✍🏼ബുഖാറാ... അതു തന്നെ...
ഇന്നത്തെ ഉസ്ബകിസ്ഥാനിലെ ബുഖാറാ... അല്ലാതെ നമ്മുടെ ചാവക്കാടു കടപ്പുറത്തിനടുത്തുള്ള ബുഖാറയല്ല...
അവിടെ ഒരു വെള്ളവിതരണക്കാരനുണ്ടായിരുന്നു. കുടിക്കാനുള്ള ശുദ്ധജലം ബുഖാറയിലെ വീടുകളിൽ കൊണ്ടു പോയി കൊടുത്താൽ കിട്ടുന്ന വരുമാനമാണ് അയാളുടെ ഉപജീവനം.
അതേ നാട്ടിൽ തന്നെ ഒരു തട്ടാനുമുണ്ടായിരുന്നു. തട്ടാൻ എന്നു പറഞ്ഞാൽ അറിയാലോ..? സ്വർണ്ണപ്പണിക്കാരൻ..! ഈ തട്ടാന്റെ വീട്ടിലേക്കും വെള്ളമെത്തിക്കുന്നതു നേരത്തെ പറഞ്ഞ ആളു തന്നെ. ഉദ്ദേശം മുപ്പതു കൊല്ലക്കാലമായി വളരെ നല്ല നിലയിൽ ആ വിതരണം നടന്നു വരുന്നു...
ഇനി വിഷയത്തിലേക്കു വരാം...
നമ്മുടെ ഈ തട്ടാൻ സ്വാഹിബിനു നല്ല മൊഞ്ചുള്ള ഒരു പെണ്ണുണ്ട്... പെണ്ണ്... ഭാര്യ.... ഭാര്യ... അല്ലാഹുﷻവിനെ പേടിക്കുന്ന നല്ല സ്വാലിഹത്തായ ആ പെമ്പിറന്നോത്തിയെ കണ്ടാൽ ഹൂറുലീങ്ങൾക്കു വരെ കുയ്കുയ് തോന്നും...
ഒരു ദിവസം പതിവു പോലെ വെള്ളവുമായി വന്ന വെള്ളക്കാരൻ, തട്ടാന്റെ വീട്ടിലെ അടുപ്പിലൊന്നു വെള്ളം തിളപ്പിക്കാൻ ശ്രമിച്ചു. പച്ചയായി പറഞ്ഞാൽ തട്ടാന്റെ പെണ്ണിനെ കയറിപ്പിടിക്കാൻ നോക്കി. അവൾ കുതറിയോടി, അകത്തെ മുറിയിൽ കടന്നു വാതിലടച്ചു, രക്ഷപ്പെട്ടു...
ജോലിയൊക്കെ കഴിഞ്ഞു നമ്മുടെ തട്ടാൻ വീട്ടിലെത്തി. മേലു കഴുകി, ഭക്ഷണം കഴിച്ചു. കിടക്കാനായി പായ വിരിച്ചു. അപ്പോഴൊന്നും തട്ടാൻ തട്ടാത്തിയുടെ മുഖത്തേക്കു നോക്കുന്നില്ല. പരമാവധി ഫേസ് റ്റു ഫേസ് ടോക്ക് ഒഴിവാക്കാനാണ് അയാൾ ശ്രമിക്കുന്നത്...
തട്ടാത്തി ആരാണു മോൾ..?
അവൾക്കതു തിരിയാഞ്ഞിട്ടൊന്നുമല്ല. പക്ഷെ ക്ഷമിച്ചു. ഓന്ത് ഓടിയാൽ എവിടം വരെ? അവൾ കിടപ്പറയിൽ എത്തോളം ഒന്നും ചോദിച്ചില്ല...
എതിർ സൈഡിലേക്കു മുഖം തിരിച്ച് ഉറങ്ങിയ പോലെ അഭിനയിക്കുകയായിരുന്ന അയാളെ ബലമായി തന്റെ ഭാഗത്തേക്കു തിരിച്ചിട്ട് അവൾ ചോദിച്ചു:
"അല്ല മനുഷ്യാ.., അല്ലാഹുﷻവിനു പൊരുത്തമില്ലാത്ത എന്തു കാര്യമാണു നിങ്ങൾ ഇന്നു ചെയ്തത്..? എന്റെ മുഖത്തേക്കു നോക്കാൻ പോലും നിങ്ങൾക്കു കഴിയുന്നില്ല..?!"
