കോപിഷ്ഠമായ കാര്യം:
ഇസ്ലാമിക വീക്ഷണത്തില്‍ വിവാഹബന്ധം അനശ്വരമാണ്. ഭാര്യാഭര്ത്താക്കന്മാര് എക്കാലവും ഒത്തുജീവിക്കാനുള്ള ശാശ്വതമായ കരാറാണത്. എന്നാല്‍ വ്യത്യസ്ത ചുറ്റുപാടുകളും മനോവിചാരവുമുള്ള ചിലര്‍ക്കെങ്കിലും ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നേക്കാം. ഇത്തരം ഘട്ടങ്ങളില്‍ മനസ്സിണക്കമില്ലാത്തവര്ക്ക് പരസ്പരം വേര്‍പിരിയാന്‍ ഇസ്ലാം അനുവാദം നല്കുന്നു. അനിവാര്യ സാഹചര്യത്തില്‍ മാത്രമേ ഈ അനുവാദം ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ. പ്രവാചകന്(സ) പറഞ്ഞു: ‘അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും കോപിഷ്ഠമായ കാര്യമത്രെ വിവാഹമോചനം’ (അബൂദാവൂദ്, ഇബ്നുമാജ, ഹാകിം). ഹസ്റത്ത് അലി(റ) പറയുന്നു: ‘നിങ്ങള്‍ വിവാഹം കഴിക്കുക; വിവാഹ മോചനത്തെ സൂക്ഷിക്കുക. കാരണം അത് ദൈവിക സിംഹാസനത്തില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു’ (ഖുര്‍ത്വുബി, ഭാഗം: 18, പേജ്: 149).
ഒത്തുതീര്പ്പുണ്ടാക്കല്:
പുരുഷന്റെ ഇഛക്കനുസൃതമായി തോന്നിയതുപോലെ വിവാഹമോചനം നടത്തുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല; വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിച്ച മാര്‍ഗരേഖകള്‍ പാലിച്ചുകൊണ്ടു മാത്രമേ അത് ചെയ്യാവൂ. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ക്ഷമയുടെയും സഹനത്തിന്റെയും ഒത്തുതീര്‍പ്പിന്റെയും വഴി തേടുകയാണ് ആദ്യം ചെയ്യേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം ഒത്തുതീര്‍പ്പിലെത്തുന്നതില്‍ കുറ്റമില്ല; ഒത്തുതീര്പ്പുതന്നെയാണ് രണ്ടുപേര്‍ക്കും കൂടുതല്‍ നല്ലത്’ (4:128).
പിണക്കം:
ഭര്‍ത്താവിനെ ധിക്കരിക്കുക; ദുഃസ്വഭാവങ്ങള്‍ കാണിക്കുക, ഭര്‍തൃഗൃഹത്തിലെ മുതിര്‍ന്നവരോട് മര്യാദ കേടായി പെരുമാറുക തുടങ്ങിയ സ്വഭാവ ദൂഷ്യങ്ങള്‍ ഭാര്യയില്‍ കണ്ടാല്‍ അവളെ ഗുണദോഷിക്കുകയാണ് ഭര്‍ത്താവ് ചെയ്യേണ്ടത്. സദുപദേശം നല്കി അവളെ നേര്‍വഴിയിലേക്ക് കൊണ്ടുവരണം. ‘സ്ത്രീകള്‍ വഴങ്ങാതെ അനുസരണക്കേട് കാണിക്കുന്നുവെന്ന് നിങ്ങള്‍ ആശങ്കിക്കുമ്പോള്‍ അവരെ ഉപദേശിക്കുക’ (4:34).
