എല്ലാവരും ഭയത്തോടെ വീക്ഷിക്കുന്ന ഒരു പ്രതിഭാസമാണ് കണ്ണേറ് അഥവാ ദൃഷ്ടിബാധ. വീടു പണിയുമ്പോഴും കണ്ണേറ് ഭയന്ന് നോക്കുകുത്തി സ്ഥാപിക്കലും മൂടിക്കെട്ടലും ഇന്ന് വ്യപകമാണ്. എങ്കിലും പലര്‍ക്കും’അന്തവിശ്വസം’ മാത്രമാണ് ദൃഷ്ടിബാധ.
തനിക്ക് ഇഷ്ടകരമായി തോന്നുന്ന വസ്തുവില്‍ കണ്ണേറുകാരന്റെ ദൃഷ്ടി പതിയുകയും അത്ഭുതമോ നന്മയോ കുറിക്കുന്ന വല്ലതും അയാള്‍ പറയുകയും ചെയ്യുന്നു. അസൂയകലര്‍ന്ന ഈ നോട്ടവും വാക്കും പറയപ്പെട്ട വസ്തുവില്‍ വിപരീത ഫലമുളവാക്കുന്നതിനെയാണ് കണ്ണേറ് എന്ന് പറയുന്നത്. ദൃഷ്ടിബാധയുടെ സാധുതയെ കുറിക്കുന്ന പ്രാമാണിക രേഖകള്‍ അനവധിയുണ്ട്. ”ദൃഷ്ടിബാധ യാഥാര്‍ത്ഥ്യമാണ്; ജനങ്ങളുടെ അസൂയയും പിശാചിന്റെ സാന്നിധ്യവും അതിലുണ്ട്”. (ഫത്ഹുല്‍ ബാരി: 13/108)
“കണ്ണേറ് യാഥാര്‍ത്ഥ്യമാണ്”.(ബുഖാരി) ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: കണ്ണേറ് യാഥാർത്ഥ്യമാണ്. അല്ലാഹുﷻ വിൻെറ വിധി നിശ്ചയത്തെ മറികടക്കാന്‍ വല്ലതിനും കഴിയുമായിരുന്നെങ്കില്‍ അത് കണ്ണേറ് ആയേനെ(മുസ്ലിം). നിരവധി നബിവചനങ്ങള്‍ ഇവ്വിശയകമായി വന്നിട്ടുണ്ട്. ഇമാം നവവി(റ) ശറഹുല്‍ മുസ്ലിമില് രേഖപ്പെടുത്തുന്നു: കണ്ണേറ് സത്യമാണെന്ന മേലുദ്ധരിച്ച ഹദീസിന്റെ ബാഹ്യാര്‍ത്ഥ പ്രകാരം തന്നെ ഈ ഹദീസിനെ മനസ്സിലാക്കണമെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുളളത്. അതുകൊണ്ട് കണ്ണേറ് സംഭവിക്കുമെന്ന് തന്നെയാണ് ശരി. ഇതിനെ എതിര്‍ക്കുന്നവര്‍ പുത്തനാശയക്കാര്‍ മാത്രമാണ്. (ശറഹു മുസ്ലിം:7/233)
കണ്ണേറിനെ കുറിച്ച് ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. മഹാനായ യഅ്ഖൂബ് നബി(അ) തന്റെ സന്താനങ്ങളെ ഈജിപ്തിലുള്ള അവരുടെ സഹോദരന് യൂസുഫ് നബി(അ) ന്റെ അടുത്തേക്കയക്കുമ്പോള് നല്കിയ നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. മക്കളേ, നിങ്ങള്‍ ഈജിപ്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു വാതിലിലൂടെ പ്രവേശിക്കാതെ വിവിധ കവാടങ്ങളിലൂടെ പ്രവേശിക്കണം. (യൂസുഫ്:67) പ്രസ്തുത സൂക്തത്തെ ഇമാംറാസി(റ) വ്യാഖിനിക്കുന്നത്: സുമുഖന്മാരും ആകാര സൗഷ്ടവവുമുളളവരുമായ യഅ്ഖൂബ് നബി(അ) ന്റെ സന്തതികള്‍ ഒന്നിച്ച് ഒരി കവാടത്തിലൂടെ ഈജിപ്തിലേക്ക് പ്രവേശിച്ചാല്‍ അവര്‍ക്കു ദൃഷ്ടിബാധയേല്ക്കുമോ എന്ന ഭയമാണ് യഅ്ഖൂബ് നബി(അ)നെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നാണ് ഭുരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. (തഫ്സീറുല്‍ കബീര്‍: 18/172, സ്വഫ്വത്തു തഫാസീര്‍: 2/519)
