കടം രാത്രിയിൽ ഉറക്കം കെടുത്തും, പകൽ മാനം കെടുത്തും

_ഖാദറിക്ക മരിച്ചു._
നമസ്കാരത്തിനായി മയ്യിത്ത് പള്ളിയിൽ കൊണ്ടുവന്നു. എല്ലാവരും പ്രാർത്ഥിക്കാൻ അണിയായി നിന്നു.

ഉസ്താദ് മൈക്കിലൂടെ അനൗൺസ് ചെയ്തു: 'ബഹുമാന്യനായ ഖാദറിക്ക ഏറെക്കാലം നമ്മോടൊപ്പം ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ അദ്ദേഹത്തിൽ നിന്ന് അനിഷ്ടകരമായി ആർക്കെങ്കിലും എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ അവസ്ഥ നമുക്കും വരും എന്നോർത്ത് അത് പൊറുത്തു കൊടുക്കണം.
അദ്ദേഹവുമായി ആർക്കെങ്കിലും കടമിടപാടുണ്ടെങ്കിൽ മകൻ അബ്ദുള്ളയുമായി ബന്ധപ്പെടണം.'

ഇതു കേട്ട് പിന്നിൽ നിന്ന് ഒരാൾ പതുക്കെ പറഞ്ഞു:
'ഖാദറിക്ക തരാനുള്ളത് പോകട്ടെ, അബ്ദുള്ള  തരാനുള്ളത് തന്നാൽ മതിയായിരുന്നു.'

കടം എന്ന അപകടത്തെക്കുറിച്ച് അധികപേരും ബോധവാന്മാരല്ല.

ബാങ്കുകളിൽ നിന്നും ഫൈനാൻസ് സ്ഥാപനങ്ങളിൽ ഒരു ലോണും എടുക്കാത്തവർ വിരളം.

ആർക്കും ഒന്നും കൊടുക്കാനില്ലാത്തവർ കൈ പൊക്കാൻ പറഞ്ഞാൽ പൊങ്ങാൻ അധികം കൈകളുണ്ടാവില്ല. 

ആവശ്യത്തിന് മാത്രമല്ല, അനാവശ്യത്തിനാണ് പലരും കടം വാങ്ങുന്നത്. 

വീട്, വാഹനം തുടങ്ങിയ ജീവിത സൗകര്യങ്ങളൊക്കെ ആവശ്യമാണ്. പക്ഷെ, അതെല്ലാം ഒരാൾ അയാളുടെ കപ്പാസിറ്റിയിൽ നിന്നു കൊണ്ട് സാധ്യമായതാണ് ചെയ്യേണ്ടത്. ജീവിതത്തിലെ ഏത് ആവശ്യങ്ങളും അങ്ങനെ തന്നെയാവണം.

പലരെയും അറിയാം; കടം വാങ്ങാനാണ് അവർ ജനിച്ചതെന്ന് തോന്നും. ഒരാളെ പരിചയപ്പെട്ടാൽ പിറ്റേ ദിവസം അയാളോട് കടം ചോദിക്കും.  

തിരിമറി വീരൻമാരാണ് ചിലർ. 
'റോൾ ചെയ്യുക' എന്നാണ് അതിന് നല്ല മലയാളം. അങ്ങനെ നിരന്തര റോളർമാരായതിനാൽ ചിലർക്ക് 
'റോളിംഗ് ഷട്ടർ' എന്ന പേര് തന്നെയുണ്ട്. 

ആഡംബരത്തിനാണ് പലരും കടം വാങ്ങുന്നത്. വലിയ വീട് വെക്കാനും വാഹനം വാങ്ങാനുമൊക്കെയാണ് അധിക കടവും.

പിന്നെ, മറ്റുള്ളവരോട് മത്സരിക്കാൻ. 
സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ.. എല്ലാവരോടും എല്ലാ കാര്യത്തിലും മത്സരമാണ്. അവസാനം നശിച്ച് നാറാണക്കല്ലെടുക്കും. 