സദുപദേശങ്ങള്‍ ഫലം ചെയ്യുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമായ രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കേണ്ടതാണ്. കിടപ്പറയില്‍ പിണക്കം കാണിച്ച് മാറിക്കിടക്കലാണത്. ‘കിടപ്പറയില്‍ അവരുമായി നിങ്ങള്‍ അകന്നുനില്ക്കുക’ (4:34). ഈ മാര്‍ഗം കൊണ്ടും ഫലം കാണുന്നില്ലെങ്കില്‍ മുറിവേല്ക്കാത്ത നിലയില്‍ അവളെ അടിക്കാവുന്നതാണ്. അടി മര്‍മ ഭാഗങ്ങളിലോ മുഖത്തോ ആവാന്‍ ഇടവരരുത്. ചീത്തവിളിക്കുകയുമരുത്. ‘നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക’ (4:34). പ്രവാചകന്(സ) പറയുന്നു: ‘നീ ഭക്ഷിക്കുമ്പോള്‍ അവളെയും ഊട്ടുക. നീ ഉടുക്കുമ്പോള്‍ അവള്‍ക്കും ഉടുക്കാന്‍ നല്‍കുക, അവളുടെ മുഖത്തടിക്കരുത്. തെറിവിളിക്കുകയുമരുത്. വീട്ടില്‍ വെച്ചല്ലാതെ അവളെ മാറ്റിക്കിടത്തുകയും ചെയ്യരുത്’ (അബൂദാവൂദ്).
അനുരഞ്ജന ശ്രമം:
മേല്പറഞ്ഞ ക്രമങ്ങളെല്ലാം പരാജയപ്പെടുകയും ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പ് രൂക്ഷമാവുകയും ചെയ്താല്‍ രണ്ടുപേരുടെയും കുടുംബങ്ങല്ക്കിടയില്നിന്ന് ഓരോ മധ്യസ്ഥന്മാരെ നിയമിച്ച് ഒത്തുതീര്‍പ്പിനുള്ള വഴി തേടണം. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘ഇനി അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോവുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ കുടുംബത്തില്‍നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ കുടുംബത്തില്‍നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണ്’ (4:35). ഈ ശ്രമത്തിനും ഫലമില്ലാതെ വരുമ്പോഴാണ് അറ്റകൈ എന്ന നിലയില്‍ വിവാഹമോചനം അനുവദിക്കപ്പെടുന്നത്!
വിവാഹമോചനം എപ്പോള്‍?
ശുദ്ധി കാലത്താണ് വിവാഹമോചനം ചെയ്യേണ്ടത്; അതായത് ആര്‍ത്തവാനന്തരം കുളിച്ച് ശുദ്ധിയായി സംയോഗം നടന്നിട്ടില്ലാത്ത അവസ്ഥയില്‍. സംയോഗം നടന്നു കഴിഞ്ഞാലോ ആര്‍ത്തവകാലത്തോ ത്വലാഖ് പാടുള്ളതല്ല. എന്നാല്‍ ഗര്‍ഭകാലത്ത് മൊഴിചൊല്ലുന്നതില് കുഴപ്പമില്ല. അബ്ദുല്ലാഹിബ്നു ഉമര്‍(റ) തന്റെ ഭാര്യയെ ആര്‍ത്തവകാലത്ത് ത്വലാഖ് ചൊല്ലുകയുണ്ടായി. ഇതറിഞ്ഞ പ്രവാചകന് ഉമറി(റ)നോട് ഇപ്രകാരം പറയുകയുണ്ടായി: ‘അവളെ മടക്കിടയെടുക്കാന് അവനോട് കല്പിക്കുക. പിന്നീട് അവള് ശുദ്ധിയായാല്‍ അവളെ സ്പര്‍ശിക്കുന്നതിന് മുമ്പ് അവന് അത്യാവശ്യമെങ്കില്‍ വിവാഹ മോചനം നടത്തിക്കൊള്ളട്ടെ’ (നസാഈ, ഇബ്നുമാജ).