കണ്ണേറിന് കണ്ണ് തന്നെ വേണമെന്നില്ല. അന്ധന് വല്ലതും കേട്ട അടിസ്ഥാനത്തില്‍ അത്ഭുതമുളവാക്കുന്ന വാക്ക് പറഞ്ഞാല്‍ അവന്റെ കരിനാക്കും ഫലിക്കും. മനുഷ്യന് എന്ന പോലെ ജിന്നില്‍ നിന്നും കണ്ണേറ് ബാധിക്കുമെന്നാണ് ഹദീസുകളിലൂടെ വ്യക്തമാകുന്നത്. അസൂയയാലുളള നോട്ടവും അത്ഭുതമുളവാക്കുന്ന വാക്കും ജിന്നുകളില്‍ നിന്നും ഉണ്ടാവാറുണ്ട്. ദൃഷ്ടിബാധ മനുഷ്യരില്‍ നിന്ന് മാത്രമല്ല, ജിന്നുകളില്‍ നിന്നുമുണ്ടാകും. (റൂഹുല്‍ ബയാന്‍: 10/128) തിരുനബി(ﷺ) മനുഷ്യ-ജിന്നുവര്ഗത്തില്നിന്നുളള ദൃഷ്ടിബാധയില് നിന്ന് കാവല്തേടാറുണ്ടായിരുന്നു. (ഇബ്നുമാജ: 3511)
പുത്തന്‍വാദികള്‍ പോലും അംഗീകരിക്കുന്ന ഇബ്നുബാസ്, ഇബ്നു ഖയ്യിം എന്നിവര്‍ കണ്ണേറ് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നവരാണ്. കണ്ണേറ് സത്യമാണെന്ന് തിരുനബി(ﷺ) അരുളിയിട്ടുണ്ട്. ഇത് മനുഷ്യ-ജിന്നുകളില്‍ നിന്നുമുണ്ടാകും. (ഫതാവ ബലദില്‍ഹറാം:1430) കണ്ണേറ് മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നുമുണ്ടാകാം. ഇതൊക്കെ വിവരദോഷികളല്ലാതെ നിഷേധിക്കുകയില്ല.
അവര്‍ക്കൊക്കെ ദീനിനെ കുറിച്ചും ആത്മാവിനെ കുറിച്ചും ഒന്നുമറിയില്ല.(സാദുല്‍മആദ്: 4/151) ഇങ്ങനെയൊക്കെയാണെങ്കിലും ആധുനിക വഹാബികള്‍ ദൃഷ്ടിബാധയെ അംഗീകരിക്കുന്നവാരാണെന്ന് അവരുടെ പ്രസിദ്ധീകരണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരാളുടെ നോട്ടം കൊണ്ട് മറ്റൊരാള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവുന്നതിനാണ് കണ്ണേറെന്ന് പറയാറുളളത്. കണ്ണേറ്കൊണ്ട് പലതരം ആപത്തുകള്‍ ഉണ്ടാവാനിടയുണ്ടെന്ന് ധാരാളം പേര് വിശ്വാസിക്കുന്നു. മുജാഹിദുകള്‍ പൊതുവെ കണ്ണേറിലും വിശ്വസിക്കാത്തവരാണ്. (ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും:68)
‘കുളത്തിലെ തവളകള്‍’ അംഗീകരിക്കുന്നില്ലെങ്കിലും പാരാസൈക്കോളജിസ്റ്റുകള്ക്ക് കണ്ണേറിനെ കുറിച്ച് അഭിപ്രായപ്പെടാതെ വയ്യ. ദൃഷ്ടിബാധയ്ക്ക് കാരണമാകുന്നത് മനസ്സിന്റെ കഴിവുകളാണെന്നാണ് അവരുടെ നിഗമനം. കരിനാക്കു പോലുളള പ്രതിഭാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് “സൈ” എന്നറിയപ്പെടുന്ന ഒന്നാണ്. എല്ലാവരിലും അതുണ്ടെങ്കിലും അവ പ്രവര്‍ത്തന നിരതമാകണമെന്നില്ല. സൈ ബോധപൂര്‍വവും അബോധ പൂര്‍വവും പ്രവര്‍ത്തിക്കാറുണ്ട്. കരിനാക്കുളളവരില് ചിലരില്‍ സൈ കൂടുതല്‍ പ്രവര്‍ത്തിക്കാം.
