ലോട്ടറി
വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ടിക്കറ്റുകള്‍ വില്‍പ്പന നടത്തി നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കന്ന നമ്പറിന്റെ ടിക്കറ്റ് വാങ്ങിയവര്‍ക്ക് മാത്രം സമ്മാനം ലഭിക്കുന്ന ഇടപാടാണ് ലോട്ടറി. ഇത് ഇസ്ലാം നിഷിദ്ധമാക്കിയ ചൂതാട്ട(മൈസിര്‍)വുമായി ഏറെ സാദൃശ്യമുണ്ട്. മൈസിറിനെ ചൂതാട്ടം(ഖിമാര്‍) എന്നാണ് മഹാന്മാരായ ഖുര്‍ആന്‍ വ്യാഖാതാക്കള്‍ വിശദീകരിക്കുന്നത്.
“മൈസിര്‍ ചൂതാട്ടമാണ്.” ജാഹിലിയ്യാകാലത്ത് നിലനിന്നിരുന്ന മൈസിറി(ചൂതാട്ടം)നെ മഹാന്മാര്‍ വിശദീകരിക്കുന്നത് കാണുക: ഈ ചൂതാട്ട രീതിയെ ഇങ്ങനെ സംഗ്രഹിക്കാം:”ഒരു ഒട്ടകത്തെ അറുത്ത് ഇരുപത്തിയെട്ട് ഓഹരിയാക്കി വീതിക്കുന്നു. ശേഷം ശകുനം നോക്കുന്ന പത്ത് അമ്പുകളെടുത്ത് അതിലെ മൂന്നെണ്ണത്തിന് പൂജ്യം എന്നിടുന്നു. ബക്കി എണ്ണത്തിന് ഏഴ് വരെ നമ്പറിടുന്നു. ഈ അമ്പുകള്‍ ഒരു ഇടയാളനെ ഏല്‍പ്പിക്കുന്നു. അദ്ദേഹം ഓരോരുത്തരുടെ പേര് പറഞ്ഞ് ഓരോ അമ്പും എടുക്കുന്നു. ആ അമ്പിലുള്ള നമ്പറനുസരിച്ച് അവന് മാംസം ലഭിക്കുന്നു. പൂജ്യം ലഭിക്കുന്നവര്‍ക്ക് ഒന്നും ലഭിക്കില്ല. അവര്‍ ആ ഒട്ടകത്തിന്റെ മുഴുവന്‍ പണവും എടുക്കണം.”
ഈ ചൂതാട്ടത്തെ ഖുര്‍ആന്‍ ശക്തമായ രീതിയില്‍ നിഷേധിച്ചു. ലോട്ടറിയും ഇതുപോലെയുള്ള ഒരു ചൂതാട്ടമാണ്. ചൂതാട്ടത്തിന്(ഖിമാര്‍)മഹാന്മാര്‍ നല്‍കുന്ന വിശദീകരണം കാണുക: “ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള എല്ലാ കളിയും ചൂതാട്ടമാണ്”. ഇവിടെ ലോട്ടറിയില്‍ എല്ലാവരും ലാഭത്തെയും നഷ്ടത്തെയും പ്രതീക്ഷിക്കുന്നു. മാത്രമല്ല, സമ്മാനം ലഭിക്കാത്തവന് അവന്റെ ടിക്കറ്റിന്റെ പണം നഷ്ടമാവുകയും ചെയ്യുന്നു.
“ജയിച്ചവന് എടുക്കാമെന്ന വ്യവസ്ഥയില്‍ രണ്ടുപേരും പണം ചെലവാക്കുന്നു. അതും ചൂതാട്ടം തന്നെയാണ്”. ഖുര്‍ആന്‍ പറയുന്നത് കാണുക:
“സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്ണാസ്ത്രങ്ങളുമെല്ലാം പൈശാചികമായ മ്ളേച്ചവൃത്തികളില്‍ പെട്ടതാകുന്നു. അതിനാല്‍ അവയൊക്കെയും പാടെ നിങ്ങള്‍ വര്‍ജ്ജിക്കുക”.
അനുവദനീയമായ കുറികള്‍:
നിശ്ചിത സമയക്രമത്തില്‍ (ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ) പിരച്ചെടുക്കുന്ന നിശ്ചിതമായ തുക ഊഴം വെച്ചുള്ള നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് നല്‍കുന്ന കുറിയാണ് നറുക്ക് കുറി. ഉദാഹരണമായി, പത്ത് പേരടങ്ങുന്ന ഒരു സംഘം പത്ത് മാസക്കാലാവധിയില്‍ ഒരു കുറി സംഘടിപ്പിക്കുന്നു. ഓരോ മാസവും ഓരോ അംഗത്തില്‍ നിന്നും നൂറ് രൂപ പിരിച്ചെടുക്കുന്നു. ഓരോ മാസവും ആകെ കിട്ടുന്ന ആയിരം രൂപ അംഗങ്ങള്‍ക്കിടയില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്ന വ്യക്തിക്ക് നല്‍കുന്നു. അടുത്ത മാസം ബാക്കിയുള്ളവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് നല്‍കുന്നു. പത്ത് മസത്തിനകം ഊഴം വെച്ച് എല്ലാ അംഗങ്ങള്‍ക്കും ആയിരം രൂപ ലഭിക്കുന്നു.
ഇവിടെ ഇസ്ലാം നിഷ്കര്‍ശിക്കുന്ന സാമ്പത്തിക വിനിമയ നിയമങ്ങള്‍ക്ക് യാതൊരു വിധ കോട്ടവും തട്ടുന്നില്ല. അത് കൊണ്ട് തന്നെ ഇസ്ലാമികമായി ഈ കുറി അനുവദനീയമാണെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു.