ഖുർആൻ അത് പറഞ്ഞിട്ടുണ്ട്.
"പരസ്പരം പെരുമ നടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു. നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ." (ഖുർആൻ - 102:2)

പലരെയും തീരാത്ത കടത്തിലേക്കും  ആപത്തിലേക്കും തള്ളിയിടുന്നത് അവരുടെ കുടുംബം തന്നെയാണ്. 

അവസാനിക്കാത്ത ആവശ്യങ്ങളും അതിരില്ലാത്ത മോഹങ്ങളും ഒരാളുടെ അവസ്ഥ മനസ്സിലാക്കാതെ അയാളുടെ മേൽ അടിച്ചേൽപിക്കുന്നു. സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുന്നു. നിൽക്കക്കള്ളിയില്ലാതെ അയാൾ കിട്ടുന്നേടത്തു നിന്നെല്ലാം കടം വാങ്ങി ആവശ്യങ്ങൾ പൂർത്തീകരിക്കുന്നു.

അങ്ങനെയുള്ള ഭാര്യയും മക്കളുമൊക്കെ ഒരാൾക്കുണ്ടെങ്കിൽ അവർ അയാളുടെ ഗുണകാംക്ഷികളല്ല; നശിപ്പിക്കുന്ന ശത്രുക്കളാണ്. 

ഖുർആൻ അവരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്:
"വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക..... "
(ഖുർആൻ - 64:14)

ചിലർ സ്വയം തന്നെ ഈ ആപത്തിലേക്ക് എടുത്തുചാടുന്നു. 

അവസാനം പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കാൻ കഴിയാതെ മാനക്കേടിലാകുന്നു. ഒളിച്ചു നടക്കേണ്ടി വരുന്നു. ആർക്കും ഒരു വിലയുമില്ലാത്തവനാകുന്നു. ഉറക്കം നഷ്ടപ്പെടുന്നു. മാനസികമായി തളരുന്നു. ചിലർ ആത്മഹത്യ ചെയ്യുന്നു. ചിലർ മരിച്ചു ജീവിക്കുന്നു..  

ചിലരുടെ വീടും കുടിയുമെല്ലാം ബാങ്കുകൾ ജപ്തിചെയ്തു കൊണ്ടുപോകുന്നു. കുടുംബം തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. ബ്ലേഡ് കമ്പനികൾ അവരുടേതെല്ലാം സ്വന്തമാക്കുന്നു...
എല്ലാം സ്വയം വരുത്തിവെച്ച വിന.

കടം വാങ്ങലും കൊടുക്കലുമെല്ലാം സാമൂഹ്യ ജീവിതത്തിൽ സാധാരണയല്ലേ എന്നു ചോദിക്കാം.
ശരിയാണ്. അഥവാ, അനിവാര്യതയിൽ കടം വാങ്ങേണ്ട അവസ്ഥ ഒരാൾക്ക് ഉണ്ടായാൽ അത് വീട്ടാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പായിരിക്കണം. അതിനുള്ള കരാറുകളും സാക്ഷികളും വേണം. ഖുർആൻ ഇത് വിശദമായി പഠിപ്പിച്ചിട്ടുണ്ട്. (ഖുർ. 2:282)

സാധ്യമായ വേഗത്തിൽ കടം വീട്ടണം. കടം വീട്ടാനുള്ള കഴിവുണ്ടായിട്ടും നീണ്ടിക്കൊണ്ടു പോകുന്നത് കുറ്റകരമാണെന്ന് ഒരു പ്രവാചക വചനമുണ്ട്. ഇസ്ലാമിക പഠനങ്ങൾ കൂട്ടായ്മയിലേക്ക് സ്വാഗതം.

പലരുടെയും കാര്യത്തിൽ ഇതല്ല സ്ഥിതി, ഒന്നും നോക്കാതെ വാങ്ങിക്കൂട്ടുകയാണ്.

