാണിക്കലിന്റെ അര്‍ത്ഥം മനസ്സിലാക്കാനും ഇത് മനുഷ്യനെ സഹായിക്കും.
*📍7. പഠനം, ഭാഷാപഠനം: നിരന്തരമായ പഠനം എന്നപോലെ വിവിധ ഭാഷകള്‍ പഠിക്കലും വിശ്വാസിക്കു മുമ്പില്‍ ആനന്ദത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കും. ജീവിതം മൊത്തം ഒരു വിദ്യാര്‍ത്ഥിയായി ജീവിക്കാന്‍ സാധിക്കുകയെന്നത് വലിയ കാര്യമാണ്. പഠനം ഏതു തിരക്കിനിടയിലും മുറിയാതെ സൂക്ഷിക്കണം. ഭാഷകള്‍ പുതിയ വൈജ്ഞാനിക ലോകങ്ങളിലേക്കുള്ള താക്കോലുകളാണ്. അതിലൂടെ പുതിയ ലോകങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ വിശ്വാസിക്ക് എന്തെന്നില്ലാത്ത അനുഭൂതിയനുഭവപ്പെടുന്നു.
📍8. കാലിഗ്രാഫിയും ഇസ്ലാമിക വാസ്തുകലയും: കലാവാസനയും നിര്‍മാണ അഭിരുചിയും ഉള്ളവര്‍ക്ക് പിന്തുടരാവുന്ന മേഖലകളാണ് ഇവ. ഖുര്‍ആനിക സൂക്തങ്ങളെ മനോഹരമായി ആവിഷ്കരിക്കുന്ന കാലിഗ്രഫിക്ക് ഒരു ആത്മിക പരിവേഷം കൂടിയുണ്ട്. ഇസ്ലാമിക സൗന്ദര്യ വീക്ഷണത്തോടെ നിര്‍മാണ മേഖല അലങ്കരിക്കുന്നതവും വലി സായൂജ്യം നല്‍കുന്നതാണ്. പള്ളി, ഖുബ്ബ, മിനാരം, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം ഉദാഹരണം.
📍9. വംശാവലി അന്വേഷണം (Geneology Research): ഇപ്പോള്‍ പുതിയ തലമുറയില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അന്വേഷണ മേഖലയാണിത്. സാധാരണ കുടുംബങ്ങളുടെയോ സൂഫികളുടെയോ സയ്യിദുമാരുടെയോ പണ്ഡിത കുടുംബങ്ങളുടെയോ വംശാവലി അന്വേഷിച്ചുകൊണ്ടുള്ള ഗവേഷണ പഠനങ്ങള്‍. നേരിന്റെ മേല്‍ സഞ്ചരിച്ച കഴിഞ്ഞ കാല തലമുറകളെ അടുത്തറിയാന്‍ ഇത് സഹായിക്കുന്നു.
📍10. നെയ്ത്തും ടൈലറിംഗും: പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് വീട്ടുപണിയില്‍ മാത്രം ഒതുങ്ങി ക്രിയാത്മകത നശിക്കാതിരിക്കാന്‍ പിന്തുടരാവുന്ന ഒരു മേഖലയാണിത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ പിന്തുടരാവുന്ന ഹോബികളാണിവ. വ്യക്തി ജീവിതത്തില്‍ അനുശീലിക്കാവുന്ന ഇത്തരം ധാരാളം രീതികള്‍ കണ്ടെത്താന്‍ കഴിയും. എളുപ്പത്തില്‍ പിന്തുടരാന് പറ്റിയ ചില വഴികളായി വേണം ഇവയെ മനസ്സിലാക്കാന്‍.
✍🏼സിനാന് അഹ്മദ്
0 Comments