സാക്ഷികള്‍:
വിവാഹത്തെപ്പോലെതന്നെ വിവാഹ മോചനത്തിനും രണ്ട് സാക്ഷികള്‍ വേണമെന്ന അഭിപ്രായക്കാരാണ് പ്രമുഖ സ്വഹാബിമാരില്‍ പലരും. ഒരിക്കല്‍ വിവാഹമോചനം നടത്തിയ ഒരു വ്യക്തിയോട് അലി(റ) ചോദിച്ചു: ‘താങ്കള്‍ രണ്ടു സാക്ഷികളെ നിര്ത്തിയിട്ടുണ്േടാ?’ ഇല്ലെന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍ അലി(റ) പറഞ്ഞു: ‘താങ്കള്‍ക്ക് പോകാം. താങ്കളുടെ ത്വലാഖ് സാധുവല്ല.’ സാക്ഷികള്‍ വേണമെന്ന് വ്യക്തമാക്കുന്ന ഖുര്‍ആനിലെ തെളിവ് ഇതാണ്: ‘പിന്നീട് അവര്‍ അവധിയായിക്കഴിഞ്ഞാല് നല്ല നിലക്ക് അവരെ സ്വീകരിക്കുക. അല്ലെങ്കില്‍ അവരുമായി വേര്‍പിരിയുക. നിങ്ങളിലുള്ള നീതിമാന്മാരായ രണ്ടാളുകളെ സാക്ഷികളായി നിര്‍ത്തുകയും ചെയ്യുക’ (65:2). എന്നാല്‍ പണ്ഡിതന്മാരില് ചിലര്‍ സാക്ഷികള്‍ വേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്.
ദീക്ഷാകാലം:
വിവാഹമോചിതയായ സ്ത്രീ ദീക്ഷാകാലത്ത് ഭര്‍തൃഗൃഹത്തില്‍ തന്നെയാണ് താമസിക്കേണ്ടത്. സാധാരണ നിലയില്‍ അത് മൂന്ന് അര്‍ത്തവം പൂര്‍ത്തിയാകും വരെയുള്ള കാലമാണ്. ‘വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ കാത്തിരിക്കേണ്ടതാണ്’ (2:228). ഈ കാലാവധി തീരുന്നതിന് മുമ്പ് അവന് അവളെ തിരിച്ചെടുക്കാവുന്നതാണ്. അങ്ങനെ തിരിച്ചെടുക്കാത്ത പക്ഷം കാലാവധി കഴിഞ്ഞാല്‍ അവളെ നല്ലനിയില് പിരിച്ചയക്കണം. ഗര്‍ഭിണിയുടെ ദീക്ഷാകാലം ഗര്‍ഭം പ്രസവിക്കുന്നത്വരെയും ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടേത് നാല് മാസവും പത്ത് ദിവസവുമാണ്.
മൂന്ന് അവസരങ്ങള്‍:
ദീക്ഷാകാലത്തും അതിന് ശേഷവും ആദ്യഭര്‍ത്താവിന് ഭാര്യയെ തിരിച്ചെടുക്കാന്‍ അവകാശമുണ്ട്; ദീക്ഷാകാലത്ത് വിവാഹം കൂടാതെയും അതിന് ശേഷമാണെങ്കില്‍ പുതിയ വിവാഹത്തിലൂടെയും. ഒന്നാമത്തെ വിവാഹമോചനത്തിന് ശേഷം ഇപ്രകാരം വീണ്ടും ബന്ധത്തിലേക്ക് മടങ്ങുകയും പിന്നീട് അവര്‍ക്കിടയില്‍ അകല്‍ച്ചയും വെറുപ്പും രണ്ടാമതും സംഭവിക്കുകയും നന്നാകാനുള്ള എല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുകയും ചെയ്താല്‍ നേരത്തെ വിവരിച്ച പോലെ അനുയോജ്യമായ സമയത്ത് രണ്ടാമതും വിവാഹമോചനം നടത്താവുന്നതാണ്. എങ്കിലും തിരിച്ചെടുക്കാവുന്ന ഒരു അവസരം കൂടി അപ്പോഴും ബാക്കിയുണ്ടാവും. എന്നാല്‍ മൂന്നാമതും വിവാഹമോചനം സംഭവിച്ചാല്‍ പിന്നീട് മറ്റൊരാള്‍ സ്വാഭാവിക രീതിയില്‍ വിവാഹം ചെയ്തു മൊഴി ചൊല്ലുന്നതുവരെ ആദ്യഭര്‍ത്താവിന് അവളെ വിവാഹം ചെയ്യാന്‍ പാടില്ലാത്തതാണ്. അല്ലാഹു പറയുന്നു: ‘മൂന്നാമതും അവളെ വിവാഹമോചനം നടത്തുകയാണെങ്കില്‍ പിന്നീട് അവള് അവന് അനുവദനീയമല്ല. മറ്റൊരു ഭര്‍ത്താവിനെ വരിക്കുന്നതുവരെ. അനന്തരം അയാള്‍ അവളുമായി ബന്ധം വിടര്‍ത്തുന്നുവെങ്കില്‍ അവളും ആദ്യഭര്‍ത്താവും പൂര്‍വ ബന്ധത്തിലേക്ക് തിരിച്ചുവരുന്നതില്‍ ഇരുവര്‍ക്കും കുഴപ്പമില്ല’ (2:230).