കടമെന്ന ആപത്തിനെക്കുറിച്ച് നമ്മുടെ പ്രവാചകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

'കടത്തെ സൂക്ഷിക്കുക. അത് രാത്രിയിൽ ഉറക്കം കെടുത്തും, പകൽ മാനം കെടുത്തും'. 
പ്രസിദ്ധമായ പ്രവാചക വചനമാണിത്.

രക്തസാക്ഷിയുടെ എല്ലാ പാപങ്ങളും പൊറുക്കും; കടമൊഴികെ എന്ന് തിരുമേനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'കടബാധ്യതയിൽ നിന്ന് കാത്തുരക്ഷിക്കണേ' എന്ന് തിരുമേനി പതിവായി പ്രാർത്ഥിക്കാറുണ്ടായിരുന്നു. 

കടബാധിതനായ ഒരാൾ മരിച്ചപ്പോൾ അയാൾക്കുവേണ്ടി മയ്യത്ത് നമസ്കരിക്കാൻ പ്രവാചകൻ(സ) വിസമ്മതിച്ചു. 
മറ്റൊരാൾ ആ ബാധ്യത ഏറ്റെടുത്ത ശേഷമാണ് പ്രവാചകൻ അയാൾക്കു വേണ്ടി നമസ്കരിച്ചത്‌.

നമ്മുടെ നാട്ടിലും ഈ രീതിയുണ്ട്. മരിച്ചയാളുടെ കടം മക്കളോ ബന്ധുക്കളോ ഏറ്റെടുക്കും, നല്ലതു തന്നെ. പക്ഷെ, ഏറ്റെടുത്തവരൊക്കെ അത് പൂർത്തീകരിക്കുന്നുണ്ടോ?

മരിച്ച സഹോദരൻ്റെ കടം ഏറ്റെടുത്ത ഒരു സഹോദരൻ ബാങ്കിലുണ്ടായിരുന്ന കടം വീട്ടാതെ, മരിച്ചയാൾക്ക് സ്വത്തൊന്നുമില്ലെന്ന് സർട്ടിഫിക്കറ്റുണ്ടാക്കി രക്ഷപ്പെട്ട കഥയറിയാം.  

സമ്പന്നനായ ഒരാൾ മരിച്ചു. മക്കൾ ബാധ്യത ഏറ്റെടുത്തു. പള്ളി നിർമാണത്തിന് പിതാവ് വാഗ്ദാനം ചെയ്ത പണം ലഭിക്കാൻ കമ്മിറ്റിക്കാർ മക്കളെ ബന്ധപ്പെട്ടപ്പോൾ തരാൻ പറ്റില്ലെന്ന് പറഞ്ഞു. "ബാപ്പാക്ക് ഓഫർ തന്ന സമയത്ത് മാനസികനില ശരിയല്ലായിരുന്നു" എന്നാണ് പറഞ്ഞ ന്യായം!

ചിലർ മരിച്ചാൽ അവരുടെ കടം ഏറ്റെടുത്തു വീട്ടാൻ ആരുമില്ലാത്ത അവസ്ഥ! 
അവർക്കു വേണ്ടി പിരിവെടുത്തു കടം വീട്ടേണ്ടുന്ന സാഹചര്യം !!
പ്രാകിപ്പറഞ്ഞും പിറുപിറുത്തുമാണ് പലരും ഇതിൽ പങ്കു വഹിക്കുന്നത് :(

ഈ അപകടത്തെ കരുതിയിരിക്കണം.
വരവിനനുസരിച്ച ചിലവ് എന്ന തത്വം ജീവിതത്തിൽ മുറുകെപ്പിടിക്കുക എന്നതാണ് ഈ ആപത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗം. 

നാഥാ, കടബാധ്യതയിൽനിന്നും മാനക്കേടിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ..
ആമീൻ.

Post a Comment

0 Comments