🔹സൈയുടെ പ്രവര്‍ത്തനം
ജീവനുളള വസ്തുക്കളില്‍ ചിലമാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സൈക്കിക്കുകളെ പരീക്ഷണ വിധേയമാക്കിയതില്‍ നിന്നാണ് ഈ സാധ്യത പാരാസൈക്കോളജിസ്റ്റുകള്‍ അംഗീകരിച്ചത്. നെഗറ്റീവും പോസിറ്റീവുമായ ഫലമുളവാക്കാന്‍ ‘സൈ’ക്കു കഴിയും. (ഡോ.സോമസുന്ദരം ആരോഗ്യശാസ്ത്രം മാസിക, ഒക്ടോബര്‍89)
കണ്ണേറ് ഫലിക്കാതിരിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്ന ഉപായം: അത്ഭുതമുളവാക്കുന്ന വല്ലതും കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ ദുരന്തഹേതുവാകുന്ന അര്‍ത്ഥം കുറിക്കുന്ന വാക്കുകള്‍ പറയാതെ "ബാറകല്ലാഹി ഫീഹി ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്" എന്ന് പറയുക.(അദ്കാര്‍: 1273) ഇബ്നു കസീര്‍ (റ) തന്റെ തഫ്സീറില്‍ കുറിക്കുന്നത്: സമ്പത്ത്, സന്തതി, അവസ്ഥകള്‍ ഇവയില്‍ അത്ഭുതകരമായത് കണ്ടാല്‍ മാശാ അല്ലാഹു ലാഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന് ചൊല്ലുക. (തഫ്സീറുല്‍ ഖുര്‍ആന്‍ 3/188)
ദൃഷ്ടിബാധയേല്ക്കാതിരിക്കാന് സാധ്യതയുള്ളവരെയും വസ്തുക്കളെയും അത്തരക്കാരില്‍ നിന്നും മറച്ചു പിടിക്കുക ബാധയേല്‍ക്കാതിരിക്കാനുള്ള മറ്റൊരുവഴിയാണ്. ഉസ്മാന് (റ) സുമുഖനായ ഒരു ബാലനെ കണ്ടപ്പോള്‍ അവന്റെ താടിക്കുഴിയില്‍ കറുത്ത പുള്ളിയിടാന്‍ കല്പ്പിച്ചു. കണ്ണേറേല്ക്കാതിരിക്കാനാണത്. (റൂഹുല്‍ബയാന്‍:5/247,സാദുല്‍ മആദ്:4/137)
