ഇസ്ലാമിലെ നേർച്ചകൾ:ചില സംശയങ്ങളും മറുപടിയും


❓. നേർച്ച എന്നാലെന്ത്?

🅰️: പ്രായപൂർത്തിയും ബുദ്ധിയും വിവേകവുമുള്ള മുസ്ലിം തനിക്ക് നിർബന്ധമായി നിജപ്പെടാത്ത ഒരു പുണ്യകർമം ചെയ്യാൻ സ്വയം ബാദ്ധ്യത ഏൽക്കലാണു നേർച്ച (ഇആനത്ത്: 2/560) 

❓. നേർച്ച സാധുവാകാൻ പദം ഉച്ചരിക്കണോ?

🅰️: അതേ ഉച്ചരിക്കണം മനസ്സിലെ കരുത്ത് മതിയാവില്ല (ഇആനത്ത്: 2/560) 

❓. മയ്യിത്ത് നിസ്കാരം നേർച്ചയാക്കാമോ?

🅰️: അതെ മയ്യിത്ത് നിസ്കാരം നേർച്ചയാക്കാം (ഇആനത്ത്: 2/560) 

❓. തിങ്കളാഴ്ച നോമ്പ് അനുഷ്ഠിക്കാൻ നേർച്ചയാക്കിയവൾക്ക് ഹൈള്?

🅰️: താങ്കൾ, അല്ലെങ്കിൽ വ്യാഴം നോമ്പ് അനുഷ്ഠിക്കാൻ നേർച്ചയാക്കിയവൾക്ക് പ്രസ്തുത ദിവസം ആർത്തവമുണ്ടായാൽ നോമ്പനുഷ്ഠിക്കാൻ പറ്റില്ലല്ലോ അവൾ ആ നേർച്ച നോമ്പ് ഖളാഅ് വീട്ടേണ്ടതുമില്ല (ഫത്ഹുൽ മുഈൻ, ഇആനത്ത്:2/560) 

❓. രോഗം കാരണം നേർച്ച നോമ്പ് സാധിക്കാതെ വന്നാൽ?

🅰️: ഖളാഅ് വീട്ടൽ അവർക്കും ആവശ്യമില്ല ഇമാം റംലി (റ) ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട് ഫത്ഹുൽ മുഈനിലും ഈ മസ്അല കാണാം (ഇആനത്ത്: 2/560)

❓. നേർച്ച നോമ്പ് അകാരണമായി ഖളാഅ് ആക്കാമോ?

🅰️: പാടില്ല കുറ്റകരമാണ് ഖളാഅ് വീട്ടൽ നിർബന്ധമാണ് (ഇആനത്ത്: 2/561) 

❓. വ്യാഴാഴ്ചത്തെ നോമ്പ് ബുധൻ അനുഷ്ഠിക്കാമോ?

🅰️: പറ്റില്ല ദിവസം നിശ്ചയിച്ച് നോമ്പ് നേർച്ചയാക്കിയാൽ ആ ദിവസത്തിന്റെ മുമ്പ് നോമ്പ് അനുഷ്ഠിച്ചാൽ കുറ്റക്കാരനാകുന്നതും നോമ്പ്  അസാധുവാകുന്നതുമാണ് (ഇആനത്ത്: 2/561)

❓. വിത്ർ നിസ്കാരം നേർച്ചയാക്കിയാൽ ഇരുന്നു നിസ്കരിക്കാമോ?

🅰️: നിസ്കരിക്കാവതല്ല കാരണം, നേർച്ചയാക്കലോടുകൂടി നിസ്കാരം ഫർളായല്ലോ അപ്പോൾ നിൽക്കാൻ കഴിവുള്ളവർ വിത്ർ നിന്നു തന്നെ നിസ്കരിക്കണം വിത്ർ പോലെത്തന്നെയാണ് നേർച്ചയാക്കപ്പെട്ട മറ്റു സുന്നത്തു നിസ്കാരങ്ങളും (ഇആനത്തും: 2/262) 

❓. നേർച്ചയിൽ അല്ലാഹുവിനുവേണ്ടി എന്നു പറയണോ?

🅰️: പറയണമെന്നില്ല പറഞ്ഞില്ലെങ്കിലും നേർച്ച സാധുവാകും (ഇആനത്ത്: 2/566)

❓. എനിക്ക് അല്ലാഹു ശമനം നൽകിയാൽ എന്ന പദം?