മുത്വലാഖ് എന്ന ദുരാചാരം:
മൂന്ന് പ്രാവശ്യമായി മൂന്ന് വിവാഹമോചനങ്ങള്‍ നടത്താന്‍ ദീന് മനുഷ്യര്‍ക്ക് സൌകര്യം ചെയ്തിരിക്കുന്നു. എന്നാല്‍ ഒറ്റയടിക്ക് മൂന്ന് ത്വലാഖും ഒന്നിച്ചുചൊല്ലുന്ന രീതി സമൂഹത്തില്‍ നിലവിലുണ്ട്. ഇത്തരം ദുരാചാരങ്ങളെ പ്രവാചകന്(സ) ശക്തമായി നിരോധിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരാള്‍ ഭാര്യയെ മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയതായി പ്രവാചകന്(സ) അറിയാനിടയായി. കോപത്താല്‍ എഴുന്നേറ്റ് നിന്ന്കൊണ്ട് അവിടുന്ന് ഇപ്രകാരം ചോദിച്ചു: ‘ഞാന്‍ നിങ്ങളില്‍ ഉണ്ടായിരിക്കെ ദൈവിക ഗ്രന്ഥംകൊണ്ട് കളിക്കുകയാണോ നിങ്ങള്‍?’ ഇത് കേള്‍ക്കാനിടയായ ഒരാള്‍ എഴുന്നേറ്റ് നിന്ന് ചോദിച്ചു: ‘പ്രവാചകരേ, ഞാന്‍ അയാളെ കൊന്നുകളയട്ടെ!’ (നസാഈ).
മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ അത് ഒരു ത്വലാഖ് മാത്രമായിട്ടാണ് പരിഗണിക്കപ്പെടുക എന്നഭിപ്രായമുള്ള പണ്ഡിതന്മാരുണ്ട്. ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: ഒരിക്കല്‍ റുകാന എന്ന സ്വഹാബി തന്റെ ഭാര്യയെ ഒരു സദസ്സില്‍വെച്ച് മൂന്നു ത്വലാഖും ചൊല്ലി. പിന്നീട് അതില്‍ അദ്ദേഹത്തിന് അത്യധികം ദുഃഖം തോന്നി. പ്രവാചകനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അവിടുന്ന് അന്വേഷിച്ചു: ‘നിങ്ങള്‍ എങ്ങനെയാണ് ത്വലാഖ് ചൊല്ലിയത്?’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ മൂന്നും ചൊല്ലി.’ ഒരേ സദസ്സില്‍ വെച്ചാണോ?’ നബി ചോദിച്ചു: ‘അതെ.’ അദ്ദേഹം പറഞ്ഞു: ‘എങ്കില്‍ അത് ഒന്നേ ആവുകയുള്ളൂ. അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവളെ മടക്കിയെടുക്കുക’ (സുബുലുസ്സലാം 3:213).
0 Comments