അയാളുടെ ഉള്ളിലൊരു ആന്തൽ. പടച്ച റബ്ബേ... ഇവൾക്കും കറാമത്തുണ്ടോ..? പക്ഷെ പിടിച്ചു നിൽക്കാൻ അയാളൊരു നിഷ്കുവിനെപ്പോലെ അഭിനയിച്ചു...
"ഏയ്.. ഒന്നുമില്ല... ഞാൻ.. ഞാൻ... എന്തു ചെയ്യാൻ..? നിനക്കു വെറുതെ തോന്നുന്നതാണ്...”
പ്രതികരിച്ചത് ഇങ്ങനെയൊക്കെ ആണെങ്കിലും എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്നു തോന്നുന്നുണ്ടോ എന്നോ മറ്റോ അയാൾ ചോദിക്കുന്നതായാണ് അവൾക്കു തോന്നിയത്. അവൾ വിട്ടില്ല, കാര്യം തുറന്നു പറയാനായി അയാളെ നിർബന്ധിച്ചു കൊണ്ടിരുന്നു. പറഞ്ഞിട്ടല്ലാതെ ഇവൾ തന്നെ ഉറങ്ങാൻ വിടില്ലെന്ന് അയാൾക്കും ഉറപ്പായി...
ഒടുവിൽ അയാൾ മനസ്സു തുറന്നു:
"എന്റെ പെണ്ണേ.., ഇന്നൊരു സംഭവമുണ്ടായി.. രാവിലെ കടയിലൊരു പെണ്ണു വന്നു, വള മേടിക്കാൻ. വള കയ്യിലിട്ടു നോക്കാൻ ഞാൻ അവളെ സഹായിച്ചു. നിനക്കല്ലാതെ മറ്റൊരു പെണ്ണിനും ഞാൻ അത്തരം കൈകൾ കണ്ടിട്ടില്ല. (തട്ടാന്റെ കാഞ്ഞ ബുദ്ധി!) എന്തൊരു സൗന്ദര്യമായിരുന്നു അവളുടെ മുൻകൈകൾക്ക്..! അധികം തടിച്ചതോ അമിത നീളമോ ഇല്ലാത്ത അവളുടെ വിരലുകളിലെ മൈലാഞ്ചിച്ചായം ആ കൈകളുടെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടി.
വളയിടാനായി നീട്ടിയ കൈകൾ ഒരു സെക്കൻഡ് നേരത്തേക്ക് എന്നെ ഒന്നു ഭ്രമിപ്പിച്ചു. സ്വർണ്ണത്തിന്റെ നിറമായിരുന്നു അതിന്. പട്ടിനെ തോല്പിക്കുന്ന മാർദ്ദവം! ഞാൻ അവളുടെ കൈ എന്റെ കൈക്കുളളിലാക്കി. എന്റെ വിരലുകൾ അവളുടെ കൈകളിൽ കുസൃതി കാണിക്കാൻ തുടങ്ങി. നല്ല വെൽവെറ്റിൽ തൊട്ട സുഖം! ഞാൻ അതൊന്നു മെല്ലെ അമർത്തി നോക്കി... ശരിക്കും സ്പോഞ്ചു പോലെ...
മറ്റൊരു പെണ്ണിനെക്കുറിച്ചുളള വർണ്ണന ആയതു കൊണ്ടായിരിക്കാം.. അവൾ ഇടപെട്ടു.
"ഇത്ര ഡീപായി പറയണമെന്നില്ല, കാര്യം പറഞ്ഞാൽ മതി..."
"അല്ലാഹുﷻവാണെ സത്യം.. പെണ്ണേ.. ഇത്രയേ സംഭവിച്ചുള്ളൂ..."
അയാൾ കുമ്പസരിച്ചു...