🅰️: എനിക്ക് ശമനം നൽകിയാൽ ഇന്നാലിന്ന കാര്യം എനിക്ക് നിർബന്ധമാണ് എന്ന പദപ്രയോഗം നേർച്ചയിൽ സാധാരണമാണ് ഇത്തരം  നേർച്ചയിൽ ശമനം ലഭിച്ചാൽ നേർച്ച നടപ്പിലാക്കിയാൽ മതി (ഇആനത്ത്: 2/547)

❓. ശമനം ലഭിച്ചാൽ വേഗത്തിൽ നേർച്ച വീട്ടണോ?

🅰️: വെണമെന്നാണ് ശൈഖ് മഖ്ദൂം ഫത്ഹുൽ മുഈനിൽ പ്രബലമാക്കിയത് 

❓. കിട്ടാനുള്ള കടബാധ്യത നേർച്ചയാക്കാമോ?

🅰️: അതേ, നേർച്ചയാക്കാം അതു എത്രയുണ്ടെന്നു  അറിഞ്ഞിട്ടില്ലെങ്കിലും നേർച്ചയാക്കാം നേർച്ചയാക്കലോടുകൂടി കടം വീട്ടാനുള്ളവന്റെ ബാദ്ധ്യത ഒഴിവാകുന്നതാണ് അവൻ നിരസിച്ചാലും ശരി നേർച്ച സാധുവാണ് (ഇആനത്ത്: 2/268) 

❓. നേർച്ച നേർന്നവനെ ബാധ്യതയിൽ നിന്നു ഒഴിവാക്കാമോ?

🅰️: അതേ ഉദാ: സൈദ് അംറിനു പതിനായിരം രൂപ നൽകാൻ നേർച്ചയാക്കിയാൽ, ഞാൻ നിന്നെ ആ ബാധ്യതയിൽ നിന്നു ഒഴിവാക്കി എനിക്ക് നീ പതിനായിരം രൂപ നൽകേണ്ടതില്ലെന്നു അംറിനു പറയാം (ഇആനത്ത്: 2/570) 

❓. ഒരു പള്ളി നിർണയിച്ച് നേർച്ചയാക്കിയാൽ?

🅰️: മസ്ജിദുൽ ഹറാമിൽ പോയി നിസ്കരിക്കാൻ നേർച്ചയാക്കിയാൽ അവിടെ പോയിത്തന്നെ നിസ്കരിക്കണം മസ്ജിദുന്നബവിയിൽ നിസ്കരിക്കാനാണു നേർച്ചയെങ്കിൽ ആ പള്ളിയിലോ അതിലേറെ മഹത്വമുള്ള മസ്ജിദിൽ ഹറമിലോ വെച്ച് നിസ്കരിച്ചാൽ മതി നേർച്ചയിൽ മസ്ജിദിൽ അഖ്സ്വയാണ് നിർണയിച്ചതെങ്കിൽ അതിലോ മസ്ജിദുന്നബവിയിലോ മസ്ജിദിൽ ഹറാമിലോ വെച്ച് നിസ്കരിച്ചാൽ നേർച്ച വീടും (ഇആനത്ത്: 2/575) 

❓. മൂന്നു പള്ളികളല്ലാത്ത പള്ളി നിർണയമാകുമോ?

🅰️: ഇല്ല നമ്മുടെ നാട്ടിലെ പള്ളിയിൽ വെച്ച് നിസ്കരിക്കാൻ നേർച്ചയാക്കിയാൽ ആ പള്ളിയിൽ വെച്ച് തന്നെ നിസ്കരിക്കണമെന്നില്ല ഏതെങ്കിലും പള്ളിയിലോ വീട്ടിലോ വെച്ച് നിസ്കരിക്കാം (ഇആനത്ത്: 2/576) 

❓. ഖുർആൻ പൂർണ്ണമായി പാരായണം ചെയ്യാൻ നേർച്ചയാക്കിയവൻ ഇഖ്ലാസ്വ് മൂന്നു തവണ ഓതൽ?

