സ്ത്രീ തന്റെ ഭര്‍ത്താവിന്ന് സേവനം ചെയ്യല്‍ സദഖയാണ്. ദരിദ്രനായ തന്റെ ഭര്‍ത്താവിന്ന് വസ്ത്രമായോ മറ്റുവല്ല സാധനങ്ങളോ നല്കി സഹായിക്കുകയും അവന്റെ ദാരിദ്ര്യത്തില്‍ ക്ഷമിക്കുകയും ചെയ്താല്‍ വളരെയധികം പരീക്ഷണങ്ങള്‍ക്ക് വിധേയയായ ആസിയ(റ)യോടൊപ്പം അല്ലാഹു അവളെ പരലോകത്ത് ഒരുമിച്ചു കൂട്ടുകയും ഭര്‍ത്താവിന്ന് ധരിപ്പിച്ച വസ്ത്രങ്ങള്‍ക്കുപകരം അവളെ സ്വഗ്ഗീയ വസ്ത്രങ്ങള്‍ അണിയിപ്പിക്കുകയും ചെയ്യും. ഒരു രാപ്പകല്‍ ഭര്‍ത്താവിന്ന് സേവനം ചെയ്തുകൊടുത്ത സ്ത്രീയുടെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതും ഹരിതവര്‍ണ്ണത്തിലുള്ള സ്വര്‍ഗ്ഗീയ വസ്ത്രങ്ങള്‍ അവള്‍ക്ക് ധരിപ്പിക്കപ്പെടുന്നതുമാണ്. അവന്റെ ശരീരത്തിലുള്ള രോമങ്ങളുടെ പദവികള്‍ ഉയര്ത്തപ്പെടുന്നതുമായിരിക്കും. മനസ്സംതൃപ്തിയോടുകൂടി അവന്ന് വിരിപ്പ് വിരിച്ചുകൊടുത്താല്‍ നരകത്തില്‍ നിന്ന് അവള് രക്ഷപ്രാപിക്കുന്നതും നൂറ് ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം നല്കപ്പെടുന്നതും ആയിരം പദവികള്‍ അവള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ലബ്ധമാക്കുന്നതുമാണ്.
ഭര്‍ത്താവിന്റെ റൂമടിച്ച് വൃത്തിയാക്കി മനസ്സംതൃപ്തിയോടെ അവന്ന് ശയ്യ ഒരുക്കിയാല്‍ അല്ലാഹുവിന്റെ കരുണാകവാടങ്ങള് അവള്‍ക്ക് തുറക്കപ്പെടുന്നതും അവളുടെ ഖബ്ര്‍ പ്രകാശമാക്കപ്പെടുന്നതും വിശാലമാക്കപ്പെടുന്നതുമാണ്. ദിവസവും ആയിരം മലക്കുകള്‍ സ്വര്‍ഗ്ഗീയ സുഖങ്ങള്‍ അവളെ ആസ്വദിപ്പിക്കുകയും അവളെ സന്ദര്‍ശിക്കുകയും ചെയ്യും. ഭക്ഷണം പാകം ചെയ്യാന്‍ അവള് പാത്രം അടുപ്പത്ത് വെച്ചാല്‍ ഭൂമുഖത്തുള്ളവരുടെ എണ്ണം കണ്ട് അവള്‍ക്ക് പ്രതിഫലം കിട്ടുന്നതും ഉള്ളിമുറിക്കുമ്പോള് പൊടിയുന്ന കണ്ണീര്‍കണങ്ങള്‍ നിമിത്തം അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവരുടെ പ്രതിഫലം സിദ്ധിക്കുന്നതുമാണ്. ബഹു: ഫാത്വിമ(റ) ആസ് കല്ല് തിരിച്ചു കൈയില്‍ തഴമ്പ് പൊട്ടിയിരുന്നതായും തീ ഊതിക്കത്തിച്ചതിനാല്‍ വസ്ത്രങ്ങളില്‍ പുക പിടിച്ചിരുന്നതായും തോല് തഴമ്പ് പാത്രത്തില്‍ വെള്ളം ചുമന്നത് നിമിത്തം നെഞ്ച് തഴമ്പ് പിടിച്ചതായും ഇഹ്യാഉലൂമുദ്ദീനില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഭര്‍ത്താവിന്ന് കീഴ്പെട്ട് ജീവിക്കാന്‍ ബാദ്ധ്യസ്ഥയാണ് താന്‍ എന്ന ബോധം ഭാര്യമാര്ക്കെപ്പോഴുമുണ്ടായിരിക്കണം. ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ അവന്റെ സമ്മതം കൂടാതെ കൈകാര്യം ചെയ്യരുത്. അവളുടെ സ്വത്ത് തന്നെയും അവന്റെ സമ്മതം കൂടാതെ കൈകാര്യം ചെയ്യരുതെന്ന് പണ്ഡിതന്മാരില് ഒരു വലിയ വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. തഹ്ദീര്‍ എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ഭര്‍ത്താവിന്റെ മുമ്പില്‍ എപ്പോഴും അവള് ലജ്ജവിവശയായിരിക്കണം. അവന്റെ കല്പനകള് അതിലംഘിക്കരുത്. അവന്റെ സംസാരം സശ്രദ്ധം ശ്രവിക്കുകയും എതിര് പറയാതെ അതുള്‍ക്കൊള്ളുകയും ചെയ്യണം. ഭര്‍ത്താവ് വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റുനിന്ന് ബഹുമാനിക്കേണ്ടതും ഉറങ്ങുമ്പോള്‍ ശരീരം അവന്റെ ആവശ്യപൂര്ത്തീകരണത്തിന്ന് ഹാജരാക്കേണ്ടതും അപ്പോള്‍ അവളുടെ ശരീരത്തില്‍ സുഗന്ധം ഉപയോഗിക്കേണ്ടതും കസ്തൂരി മുതലായവ കൊണ്ട് വായക്ക് സുഗന്ധം പിടിപ്പിക്കേണ്ടതുമാണ്. ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ സദാ ഭംഗിയായിരിക്കേണ്ടതും സുഗന്ധസാധനങ്ങള്‍ ഉപയോഗിക്കേണ്ടതും ഭര്‍ത്താവിന്റെ അഭാവത്തില്‍ അവയെല്ലാം വെടിയേണ്ടതും അവളുടെ ശരീരത്തിലും സ്വത്തിലും വഞ്ചനാപരമായ കാര്യങ്ങളൊന്നും പ്രവര്ത്തിക്കാതിരിക്കേണ്ടതുമാണ്.