കൃഷിയിടങ്ങളിലും മുന്തിരി തോട്ടങ്ങളിലും തലയോട്ടി പോലോത്തവ നാട്ടുന്നതും ഇപ്രകാരം തന്നെ. കരിങ്കണ്ണന്റെ പ്രഥമ ദുർനോട്ടം അതില്‍ പതിക്കുകയും അതിന്റെ കാഠിന്യം ലഘുവാക്കുകയും ചെയ്യുമ്പോള്‍ കണ്ണേറിനു പ്രതിഫലമുണ്ടാകില്ല. (റൂഹുല്‍ ബയാന്‍:5/247) കണ്ണേറ് കൊണ്ടു എന്ന് ഉറപ്പായാല്‍ സൂറത്തുല്‍ മുല്‍ക്കിലെ മൂന്നും നാലും സൂക്തങ്ങള്‍ കണ്ണേറുകാരന്റെ മുഖത്തു നോക്കി ഊതിയാല്‍ കണ്ണേറ് ഫലിക്കില്ല. (ത്വബ്ബ്:136) ഹസന് (റ) നിവേദനം: ദൃഷ്ടിബാധയെ പ്രതിരോധിക്കാന്‍ സൂറത്തുല്‍ ഖലമിലെ 52ാം സൂക്തം പാരായണം ചെയ്യുന്നതിനേക്കാള്‍ ഉപകാര പ്രദമായമറ്റൊന്നില്ല.(സ്വാവി: 4/226)
കണ്ണേറിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളാണ് ഇതുവരെ പറഞ്ഞത്. കണ്ണേറു സംഭവിച്ചാലുള്ള പരിഹാരവും ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണുള്ളത്, മന്ത്രിക്കൽ, കുളിപ്പിക്കല്‍, പിഞ്ഞാണമെഴുതി കുടിപ്പിക്കല്‍. ആഇശാ(റ) നിവേദനം: ദൃഷ്ടിബാധയില് നിന്ന് മന്ത്രിക്കാന്‍ നബി(ﷺ) എന്നോട് കല്പ്പിച്ചു. (ബുഖാരി: 5738) ഒരിക്കല്‍ ജിബ്രീല്‍ (അ) തിരുസന്നിധിയില്‍ വന്നപ്പോള്‍ വ്യാകുലചിത്തനായ നബിയെയാണ് കണ്ടത്. കാരണം അന്വേഷിച്ചപ്പോള്‍ പേരമക്കള്‍ക്ക് കണ്ണേറാണ്എന്ന് പ്രതിവചിച്ചു.
അന്നേരം മന്ത്രം ചൊല്ലാന്‍ നിര്‍ദേശിച്ചു. അല്ലാഹുമ്മ ദസ്സുലത്വാനില് അളീം വലിമനില്ഖദീം ദുല്വജ്ഹില് കരീം വലിയ്യില്‍ കലിമാത്തി താമ്മാത്തി വദ്ദഅവാത്തില് മുസ്ത്തജാബാതി ആഖല് ഹസനി വല്ഹുസൈന് മിന് അന്ഫുസില് ജിന്നി അഅ്യുനില് ഇന്‍സി. മന്ത്രിക്കേണ്ട താമസം രണ്ടു പേരും സൗഖ്യവാന്മാരായി. ശേഷംഅരുളി: ഈ കാവല്‍വചനം സ്വശരീരത്തിലും പുത്രകളത്രാദികളിലും മന്ത്രിക്കുക. (തഫ്സീറുല്‍ ഖുര്‍ആന്‍:4/372) കണ്ണേറ് കാരണമായവനെ വുളൂ ചെയ്യിപ്പിച്ച വെള്ളം കൊണ്ടാണ് രോഗിയെ കുളിപ്പിക്കേണ്ടത്.