🅰️: അതുകൊണ്ട് നേർച്ച വീടില്ല സൂറത്തുൽ ഇഖ്ലാസ്വ് മൂന്നു പ്രാവശ്യം ഓതുകയല്ല വേണ്ടത് ഖുർആൻ മുഴുവനും ഓതണം (ഫത്ഹുൽ മുഈൻ) 

❓. നേർച്ചയാക്കിയ സംഖ്യ എത്രയെന്നു മറന്നാലോ?

🅰️: നേർച്ച സംഖ്യ മറന്നാൽ നേർച്ച സംഖ്യ തിട്ടപ്പെടുത്തുന്നതിൽ സാഹചര്യങ്ങളും അടയാളങ്ങളും വിലയിരുത്തി ഒരു ധാരണയിലെത്താൻ ശ്രമിക്കണം എന്നിട്ടും ധാരണയിലെത്താൻ കഴിയാതെ വന്നാൽ താൻ നേർച്ചയാക്കാൻ സാധ്യതയുള്ളതിന്റെ പരമാവധി ദാനം ചെയ്തു നേർച്ച വീട്ടിയെന്നു ഉറപ്പ് വരുത്തണം (തുഹ്ഫ: 10/75 നോക്കുക) 

❓. കടബാധ്യതയുള്ളവൻ നേർച്ചയാക്കുന്നതിന്റെ വിധി?

🅰️: കടബാധ്യതയുള്ളയാൾ തന്റെ കടം വീട്ടാൻ മറ്റൊരു മാർഗം കാണാതെ അതിലേക്ക് ആവശ്യമായ ധനം ദാനം ചെയ്യലും സ്വദഖ ചെയ്യലും അനുവദനീയമല്ല നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ, ഇആനത്ത്: 2/331) 

❓. പ്രസ്തുത നേർച്ച സാധുവാകുമോ?

🅰️: നിഷിദ്ധമാണെങ്കിലും സ്വദഖയും സ്വദഖ ചെയ്യാനുള്ള നേർച്ചയും സാധുവാകുന്നതാണ് എന്തുകൊണ്ടെന്നാൽ, കടമുള്ളയാൾ അതിനാവശ്യമായ ധനം സ്വദഖ ചെയ്യൽ ഹറാമാകുന്നത് തനിക്ക് കടം നൽകിയയാളെ വിഷമിപ്പിക്കലുണ്ടെന്ന കാരണം കൊണ്ടാണ് അതേസമയം താൻ നേർച്ചയാക്കിയതും ആ നേർച്ച നിറവേറ്റുന്നതുമായ ധനത്തോട് കടബാധ്യത ബന്ധപ്പെടുന്നില്ല അതിനാൽ സ്വദഖയും നേർച്ചയും സാധുവാണ് (തുഹ്ഫ: 10/78)

❓. നിസ്കാരത്തിൽ  ആയതുൽ കുർസിയ്യ് നേർച്ചയാക്കിയാൽ?

🅰️: ആയതുൽ കുർസിയ്യ് ഓതി നിസ്കരിക്കാൻ നേർച്ചയാക്കിയാൽ ഫാതിഹക്ക് ശേഷം അതുതന്നെ ഓതണം മറ്റു ആയത്തോ സൂറത്തോ ഓതിയാൽ നേർച്ച വീടില്ല (ശർവാനി: 2/52) 

❓. ഒരാൾ പത്തു നോമ്പ് നേർച്ചയാക്കിയാൽ തുടർച്ച വേണോ?

🅰️: വേണ്ട തുടർച്ചയായി അനുഷ്ഠിക്കാൻ പ്രത്യേകം നിബന്ധനവെച്ചാൽ മാത്രമേ തുടർച്ചയായി നോമ്പനുഷ്ഠിക്കൽ നിർബന്ധമുള്ളൂ അല്ലെങ്കിൽ പത്ത് നോമ്പനുഷ്ഠിക്കലേ നിർബന്ധമുള്ളൂ തുടർച്ചയാക്കലാണു ശ്രേഷ്ഠം (തുഹ്ഫ: 10/82) 

❓. റമളാനിൽ നോമ്പനുഷ്ഠിക്കാത്ത യാത്രക്കാരന് നേർച്ച നോമ്പ് പിടിക്കാമോ?
 
🅰️: പറ്റില്ല റമളാനിൽ മറ്റു നോമ്പ് സ്വീകാര്യമല്ല (തുഹ്ഫ: 3/417) 

❓. നേർച്ച നിസ്കാരം മുറിക്കാമോ?