ഭര്‍ത്താവിന്റെ കുടുംബത്തില്‍പെട്ടവരെ ബഹുമാനിക്കേണ്ടതും അയാളില്‍ നിന്ന് ലഭിക്കുന്നത് അല്പം മാത്രമാണെങ്കിലും വലിയതാണെന്ന് കരുതി തൃപ്തിപ്പെടേണ്ടതുമാണ്. ഒട്ടകത്തിന്റെ പുറത്താണെങ്കില്‍ പോലും ഭര്‍ത്താവ് ആവശ്യനിര്വ്വഹണത്തിന്ന് ക്ഷണിക്കുന്ന പക്ഷം വിസമ്മതിക്കരുത്. ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ അവന്റെ സമ്മതം കൂടാതെ അവള് സുന്നത്ത് നോമ്പ് അനുഷ്ഠിക്കുവാന്‍ പാടില്ല. നിര്‍ബന്ധമായ ഇത്തരം കാര്യങ്ങള്‍ അവഗണിച്ചു ഒരു സ്ത്രീ നടന്നാല്‍ അല്ലാഹുവും മലക്കുകളും അവളെ ശപിക്കുന്നതാണ്. 'തഹ്ദീറി'ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഭര്‍ത്താവിന്ന് വഴിപ്പെട്ട് ജീവിക്കുന്ന സ്ത്രീക്ക് പക്ഷികളും മത്സ്യങ്ങളും മലക്കുകളും സൂര്യചന്ദ്രാദികളും പൊറുക്കലിനെ തേടുന്നതും ഭര്‍ത്താവിന്റെ അതൃപ്തിയില്‍ ജീവിക്കുന്ന സ്ത്രീയെ ഇവയെല്ലാം ശപിക്കുന്നതുമാണെന്ന് ഹദീസില്‍ കാണാം.
ഒരു സ്ത്രീ ഭര്‍ത്താവിന്റെ സമ്മതം കൂടാതെ വീട്ടില്‍ നിന്ന് പുറത്ത് പോയാല്‍ മടങ്ങിവരുന്നതുവരെ മലക്കുകള്‍ അവളെ ശപിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. ബഹു. ആഇശ(റ) പറയുന്നു: സ്ത്രീ സമൂഹമേ, ഭര്ത്താക്കളോടുള്ള കടമകളേക്കുറിച്ചഭിജ്ഞരാണ് നിങ്ങളെങ്കില്‍ അവന്റെ കാലിനടിയിലെ പൊടി നിങ്ങളുടെ മുഖം കൊണ്ട് തുടച്ചുകൊടുക്കുമായിരുന്നേനെ.
ഒളിച്ചോടിപ്പോയ അടിയുടേയും ഭര്‍ത്താവിനോട് വെറുപ്പുള്ള സ്ത്രീയുടേയും ലഹരി സാധനങ്ങള്‍ ഉപയോഗിക്കുന്നവരുടേയും അമലുകളെ അല്ലാഹു സ്വീകരിക്കുകയില്ല എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനോട്, നിങ്ങളുടെ പക്കല്‍നിന്ന് ഇതേവരെ യാതൊരു ഗുണവും എനിക്ക് സിദ്ധിച്ചിട്ടില്ല എന്നുപറഞ്ഞാല്‍ അവളുടെ സല്‍കര്‍മ്മങ്ങളെല്ലാം പൊളിഞ്ഞു പോകുമെന്നും, കാരണം കൂടാതെ ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെടുന്നവള്‍ സ്വര്‍ഗ്ഗത്തിന്റെ പരിമളം പോലും ആസ്വദിക്കുന്നതല്ല എന്നും ഹദീസിലുണ്ട്.
വ്യഭിചാരാരോപണം നടത്തുന്നവള്‍, നിത്യരോഗിണി, ചെയ്തഗുണങ്ങള് എടുത്തു പറയുന്നവള്‍, മറ്റൊരു പുരുഷനെ പ്രേമിക്കുന്നവള്‍, കണ്ടതെല്ലാം വാങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെടുന്നവള്‍, പകല്‍ മുഖംമിനുക്കി ഭംഗിയായി പുറത്തിറങ്ങി നടക്കുന്നവള്, വായ നിറയെ സംസാരിക്കുന്നവള്‍ ഇവരെയൊന്നും വിവാഹം കഴിക്കരുതെന്ന് ചില മഹാന്മാര് പറഞ്ഞിരിക്കുന്നു. അന്ത്യനാളില്‍ ഒരു സ്ത്രീയോട് ആദ്യമായി ചോദിക്കപ്പെടുന്നത് നമസ്കാരത്തേയും ഭര്‍ത്താവിന്ന് വഴിപ്പെട്ടതിനേയും സംബന്ധിച്ചാണ്.
0 Comments