"മറ്റൊന്നും ഉണ്ടായിട്ടില്ല. ഞാൻ പെട്ടെന്നു തന്നെ കച്ചവടം അവസാനിപ്പിച്ച് ആ പെണ്ണിനെ ഇറക്കി വിട്ടു"
ഇതു കേട്ട തട്ടാത്തി വാവിട്ടു കരഞ്ഞു കൊണ്ടു പറഞ്ഞു: "അല്ലാഹു അക്ബർ.. അല്ലാഹു അക്ബർ... എന്റെ റബ്ബിന്റെ ഹിക്മത്ത് കണ്ടില്ലേ..? വെറുതെയല്ല.. ഇക്കാലം വരെ വിശ്വസ്തനായിരുന്ന ആ വെള്ളക്കാരൻ ഇന്നെന്നോട് അപമര്യാദയോടെ പെരുമാറിയത്..."
അവൾ നടന്ന സംഭവം ഭർത്താവിനെ ധരിപ്പിച്ചു. അതു കേട്ട് അയാളും പൊട്ടിക്കരഞ്ഞു. ശേഷം അവളെ കരവലയത്തിലാക്കി അയാൾ പറഞ്ഞു:
"എന്റെ പൊന്നേ.., ഞാൻ അല്ലാഹുﷻവിനോടു തൗബഃ ചെയ്യുന്നു... ഇനിമേലിൽ ഇമ്മാതിരി ചെയ്ത്ത് എന്നിൽ നിന്നുണ്ടാകില്ല.. ഞാൻ അഴുക്കിൽ ചവിട്ടിയപ്പോൾ അതു തെറിച്ചതു നിന്റെ മേൽ ആയിപ്പോയല്ലോ പൊന്നൂ.. നീ എന്നോടു പൊരുത്തപ്പെടണം..."
പിറ്റേന്നു പതിവു പോലെ നമ്മുടെ വെള്ളക്കാരൻ ആ വീട്ടിലേക്കു വന്നു. അറയത്തു വെള്ളം വച്ചു പോകാൻ നേരം അയാൾ തട്ടാത്തി കേൾക്കേ ഇങ്ങനെ പറഞ്ഞു:
"വീട്ടുകാരിപ്പെണ്ണേ... എനിക്കു പൊരുത്തപ്പെട്ടു തരണം. ഇന്നലെയെന്തോ.. എന്നെ ശൈത്ഥാൻ പറ്റിച്ചതാണ്.. അല്ലാഹുﷻവിനെ ഓർത്ത് എനിക്കു മാപ്പു തരണം..."
അതിനു മറുപടിയായി തട്ടാത്തി അകത്തു നിന്നു വിളിച്ചു പറഞ്ഞു:
"നിങ്ങൾ പൊയ്ക്കൊള്ളുക സഹോദരാ.., കുറ്റം നിങ്ങളുടേതല്ല, ഇവിടത്തെ മൂപ്പരുടേതാണ്. അല്ലാഹു ﷻ നിശ്ചയിച്ച അതിർത്തി അങ്ങോരു ലംഘിച്ചതാണു സകല കുഴപ്പത്തിനും കാരണം. ഒരന്യപെണ്ണിനെ മൂപ്പർ തൊട്ടപ്പോൾ അയാളുടെ പെണ്ണിനെ ഒരന്യനെക്കൊണ്ട് അല്ലാഹുﷻവും തൊടീച്ചു.. അത്ര തന്നെ..!!"
ഗുണപാഠം: ആരാന്റെ മുതൽ ആഗ്രഹിക്കരുത്.
(ഫിത്ഥ്ർ സക്കാത്തിന്റെ അരി മേടിക്കാൻ വന്ന പോഞ്ഞിക്കര കോയക്കാടെ കെട്ടുപ്രായമെത്തി നില്ക്കുന്ന മൂന്നാമത്തെ മകളെ കണ്ണിമ പൂട്ടാതെ നോക്കി വെളളമിറക്കിയ അനിയൻ പുതിയാപ്പിളയോടു *ചിക്കൻമൗലവി* പറഞ്ഞ കഥ)
_✍🏼അൽനുഹാസി_
【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം... പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക】
0 Comments