🅰️: നേർച്ച നിസ്കാരം ഫർളാണ് ഫർള് നിസ്കാരം മുറിക്കാൻ പാടില്ല എന്നാൽ ഇന്ന ആവശ്യം ഉണ്ടായാൽ നിസ്കാരം മുറിക്കുമെന്ന് നേർച്ച സമയത്തു  പറഞ്ഞിട്ടുണ്ടെങ്കിൽ നിസ്കാരം മുറിക്കാം (തുഹ്ഫ: 3/479) 

❓. നേർച്ച മൃഗത്തെക്കുറിച്ചൊരു വിശദീകരണം?

🅰️: മഹാത്മാക്കളുടെ പേരിൽ ദാനം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ അവരുടെ മഖ്ബറയിലേക്ക് സുന്നികൾ നേർച്ചയാക്കാറുള്ളത് നിർദ്ദനർക്കും പാവങ്ങൾക്കും സിയാറത്തു കേന്ദ്രങ്ങളിൽ താമസിക്കുന്ന അഗതികൾക്കും പണമായോ വസ്തുവായോ ഭക്ഷണമായോ ദാനം ചെയ്യുന്നതിലാണ് ഇവയെല്ലാം വിനിയോഗിക്കാറുള്ളത് ഇതു അല്ലാഹുവിനു വേണ്ടിയുള്ള നേർച്ചയാണ് 

അതുപോലെ ഭക്ഷ്യയോഗ്യമായ മൃഗങ്ങളെയും മഹാത്മാക്കളുടെ പേരിൽ നേർച്ചയാക്കാറുണ്ട് സുലൈമാൻ നബി (അ) യുടെ പേരിൽ കോഴി, ഉള്ളാൾ ദർഗയിലേക്കുള്ള ആട്, മുഹ്‌യിദ്ദീൻ ശൈഖിന്റെ പേരിൽ കോഴി എന്നിങ്ങനെയുള്ള നേർച്ച പ്രസിദ്ധമാണല്ലോ 

നിശ്ചിത സമയങ്ങളിൽ പ്രസ്തുത മഹാത്മാക്കളുടെ  മസാറുകളിൽ നടത്തിവരാറുള്ള അന്നദാനദികളിൽ ഉപയോഗിക്കുന്നതിനുവേണ്ടി ഇവയെ അങ്ങോട്ട് എത്തിക്കുകയോ അതല്ലെങ്കിൽ നാട്ടിലോ വീട്ടിലോ വെച്ചു തന്നെ ഫാതിഹയും മറ്റും ഓതി ദുആയിരിപ്പിച്ച്  നേർച്ച നേർന്നവനും നാട്ടുകാരും വീട്ടുകാരും ഭക്ഷിക്കുകയോ ആണ് സാധാരണ നടന്നുവരുന്ന വഴക്കം ഇതു ശരിയായ രീതിയാണ് ഇസ്ലാം അംഗീകരിച്ചതാണ് (തുഹ്ഫ: 10/100)

വാക്കുച്ചരിച്ചു മാത്രം സാധുവാകുന്ന ഒരു കർമ്മമാണ് നേർച്ച അതിന്റെ വാക്കുകളിൽ ചുരുക്കം വരുത്താൻ  സാധാരണമാണ് പള്ളിക്കു ദാനം ചെയ്യാൻ നേർച്ചയാക്കി എന്നതിനു പകരം പള്ളിക്ക് നേർച്ചയാക്കി എന്നിങ്ങനെ ചുരുക്കിപറയാറുണ്ട് 

അല്ലാഹുവിനു വേണ്ടി നേർച്ചയാക്കി എന്നു പറയുമ്പോൾ അല്ലാഹുവിനു വേണ്ടി പുണ്യകർമ്മങ്ങൾ ചെയ്യാൻ നേർച്ചയാക്കിയെന്നാണുദ്ദേശ്യം മുഹ്‌യിദ്ദീൻ ശൈഖിനു നേർച്ചയാക്കി എന്നു പറയുമ്പോൾ അല്ലാഹുവിനു വേണ്ടിയുള്ള ദാനം മഹ്‌യിദ്ദീൻ ശൈഖിനു  പ്രതിഫലം ഉദ്ദേശിച്ചുകൊണ്ട് ചെയ്യാൻ നേർച്ചയാക്കിയെന്നാണുദ്ദേശ്യം അല്ലാഹുവിനു വേണ്ടിയാണ് നേർച്ചയാക്കുന്നതെന്നു ചുരുക്കം 