സ്ത്രീകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ആഴ്ചയിലോ മാസത്തിലോ നിശ്ചിത തുക ഒരു സംഘത്തില്‍ നിന്നും പിരച്ചെടുത്ത് ഓരോരുത്തര്‍ക്കായി ഊഴമനുസരിച്ച് ഒന്നിച്ച് നല്‍കുന്ന ആഴ്ചക്കുറികളും മാസക്കുറികളും അനുവദനീയമാണ്.
ഇതേ പ്രക്രിയ തന്നെയാണ് നറുക്കെടുപ്പ് കുറിയും നടക്കുന്നതെന്നതിനാല്‍ അതും അനുവദനീയമാണെന്ന് മനസ്സിലാക്കാം.
നിഷിദ്ധമായ കുറികള്‍:
ലേലക്കുറിയും നറുക്ക്കുറിയുമല്ലാത്ത ചില കുറികളും ഇന്ന് വ്യാപകമായി വരുന്നുണ്ട്.
1)നിശ്ചിത കാലാവധി വെച്ച് ഒരു സംഘം കുറിയില്‍ ചേരുന്നു. ഒന്നാം ഘട്ടത്തില്‍ എല്ലാവരില്‍ നിന്നും നിശ്ചിത തുക പിരിക്കുന്നു. നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് മാത്രം മൊത്തം തുക ലഭിക്കുന്നു. എന്നാല്‍ അയാള്‍ ബാക്കി പണം അടക്കേണ്ടി വരുന്നില്ല. ഇതിന്റെ തുടര്‍ഫലമെന്നോണം അവസാനമെത്തുമ്പോഴേക്ക് അവര്‍ക്ക് മുഴുവന്‍ പണം ലഭിക്കാതെ വരുന്നു. അവരാകട്ടെ പണം മുഴുവനും അടക്കാന്‍ ബാധ്യസ്ഥരുമാണ്.
ഉദാഹരണമായി, പത്ത്പേര്‍ ചേര്‍ന്ന് പത്ത് മാസത്തേക്ക് കുറി സംഘടിപ്പിക്കുന്നു. ഓരോ മാസവും നൂറ് രൂപ അടക്കണം. ആദ്യമാസം നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്ന ആള്‍ക്ക് ആയിരം രൂപ ലഭിക്കുന്നു. അടുത്തമാസം മുതല്‍ അയാള്‍ നൂറ് രൂപ അടക്കേണ്ടതില്ല. രണ്ടാം മാസം കിട്ടുന്നവന്‍ മൂന്നാം മാസം മുതല്‍ അടക്കേണ്ടതില്ല. അങ്ങനെ തുടര്‍ന്ന് പോകുന്നു. അവസാന മാസം അവസാന അംഗത്തിന് നൂറ് രൂപ മാത്രമേ ലഭിക്കുകയുള്ളൂ. ചുരുക്കത്തില്‍ ആദ്യ നറുക്കെടുപ്പ് വിജയി നൂറ് രൂപ അടക്കുന്നു ആയിരം രൂപ ലഭിക്കുന്നു. അവസാനത്തെ ആള്‍ ആയിരം രൂപ അടക്കുന്നു നൂറ് രൂപ ലഭിക്കുന്നു.
2) നിശ്ചിത കാലാവധിക്കുള്ള കുറിയില്‍ ഒന്നാം ഘട്ടത്തിലെ വിജയിക്ക് അല്‍പ്പം കൂടുതല്‍ പണം ലഭിക്കുന്നു. ഇങ്ങനെ അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പണം ലഭിക്കാതെയാവുന്നു. ഇവിടെ ഒന്നാമത്തെ വ്യക്തിക്ക് അടച്ചതിനെക്കാള്‍ കൂടുതല്‍ പണം ലഭിക്കുകയും അവസാനത്തെ ആള്‍ക്ക് അടച്ച പണം പോലും ലഭിക്കാതാവുകയും ചെയ്യുന്നു.
ഈ രണ്ട് രൂപവും ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധമാണ്. മത്രമല്ല ഇസ്ലാം ശക്തമായി നിരോധിച്ച ചൂതാട്ടത്തിന്റെ മറ്റൊരു പതിപ്പ് കൂടിയാണിത്. അതവാ ഇവിടെ ഇടപാടില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ലാഭത്തിനും നഷ്ടത്തിനും തുല്ല്യസാധ്യതയാണുള്ളത്.
ഖുര്‍ആന്‍ പറയുന്നത് കാണുക: “സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നാസ്ത്രങ്ങളുമെല്ലാം പൈശാചികമായ മ്ളേച്ചവൃത്തികളില്‍ പെട്ടതാകുന്നു. അതിനാല്‍ അവയൊക്കെയും നിങ്ങള്‍ പാടെ വര്‍ജ്ജിക്കുക. നിങ്ങള്‍ വജയപ്രാപ്തരായേക്കാം.”
അന്യന്റെ മുതല്‍ അനര്‍ഹമായി കൈവശപ്പെടുത്തുന്നതും ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു.
“സത്യവിശ്വാസികളെ, നിങ്ങളില്‍ ഓരാളുടെ മുതലും നിങ്ങള്‍ അന്യായമായി ഭക്ഷിക്കരുത്.” ചുരുക്കത്തില്‍ ഈ വക ഇടപാടുകളെല്ലാം ഇസ്ലാമിക നിയമങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്.
0 Comments