സഹ്ലുബ്നു ഹനീഫ് (റ)വിന് കണ്ണേറ് ബാധിച്ചപ്പോള്‍ കണ്ണ് വെച്ച ആമിറുബ്നു റബീഅ(റ) കൊണ്ട് വുളൂ ചെയ്യിപ്പിക്കുകയും ആ വെള്ളം കൊണ്ട് സഹ്ലിനെ കുളിപ്പിച്ചപ്പോള്‍ അദ്ദേഹം ഉന്മേഷവാനായത് ഫത്ഹുല്‍ ബാരിയില്‍(13/114) ഉദ്ദരിക്കുന്നുണ്ട്. ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന്നിവേദനം, നബി(ﷺ) തങ്ങള്‍ അരുളി: അല്ലാഹുﷻവിന്റെ വിധിനിശ്ചയം മറികടക്കാന്‍ വല്ലതിനും സാധ്യമായിരുന്നെങ്കില്‍ കണ്ണേറ് മറികടന്നേനെ. അതിനാല്‍, നിങ്ങളോട് വുളൂഅ് ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ വുളൂഅ് ചെയ്തു കൊടുക്കണേ.” (തിര്‍മിദി:2062)
വൃത്തിയുള്ള പാത്രത്തില്‍ വെള്ളമെടുത്ത് "അബസ ആബിസുന് ബിഷഹാബി ഖാബിസുന് റദദ്തുല് ഐനി മിനല്‍ മുഈനി അലൈഹി വഇലയ്യ അജബ ന്നാസി ഇലൈഹി ഫഅര്ജിഉല് ബസറ ഹല്തറാ മിന് ഫുതൂര്‍” എന്ന് മന്ത്രിച്ച് ഫാത്തിഹ, ആയത്തുല്ഖുര്സിയ്യ്, ആയത്തു ശിഫാഅ് എന്നറിയപ്പെടുന്ന ആറ് ആയത്തുകള്‍ ഓതി ഊതിയവെള്ളം ദൃഷ്ടിബാധയേറ്റവന് കുടിക്കുകയും അതില്‍ കുളിക്കുകയും ചെയ്യല്‍ കണ്ണേറിന് പ്രതിവിധിയാണ്.(റൂഹുല്‍ ബയാന്‍:10/128)
സൂറത്തുല്‍ ഖലമിലെ 36ാം ആയത്ത് എഴുതി കെട്ടുക, എഴുതി മായ്ച് കുടിക്കുക, കുളിക്കുക എന്നിവയും ദൃഷ്ടിബാധയ്ക്ക് പ്രതിവിധിയാണ്. ഇബ്നു ഖയ്യിം (റ) പറയുന്നു: പൂര്‍വസൂരികളായ ഒരുവിഭാഗം പണ്ഢിതന്മാരുടെ അഭിപ്രായം, കണ്ണേറിന് ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതി കുടിപ്പിച്ചാല്‍ സുഖപ്പെടുമെന്നാണ്. മുജാഹിദ് (റ) പറയുന്നു: ഖുര്‍ആന്‍ എഴുതി, കഴുകി രോഗികള്‍ക്ക് നല്കുന്നതില് തെറ്റൊന്നല്ല. (സാദുല്‍ മആദ്:4/136)
ചുരുക്കത്തില്‍, കണ്ണേറും അതിന്റെ ചികിത്സാരീതികളും ആര്‍ക്കും നിഷേധിക്കാനാവില്ല. ഷോപ്പിങ്ങിനു പോയി തിരിച്ചുവരുമ്പോള്‍ കുഞ്ഞ് കരയുന്നതും പ്രാസിംഗകര്, ലേഖകര്‍ പെട്ടന്ന് തളര്‍ന്നു പോവുന്നതും കണ്ണേറു മൂലം തന്നെയാണ്. അതുകൊണ്ട് കണ്ണേറിന് ശക്തിയുള്ളവരുമായി കഴിവതും സമ്പര്‍ക്കം ഒഴിവാക്കുക. ഇമാം നവവി (റ) രേഖപ്പെടുത്തുന്നത് കണ്ണേറിന് ശക്തിയുണ്ടെന്ന് അറിയപ്പെടുന്നവന്‍ ഒരു വ്യക്തിയുമായി അകന്ന് നില്‍ക്കുകയും അവനെ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. ജനസമ്പര്‍ക്കങ്ങളില്‍ നിന്ന് അവനെ തടയുകയും വീട്ടിലിരിക്കാന്‍ കല്‍പ്പിക്കുകയും ചെയ്യല്‍ ഇമാമിനു നിര്‍ബന്ധമാണ്. അവന് ദരിദ്രനാണെങ്കില്‍ അവനു വേണ്ട ചെലവുകള്‍ നല്‍കുകയും ജനങ്ങളെ അവന്റെ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷിക്കുകയും വേണം. ഇത് നിര്‍ബന്ധ ബാധ്യതയാണ്. (ശറഹുമുസ്ലിം:14/173)
_✍️ശബീര്‍ മാട്ടൂൽ_
0 Comments