ഇമാം ഇബ്നു ഹജർ (റ) പ്രസ്താവിക്കുന്നു: വലിയ്യിനുള്ള നേർച്ച എന്നതുകൊണ്ടുദ്ദേശ്യം സാധാരണഗതിയിൽ ആ മഹാന്റെ പേരിൽ ദരിദ്രർക്കും ബന്ധുക്കൾക്കും ഖബ്റിന്റെ പരിപാലകർക്കുമുള്ള സ്വദഖയാണ് നേർച്ച നേർന്ന വ്യക്തി ഇതു ഉദ്ദേശിച്ചാലും ഒന്നും ഉദ്ദേശിച്ചിട്ടില്ലെങ്കിലും നേർച്ച സാധുവാണ് (ഫത്ഹുൽ കുബ്റ: 4/284) 

മുഹ്‌യിദ്ദീൻ ശൈഖിന്റെ പേരിൽ ആടിനെ നേർച്ചയാക്കിയെന്നു പറയുമ്പോൾ ഉദ്ദേശ്യം അല്ലാഹുവിനു വേണ്ടിയുള്ള അറവും ശൈഖവർക്കു പ്രതിഫലം ഉദ്ദേശിച്ചു നേർച്ച നേർന്നവൻ മാംസം ഭക്ഷിക്കലും മറ്റുള്ളവർക്ക് ഭക്ഷിപ്പിക്കലുമാണ് അതിനു യാതൊരു വിരോധവുമില്ല 

ഇമാം സ്വാവി (റ) രേഖപ്പെടുത്തുന്നു: അല്ലാഹുവിനു വേണ്ടിയുള്ള അറവു അതിന്റെ പ്രതിഫലം വലിയ്യിനു ലഭിക്കണമെന്നു ഉദ്ദേശിക്കുന്നതുകൊണ്ട്   വിരോധമില്ല ഇതാണ് സുന്നികൾ ഉദ്ദേശിക്കാറുള്ളത് 

ഇമാം ഇബ്നു ഹജർ (റ) പറയുന്നു: നേർച്ച സാധുവാകുന്ന പുണ്യകർമ്മങ്ങളിൽ പെട്ടതാണ് ഏതെങ്കിലും മയ്യിത്തിന്റെയോ ഖബ്റിന്റെയോ മേൽ സ്വദഖ ചെയ്യുകയെന്നത് മയ്യിത്തിന്നോ ഖബ്റിന്നോ നേർച്ച വസ്തു ഉടമയാക്കി നൽകുകയെന്ന് ഉദ്ദേശ്യമില്ലാതിരിക്കുകയും ലഭ്യമാകുന്ന നേർച്ച വസ്തുക്കൾ അവിടെയുള്ള നിർദ്ധനർക്കോ മറ്റോ വിതരണം ചെയ്യപ്പെടുകയെന്ന പതിവ് നടന്നുവരികയും ചെയ്യുമ്പോഴാണിത് പതിവ് കീഴ് വഴക്കം ഇല്ലെങ്കിൽ അതിന്റെ നടത്തിപ്പുക്കാരുടെ തീരുമാനം അവലംബിക്കണം (തുഹ്ഫ: 10/100) 

മരിച്ചവരുടെ പേരിൽ സ്വദഖ  ചെയ്യൽ പുണ്യകർമ്മമാണെന്നതും അതിന്റെ പുണ്യവും പ്രതിഫലവും മയ്യിത്തിനു ലഭിക്കുമെന്നതും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ് മുസ്ലിംകൾക്കതിൽ തർക്കമില്ല 

ഇജ്മാഉ മുഖേന തെളിഞ്ഞ ഈ പുണ്യകർമ്മം നേർച്ചയാക്കാമല്ലോ  നേർച്ചയാക്കിയാൽ അതു നിർബന്ധമാകും സുന്നത്തായ കർമ്മത്തേക്കാൾ എഴുപത് ഇരട്ടി പ്രതിഫലം ലഭിക്കുകയും ചെയ്യും ഇതെല്ലാം മനസ്സിലാക്കിയ മുസ്ലിംകൾ മരണപ്പെട്ടവരുടെ പേരിൽ ഏഴു ദിവസവും നാൽപതു ദിവസവും അതല്ലെങ്കിൽ ഈ ദിവസങ്ങളുടെ അവാസന ദിവസം അതു പോലെ ആണ്ടുദിനം പോലുള്ള അനുയോജ്യ സമയങ്ങൾ നോക്കി മരിച്ചവരുടെ പേരിൽ ദുആയും ദുആ ഇരപ്പിക്കലും അന്നദാനവുമെല്ലാം പണ്ടുമുതൽക്കേ നടത്തിവരുന്നു 

ഇങ്ങനെ നടത്തപ്പെടുന്ന പരിപാടിയുടെ ഭാഗമായി പോത്ത്, ആട്, കോഴി പോലുള്ള ജീവികളെ അറുക്കാറുണ്ട് ചിലപ്പോൾ ഇവ അറുക്കാൻ നേർച്ചയാക്കാറുമുണ്ട് ഇതെല്ലാം പുണ്യാർഹമാണെന്നതിൽ സംശയത്തിനു അവകാശമില്ല 

മേൽ പറഞ്ഞ അന്നദാനാദികൾ പോലെ നബി (സ) തങ്ങൾ, ബദ്രീങ്ങൾ, മുഹ്‌യിദ്ദീൻ ശൈഖ്, രിഫാഈ ശൈഖ് പോലുള്ള മഹാത്മാക്കളുടെ പേരിൽ ഇങ്ങനെ അന്നദാനവും സ്വദഖയും അഹ്ലുസ്സുന്നഃ ചെയ്യാറുണ്ട് മഹത്തുക്കളുടെ ജനന മരണ ദിനങ്ങൾ മാസങ്ങൾ പോലുള്ള അനുയോജ്യ സമയം നോക്കിയാണ് ഇതും നടത്താറുള്ളത് പോത്തിനെയും ആടിനെയുമൊക്കെ നേർച്ചയാക്കിയും സംഭാവന നൽകിയും മഹല്ലടിസ്ഥാനത്തിൽ വിപുലമാക്കിയാണ് ഇന്നു പലപ്പോഴും നടത്താറുള്ളത് ഇതു വളരെ നല്ലതും പുണ്യാർഹവുമാണ് 

ഇത്തരം നേർച്ച പരിപാടികളിൽ നാട്ടിലെ കീഴ് വഴക്കമാണ് ശർഇൽ പരിഗണന അതായത് നേർച്ച നേർന്നവനുത്തന്നെ തന്റെ നേർച്ച വസ്തുത ഭക്ഷിക്കുന്ന രീതിയാണുള്ളത് അതിനു വിരോധമില്ല അരിയും മാംവും പലരും നേർച്ച നേർന്നു നേർച്ച കമ്മിറ്റിക്കാരെ ഏൽപ്പിക്കുന്നു അവർ അതു പാകം ചെയ്തു വിതരണം ചെയ്യുമ്പോൾ നേർച്ച നേർച്ച നേർന്നവനു തന്നെ അവന്റെ നേർച്ച വസ്തു കിട്ടിയേക്കാം അതിനു വിരോധമില്ലെന്നു ചുരുക്കം 

        _✍🏻അലി അഷ്ക്കർ…_

Post a Comment

1 Comments

 1. അല്ലാഹു അല്ലാത്ത ഏതു വലിയ്യിനു നേർച്ചയാക്കിയാലും പച്ച ശിർക്ക്‌ ആണെന്ന് മുസ്ലിങ്ങൾ പഠിച്ചു .വെറുതെ തന്നിഷ്ടങ്ങളെ പിന്പറ്റാതെ ഖുർആനും ഹദീസും പറയൂ .
  നേർച്ച അല്ലാഹുവിനു മാത്രം .
  പ്രാർത്ഥന അല്ലാഹുവിനു മാത്രം
  ആരാധന അല്ലാഹുവിനു മാത്രം
  أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ
  തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ?
  😢😢😢
  مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا
  നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

  قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
  ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

  وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
  "അല്ലാഹുവിന്‍റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്" .

  ReplyDelete